Wednesday, April 6, 2011

ബിജെപി വോട്ട് സിപിഎമ്മിനെ തിരിഞ്ഞുകുത്തുന്നു - എം.പി. സുകുമാരന്‍

മലയാള മനോരമ -28.3.2011

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴയില്‍ ഇക്കുറി ബിജെപി വോട്ട് എങ്ങോട്ടെന്നതു ചൂടുപിടിച്ച ചോദ്യമായി ഉയര്‍ന്നുകഴിഞ്ഞു. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളില്‍ താരതമ്യേന പാര്‍ട്ടി ദുര്‍ബലമായ സ്ഥലങ്ങളില്‍ പോലും ബിജെപി സ്ഥാനാര്‍ഥികള്‍ ഉള്ളപ്പോള്‍ നാലക്ക വോട്ടുകള്‍ പതിവായി കിട്ടുന്ന മലമ്പുഴ ഒഴിച്ചിട്ടതെന്തിന് എന്നാണു രാഷ്ട്രീയവൃത്തങ്ങളുടെ സംശയം. എന്‍ഡിഎ ഘടകകക്ഷിയും സംസ്ഥാനത്ത് അപ്രസക്തവുമായ ജനതാദള്‍-യുവിന് സീറ്റ് നല്‍കി ബിജെപി തലയൂരിയതാണു സംശയത്തിനു കാരണം. ഇതോടെ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് - ബിജെപി വോട്ടുകച്ചവടം ആരോപിച്ചു രംഗത്തിറങ്ങാറുള്ള സിപിഎം പ്രതിരോധത്തിലായി. ഷൊര്‍ണൂരില്‍ എ.ആര്‍. മുരളിയും കൂട്ടരും സിപിഎം വിട്ടശേഷം 2008ല്‍ നടന്ന നഗരസഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ടുകച്ചവടത്തിന്റെപേരില്‍ സിപിഎം ജില്ലാ നേതാവും ഒരു ബിജെപി നേതാവും വിവാദത്തില്‍പ്പെട്ടിരുന്നു.

മലമ്പുഴ മണ്ഡലത്തില്‍ ബിജെപി-സിപിഎം രഹസ്യബന്ധമെന്ന ആരോപണമാണു സിപിഎമ്മിനെ തിരിഞ്ഞുകുത്തുന്നത്. മലമ്പുഴയില്‍ ബിജെപി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതു സിപിഎമ്മിനുവേണ്ടിയാണെന്നു ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും രംഗത്തെത്തിക്കഴിഞ്ഞു. മണ്ഡലത്തില്‍നിന്നു ബിജെപി പിന്‍മാറിയതു ദേശീയതലത്തില്‍ സിപിഎമ്മുമായുള്ള സഹകരണത്തിന്റെ ഭാഗമായാണെന്ന് അവര്‍ ആരോപിക്കുന്നു. ബിജെപിക്കു സ്വാധീനമുളള മണ്ഡലമാണു മലമ്പുഴ. ഇവിടെ സിപിഎം-ബിജെപി സംഘട്ടനങ്ങളും ഉണ്ടായിരുന്നു. കണ്ണൂരിലെ ഗ്രാമങ്ങളിലുളള രാഷ്ട്രീയ അന്തരീക്ഷമാണ് പലപ്പോഴും മലമ്പുഴയിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇതുവരെ ബിജെപി നേരിട്ടാണു മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നത്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സി. ഉദയഭാസ്കറിന് 23,000 വോട്ടുകളാണ് ഇവിടെനിന്നുലഭിച്ചതെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. നിയമസഭയിലേക്ക് 2001ല്‍ വിഎസിനെതിരെ മല്‍സരിച്ച ടി. ചന്ദ്രശേഖരന് 5,190 വോട്ടുകിട്ടിയിരുന്നു. കഴിഞ്ഞതവണ സ്ഥാനാര്‍ഥിയായ പി.ജെ. തോമസിന് 4,384 വോട്ടും ലഭിച്ചു. മണ്ഡലത്തില്‍ ഇത്തവണയും ബിജെപി നേരിട്ടുമല്‍സരിക്കണമെന്നു നേതാക്കളില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നുവന്നാണു വിവരം. എന്നാല്‍ അത് അവഗണിച്ച് സീറ്റ്  ജെഡി-യു സംസ്ഥാന വൈസ് പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകനുമായ പി.കെ. മജീദിനാണു നല്‍കിയത്.

അതേസമയം, സംസ്ഥാനത്തെ മണ്ഡലങ്ങളില്‍ മഞ്ചേരിയും മലമ്പുഴയുമാണ് ജെഡി-യു ചോദിച്ചതെന്നു ബിജെപി നേതൃത്വം പറയുന്നു. ഒടുവില്‍ മഞ്ചേരി ബിജെപിക്കു നല്‍കി മലമ്പുഴയിലാണ് അവര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. എന്‍ഡിഎ ഘടകകക്ഷിയാണെങ്കിലും കുറച്ചുകാലമായി സംസ്ഥാനത്ത് അവര്‍ വിട്ടുനില്‍ക്കുകയായിരുന്നു. കാര്യമായ പ്രവര്‍ത്തനവും നടത്തുന്നില്ല. എന്നാല്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ പെട്ടെന്നു സംഘടന സ്ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നത്രേ.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട്ട് ചിലയിടങ്ങളില്‍ സിപിഎം-ബിജെപി സഖ്യം ഉണ്ടായിരുന്നതായി സൂചനകളുണ്ടായിരുന്നു. അതുമൂലമാണ് ചില പഞ്ചായത്തുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചതെന്ന് ആരോപണം ഉയര്‍ന്നു. അതിന്റെ തുടര്‍ച്ചയാണു മലമ്പുഴയിലെ സംഭവമെന്നു പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ മണ്ഡലത്തിന്റെ അതിരുകള്‍ മാറിയപ്പോള്‍ ബിജെപിക്കു കാര്യമായി സ്വാധീനമുള്ള പ്രദേശങ്ങളില്‍ ചിലതു മലമ്പുഴയില്‍നിന്നു വിട്ടുപോയതാണു പാര്‍ട്ടി നേതാക്കള്‍ പറയുന്ന ന്യായം. സിപിഎമ്മുമായി രഹസ്യബന്ധമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണു സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ പ്രസ്താവന.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More