Friday, May 27, 2011

ലീഗിന്റെ ആത്മാഭിമാനമില്ലായ്മ കേരളത്തില്‍ തീവ്രവാദത്തിന് വഴിവെച്ചു- ടി. ആരിഫലി


തിരൂര്‍: ബാബരി മസ്ജിദ് തകര്‍ത്ത വേളയില്‍ ലീഗ് നേതാക്കന്‍മാര്‍ ആത്മാഭിമാനത്തോടെ പെരുമാറാതിരുന്നതിനാലാണ് കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ചെറിയൊരു വിഭാഗമെങ്കിലും തീവ്രവാദത്തിലേക്ക് തിരിഞ്ഞതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി. തിരൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജമാഅത്തെ ഇസ്‌ലാമി തിരൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ നയവിശദീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ലീഗിന്റെ വിജയത്തില്‍ ജമാഅത്തിന് ആശങ്കയില്ലെന്നും ജമാഅത്ത് സഹകരണത്തിന് സന്നദ്ധമാണെങ്കിലും ലീഗിലെ ഇന്നര്‍ രാഷ്ട്രീയമാണ് കേരളത്തില്‍ ജമാഅത്തിനെ എതിരാളികളായി കാണുന്നതിന് നേതൃത്വത്തെ പ്രേരിപ്പിക്കുന്നതെന്നും ആരിഫലി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനോട് ഉചിതമായി പ്രതികരിക്കണമെന്ന് അഖിലേന്ത്യാ അധ്യക്ഷനായിരുന്ന സേട്ടു പറഞ്ഞിട്ടും കേരള ഘടകം ചെവികൊണ്ടില്ല. പ്രവര്‍ത്തകര്‍ക്കിടയിലെ പ്രതിഷേധം ശമിപ്പിക്കാന്‍ ലഘുവായ ഒരു സമീപനത്തിന് സാധിക്കുമായിരുന്നിട്ടും ബാബരി മസ്ജിദ് തകര്‍ത്ത വേളയില്‍ ലീഗ് നേതാക്കള്‍ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. നേതൃത്വത്തിന്റെ നട്ടെല്ലില്ലായ്മയില്‍ നിന്നാണ് പി.ഡി.പി, എന്‍.ഡി.എഫ് പോലെയുള്ള പ്രസ്ഥാനങ്ങളുടെ പിറവിയുണ്ടായത്.
 അന്നത്തെ ചങ്കൂറ്റമില്ലായ്മയെ സിദ്ധാന്തമായി അവതരിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമം. കമ്യൂണിസ് റ്റ് പാര്‍ട്ടികള്‍ മതനിരാസവും നിരീശ്വരത്വവും ശക്തമായി പുലര്‍ത്തിയിരുന്ന കാലത്ത് അവരുമായി ചേര്‍ന്ന് അധികാരം പങ്കിട്ട ചരിത്രമാണ് ലീഗിനുള്ളത്. അന്ന് മുജാഹിദ്്, സുന്നി സംഘടനകളെല്ലാം മൗനത്തിലായിരുന്നു. കമ്യൂണിസ്റ്റ് നിലപാടുകളില്‍ അടിമുടി മാറ്റങ്ങളുണ്ടായ ഈ കാലത്ത് ജമാഅത്ത് അവരുമായി സഹകരിക്കുന്നതിനെ എതിര്‍ക്കുന്നതില്‍ അര്‍ഥമില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ലോകത്ത് ഇസ്‌ലാമിക-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കൈകോര്‍ക്കുന്നുണ്ട്. 2000-06 കാലഘട്ടത്തെക്കാള്‍ മികച്ചതായിരുന്നു 2006-11ലെ ഇടതു ഭരണമെന്ന വിലയിരുത്തലിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണക്കാന്‍ ജമാഅത്ത് തീരുമാനിച്ചത്.
ലീഗിന്റെ ഒരു ഐഡന്റിറ്റിയും കോണ്‍ഗ്രസ് അംഗീകരിക്കാതിരുന്ന കാലത്തായിരുന്നു ലീഗ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത്. കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമാകുക വഴിയാണ് ലീഗ് സെക്കുലര്‍ സ്വഭാവം കൈവരിച്ചത്. ഇന്നു ലഭിച്ച നേട്ടത്തിന് ലീഗ് നന്ദി കാണിക്കണം. മര്യാദകള്‍ പാലിച്ചും മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടും പ്രവര്‍ത്തിക്കാന്‍ ലീഗിന് സാധിക്കണം. സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ഭരിക്കാനായാല്‍ ലീഗിന് കൂടുതല്‍ സീറ്റ് നേടാനാകും.സല്‍ഭരണത്തെ ജനം അംഗീകരിക്കുമെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പിലൂടെ കേരളം നല്‍കിയത്. നല്ല കാര്യങ്ങള്‍ക്ക് യു.ഡി.എഫിന് പിന്തുണ നല്‍കും. ജനവിരുദ്ധ നിലപാടുകളിലില്‍ ഇടുതപക്ഷത്തെ എതിര്‍ത്തപോലെ എതിര്‍ക്കും. പ്രശ്‌നങ്ങളിലെ നിലപാട് തത്ത്വാധിഷ്ഠിതമായിരിക്കും. ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടാതെ ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.  
മതേതര മൂല്യങ്ങളില്‍ വളര്‍ന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെങ്കിലും സാമ്രാജ്യത്വ ശക്തികളുമായി യോജിച്ചുള്ള പ്രവര്‍ത്തനത്തോട് യോജിക്കാനാകില്ല. മന്‍മോഹനെ മുന്നില്‍ നിര്‍ത്തി രാജ്യത്തെ സാമ്രാജ്യത്വത്തിന് അടിയറ വെക്കാന്‍ ശ്രമിക്കുന്നതിനെ ചെറുക്കും.
തിരുകേശത്തിനൊരുത്തമ കേന്ദ്രം എന്ന പേരില്‍ പള്ളി നിര്‍മിക്കുന്നതിലൂടെ പള്ളികളെ കുറിച്ചുളള സങ്കല്‍പ്പങ്ങളില്‍ മൗലികമായ വ്യതിയാനം സംഭവിക്കുകയാണ്. ഒരു മുടി ചൂണ്ടിക്കാണിച്ച് കച്ചവട സാധ്യത വളര്‍ത്തുന്നതിന് പിന്നിലെ ലക്ഷ്യം പരിശോധിക്കണം. അതില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. ഇത്തരം ചൂഷണങ്ങള്‍ മുസ്‌ലിം സമൂഹം തിരിച്ചറിയുന്ന ഒരു കാലം വരുമെന്ന് ടി. ആരിഫലി പ്രത്യാശിച്ചു.
സമ്മേളനത്തില്‍ ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് പ്രഫ. പി. ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. സംസ് ഥാന സെക്രട്ടറി ടി.കെ. ഹുസൈന്‍, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി എ.ടി. ഷറഫുദ്ദീന്‍, മജീദ് മാടമ്പാട്ട് എന്നിവര്‍ സംസാരിച്ചു.ലീഗുമായി സഹകരിക്കാന്‍ സന്നദ്ധം: ജമാഅത്തെ ഇസ്ലാമി

മനോരമ 28.5.2011
തിരൂര്‍: മുസ്ലിംലീഗുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. തിരൂര്‍ ടൌണ്‍ഹാളില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച നയവിശദീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലീഗിനുള്ളിലെ രാഷ്ട്രീയമാണ് കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുമായി ലീഗിനെ അകറ്റുന്നത്. 2001-06 കാലത്തെ യുഡിഎഫ് ഭരണത്തെക്കാള്‍ മികച്ചു നിന്നതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണച്ചതെന്നും ആരിഫലി പറഞ്ഞു.

ലീഗിലെ അണികള്‍ തന്നെ നേതാക്കന്‍മാരെ തോല്‍പിക്കാനും അവരെ പാഠം പഠിപ്പിക്കാനും മുന്നിട്ടിറങ്ങിയ സംഭവങ്ങളുണ്ടായ സാഹചര്യത്തില്‍ സൂക്ഷ്മതയോടും ശ്രദ്ധയോടും ഭരിക്കാന്‍ ശ്രമിച്ചാല്‍ ലീഗിന് ഇനിയും കൂടുതല്‍ സീറ്റുകള്‍ ലഭിക്കും.

കോണ്‍ഗ്രസിന്റെ നല്ല വശങ്ങളോടും ജമാഅത്തിന് യോജിപ്പുണ്ട്. കോണ്‍ഗ്രസിന്റെ സാമ്രാജ്യത്വ വിധേയത്വം തുറന്നു കാണിക്കാന്‍ തുടങ്ങിയത് മുതലാണ് കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി, ലീഗിന് ശത്രുവായതെന്നും ആരിഫലി പറഞ്ഞു.
കോണ്‍ഗ്രസിന്റെ നല്ല വശങ്ങളോടും ജമാഅത്തിന് യോജിപ്പുണ്ട്. കോണ്‍ഗ്രസിന്റെ സാമ്രാജ്യത്വ വിധേയത്വം തുറന്നു കാണിക്കാന്‍ തുടങ്ങിയത് മുതലാണ് കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി, ലീഗിന് ശത്രുവായതെന്നും ആരിഫലി പറഞ്ഞു.
   

Monday, May 16, 2011

തെരെഞ്ഞടുപ്പ് ജയപരാജയങ്ങള്‍ക്കു പിന്നില്‍ -പി.പി. അബ്ദുറസാഖ്


തെരെഞ്ഞടുപ്പ് ജയപരാജയങ്ങള്‍ക്കു പിന്നില്‍
കേരള നിയമസഭാ തെരഞ്ഞടുപ്പ് ഫലത്തെ ഒരൊറ്റ വാക്യത്തില്‍ വിശേഷിപ്പിച്ചാല്‍ ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിച്ചിരുന്നു എന്ന് നിഗമിക്കുന്നതാവും ശരി.   ഭരണവിരുദ്ധ വികാരം തീരെ പ്രതിഫലിക്കാതിരുന്ന ഒരു തെരഞ്ഞെടുപ്പായിരുന്നു ഇതെന്നു വ്യക്തം.  നാല് വര്‍ഷം കൂടെയുണ്ടായിരുന്ന വീരേന്ദ്രകുമാര്‍ വിട്ടുപോയതിലൂടെ നഷ്ടപ്പെട്ട രണ്ടു സീറ്റും ഏതാനും മാസങ്ങള്‍ക്കുമുമ്പ് വിട്ടുപോയ മഞ്ഞളാംകുഴി അലി കാരണം നഷ്ടപ്പെട്ട രണ്ടു സീറ്റും (പെരിന്തല്‍മണ്ണയും മങ്കടയും) പിന്നെ കണ്ണൂരിലെ പേരാവൂരും അഴീക്കോടും പാലക്കാട്ടെ തൃത്താലയും വ്യക്തമായ ഭൂരിപക്ഷം നേടുന്നതിന് തടസ്സം നിന്നെന്നു വേണം കരുതാന്‍. ഒന്നു തീര്‍ച്ച. ഇടതുപക്ഷത്തിന്റെ സ്ഥാനത്ത് കോണ്‍ഗ്രസ് ആയിരുന്നെങ്കില്‍ കോടികള്‍ വാരി വിതറി ഭൂരിപക്ഷമുണ്ടാക്കാന്‍ ശ്രമിക്കുമായിരുന്നു. കോടികളൊന്നും വാരി വിതറാതെ തന്നെ മാന്യമായി ഇടതുമുന്നണിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഇടതുമുന്നണിയില്‍നിന്നുതന്നെ വിട്ടുപോയ കക്ഷികളും അല്ലാത്തവരുമായ പാര്‍ട്ടികള്‍ ഉണ്ടെന്നിരിക്കെ, സാങ്കേതികതയുടെ പേരില്‍ ജനങ്ങള്‍തന്നെ ആഗ്രഹിച്ച ഭരണത്തുടര്‍ച്ച നിഷേധിക്കുന്ന നിലപാട ്മറ്റൊരു ആദര്‍ശാധിഷ്ഠിത ചരിത്രപരമായ മണ്ടത്തരമായിപ്പോകുമോ? മാത്രവുമല്ല, കേരളത്തിന്റെ തെരഞ്ഞടുപ്പ് ചരിത്ര പാരമ്പര്യത്തിന്നു ജനങ്ങള്‍ കൊടുക്കാന്‍ ഉദ്ദേശിച്ച തിരുത്തിനുനേരെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര ശാഠ്യം തടസ്സം നില്‍ക്കുന്നതിന്റെ നിദര്‍ശനവും ഒരു ജനസമൂഹത്തെ അച്യുതാനന്ദന്‍ തന്നെ തന്റെ മന്ത്രിസഭയുടെ രാജി കൊടുക്കുമ്പോള്‍ പോലും വിശേഷിപ്പിച്ച അഴിമതിക്കാര്‍ക്കും മറ്റും വിട്ടുകൊടുക്കുന്നതിന്നു തുല്യവുമായിരിക്കും. ഒരു പക്ഷേ, ചരിത്രം ഒരിക്കലും വീണ്ടെടുപ്പിനു തരാനിടയില്ലാത്ത ഒരു നഷ്ടം കൂടിയായിരിക്കും ഇത്.  
ഒന്നര ശതമാനം വോട്ടുവ്യത്യാസം പറയുന്ന തെരഞ്ഞടുപ്പ്കമീഷന്റെ കണക്ക്  ഇടതുപക്ഷ ലാബലില്‍ മത്സരിച്ച കെ.ടി. ജലീല്‍, പി.ടി.എ റഹീം തുടങ്ങിയ സ്വതന്ത്രരുടെ വോട്ടുകള്‍ ഇടതുപക്ഷത്തിന്റെ ഭാഗത്ത് കൂട്ടാതെയുള്ളതാകാനേ ഇടയുള്ളൂ. കേരളത്തിലെ മൊത്തം വോട്ടര്‍മാര്‍ 23,147,875 പേരാണ്. അതില്‍ 75.12 ശതമാനം പേര്‍ (17,388,072) പേര്‍ വോട്ടു രേഖപ്പെടുത്തി.  ഇതില്‍ 79,30,687 പേര്‍ ( 45.61 ശതമാനം) യു.ഡി.എഫിനും 78,65,320 (45.23 ശതമാനം) പേര്‍ എല്‍.ഡി.എഫിനും വോട്ടുചെയ്തു. വോട്ടിലെ വ്യത്യാസം വെറും 65,367 (0.37ശതമാനം) മാത്രം. അഥവാ, പതിനായിരം വോട്ടെണ്ണുമ്പോള്‍ 37 വോട്ടിന്റെ അന്തരം. ഇതിനു പുറമേ മുന്നണിബാഹ്യമായി ബി.ജെ.പിക്ക് 140 മണ്ഡലങ്ങളില്‍ നിന്നായി 10,57,283 (6.1 ശതമാനം) എസ്.ഡി.പി.ഐക്ക് 80 മണ്ഡലങ്ങളില്‍ നിന്നായി ( ആറുമാസം മുമ്പ് നടന്ന പഞ്ചായത്ത് തെരഞ്ഞടുപ്പുമായി തട്ടിച്ചു പറഞ്ഞാല്‍ പന്തീരായിരം വാര്‍ഡുകളില്‍നിന്ന്) 155,174 വോട്ടും (ഇത് ആറു മാസം മുമ്പ് പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ ജനകീയ വികസനമുന്നണിക്ക് വെറും 1650 വാര്‍ഡുകളില്‍നിന്നു കിട്ടിയ വോട്ടിനു തുല്യമാണ്)കിട്ടി. യു.ഡി.എഫില്‍ മുസ്‌ലിംലീഗ് മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ എട്ടു ശതമാനവും 20 സീറ്റും കരസ്ഥമാക്കിയപ്പോള്‍, കേരളകോണ്‍. മാണിക്ക് അഞ്ചുശതമാനം വോട്ടില്‍  വെറും ഒമ്പതു സീറ്റ്  (6.4 ശതമാനം) നേടാനേ സാധിച്ചുള്ളൂ.   
യഥാര്‍ഥത്തില്‍, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത്‌തെരഞ്ഞെടുപ്പിലും യു.ഡി.എഫ് നടത്തിയ മുന്നേറ്റം ഈ നിയമസഭാതെരഞ്ഞെടുപ്പിലും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് തുടക്കത്തില്‍തന്നെ നടന്ന 13 പഞ്ചായത്ത് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളുടെ ഫലം നിയമസഭാ തെരഞ്ഞടുപ്പിന്റെ കൂടി ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നു എന്നതാണ് വസ്തുത. ഈ 13 വാര്‍ഡുകളില്‍ പതിനൊന്നും യു.ഡി.എഫിന്‍േറതായിരുന്നു. ഫലം വന്നപ്പോള്‍  പതിനൊന്നില്‍ മൂന്നു സീറ്റ് യു.ഡി.എഫിന്  നഷ്ടപ്പെട്ടു-അതും സാമാന്യം നല്ല മാര്‍ജിനില്‍. വെറും സുഖമുള്ള വാര്‍ത്തകള്‍ മാത്രം കേള്‍ക്കാന്‍ ശീലിച്ച യു.ഡി.എഫു കാര്‍ അതപ്പടി അവഗണിച്ചു സ്വപ്‌നാടനത്തിനു തന്നെ തീരുമാനിക്കുകയായിരുന്നു. അസുഖകരമായ വാര്‍ത്തകളെ വിശകലനവിധേയമാക്കുന്നവരുടെ മേല്‍ അവര്‍ പക്ഷപാതിത്തം ആരോപിച്ചു. മാര്‍ച്ചില്‍ തന്നെ കഴിഞ്ഞ ഒക്‌ടോബറില്‍ നിന്നു വ്യത്യാസം കണ്ടുതുടങ്ങി എന്നായിരുന്നു ആ ഉപതെരഞ്ഞടുപ്പ്ഫലം സൂചിപ്പിച്ചിരുന്നത്. പിന്നെ, അതിനുശേഷം ഉണ്ടായ ഐസ്‌ക്രീമും ബാലകൃഷ്ണപിള്ള എപ്പിസോഡും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിനിര്‍ണയവും, അണ്ണാഹസാരെ സത്യഗ്രഹവും എന്‍ഡോസള്‍ഫാനിലെ അച്യുതാനന്ദന്റെ ഇടപെടലും, മുസ്‌ലിംലീഗ് കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിച്ചതുമൊക്കെ വേറെയും.
മലപ്പുറത്തെ ലീഗുകാര്‍ക്ക് അച്യുതാനന്ദനെ ദഹിക്കാതിരിക്കാന്‍ ന്യായമോ അല്ലാത്തതോ ആയ നിരവധി കാരണങ്ങളുണ്ടായിരിക്കാം. അതുപോലെ, ലീഗിനു സ്വന്തമായി ഏതുതരം നേതൃത്വവുമാകാം. മാത്രവുമല്ല, ഒരു പാര്‍ട്ടിക്ക് അതര്‍ഹിക്കുന്ന നേതൃത്വത്തെ തന്നെയാണ് ലഭിക്കുക. പക്ഷേ, കേരളജനത അത്തരത്തിലുള്ള ഒരു നേതൃത്വത്തെ അവര്‍ക്കു മുകളില്‍ വെച്ചുകെട്ടാന്‍ സമ്മതിക്കില്ല എന്നതുകൂടിയാണ് ഈ തെരഞ്ഞടുപ്പ്ഫലം നല്‍കുന്ന പാഠം. പ്രബുദ്ധമായ കേരളജനത കുറച്ചുകൂടി നല്ല നേതൃത്വത്തെ അര്‍ഹിക്കുന്നുമുണ്ട്. അതുകൊണ്ടു കൂടിയാണല്ലോ കേരളത്തിലെ ഏതാണ്ടെല്ലാ പാര്‍ട്ടികളും മിക്കവാറും മണ്ഡലങ്ങളില്‍ ബിരുദക്കാരെയും ബിരുദാനന്തരബിരുദക്കാരെയും മത്സരിപ്പിച്ചത്. ഇടമലയാര്‍കേസില്‍ പെട്ട ബാലകൃഷ്ണപിള്ളയെ മത്സരിപ്പിക്കാതിരുന്ന പോലെ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നതിനെയും യു.ഡി.എഫ് തടയണമായിരുന്നുവെന്ന്  ഈ തെരഞ്ഞടുപ്പ്ഫലം തെളിയിച്ചു. അങ്ങനെയൊരു സമീപനമാകട്ടെ, ലീഗിനെ ഒരു തരത്തിലും ദോഷകരമായി ബാധിക്കില്ലായിരുന്നു. എന്നല്ല, ലീഗിനെ കൂടുതല്‍ ധാര്‍മികമായും ജനകീയമായും ശക്തിപ്പെടുത്തുകയു ചെയ്യുമായിരുന്നു.  കുഞ്ഞാലിക്കുട്ടിക്കാവട്ടെ, വെറും ആറു മാസത്തിനകം പ്രശ്‌നങ്ങളൊക്കെ അല്‍പംകൂടി തെളിയുകയും ശാന്തമാവുകയും ചെയ്ത ശേഷം ഡമ്മിയെ രാജിവെപ്പിച്ചു കൂടുതല്‍ തിളക്കത്തോടെ ജയിച്ചുവരുകയും ചെയ്യാമായിരുന്നു. ഇത് നിര്‍ദേശിക്കാന്‍ യു.ഡി.എഫ് പക്ഷത്തോ ലീഗിന്റെ വാലായി നില്‍ക്കുന്ന മതസംഘടനകളുടെ പക്ഷത്തോ ആരും ഇല്ലാതെ പോയതാണ് യു.ഡി.എഫിന് യഥാര്‍ഥത്തില്‍ ദുരന്തമായി കലാശിച്ചത്. യു.ഡി.എഫും മതസംഘടനകളും ഇത് അച്യുതാനന്ദന്റെ കുത്തിത്തിരിപ്പും ഗൂഢാലോചനയുമായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. അപ്പോള്‍ അവര്‍ ഓര്‍മിച്ചില്ല, ഈ ബാലകൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതിയുടെ ഇടപെടലിലൂടെയും കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെയും നേരത്തേ മുസ്‌ലിംലീഗുകാരന്‍ തന്നെയായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ തന്നെ ഭാര്യസഹോദരീഭര്‍ത്താവ് റഊഫിന്റെയും വാര്‍ത്താസമ്മേളനങ്ങളിലൂടെയും ആയിരുന്നുവെന്ന് പൊതുജനങ്ങള്‍ മനസ്സിലാക്കുമെന്ന്. പക്ഷേ, ഒരു കാര്യം തെരഞ്ഞെടുപ്പ്ഫലം തെളിയിച്ചു. അച്യുതാനന്ദന്റെ കുത്തിത്തിരിപ്പും ഗൂഢാലോചനയുമായി സംഭവത്തെ ചിത്രീകരികരിക്കാനുള്ള ശ്രമം മലപ്പുറം ജില്ലയില്‍ വിജയിച്ചു. കേരളത്തിലെ ഇതരജില്ലകളില്‍ തിരിച്ചടിച്ചു. അതുതന്നെയാണ് മലപ്പുറം ജില്ലക്കും ഇതര ജില്ലകള്‍ക്കും ഇടയില്‍ ഈ തെരഞ്ഞടുപ്പ് വ്യക്തമായും കാണിച്ചു തന്ന വ്യത്യാസവും. ഇടതുപക്ഷമാകട്ടെ, തെരഞ്ഞെടുപ്പാനന്തരമുള്ള പ്രവര്‍ത്തനങ്ങളെയും പ്രക്ഷോഭപരിപാടികളെയും കേന്ദ്രീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും അച്യുതാനന്ദന്റെ നേതൃത്വത്തില്‍ അഴിമതിക്കാര്‍ക്കും മറ്റുമെതിരെയുള്ള ജനകീയ സമരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇത്തവണ കുഞ്ഞാലിക്കുട്ടി ജയിക്കാനാണ് ആഗ്രഹിച്ചിട്ടുണ്ടാവുക. അങ്ങനെയെങ്കില്‍ ആ കെണിയില്‍ യു.ഡി.എഫും ലീഗും വീണെന്നു വേണം കരുതാന്‍. ചുരുക്കത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ജയം ലീഗിന്റെയും യു.ഡി.എഫിന്റെയും തോല്‍വിയായോ എന്ന് വരുംദിനങ്ങള്‍ തെളിയിക്കും.     
ഏതായാലും ഈ തെരഞ്ഞെടുപ്പ്ഫലം യു.ഡി.എഫുകാര്‍ക്ക് വളരെ സങ്കടകരമായിരിക്കും. കാരണം, മാണിയും ജോസഫും ജേക്കബും യു.ഡി.എഫിനൊപ്പമാണ് ഉണ്ടായിരുന്നത്. ലീഗും ഐ.എന്‍.എല്ലിന്റെ മുക്കാലും യു.ഡി.എഫില്‍ തന്നെയാണുള്ളത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പോരാഞ്ഞിട്ട് കഴിഞ്ഞ പ്രാവശ്യം ഇല്ലാതിരുന്ന മുരളിയും അനുയായികളും കൂടിയുണ്ട്. ആര്‍.എസ്.പിയുടെ ഷിബു ബേബിജോണ്‍ വിഭാഗവും, വീരേന്ദ്രകുമാറിന്റെ ജനതാദളും യു.ഡി.എഫിലാണ്. സീറ്റുകളൊന്നും കിട്ടിയില്ലെങ്കിലും അവരവരുടെ തട്ടകങ്ങളില്‍ അത്യാവശ്യം വോട്ടുകളുള്ള ജെ.എസ്.എസിനെയും സി.എം.പിയെയും യു.ഡി.എഫില്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ടായിരുന്നു. പോരാഞ്ഞിട്ട്, നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു കിട്ടിയ വെറും ഇരുപതിനായിരം വോട്ടിനെയും ഒ. രാജഗോപാലിന്റെ വോട്ട് 43,000 ആയി വര്‍ധിച്ചതിനെയും പഠനവിധേയമാക്കിയാല്‍ തെളിയുന്ന പോലെ, ജയമുറപ്പിക്കാന്‍ ബി.ജെ.പിയുമായി രമേശ് ആവുന്നിടത്തൊക്കെ വേണ്ടുന്ന ധാരണയും ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും ജയിക്കാന്‍ പോകുന്ന മുന്നണിയെന്ന നിലയില്‍ യു.ഡി.എഫിനു തന്നെ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇടയലേഖനമൊന്നും ഇറക്കിയില്ലെങ്കിലും കെ.സി. ബി.സിയും ഇതര മതമേലധ്യക്ഷന്മാരും എപ്പോഴുമെന്ന പോലെ യു.ഡി.എഫിനു ഒപ്പം തന്നെയായിരുന്നു എന്നും അറിയാം. മാത്രവുമല്ല, ഇപ്പോള്‍ യു.ഡി.എഫ് ജയിക്കാനിരിക്കുമ്പോള്‍ അവരില്‍ ഒരാളും മണ്ടത്തരം കളിക്കുമെന്ന് വിശ്വസിക്കാനാവില്ല. അതുകൊണ്ടല്ലേ സിന്ധുജോയിയും കെ.എസ്. മനോജുമൊക്കെ നേരത്തെ തന്നെ മറുകണ്ടം ചാടിയത്. പോരാഞ്ഞിട്ട് മലബാറില്‍ കൂട്ടിനു മഞ്ഞളാംകുഴി അലിയും അബ്ദുല്ലക്കുട്ടിയും യു. ഡി. എഫിന് ഒപ്പംതന്നെ കൂടിയില്ലേ? എപ്പോഴും ജയിക്കുന്ന മുന്നണിക്കു മാത്രം പിന്തുണ കൊടുക്കുന്ന മുസ്‌ലിം മതപുരോഹിതന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും അനുയായികളും, ലോക്‌സഭയിലേക്കും പഞ്ചായത്തിലേക്കും നടന്ന തെരഞ്ഞെടുപ്പ്ഫലം കണ്ട് യു.ഡി.എഫിന്റെ ജയമുറപ്പിച്ചിരിക്കെ യു.ഡി.എഫിന് അല്ലാതെ മറ്റാര്‍ക്കും വോട്ടു ചെയ്യില്ല. ഒരുപക്ഷേ, കാന്തപുരവും ഔദ്യോഗിക മുജാഹിദ് വിഭാഗവും മടവൂര്‍ മുജാഹിദുമൊക്കെ യോജിക്കുന്ന ഭൂമിമലയാളത്തിലെ ഏക പോയന്റാണ് ഇത്. അതാകട്ടെ, കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പിനു മുമ്പും ശേഷവുമുള്ള തന്റെ പ്രസ്താവനകളില്‍ കൃത്യമായും അവകാശപ്പെടുകയും ചെയ്തിരുന്നു. മാത്രവുമല്ല, അധികാരത്തിന്റെ ചക്കരക്കുടത്തില്‍നിന്ന് ആവുന്നത്ര വാരാന്‍ ഉദ്ദേശിക്കുന്ന സകലരും യു.ഡി.എഫിന്റെ ജയമുറപ്പിച്ചതിനാല്‍ അവരെ തന്നെയേ പിന്താങ്ങിക്കാണുകയുള്ളൂ. പിന്നെ ഭരണവിരുദ്ധവികാരവും കേന്ദ്രഭരണത്തിന്റെ പിന്തുണയും. പിന്നെ മീഡിയവമ്പന്മാരുടെ കൂട്ടും!  പൂര്‍ണ വിജയത്തിന്റെ ചേരുവക്ക് ഇനിയെന്താണ് വേണ്ടത്?  മുന്നണിബന്ധങ്ങള്‍ക്ക് അതീതമായി ആകെ എതിരായുണ്ടായിരുന്നത് കാര്യമായ വോട്ടൊന്നും ഇല്ലാത്ത കഴിഞ്ഞ പഞ്ചായത്ത്‌തെരഞ്ഞെടുപ്പില്‍ ജനകീയ വികസനമുന്നണിയായി മത്സരിച്ച്  1650ല്‍ പരം വാര്‍ഡിലെ 13 ലക്ഷം വോട്ടര്‍മാര്‍ പോള്‍ ചെയ്തതില്‍ നിന്നു വെറും ഒന്നര ലക്ഷം വോട്ടു മാത്രം ( 11.5 ശതമാനം) മാത്രം നേടിയ ജമാഅത്തും പരിവാരവും മാത്രം. തോല്‍ക്കുമെന്ന് ഉറപ്പുള്ള ഒരു കൂട്ടിനു ആരെങ്കിലും പിന്തുണക്കുന്നുണ്ടെങ്കില്‍ അത് ചില മൂല്യങ്ങളുടെയും താരതമ്യവിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ആയിരിക്കൂ. മാത്രവുമല്ല, എല്‍.ഡി.എഫില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയല്ലാത്ത ജനപിന്തുണയുള്ള കേരളകോണ്‍ഗ്രസിനെ പോലുള്ള, അല്ലെങ്കില്‍ ലീഗ്, ജനതാദള്‍ എന്നിവ പോലുള്ള ഒരൊറ്റ പാര്‍ട്ടിയുണ്ടോ?  
എന്നിട്ടും മത സാമുദായികസംഘടനകളുടെ തട്ടകങ്ങളല്ലാത്ത മുഴുവന്‍ ജില്ലകളിലും യു.ഡി.എഫ് എന്തുകൊണ്ട് തോറ്റു? കുഞ്ഞാലിക്കുട്ടി മത്സരിച്ചതുകൊണ്ട് എന്നതിനെക്കാളേറെ, യു.ഡി.എഫിന് മുന്നണിക്കുള്ളില്‍ നിന്ന് ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും ഇത് സംബന്ധമായി ഉണര്‍ത്താന്‍ സാധിച്ചില്ല എന്നതായിരിക്കും ഏറെ ശരിയായ ഉത്തരം.  അതുതന്നെയാണ് ഈ തെരെഞ്ഞടുപ്പിലെ ജയപരാജയങ്ങള്‍ക്കുപിന്നിലെ രസതന്ത്രവും.  മുന്നണിയില്‍ ഒത്തിരി ചേരുവകളുണ്ടായിരുന്നു.  പക്ഷേ വിജയത്തിന്റെ രസം നല്‍കുന്ന ചേരുവയാകുന്നതിന് ഒരു കല്ലുകടി തടസ്സമായി നിന്നു. ഒരുപക്ഷേ, സുഗമമായ ഭരണത്തിനും അംഗസംഖ്യയിലെ എണ്ണക്കുറവിനേക്കാള്‍ തടസ്സമായി നില്‍ക്കുക ഈ ഫാക്ടര്‍ തന്നെയായിരിക്കും.വിജയത്തിന്റെ മറുവശം, ഭരണത്തിന്റെ ഭാരം-എ.ആര്‍

Published on Tue, 05/17/2011 -ഒ
പതിമൂന്നാം കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ഭിന്ന വിശകലനങ്ങളും വിലയിരുത്തലുകളും തുടരുന്നു. സ്വാഭാവികമായും യു.ഡി.എഫിന്റെ അഭിമാനാര്‍ഹമല്ലാത്ത വിജയത്തിന്റെയും എല്‍.ഡി.എഫിന്റെ അഭിമാനകരമായ പരാജയത്തിന്റെയും കാരണങ്ങള്‍ അപഗ്രഥിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഈ ഫോട്ടോഫിനിഷിങ്ങിന്റെ യഥാര്‍ഥ കാരണങ്ങളെക്കുറിച്ച് പുകമറ സൃഷ്ടിക്കാനാണ് മെനക്കെട്ടു കാണുന്നത്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് 2010ലെ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിലും നേടിയ അമ്പരപ്പിക്കുന്ന മഹാവിജയത്തിനു ശേഷം ഒട്ടും വൈകാതെ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതേ വിജയം തുടരുമെന്നുതന്നെ യു.ഡി.എഫ് വിശ്വസിക്കുകയും ചെയ്തിരുന്നതാണ്. അഞ്ചുവര്‍ഷത്തെ ഇടതുഭരണ പരാജയവും മുഖ്യ ഭരണകക്ഷിയെ വേട്ടയാടിയ വിഭാഗീയത ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുവെന്ന കണക്കുകൂട്ടലും അതിലുപരി രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ജാതി-സമുദായ സമവാക്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാണെന്ന ശുഭാപ്തിയുമായിരുന്നു യു.ഡി.എഫിന്റെ 90-100 സീറ്റുകളെക്കുറിച്ച സ്വപ്‌നങ്ങള്‍ക്കാധാരം. മലയാളത്തിലെ ഒന്നാംനിര പത്രങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും കലവറയില്ലാത്ത പിന്തുണ കൂടി ലഭിച്ചതിനാല്‍ മറിച്ചൊരു ചിന്തക്ക് പ്രസക്തിയില്ലായിരുന്നു.
മറുവശത്ത്, വി.എസ് അച്യുതാനന്ദന്‍ എന്ന ഘടകം അപ്രതീക്ഷിത തിളക്കത്തോടെ രംഗപ്രവേശം ചെയ്യുന്നതുവരെ ഇടതുമുന്നണിക്ക് ശക്തമായൊരു പ്രതിപക്ഷമായി തിരിച്ചുവരുന്നതിനെക്കുറിച്ചുപോലും സന്ദേഹമുണ്ടായിരുന്നുവെന്നതാണ് വാസ്തവം. ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ പിടിച്ചുകുലുക്കിയ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം അവശേഷിച്ച മൂന്നരമാസത്തെ ഹ്രസ്വമായ ഇടവേളയില്‍ ഭരണത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ഒട്ടേറെ ജനക്ഷേമ നടപടികള്‍ക്ക് തുടക്കമിടാനും അച്യുതാനന്ദന്‍ സര്‍ക്കാര്‍ കിണഞ്ഞുശ്രമിച്ചുവെന്നത് ശരിയാണ്. തന്മൂലം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരല്‍പം മെച്ചപ്പെട്ട പ്രദര്‍ശനം എല്‍.ഡി.എഫിന് കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷയും ഉളവായി. അപ്പോഴും ഒരടിസ്ഥാന ദൗര്‍ബല്യം പരിഹരിക്കപ്പെടാതെ കിടന്നു. ഇടതുമുന്നണിയില്‍നിന്ന് പി.ജെ. ജോസഫിന്റെ കേരള കോണ്‍ഗ്രസ് ഗ്രൂപ്പും എം.പി. വീരേന്ദ്രകുമാറിന്റെ ജനതാദളും വിട്ടുപോയ ക്ഷീണം നിലനില്‍ക്കെ ജനപിന്തുണയുള്ള ഒരേയൊരു സി.പി.എം മാത്രമാണ് കോണ്‍ഗ്രസ്-മുസ്‌ലിംലീഗ്-കേരള കോണ്‍ഗ്രസ് ശക്തമായ കൂട്ടുകെട്ടിനെ നേരിടാനുള്ളത് എന്നതായിരുന്നു ആ ബലഹീനത. സി.പി.എമ്മിനാവട്ടെ പഴയ ഭദ്രതയും കെട്ടുറപ്പും നഷ്ടമായിരുന്നുതാനും. ഒടുവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പക്ഷേ, യു.ഡി.എഫിന്റെ സ്വതഃസിദ്ധമായ ദൗര്‍ബല്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങി. സീറ്റ് പങ്കുവെപ്പിനെച്ചൊല്ലി ഘടകകക്ഷികള്‍ ഉയര്‍ത്തിയ അവകാശവാദങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ അവസാന നിമിഷം വരെ തുടര്‍ന്ന അനിശ്ചിതത്വവും ആദ്യഘട്ടത്തില്‍ തന്നെ ഇടതുമുന്നണിക്ക് പ്രചാരണത്തില്‍ മേല്‍ക്കൈ സമ്മാനിച്ചു. താന്‍ മത്സരിക്കുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് വിരാമമിട്ട് വി.എസ്. അച്യുതാനന്ദന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കി ഗോദയിലിറങ്ങിയതോടെയാണ് ശരിക്കും ഇടതുമുന്നണിക്ക് ജീവന്‍ വെക്കുന്നതും വലതുമുന്നണി അപ്രതീക്ഷിതമായി പ്രതിരോധത്തിലാവുന്നതും. വി.എസ് പൊരുതി നേടിയെടുത്ത, ഇടമലയാര്‍ അഴിമതിക്കേസിലെ സുപ്രീംകോടതി വിധി ആര്‍. ബാലകൃഷ്ണപിള്ളയെ ജയിലിലെത്തിച്ചതോടെ യു.ഡി.എഫിന്റെ ശിരസ്സ് ശരിക്കും കുനിയുക തന്നെ ചെയ്തു. അവിചാരിതമായി ഭാര്യാസഹോദരീ ഭര്‍ത്താവ് റഊഫ് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കളങ്കിതനായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് പുനര്‍ജീവിപ്പിക്കുക കൂടി ചെയ്തപ്പോള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ വി.എസിന് രണ്ടാമത്തെ ആയുധവും കൈവന്നു. രണ്ടുമായി അദ്ദേഹം നടത്തിയ ജൈത്രയാത്രയുടെ ബാക്കിപത്രമാണ് സത്യംപറഞ്ഞാല്‍ ഇടതുമുന്നണിയുടെ നവജീവന്‍. അതോടൊപ്പം ലോക്‌സഭ/ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രകടമായ ശക്തമായ ഭരണവിരുദ്ധ വികാരം ജനങ്ങളില്‍ മിക്കവാറും അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. പകരം യു.പി.എ സര്‍ക്കാറിന്റെ സര്‍വകാല റെക്കോഡ് തകര്‍ത്ത സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഫ്‌ളാറ്റ് അഴിമതികള്‍ യു.ഡി.എഫിനെ തീര്‍ത്തും പ്രതിരോധത്തില്‍ വീഴ്ത്തുകയും ചെയ്തു. ഒരുവേള തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ മുഴുവന്‍ ആഞ്ഞടിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധവികാരം ഒരല്‍പം മുമ്പായിരുന്നെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സമ്പൂര്‍ണ പതനത്തിന് തന്നെ സാക്ഷ്യം വഹിച്ചേനെ.
ഒരു ശതമാനം വോട്ടിന്റെയും നാലേനാല് സീറ്റുകളുടെയും പിന്‍ബലത്തിലാണ് ഇപ്പോള്‍ യു.ഡി.എഫ് കഷ്ടിച്ച് അധികാരത്തിലേറിയിരിക്കുന്നത്. അതില്‍ മുസ്‌ലിംലീഗ് കൈവരിച്ച തകര്‍പ്പന്‍ വിജയമാണ് സര്‍വഥാ സമ്മതിക്കപ്പെട്ട വസ്തുത. മത്സരിച്ച 24 സീറ്റുകളില്‍ 20ഉം നേടിയെടുത്ത മുസ്‌ലിംലീഗ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയതിന്റെ ഒന്നരയിരട്ടി സീറ്റുകള്‍ ലീഗ് അടിച്ചെടുത്തു. മലപ്പുറത്ത് മുസ്‌ലിംലീഗിന് പ്രതിയോഗി ഇല്ലെന്നും തെളിയിക്കപ്പെട്ടു. പക്ഷേ, മുസ്‌ലിംലീഗിന്റെ വിജയകാരണങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ബോധപൂര്‍വം വളച്ചൊടിക്കപ്പെടുകയോ തമസ്‌കരിക്കപ്പെടുകയോ ചെയ്യുന്ന ചില വസ്തുതകളിലേക്കുകൂടി ഈ സന്ദര്‍ഭത്തില്‍ വിരല്‍ചൂണ്ടാതെ വയ്യ. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ റഊഫ് ഉന്നയിച്ച ആരോപണവും അത് ആയുധമാക്കി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രചാരണവും മലബാറിലെ മുസ്‌ലിം സമുദായത്തില്‍ സാമാന്യമായി ഒരു ചലനവും സൃഷ്ടിച്ചില്ലെന്നത് നേരാണ്. എന്നല്ല, പൂര്‍വാധികം വാശിയോടെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ലീഗണികള്‍ രംഗത്തിറങ്ങാന്‍ അത് നിമിത്തമൊരുക്കുകയും ചെയ്തു. എന്നാല്‍, പൊതുസമൂഹത്തില്‍ റഊഫിന്റെ വെളിപ്പെടുത്തലും വി.എസിന്റെ കടന്നാക്രമണവും ഉളവാക്കിയ പ്രത്യാഘാതങ്ങള്‍ എന്താണ്? തീര്‍ച്ചയായും രാഷ്ട്രീയ നേതാക്കളുടെ ധാര്‍മികത്തകര്‍ച്ചയെക്കുറിച്ചും നിയമവാഴ്ച അട്ടിമറിക്കപ്പെടുന്നതിനെക്കുറിച്ചും വ്യാപകമായ ആശങ്കകള്‍ അത് സൃഷ്ടിച്ചിട്ടുണ്ട് എന്നുതന്നെയാണ് തെരഞ്ഞെടുപ്പുഫലങ്ങള്‍ അനാവരണം ചെയ്ത യാഥാര്‍ഥ്യം. ഇതിന് വിലകൊടുക്കേണ്ടിവന്നത് പക്ഷേ, യു.ഡി.എഫ് പൊതുവിലും മുഖ്യകക്ഷിയായ കോണ്‍ഗ്രസുമാണെന്ന് മാത്രം. വെറും 38 സീറ്റുകളുമായി സംസ്ഥാനത്തെ രണ്ടാം കക്ഷിയായി കോണ്‍ഗ്രസ് പതിച്ചതിന്റെ കാരണം മറ്റെന്തിനേക്കാളുമേറെ പൊതുജീവിതത്തിലെ അഴിമതിയിലും ധര്‍മച്യുതിയിലും മനംനൊന്തവരുടെ ധര്‍മരോഷമാണ്. വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പോരാട്ടം ആ ദിശയില്‍ ചിന്തിക്കാന്‍ പ്രേരകമായിത്തീര്‍ന്നു എന്നതാണ് ശരി. ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ നിയമം സ്വാഭാവികവഴി സ്വീകരിച്ചതിനാല്‍ നിരപരാധികള്‍ രക്ഷപ്പെടുകയായിരുന്നില്ല. ധനശക്തിയും അധികാര ദുര്‍വിനിയോഗവും ദുഃസ്വാധീനവും വഴി അട്ടിമറിക്കപ്പെടുകയായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് പൊതുസമൂഹം. അതുകൊണ്ടുതന്നെ ഈ ധാര്‍മിക സമസ്യ അച്യുതാനന്ദന്‍ ഭരണമാറ്റത്തെ അതിജീവിച്ചും ആയുധമാക്കാനാണിട.
രണ്ടാമതായി തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ മതേതരത്വത്തിലൂന്നി മുസ്‌ലിം സമൂഹത്തെ ഏകീകരിക്കാന്‍ ലീഗ് നടത്തിയ ധീരശ്രമത്തിന്റെ പരിണതിയാണ് പാര്‍ട്ടിയുടെ അഭൂതപൂര്‍വമായ വിജയമെന്നാണ് മുസ്‌ലിംലീഗും യു.ഡി.എഫ് അനുകൂല മാധ്യമങ്ങളും മതേതരത്വ ചാവേറുകളുമായ ബുദ്ധിജീവികളും പൊതുസമൂഹത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. സംഭവിച്ചതോ? കമ്യൂണിസ്റ്റ് വിരോധത്തിന്റെയും ഇടതുഭരണ വിരുദ്ധതയുടെയും ഭൂമികയില്‍ പ്രബല മതന്യൂനപക്ഷങ്ങളായ മുസ്‌ലിം-ക്രൈസ്തവ സമുദായങ്ങളെ ധ്രുവീകരിക്കാനും അതോടൊപ്പം മുസ്‌ലിം തീവ്രവാദ ഭീഷണി ചൂണ്ടിക്കാട്ടി ഭൂരിപക്ഷ സമുദായത്തെ അടുപ്പിച്ചുനിര്‍ത്താനും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ച ആസൂത്രിത നീക്കങ്ങളുടെ തുടര്‍ച്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടമായത്. മറ്റെല്ലാ ദേശീയ, പ്രാദേശിക ഇഷ്യൂകളെയും നിഷ്പ്രഭമാക്കിക്കൊണ്ട്, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുമായി വേദി പങ്കിട്ടതായിരുന്നല്ലോ കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഗതിപോലും നിര്‍ണയിച്ച മുഖ്യഘടകം. പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി ജനകീയ വികസന മുന്നണികളുണ്ടാക്കി 1700ഓളം വാര്‍ഡുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴാകട്ടെ മുസ്‌ലിം തീവ്രവാദം തെരഞ്ഞെടുപ്പുരംഗം ഹൈജാക്ക് ചെയ്യാന്‍ പോവുന്നുവെന്ന മുറവിളിയായി. (ആ പ്രചാരണത്തില്‍ സി.പി.എമ്മും വീണു എന്നതും പരമാര്‍ഥം). യഥാര്‍ഥത്തില്‍ മുസ്‌ലിംലീഗ് പ്രചാരണത്തിന്റെ മര്‍മം പി.കെ. കുഞ്ഞാലിക്കുട്ടി ഭംഗ്യന്തരേണ സൂചിപ്പിക്കാതിരുന്നില്ല. മുസ്‌ലിം സാമുദായിക രാഷ്ട്രീയ പ്രതലത്തിലേക്ക് ഇനിയാരും കടന്നുവരരുതെന്ന ശാഠ്യമായിരുന്നു ഈ പുകമറയുടെ പിന്നില്‍. കാല്‍ ലക്ഷത്തോളം വരുന്ന പഞ്ചായത്ത്-നഗരസഭാ വാര്‍ഡുകളില്‍ ഈ സംഖ്യ ഒന്നുമല്ലെന്നും അതില്‍തന്നെ നടാടെ മത്സരിക്കുന്ന ജനകീയ കൂട്ടായ്മകള്‍ക്ക് അതിശക്തമായ മുന്നണികള്‍ക്കെതിരെ ബഹുഭൂരിഭാഗം വാര്‍ഡുകളിലും വിജയിക്കാനാവില്ലെന്നും മനസ്സിലാക്കിക്കൊണ്ടുതന്നെയായിരുന്നു 'മതേതരത്വം അപകടത്തില്‍' എന്ന കോലാഹലം. മറുവശത്ത് സാമ്പ്രദായിക ജമാഅത്ത് വിരോധം മുഖ്യദൗര്‍ബല്യമായ മതസംഘടനകളെ ലീഗിനുവേണ്ടി ജീവന്മരണ പോരാട്ടത്തിനിറക്കാനും ഇതുതന്നെ കുഞ്ഞാലിക്കുട്ടിയും കൂട്ടരും അവസരമാക്കി. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോഴും അതേ അടവുനയമാണ് മുസ്‌ലിംലീഗ് പ്രയോഗിച്ചത്. അല്ലെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ കിട്ടാന്‍ പോവുന്നില്ലെന്ന് ഉറപ്പിച്ച കുഞ്ഞാലിക്കുട്ടി വോട്ട് വേണ്ടെന്ന് ഒരു പ്രഖ്യാപനം നടത്തുകയായിരുന്നു. (വോട്ട് വേണമെന്നുള്ള ലീഗ് സ്ഥാനാര്‍ഥികള്‍ അത് ലഭ്യമാക്കാനുള്ള വഴികള്‍ തേടിയതും അത് സ്വീകരിച്ചതും സ്വകാര്യം).
ഇതോടെ 'തീവ്രവാദ വിരുദ്ധ' മതേതരത്വത്തിന്റെ പടയാളികളാവാന്‍ ഒരിക്കല്‍കൂടി സാമുദായിക പാര്‍ട്ടിക്ക് അവസരം കൈവന്നു. പക്ഷേ, ഈ കുതന്ത്രത്തിന് വിലകൊടുക്കേണ്ടി വന്നതും കോണ്‍ഗ്രസും യു.ഡി.എഫിലെ മറ്റു ഘടകങ്ങളുമാണ്. പൊന്നാനിയിലും തവനൂരിലും വടകരയിലും അത് പ്രകടമായി. ജമാഅത്ത് വിരുദ്ധ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ച എം.കെ. മുനീറും കെ.എം. ഷാജിയുമാണ് ലീഗ് സ്ഥാനാര്‍ഥികളില്‍ ഏറ്റവും കുറഞ്ഞ വോട്ടുകളോടെ കരപറ്റിയത് എന്നതും ശ്രദ്ധേയം. അതേയവസരത്തില്‍, കേരളത്തിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വിശകലനം ചെയ്ത സി.പി.എം പോളിറ്റ്ബ്യൂറോ കേരളത്തിലെ പാര്‍ട്ടിയുടെ അഭിമാനാര്‍ഹമായ വിജയത്തില്‍ മുസ്‌ലിം വോട്ടുകളും ചില മുസ്‌ലിം സംഘടനകള്‍ പ്രഖ്യാപിച്ച പരസ്യമായ പിന്തുണയും വഹിച്ച പങ്ക് എടുത്തുകാട്ടിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഅ്ദനിയുമായി വേദി പങ്കിട്ടത് തെറ്റായിപ്പോയി എന്ന് ഏറ്റുപറഞ്ഞ സി.പി.എം നേതൃത്വം തന്നെയാണ് മുസ്‌ലിം സംഘടനകളുടെ പിന്തുണ നന്ദിപൂര്‍വം അനുസ്മരിച്ചത് എന്നോര്‍ക്കണം. ഇടതുമുന്നണിയുടെ ബഹുഭൂരിഭാഗം സ്ഥാനാര്‍ഥികള്‍ക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ച മുസ്‌ലിം സംഘടന ജമാഅത്തെ ഇസ്‌ലാമിയായിരുന്നല്ലോ. ജമാഅത്തിന്റെ 'തീവ്രവാദമോ' മതമൗലികതാ വാദമോ പിന്തുണ സ്വീകരിക്കുന്നതിന് രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിക്ക് തടസ്സമായില്ല. പൊതുസമൂഹത്തെ അത് പ്രതികൂലമായി സ്വാധീനിച്ചതുമില്ല.
ഇനി മുസ്‌ലിംലീഗിന്റെ അവകാശവാദത്തിന്റെ മറുവശമോ? പിന്തിരിപ്പന്‍ യാഥാസ്ഥിതിക മതപണ്ഡിത സംഘടനകളെപ്പോലും ഭരണമാറ്റത്തിന്റെ പ്രലോഭനത്തില്‍ കൂടെക്കൂട്ടിയാണ് ലീഗ് ഇത്തവണ നേട്ടം കൊയ്തത്. ഒരുവശത്ത് പാണക്കാട് കുടുംബം നേതൃത്വം നല്‍കുന്ന സമസ്ത ഔദ്യോഗിക വിഭാഗവും മറുവശത്ത് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ വിഘടിത വിഭാഗവും തിരുകേശത്തെച്ചൊല്ലി പരസ്യമായി ഏറ്റുമുട്ടവെ എ.പി സുന്നികളെ ചേര്‍ത്തുപിടിക്കാനുള്ള ശ്രമമാണ് കുഞ്ഞാലിക്കുട്ടി നടത്തിയത്. അതാകട്ടെ, ഭരണത്തിന്റെ പ്രയോജനങ്ങളില്‍ അവരെക്കൂടി പങ്കാളികളാക്കിക്കൊണ്ടേ സാധ്യമാവൂ. അതിനര്‍ഥം കടുത്ത അന്ധവിശ്വാസ ചൂഷണത്തിന്റെയും വ്യാപാരവത്കരണത്തിന്റെയും പേരില്‍ പ്രതിക്കൂട്ടിലായ എ.പി വിഭാഗത്തിനെതിരെ ശബ്ദിക്കാന്‍പോലും മുസ്‌ലിംലീഗിനെ അശക്തമാക്കുന്നതോടൊപ്പം പാര്‍ട്ടിയുടെ മതേതരത്വ പുരോഗമന പ്രതിച്ഛായയെ സമൂഹത്തില്‍ അപഹാസ്യമാക്കുകയും ചെയ്യും. ഇത്തരം വൈരുധ്യങ്ങളെയും പാളിച്ചകളെയുമാകെ ജനദൃഷ്ടിയില്‍നിന്ന് മറച്ചുപിടിക്കാനുള്ള പുകമറ കൂടിയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നേര്‍ക്കുള്ള കടന്നാക്രമണം. ഇമ്മാതിരി ഗിമ്മിക്കുകളുടെ പേരില്‍ സമൂഹത്തെ വിഡ്ഢീകരിക്കാന്‍ എത്രകാലം കഴിയും എന്ന ചോദ്യമുണ്ട്.
രണ്ട് വോട്ടിന്റെ ഞാണിന്മേല്‍ കളിയുമായി പരീക്ഷണത്തിനിറങ്ങിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിടാന്‍പോകുന്ന ഏറ്റവും കടുത്ത വെല്ലുവിളികളിലൊന്ന് തങ്ങളെ കഷ്ടിച്ച് അധികാരത്തില്‍ കടന്നുകൂടാന്‍ സഹായിച്ച സകലമാന സാമുദായിക-ജാതി കൂട്ടായ്മകളുടെയും പരസ്‌പരവിരുദ്ധ സമ്മര്‍ദത്തെ എങ്ങനെ അതിജീവിക്കാം എന്നതുതന്നെയാവും. ഇടതുമുന്നണി സര്‍ക്കാറിനെ താഴെയിറക്കാന്‍ കൂട്ടുപിടിച്ച അതേശക്തികളെ ഭരണത്തിലേറിയാല്‍ മറക്കാനൊക്കില്ലല്ലോ. എല്ലാറ്റിനെയും നേരിടാനുള്ള അതിജീവന മന്ത്രമായി സംസ്ഥാനത്തെ സാങ്കല്‍പിക മുസ്‌ലിം തീവ്രവാദ ഭീഷണി ഉയര്‍ത്തിപ്പിടിക്കാന്‍ മുസ്‌ലിംലീഗും വലതുപക്ഷ മാധ്യമങ്ങളും കിണഞ്ഞു ശ്രമിച്ചാലും അടിതെറ്റുകയേ ചെയ്യൂ.

കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടായില്ല -ജമാഅത്തെ ഇസ്‌ലാമി


കോഴിക്കോട്: കേരള സര്‍ക്കാറിനെക്കുറിച്ചും തെരഞ്ഞെടുപ്പിലെ സമീപനത്തെ സംബന്ധിച്ചും ജമാഅത്തെ ഇസ്‌ലാമിയുടെ വിലയിരുത്തല്‍ ശരിയും വസ്തുനിഷ്ഠവുമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നതായി ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ഭരണവിരുദ്ധ വികാരം ജനവിധി നിര്‍ണയിക്കുകയെന്നതായിരുന്നു കേരളത്തിലെ സമീപകാല ചരിത്രം.  എന്നാല്‍, സര്‍ക്കാറിന്റെ ജനക്ഷേമ നടപടികള്‍ ഉള്‍ക്കൊണ്ടും അംഗീകരിച്ചുമാണ് പൊതുവെ ഇത്തവണത്തെ ജനവിധി.  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലുമുണ്ടായ വിജയം യു.ഡി.എഫ് ആവര്‍ത്തിക്കുമെന്നാണ് കരുതിയിരുന്നത്.  ഇടക്കാലത്ത് എല്‍.ഡി.എഫില്‍ നിന്ന് ചില കക്ഷികള്‍ വേര്‍പിരിഞ്ഞ് യു.ഡി.എഫില്‍ ചേരുകയുമുണ്ടായി.  എന്നിട്ടുപോലും സാങ്കേതികമായ ഭൂരിപക്ഷമെന്ന് പറയാവുന്ന വിജയമേ യു.ഡി.എഫ് നേടിയുള്ളൂ.  എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭരണനയങ്ങള്‍ക്ക് പൊതുവെ കേരളം അംഗീകാരം നല്‍കിയെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.  
ഭരണകൂടവും ഭരണത്തില്‍ പങ്കാളികളാവുന്ന രാഷ്ട്രീയ പാര്‍ട്ടികളും ജനക്ഷേമ തല്‍പരരായിരിക്കണമെന്നും ജനാഭിലാഷങ്ങളെ മാനിക്കണമെന്നുമുള്ള ശക്തമായ സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും നല്‍കുന്നതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.  ജമാഅത്ത്-സി.പി.എം നേതാക്കളുടെ ചര്‍ച്ചയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനും അതുവഴി സാമുദായിക ധ്രുവീകരണമുണ്ടാക്കാനും ചില സംഘടനകളും മാധ്യമങ്ങളും ശ്രമിച്ചിരുന്നു.  അത്തരം ശ്രമങ്ങളെ മുഴുവനായും പ്രബുദ്ധരായ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞതായാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന്  പ്രസ്താവന വ്യക്തമാക്കി.  അമീര്‍ ടി.ആരിഫലി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.ജമാഅത്ത് പിന്തുണ ഗുണം ചെയ്തു: ശ്രീരാമകൃഷ്ണന്‍

Published on Mon, 05/16/2011
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാറിന് ജമാഅത്തെ ഇസ്‌ലാമിയുള്‍പ്പടെ വിവിധ വിഭാഗങ്ങളുടെ പിന്തുണ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും പൊന്നാനി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായിരുന്ന പി.ശ്രീരാമകൃഷ്ണന്‍. തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ഗുണം ചെയ്തിട്ടില്ലെന്ന സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി കെ. ഉമ്മര്‍ മാസ്റ്ററുടേതായി മാധ്യമങ്ങളില്‍ വന്ന പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇടതു സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ നടപടികളും വിലയിരുത്തിയാണ് ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പടെയുള്ള സംഘടനകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയതെന്നും അതു ഗുണം ചെയ്തിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചനയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മര്‍ മാസ്റ്റര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാവുമെന്ന് കരുതുന്നില്ല. ഏതു സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം ഉണ്ടായതെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് പ്രകടനവുമായി ബന്ധമെട്ട് പാര്‍ട്ടി ഔദ്യോഗികമായി ഇനിയും വിലയിരുത്തലുകള്‍ നടത്തിയിട്ടില്ല. ഇതു സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി ചേരാനിരിക്കുന്നതേയുള്ളൂവെന്നും ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Wednesday, May 11, 2011

ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടു വാങ്ങിയതില്‍ തെറ്റില്ല: കെ.ഇ. ഇസ്മയില്‍


News added on : Tuesday, May 10, 2011 
ദോഹ: ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടുവാങ്ങിയതില്‍ തെറ്റില്ലെന്നും അവരുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പിണറായി വിജയന്‍ ജമാഅത്ത് നേതൃത്വവുമായി നടത്തിയത് വോട്ടുകച്ചവടമല്ല, മറിച്ച് സൗഹൃദ സംഭാഷണമായിരുന്നുവെന്നും രാജ്യസഭാംഗവും സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ.ഇ ഇസ്മയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നടത്തിയ പ്രവര്‍ത്തനങ്ങളും സര്‍ക്കാറിന്റെ ഭരണനേട്ടവും കണക്കിലെടുക്കുമ്പോള്‍ മുന്നണി അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വേണ്ടത്ര ജനങ്ങളില്‍ എത്തിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും മുന്നണിക്ക് തിരിച്ചടി നേരിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഈ സാഹചര്യമായിരുന്നില്ല അതിന്നാല്‍ സി.പി.ഐക്ക് 18 സീറ്റ് ഉറപ്പാണെന്നും അദേഹം പറഞ്ഞു. 
യു.ഡി.എഫ് വിജയിച്ചാല്‍ അതിന്റെ പങ്കുപറ്റാന്‍ ഒരുമുഴം നീട്ടിയുള്ള ഏറാണ് എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായര്‍ നടത്തിയത്. അത് എന്‍.എസ്.എസിന്റെ പൊതുനിലപാടാണെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ ജനകീയപ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തി നേതാക്കള്‍ പരസ്പരം ചെളിവാരിയെറിയുന്ന തലത്തിലേക്ക് പ്രചാരണം നീങ്ങിയത് നിര്‍ഭാഗ്യകരമാണ്. ന്യൂനപക്ഷങ്ങള്‍ എല്‍.ഡി.എഫില്‍ നിന്ന് അകന്നെന്ന വാദത്തില്‍ കഴമ്പില്ല. ജനതാദള്‍ മുന്നണി വിടാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ഇപ്പോഴും തന്റെ അഭിപ്രായം. പാര്‍ട്ടി ഓഫീസ് പൊളിക്കാന്‍ വരുന്നവന്റെ കൈവെട്ടുമെന്ന തന്റെ പ്രസ്താവനയില്‍ അസാധാരണമായി ഒന്നുമില്ലെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം സംബന്ധിച്ച് ഇനി തീരുമാനമെടുക്കേണ്ടത് സി.പി.എമ്മാണെന്നും ഇദേഹം പറഞ്ഞു.
 


Monday, May 9, 2011

രാഷ്ട്രീയപാര്‍ട്ടിരൂപവത്കരണം വാര്‍ത്ത ദുരുദ്ദേശ്യപരം


രാഷ്ട്രീയപാര്‍ട്ടിരൂപവത്കരണം വാര്‍ത്ത ദുരുദ്ദേശ്യപരം
കോഴിക്കോട്: സമസ്ത സമീപഭാവിയില്‍ രാഷ്ട്രീയ സംഘടന രൂപവത്കരിക്കുമെന്ന് കോട്ടക്കലില്‍ നടന്ന ഉലമാ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചതായി മാധ്യമത്തില്‍ വന്ന വാര്‍ത്ത ദുരുദ്ദേശ്യപരവും സത്യവിരുദ്ധവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
സുന്നീ സംഘടനാ നേതൃത്വം സമുദായ നന്മക്കായി എല്ലാ മേഖലകളിലും ഇടപെടാനുള്ളതാണ്. ഇസ്‌ലാമിന്റ പേരില്‍ മത രാഷ്ട്ര വാദികളും ഈര്‍ക്കിള്‍ പാര്‍ട്ടികളും രംഗത്തുവന്ന് സമുദായത്തെ ശിഥിലമാക്കുകയും തെറ്റിദ്ധാരണ സൃഷ്ടിച്ച് മതസൗഹാര്‍ദവും മതമൈത്രിയും തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ മുഖ്യധാരാ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്ന പണ്ഡിത സംഘടനയായ സമസ്ത ആവശ്യമായ ഇടപെടലുകള്‍ നടത്തും. ഇതാണ് ഉലമാ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചത്. രാഷ്ട്രീയ സംഘടന രൂപവത്കരിക്കുന്നില്ലെന്ന് പ്രത്യേകം പ്രസ്താവിച്ചിരിക്കേ സത്യത്തിന് നിരക്കാത്ത വാര്‍ത്തകള്‍ മെനഞ്ഞടുണ്ടാക്കുന്നവരും അസത്യം പ്രചരിപ്പിക്കുന്ന സംഘടനകളും സമൂഹത്തില്‍ ഒറ്റപ്പെടുകയല്ലാതെ സത്യത്തിന് ഹാനി സംഭവിക്കുകയില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രവാദത്തെ സമ്മേളനം ശക്തമായി എതിര്‍ത്തതിനാലും ഈ അടുത്തായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് സമൂഹത്തില്‍ ഒറ്റപ്പെട്ടതുകൊണ്ടുമാവാം തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ടവര്‍ മുന്നോട്ടുവന്നതെന്ന് വിലയിരുത്താവുന്നതാണ് -കാന്തപുരം പറഞ്ഞുTuesday, May 3, 2011

ആരോപണം പൊള്ളയെന്ന് തെളിഞ്ഞു


'സമഗ്രാധിപത്യ വീക്ഷണത്തോട് കൂടിയ വര്‍ഗീയ സംഘടന' (Mahatma Gandhi, last phase, page.450.by പ്യാരിലാല്‍) എന്ന് രാഷ്ട്രപിതാവ് അധിക്ഷേപിച്ച ഹിന്ദുത്വ-ഫാഷിസ്റ്റ് സംഘടനയായ ആര്‍.എസ്.എസിനൊപ്പം, 'നന്മ പ്രചരിപ്പിക്കുകയും മനുഷ്യനെ സേവിക്കുകയും ഉച്ചനീചത്വം തുടച്ചുനീക്കുകയും ചെയ്യുന്ന സാധുക്കള്‍' (സര്‍ച് ലൈറ്റ്, പട്‌ന, 27 ഏപ്രില്‍ 1946) എന്ന് ഗാന്ധിജി പ്രശംസിച്ച ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടിക്കെട്ടി കല്ലെറിയുകയാണ് 'ഗാന്ധിശിഷ്യ'രായ കോണ്‍ഗ്രസുകാര്‍. 'കുറുനരിയെയും ആട്ടിന്‍കുട്ടിയെയും കണ്ടാല്‍ തിരിച്ചറിയാത്തവരാണ് ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ സംഘടന എന്ന് പറയുന്നവര്‍' എന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റായിരുന്ന ടി.ഒ. ബാവ, 1968ല്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ വെട്ടിത്തുറന്ന് പറഞ്ഞത്.
എന്നാല്‍, ഡ്യൂപ്ലിക്കേറ്റ് ഗാന്ധി ശിഷ്യരായ എം.എം.ഹസനെയും തലേക്കുന്നിലിനെയും പോലുള്ള അഭിനവ കോണ്‍ഗ്രസുകാര്‍ വിളിച്ചുകൂവുന്നു ജമാഅത്ത് തീവ്രവാദ സംഘടനയെന്ന്! ഒരു ഭാഗത്ത് തീവ്രവാദികളെന്ന് അധിക്ഷേപിച്ചുകൊണ്ടിരിക്കെത്തന്നെ ജമാഅത്ത് പിന്തുണ തേടി, കെ.പി.സി.സി പ്രതിനിധിയെ ജമാഅത്ത് ഓഫിസിലേക്കയക്കുന്നു! വിമര്‍ശം ഉയര്‍ന്നപ്പോള്‍ ചികിത്സക്കാര്യം ചര്‍ച്ച ചെയ്യാനാണ് സന്ദര്‍ശനമെന്ന് വ്യാഖ്യാനവും! മുസ്‌ലിംലീഗിന്റെ ഒരു യുവ സ്ഥാനാര്‍ഥി സോളിഡാരിറ്റി ഓഫിസില്‍ ചെന്ന് പിന്തുണ അഭ്യര്‍ഥിച്ചതിന്റെ വ്യാഖ്യാനം അതിലേറെ രസാവഹം! 'അതുവഴി കടന്നുപോയപ്പോള്‍ സമീപത്തുള്ള ഓഫിസില്‍ കയറിയിറങ്ങിയെന്നു മാത്രം'!
ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വായിക്കുന്ന ജനങ്ങള്‍ക്ക് ഒരു കാര്യം ബോധ്യമായിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ ചിലര്‍ ആരോപിക്കുന്ന ആരോപണം പൊള്ളയാണെന്ന്! ഇവര്‍ തീവ്രവാദികളെങ്കില്‍, ഇടതു വലത് മുന്നണികളിലെ പ്രമുഖ കക്ഷികള്‍ ഇവരുടെ പിന്തുണക്കു വേണ്ടി സമീപിക്കുകയില്ലല്ലോ.
റഹ്മാന്‍ മധുരക്കുഴിTwitter Delicious Facebook Digg Stumbleupon Favorites More