Tuesday, April 5, 2011

ജമാഅത്ത്‌ വിമര്‍ശനം വെറും സംഘടനാവിരോധമാണോ?


ഡോ. സലീം ചെര്‍പ്പുളശ്ശേരി 

അസ്‌ഗറലി എന്‍ജിനിയര്‍ യോഗീന്ദര്‍ സിക്കന്ദ്‌
കേരളം വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ വരവേല്‌ക്കുകയാണ്‌. മുന്നണികളും പാര്‍ട്ടികളും വോട്ടുകള്‍ക്കായി നെട്ടോട്ടമോടുകയാണ്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയക്കളരിയിലേക്ക്‌ പരസ്യമായി രംഗപ്രവേശം ചെയ്‌ത ജമാഅത്തെ ഇസ്‌ലാമി നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പില്‍ എന്തുകൊണ്ടോ അറച്ചുനില്‌ക്കുകയാണ്‌. കുടിവെള്ള വിതരണത്തിലൂടെയും സൗജന്യ ഭവനപദ്ധതിയിലൂടെയും ഇതര ജനക്ഷേമ പദ്ധതികളിലൂടെയും പാര്‍ട്ടിയെക്കുറിച്ച്‌ ക്ലീന്‍ ഇമേജ്‌ സൃഷ്‌ടിച്ചെടുക്കാനുള്ള ശ്രമം തുടരുന്നുണ്ട്‌.

ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ വോട്ടുചോദിക്കാന്‍ തക്ക പരിണാമവും പരിവര്‍ത്തനവുമായിട്ടില്ലാത്തതിനാല്‍ ജനകീയ മുന്നണിയുടെയും വികസന മുന്നണിയുടെയുമൊക്കെ കുപ്പായത്തില്‍ കയറിക്കൂടിയാണ്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനെ ആവേശപൂര്‍വം നേരിട്ടത്‌. എന്നിട്ടും പാര്‍ട്ടിക്കെതിരെ വിമര്‍ശനങ്ങളുടെ പ്രവാഹം. നിരവധി രാഷ്‌ട്രീയ പാര്‍ട്ടികള്‍ ജന്മമെടുക്കുകയും അകാലമൃത്യു വരിക്കുകയും പിളരുകയും ലയിക്കുകയുമൊക്കെ ചെയ്യുന്ന രാഷ്‌്‌ട്രീയക്കളത്തിലേക്ക്‌ രാഷ്‌ട്രീയ വിശുദ്ധിയുടെ വിളംബരവുമായി എഴുന്നള്ളുമ്പോള്‍ എന്തിനിത്ര കോലാഹലമെന്ന്‌ അവര്‍ക്കു തന്നെ പിടി കിട്ടുന്നില്ല. ഈ പിടികിട്ടായ്‌മയുടെ അഭിനയമാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ പരിഹാസ്യമായ കാപട്യം. പക്ഷെ, ജനത്തിന്‌ എല്ലാം നന്നായി പിടികിട്ടുന്നുണ്ട്‌ എന്ന്‌ വ്യക്തമാക്കുന്നതായിരുന്നു പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ഫലം.

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പോടെ ഗതികിട്ടാ പ്രേതത്തിന്റെ അവസ്ഥയാണ്‌ ജമാഅത്തെ ഇസ്‌ലാമിക്ക്‌ വന്നു ഭവിച്ചത്‌. ഇടക്കാലത്ത്‌ തങ്ങളുടെ `നിര്‍ണായക വോട്ടുകളുടെ' ബലം പറഞ്ഞ്‌ മുന്നണികളെയും സ്ഥാനാര്‍ഥികളെയും വരുതിയിലാക്കാനും കുറച്ചൊക്കെ വിരട്ടാനും കഴിയുമായിരുന്നു. പക്ഷേ, ആകെക്കൂടി ആറ്റിക്കുറുക്കിയാല്‍ എത്രത്തോളമെന്ന്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ മറനീക്കിക്കാണിച്ചു. ഉറയില്‍ നിന്ന്‌ വാള്‍ ഊരുമെന്ന്‌ ഭീഷണിപ്പെടുത്തി ഒടുവില്‍ ഊരിയെടുത്തപ്പോള്‍ വെറും പിടി മാത്രം! അതുകൊണ്ടുതന്നെയാണ്‌ ഇപ്പോള്‍ ആ പാര്‍ട്ടിയെ രാഷ്‌ട്രീയമായി ആരും ഗൗനിക്കാത്തതും.

മുന്നണികളില്‍ പെട്ടതും പെടാത്തതും സ്വതന്ത്രവും കക്ഷിരഹിതവുമായ സ്ഥാനാര്‍ഥിത്വമോ രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തനമോ പോലെ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളെ ആരും വീക്ഷിക്കാത്തതെന്തുകൊണ്ട്‌ എന്ന്‌ ശാന്തമായി സാവകാശം ആലോചിക്കാന്‍ അമീറും ശൂറാമെമ്പര്‍മാരും വിമര്‍ശനങ്ങള്‍ക്കെതിരെ പരിതപിക്കുന്ന ഛോട്ടാ നേതാക്കളും മിനക്കെടുന്നില്ല. മാറ്റി മാറ്റി പുറപ്പെടുവിക്കുന്ന ഫത്‌വകള്‍ ഏറ്റുപാടുന്ന റഫീഖുകള്‍ക്കും മുത്തഫിഖുകള്‍ക്കും മുആവിനുകള്‍ക്കും അതിന്‌ നേരമില്ല. റുക്‌നുകളുടെ സ്ഥിതി അതിനെക്കാള്‍ ദയനീയമാണല്ലോ. അവരുടെയൊക്കെ മനസ്സില്‍ നേടാനുള്ള പുതിയ ലോകത്തെക്കുറിച്ചുള്ള മഹനീയ സങ്കല്‌പങ്ങളും അതിലേക്കെത്താനുള്ള ഗണിത സൂത്രങ്ങളുടെ ഗുണന ഹരണ പ്രക്രിയകളുമാണ്‌.

സാമുദായികച്ചുവയുള്ളതും മുസ്‌ലിംകളടക്കമുള്ള മര്‍ദിത പിന്നാക്ക വിഭാഗങ്ങള്‍ക്കു വേണ്ടിയെന്ന്‌ കൊട്ടിഘോഷിക്കുന്നവയുമായ നാലോ അഞ്ചോ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കേരളത്തില്‍ സജീവമായി നിലവിലുണ്ട്‌. ഇവയുടേതില്‍ നിന്ന്‌ വ്യത്യസ്‌തമായി സ്വന്തം പ്രകടനപത്രികയില്‍ എന്താണുള്ളതെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കേണ്ടതുണ്ട്‌. ആത്മാര്‍ഥതയോടെ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപന പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ നേര്‍ക്കുനേരെ പ്രഖ്യാപിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ അവര്‍ക്കാകുമോ?

എന്താണ്‌ ജമാഅത്തെ ഇസ്‌ലാമി ചെയ്‌തതെന്നും എന്തിനാണ്‌ ജമാഅത്തെ ഇസ്‌ലാമിയോടീ ശത്രുത എന്നുമൊക്കെ മൈക്കിനു മുമ്പില്‍ ദീനരോദനം നടത്തുന്നവര്‍ തന്നെയാണത്‌ വ്യക്തമാക്കേണ്ടത്‌. ഇത്‌ കേവലം കരിമണലിന്റെയോ എന്‍ഡോസള്‍ഫാന്റെയോ എക്‌സ്‌പ്രസ്‌ ഹൈവേയുടെയോ മറ്റോ പ്രശ്‌നമല്ല. അക്കാര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെപ്പോലെയോ അതിനെക്കാള്‍ വര്‍ധിത വീര്യത്തെയോ കൈകാര്യം ചെയ്യുന്ന രാഷ്‌ട്രീയപാര്‍ട്ടികളും സംഘടനകളുമുണ്ട്‌. എന്നാല്‍ മറ്റാര്‍ക്കുമില്ലാത്ത ചില രാഷ്‌ട്രീയ ദര്‍ശനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പറയാത്ത കഥകളായി ഒളിഞ്ഞിരിപ്പുണ്ടെന്നത്‌ മാലോകര്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. അവ എത്രതന്നെ മൂടിവെച്ചാലും മുഴച്ചു നില്‌ക്കുക തന്നെ ചെയ്യും. ജമാഅത്തെ ഇസ്‌ലാമിയുടെ അകവും പുറവും മനസ്സിലാക്കാനും വിമര്‍ശനങ്ങള്‍ക്കു മറുപടിയായും പ്രസിദ്ധീകരിച്ച വിപുലമായ സാഹിത്യങ്ങള്‍ ഇന്നും ഐ പി എച്ച്‌ സ്റ്റാളുകളില്‍ സുലഭമാവുമ്പോള്‍ പ്രത്യേകിച്ചും. വിമര്‍ശനങ്ങള്‍ക്കു മുമ്പില്‍ പിടിച്ചുനില്‌ക്കാനും നിയമക്കുരുക്കുകളില്‍ അകപ്പെടാതിരിക്കാനും വായനക്കാരന്റെ തെറ്റിദ്ധാരണകളകറ്റാനെന്ന പേരിലും അടിസ്ഥാനഗ്രന്ഥങ്ങളില്‍ നിന്നും ചില അധ്യായങ്ങള്‍ വെട്ടിമാറ്റുകയും വിഷലിപ്‌തമായ പല പ്രയോഗങ്ങളും പദങ്ങളും തേച്ചുമിനുക്കുകയും ചെയ്‌തിട്ടുണ്ടെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശലക്ഷ്യങ്ങള്‍ അന്നും ഇന്നും ഒന്നുതന്നെയാണെന്നാണ്‌ കാലാകാലങ്ങളില്‍ അമീറുമാരും ഇതര അപ്പോസ്‌തലന്മാരും പ്രത്യേകിച്ച്‌ ആധികാരികതയൊന്നുമില്ലാത്ത ശാന്തപുരം ജാമിഅ ഇസ്‌ലാമിയ്യയിലെ കുരുന്നുവിദ്യാര്‍ഥികള്‍ പോലും ധീരമായി പ്രഖ്യാപിക്കാറുള്ളത്‌.

ജമാഅത്തിന്റെ യഥാര്‍ഥ വീക്ഷണം
എന്താണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം? പാര്‍ട്ടി സ്ഥാപിച്ച ആചാര്യന്‍ തന്നെ പറയട്ടെ: ``സുഹൃത്തുക്കളേ, വളരെ സംക്ഷിപ്‌തമായി വിവരിച്ച ഈ മൂന്നു തത്വങ്ങളും അഭിനവ സംസ്‌കാരത്തിന്റേതായ ദേശീയ മതേതര ജനാധിപത്യ വ്യവസ്ഥിതിക്കെതിരില്‍ ഒരു ദൈവിക മാനുഷിക ജനപ്രാതിനിധ്യ വ്യവസ്ഥിതിയുടെ സംസ്ഥാപനത്തെയാണ്‌ ആവശ്യപ്പെടുന്നതെന്ന്‌ സ്‌പഷ്‌ടം. അതത്രെ ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം.'' (മൗദൂദി, മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വിക വിശകലനം, പേജ്‌ 34,35)

നിലവിലുള്ള ഇസ്‌ലാമേതര ഭരണകൂടങ്ങള്‍ക്കെതിരെ സര്‍വ സന്നാഹങ്ങളോടെ എഴുന്നേറ്റ്‌ നിന്ന്‌ പടപൊരുതി ദൈവിക ആധിപത്യം സ്ഥാപിക്കാന്‍ ആഹ്വാനം ചേയ്യുന്ന വരികളും മൗദൂദി ഗ്രന്ഥങ്ങളില്‍ കാണാം. ആധുനിക മതേതര ജനാധിപത്യ രാഷ്‌ട്രീയ തത്വങ്ങളോടുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ യഥാര്‍ഥ സമീപനം നോക്കൂ: ``ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുവാനോ അതിന്റെ നിയമനിര്‍മാണസഭയിലെ അംഗമോ അതിന്റെ കോടതിവ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപസ്ഥാനത്തിന്‌ നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കൈയൊഴിയണം.'' (ജമാഅത്തെ ഇസ്‌ലാമി ഭരണഘടന-2003, മലയാളം)

ഇതെഴുതിയവര്‍ തന്നെയാണ്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി മത്സരിച്ചതും മെമ്പര്‍മാരെ കിട്ടിയതും ന്യായീകരിച്ച്‌ നാടുചുറ്റുന്നത്‌. ഒട്ടും ലജ്ജയില്ലാതെ പ്രബോധനം എഴുതുന്നത്‌ നോക്കൂ: ``ജമാഅത്ത്‌ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക്‌ മത്സരിക്കുമെന്ന്‌ നേരത്തെ തീരുമാനിച്ചിട്ടുണ്ട്‌. അപ്പോള്‍ സ്വാഭാവികമായും വനിതാസംവരണ സീറ്റുകളിലും മത്സരിക്കും. അതെങ്ങനെ വേണമെന്ന്‌ ഇപ്പോള്‍ നിശ്ചയിച്ചിട്ടില്ല. സ്വാഭാവികമായും സംഘടനയ്‌ക്ക്‌ ശക്തിയുള്ള ഇടത്തൊക്കെ ജമാഅത്ത്‌ മത്സരിക്കും.'' (2010 ജനുവരി 16, ചോദ്യോത്തരം)

നിലവിലുള്ള താഗൂത്തി ഗവേണ്‍മെന്റിനോട്‌ സഹകരിക്കുന്നതും അതിന്റെ ഭരണനിയമനിര്‍മാണ രംഗങ്ങളിലേക്ക്‌ മത്സരിക്കുന്നതും അംഗമാകുന്നതുമെല്ലാം നിഷിദ്ധവും തൗഹീദിന്‌ വിരുദ്ധവുമായി പ്രഖ്യാപിക്കുന്നത്‌ പുണ്യകര്‍മമാകുന്ന മാജിക്‌ കാണുക: ``സകല ജീവല്‍ പ്രശ്‌നത്തിലും ഇടപെട്ട്‌ നന്മയുടെ പക്ഷത്തിന്‌ ശക്തിപകരാനും തിന്മയുടെ പക്ഷത്തെ പരമാവധി തളര്‍ത്താനും തന്നെയാണ്‌ തീരുമാനം. അതിന്റെ ഭാഗമായി പള്ളികളില്‍ പ്രസംഗിക്കും. പഞ്ചായത്തില്‍ മത്സരിക്കുകയും ചെയ്യും. ഇതൊന്നും മതേതര പ്രവൃത്തികളല്ല. ഇസ്‌ലാമിന്റെ ചൈതന്യം ഉള്‍ക്കൊണ്ട്‌ പ്രവാചക മാതൃകയില്‍ ചെയ്യുന്ന ഇബാദത്ത്‌ -പുണ്യകര്‍മം- തന്നെയാണ്‌.'' (എ ആര്‍, പ്രബോധനം -2010 ജൂണ്‍)

ജീവല്‍ പ്രശ്‌നങ്ങളുടെയും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെയും ഇടയ്‌ക്ക്‌ പഞ്ചായത്തില്‍ മത്സരിക്കുന്നത്‌ കൂട്ടിക്കലര്‍ത്തിയ സൂത്രം അഭിനന്ദനാര്‍ഹം തന്നെ. പഞ്ചായത്തില്‍ മത്സരിക്കുന്നതും ഭരണ(കുഞ്ചിക)സ്ഥാനം വഹിക്കുന്നതും നിയമനിര്‍മാണ സഭയില്‍ അംഗമാകുന്നതും ഇബാദത്ത്‌ തന്നെയെന്ന്‌ ഇപ്പോഴും ആണയിട്ട്‌ ആവര്‍ത്തിക്കുമ്പോള്‍ പഞ്ചായത്ത്‌ ഭരണസഭയും ഇന്ത്യന്‍ ഭരണഘടനയുമൊക്കെ താഗൂത്തി ആരോപണങ്ങളില്‍ നിന്ന്‌ മുക്തമായോ? അനിസ്‌ലാമികവും ജാഹിലിയ്യത്തുമെന്ന്‌ വിശേഷിപ്പിച്ച നിലവിലെ വ്യവസ്ഥയ്‌ക്ക്‌ (പ്രബോധനം -2006 മെയ്‌ 20) ഇബാദത്ത്‌ ചൊല്ലുകയാണോ ജമാഅത്തെ ഇസ്‌ലാമി? എന്തിനിങ്ങനെ കരണം മറിയുന്നു?

തെറ്റു സമ്മതിക്കാന്‍ ദുരഭിമാനം അനുവദിക്കാത്തതിനാല്‍ പരിഹാസ്യമായ ന്യായീകരണം നമുക്ക്‌ മുമ്പില്‍ നിരത്തുന്നതിങ്ങനെ: ``നവ സാമൂഹിക പ്രസ്ഥാനങ്ങളും പരിസ്ഥിതി ദലിത്‌ ഗ്രൂപ്പുകളും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സന്നദ്ധരായി രംഗത്തുണ്ട്‌. ഇത്തരം ശ്രമങ്ങളെ പിന്തുണയ്‌ക്കുകയും ആശീര്‍വദിക്കുകയുമാണ്‌ സംഘടന ചെയ്യുന്നത്‌. അതോടൊപ്പം ഈ സംരംഭങ്ങളില്‍ ഭാഗഭാക്കാകുവാനും പങ്കാളിത്തം വഹിക്കാനും പ്രവര്‍ത്തകര്‍ക്ക്‌ നിര്‍ദേശവും നല്‌കിയിട്ടുണ്ട്‌.'' (ജമാഅത്തെ ഇസ്‌ലാമി അമീര്‍, മാധ്യമം -2010 മെയ്‌ 22)

എന്നാല്‍ 1960ല്‍ പറഞ്ഞതിങ്ങനെ: ``പ്രത്യക്ഷത്തില്‍ ചില വ്യക്തികളാണെങ്കിലും യഥാര്‍ഥത്തില്‍ ചില സിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളുമാണിന്ന്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ആ വ്യക്തികള്‍ക്ക്‌ വോട്ടു കൊടുക്കുന്നതിന്റെ അര്‍ഥം അവര്‍ പ്രതിനിധാനം ചെയ്യുന്ന അനിസ്‌ലാമിക സിദ്ധാന്തങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ബൈഅത്ത്‌ ചെയ്യുകയെന്നതാണ്‌. അതിനാല്‍ ഒരു യഥാര്‍ഥ മുസല്‍മാന്‌ അത്‌ സാധ്യമല്ല.'' (പ്രബോധനം -1960 ജനുവരി 15)

പരിണാമങ്ങള്‍
1941ലാണ്‌ സയ്യിദ്‌ മൗദൂദി ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കുന്നത്‌. അന്ന്‌ പാര്‍ട്ടിയുടെ ലക്ഷ്യമായി പ്രഖ്യാപിച്ചതും എഴുതിച്ചേര്‍ത്തതും ഹുകൂമത്തെ ഇലാഹിയായിരുന്നു. നേര്‍ക്കുനേരെ പറഞ്ഞാല്‍ `ദൈവികഭരണം.' `ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ വ്യവസ്ഥ'യെന്ന്‌ ഇതിനെ വിശദീകരിക്കുകയും ചെയ്‌തു. പ്രകൃതിപരവും പ്രാപഞ്ചികവുമായ അലംഘനീയ നിയമ വ്യവസ്ഥകള്‍ക്കും വൈയക്തിക സാമൂഹ്യജീവിത ക്രമത്തിനായി നിര്‍ദേശിക്കപ്പെട്ട ശരീഅത്ത്‌ വിധികള്‍ക്കപ്പുറം ലൗകികമെന്നോ ആത്മീയമെന്നോ ഭൗതികമെന്നോ മതപരമെന്നോ വേര്‍തിരിവില്ലാതെ ഭൗതിക ജീവിത പുരോഗതിക്കും വികസനത്തിനുമായി മനുഷ്യന്‍ ചിന്തിച്ചെടുക്കുന്ന സകലമാന നീക്കങ്ങളിലേക്കും ഈ `വ്യവസ്ഥ'യെ ബന്ധിപ്പിക്കുകയാണ്‌ മൗദൂദി ചെയ്‌തത്‌. മൗദൂദിയോട്‌ അനുരാഗാത്മക ഭ്രമം മൂത്ത്‌ മതിമറന്നവര്‍, `ദീന്‍-ദുനിയാ രണ്ടാക്കി, ദീനിസ്‌ലാമിനെ തുണ്ടാക്കി' എന്ന്‌ വിമര്‍ശകര്‍ക്കെതിരെ പാടി നടന്നു. ഇന്ത്യന്‍ ഭരണഘടനാനുസൃതമായി ലഭിച്ച ജോലികള്‍ ആത്മാര്‍ഥതയുള്ള ജമാഅത്തുകാര്‍ രാജിവെച്ചു. വേതനം വേണ്ടെന്നു പറയാനുള്ള ആര്‍ജവം കാണിച്ചു. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ വലിച്ചുകീറി. അന്ന്‌ അതൊക്കെ ചെയ്‌തവര്‍ മഹാ പോയത്തക്കാര്‍ എന്നായിരിക്കും അതേ ഭരണഘടനാ പ്രകാരമുള്ള സര്‍ക്കാര്‍ ജോലിചെയ്‌ത്‌ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ശമ്പളം എണ്ണിവാങ്ങുകയും സര്‍ട്ടിഫിക്കറ്റുകള്‍ക്കായി മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഇന്നത്തെ ജമാഅത്തുകാരന്‍ മനസ്സില്‍ പറയുന്നത്‌.

ദൈവികമല്ലാത്ത ഏത്‌ ഭരണവ്യവസ്ഥയുടെയും കുഞ്ചികസ്ഥാനങ്ങള്‍ കയ്യൊഴിയണമെന്ന സ്വന്തം ഭരണഘടന തിരുത്താതെ നിലനില്‌ക്കെ, ഇപ്പോള്‍ കഷ്‌ടിച്ചു കിട്ടിയ നാലഞ്ചു പഞ്ചായത്ത്‌, കുഞ്ചിക സ്ഥാനങ്ങളില്‍ ഏതു നിയമങ്ങള്‍ അനുസരിച്ചാണ്‌ മെമ്പര്‍മാര്‍ ഭരണം നടത്തുന്നതെന്ന്‌ അറിയാന്‍ ആഗ്രഹമുണ്ട്‌. ``നിലവിലുള്ള ഭരണവ്യവസ്ഥിതി നത്തിക്കൊണ്ടു പോകാന്‍ നിര്‍ബന്ധിച്ചേല്‌പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല'' എന്ന്‌ വീമ്പടിച്ച ശൈഖ്‌ മുഹമ്മദ്‌ ജീവിച്ചിരിപ്പുണ്ടല്ലോ. വ്യക്തമാക്കട്ടെ. അതല്ലെങ്കില്‍ ഏതു മിനിമം പോയന്റിലാണ്‌ ദൈവികേതര ഭരണ വ്യവസ്ഥിതിയുമായി കൈകോര്‍ത്തതെന്ന്‌ വിശദീകരിക്കാനെങ്കിലും സന്മനസ്സ്‌ കാണിക്കണം. പക്ഷേ, പ്രസ്‌തുത വ്യവസ്ഥിതിയുമായി ഇസ്‌ലാം യോജിക്കുന്ന ഒറ്റ പോയന്റുമില്ല എന്ന ആചാര്യന്റെ വിധിതീര്‍പ്പ്‌ ഇപ്പോഴും വിറ്റ്‌ കാശാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അല്‌പം ബുദ്ധിമുട്ടേണ്ടി വരും. ഈ `നിഫാഖ്‌' മഹത്തായ ഇസ്‌ലാമിക പ്രസ്ഥാനത്തിന്‌ യോജിച്ചതാണോ?

മൗദൂദിയും ജമാഅത്തും
തന്റെ തീവ്രമായ തത്വങ്ങള്‍ പ്രചരിപ്പിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനുമായി സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദി സ്ഥാപിച്ച സംഘടനയാണ്‌ ജമാഅത്തെ ഇസ്‌ലാമി. ഇന്ത്യാ വിഭജനത്തിനുശേഷം മൗദൂദി പാകിസ്‌താനിലേക്ക്‌ പോയതിനാല്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുമായി അദ്ദേഹത്തെ ബന്ധിപ്പിക്കരുതെന്ന്‌ മൗദൂദി വിമര്‍ശനം അസഹ്യമാകുമ്പോള്‍ ജമാഅത്തുകാര്‍ ജാമ്യമെടുക്കാറുണ്ട്‌. പാക്കിസ്‌താനിലെയും കാശ്‌മീരിലെയും ജമാഅത്ത്‌ ഇസ്‌ലാമികള്‍ക്ക്‌ സ്വതന്ത്ര പോളിസി പ്രോഗ്രാമുകളാണെന്നും അവയെക്കുറിച്ച്‌ ഞങ്ങളോട്‌ ചോദിക്കരുതെന്നും പറയാറുണ്ട്‌. ചില ജമാഅത്ത്‌ കോളമിസ്റ്റുകള്‍ ഇങ്ങനെ എഴുതാറുണ്ട്‌: ``മൗദൂദിയുടെ ചിന്തകളിലും കൃതികളിലും യോജിക്കേണ്ടതും വിയോജിക്കേണ്ടതുമുണ്ട്‌. പിന്താങ്ങേണ്ടതും വിമര്‍ശിക്കേണ്ടതുമുണ്ട്‌.... അതേസമയം സ്ഥലകാല പരിമിതികള്‍ക്ക്‌ അതീതമായ അനിഷേധ്യ സത്യങ്ങളുടെ മാത്രം സമാഹരണമാണവയെന്ന കാഴ്‌ചപ്പാട്‌ ജമാഅത്തിനില്ല. വിമര്‍ശനത്തിനും വിയോജിപ്പിനും വകയുള്ള പലതും അവയിലുണ്ടാവുക സ്വാഭാവികമാണ്‌. (അബ്‌ദുര്‍റഹ്‌മാന്‍ പെരിങ്ങാടി, പ്രബോധനം -2010 മാര്‍ച്ച്‌ 6)

മറ്റു ചിലര്‍ എഴുതി: ``മതേതര, ദേശീയ, ജനാധിപത്യം നിരൂപണ വിധേയമാക്കി എന്നതിന്റെ പേരില്‍ മൗദൂദിയെ തള്ളിപ്പറയാന്‍ ഏതായാലും സോളിഡാരിറ്റി സന്നദ്ധമല്ല.'' (ടി മുഹമ്മദ്‌ വേളം മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ -2009 നവംബര്‍ 22,). ``മൗദൂദിയേ മരിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ ആദര്‍ശം അമരമാണ്‌. അതിന്‌ നിത്യസത്യത്തിന്റെ ചൈതന്യമുണ്ട്‌.''(പ്രബോധനം -2005, സപ്‌തംബര്‍ 24)

ഇതേ മൗദൂദിയുടെ വാക്കുകള്‍ നോക്കൂ: ``നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തിരുദൂതനും ആവിഷ്‌കരിച്ച ഇസ്‌ലാമിലാണ്‌ യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍, നിങ്ങള്‍ എവിടെയിരുന്നാലും ശരി, മതേതര ഭൗതിക സിദ്ധാന്തത്തിലധിഷ്‌ഠിതമായ ഈ ദേശീയ ജനാധിപത്യത്തെ പ്രതിരോധിക്കുകയും പകരം ദൈവവിശ്വാസത്തിലധിഷ്‌ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ഥം സമരം നടത്തുകയും ചെയ്യേണ്ടത്‌ നിങ്ങളുടെ ഒഴിച്ചുകൂടാത്ത മതകര്‍ത്തവ്യം മാത്രമാകുന്നു.'' (മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വിക വിശകലനം)

ജമാഅത്തെ ഇസ്‌ലാമി അമീറിന്റെ വാക്കുകള്‍ കാണുക: ``ഇന്ത്യയില്‍ ജനാധിപത്യം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ജനാധിപത്യ പുനസ്ഥാപനത്തിനു വേണ്ടിയുള്ള സമരങ്ങള്‍ക്ക്‌ മുന്നിട്ടിറങ്ങിയ പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി'' (മാധ്യമം -2010 മെയ്‌ 22). സ്ഥാപക അമീറും ഇപ്പോഴത്തെ അമീറും എവിടെ നില്‌ക്കുന്നു എന്ന്‌ ഇങ്ങനെ സുതരാം വ്യക്തമാകുമ്പോള്‍ മൗദൂദി ദര്‍ശന പ്രകാരം ഇപ്പോഴത്തെ അമീര്‍ ഏത്‌ ഇസ്‌ലാമിലാണെന്ന്‌ സംശയിക്കുന്നവരെ ആക്ഷേപിച്ചിട്ടെന്തു കാര്യം? `ഇത്തരക്കാരോട്‌ എനിക്കൊന്നും പറയാനില്ലെ'ന്നാണ്‌ മൗദൂദി തുടര്‍ന്നെഴുതുന്നത്‌. അസി. അമീര്‍ കുറേക്കൂടെ പ്രതിബദ്ധത കാണിക്കുന്നുണ്ട്‌: ``നമ്മുടെ നാട്‌ അംഗീകരിച്ച രാഷ്‌ട്രീയ വ്യവസ്ഥയില്‍ നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണ്‌. അഥവാ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കാണ്‌. അതിനാലിവിടെ നിലനില്‌ക്കുന്ന വ്യവസ്ഥ അനിസ്‌ലാമികമാണ്‌. അഥവാ ജാഹിലിയ്യാത്താണ്‌.'' (പ്രബോധനം -2006 മെയ്‌ 20) മൗദൂദിയുടെ മേല്‌പറഞ്ഞ തീവ്രകാഴ്‌ചപ്പാടുകള്‍ സ്വാതന്ത്ര്യത്തിനു മുമ്പുള്ളതാണെന്നും ആധുനിക ജനാധിപത്യത്തിനും മതേതരത്വത്തിനും അത്‌ ബാധകമല്ലെന്നും ഇടക്കാലത്ത്‌ വിശദീകരിച്ചിരുന്നു. പക്ഷേ, അതേ പ്രഖ്യാപനങ്ങളുള്‍ക്കൊള്ളുന്ന പുസ്‌തകങ്ങള്‍ പുതിയ പുതിയ എഡിഷനുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഈ ഇരട്ടമുഖം കാരണമാണ്‌ ജമാഅത്തെ ഇസ്‌ലാമി വീണ്ടും വിമര്‍ശന വിധേയമാകുന്നത്‌. ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന്‌ മൗദൂദി സാഹിബിനെയും മൗദൂദിസത്തെയും അടര്‍ത്തിമാറ്റിയാല്‍ മുസ്‌ലിം ലീഗിനെപ്പോലെയോ പി ഡി പിയെപ്പോലെയോ നാഷണല്‍ ലീഗിനെപ്പോലെയോ എസ്‌ ഡി പി ഐയെപ്പോലെയോ ഉള്ള ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെയാണ്‌ കാണേണ്ടി വരിക. അപ്പോള്‍ മാത്രമേ മൗദൂദിസത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ നിന്ന്‌ രക്ഷ കിട്ടുകയുള്ളൂ.

പാഴ്‌വേലകള്‍
ഹുകൂമത്തെ ഇലാഹി വിശദീകരിക്കാന്‍ സയ്യിദ്‌ മൗദൂദി ആനയിച്ച ഇബാദത്തിന്റെ വ്യാഖ്യാനങ്ങള്‍ അദ്ദേഹം ഇന്ത്യ വിട്ടുപോയതിനു ശേഷവും പുറത്തിറക്കിയതെന്തിനായിരുന്നു? ഇബാദത്തിന്‌ അനുസരണം, അടിമവേല എന്നീ അര്‍ഥങ്ങളും കൂടി സ്ഥാപിച്ചെടുക്കാന്‍ ഒരു ഡസനോളം ഇബാദത്ത്‌ വിശദീകരണ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ച്‌ കിണഞ്ഞു ശ്രമിച്ചതെന്തിനായിരുന്നു? നിരുപാധികവും സോപാധികവും അനുസരണത്തിന്റെ കൂടെ ചേര്‍ത്ത്‌ ഞാണിന്മേല്‍ കളി നടത്തിയതെന്തിനായിരുന്നു? തങ്ങള്‍ ചെയ്യുന്നത്‌ ഇസ്‌ലാമിക വോട്ടും മറ്റെല്ലാവരുടേതും അനിസ്‌ലാമിക വോട്ടുമെന്ന്‌ വ്യാഖ്യാനിക്കാന്‍, പരമാധികാരി അല്ലാഹുവാണെന്ന്‌ അംഗീകരിച്ചാണ്‌ ഞങ്ങളുടെ വോട്ടെന്നും വോട്ടറാണ്‌ പരമാധികാരി എന്നുമാണ്‌ നിങ്ങള്‍ അംഗീകരിക്കുന്നതെന്നതിനാല്‍ അത്‌ അനസ്‌ലാമികമെന്നുമുള്ള `ഊഹാധിഷ്‌ഠിത വോട്ടുവാദം' എഴുന്നള്ളിച്ചതെന്തിനായിരുന്നു? നമസ്‌കാരം, നോമ്പ്‌, സകാത്ത്‌, ഹജ്ജ്‌ എന്നീ കര്‍മങ്ങളൊക്കെ ഇസ്‌ലാമിക രാഷ്‌ട്ര സംസ്ഥാപനത്തിനും രാഷ്‌ട്രസേവനത്തിനുമുള്ള പരിശീലന കോഴ്‌സുകളാണെന്ന മൗദൂദി പാഠങ്ങള്‍ സ്വാതന്ത്ര്യാനന്തരവും അച്ചടിച്ച്‌ പ്രചരിപ്പിച്ചതെന്തിനായിരുന്നു?

ഏതായാലും ഞങ്ങളല്ലാത്ത മുസ്‌ലിംകളെല്ലാം താഗൂത്തീ ഗവണ്‍മെന്റിന്റെ പാദസേവകരെന്നും രാഷ്‌ട്രീയ ശിര്‍ക്ക്‌ ചെയ്യുന്നവരെന്നുമൊക്കെയുള്ള വിതണ്ഡജല്‌പനങ്ങളുടെ പ്രസക്തി നഷ്‌ടപ്പെട്ടിരിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്ത്‌ മാറ്റത്തിനാണ്‌ വോട്ടുചോദിക്കുകയെന്ന്‌ കാണാന്‍ കാത്തിരിക്കുക. മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ നിസ്വാര്‍ഥ നേതാക്കളുടെയും പണ്ഡിതന്മാരുടെയും ഈ വരികള്‍ അപ്പോഴും അവരെ നോക്കി നിസ്സഹായതയോടെ വിതുമ്പിക്കൊണ്ടിരിക്കും: ``സാക്ഷാല്‍ ഭരണാധികാരിയും നിയമനിര്‍മാതാവും അല്ലാഹുവാണെന്ന്‌ സമ്മതിച്ചുകൊണ്ട്‌ ഖുര്‍ആനിനും ഹദീസിനും വിധേയമായി ഭരിക്കുമെന്ന പ്രഖ്യാപനത്തെ മാത്രമേ ശരിയായ പ്രഖ്യാപനമെന്ന്‌ നാം വിശ്വസിക്കുന്നുള്ളൂ. ദൈവാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ മനുഷ്യാധിപത്യത്തെ ന്യായീകരിക്കാന്‍ തരമില്ല.'' (പ്രബോധനം -1952 ജനുവരി1) l

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More