Monday, April 11, 2011

ജമാഅത്തെ ഇസ്ലാമിയുടെ ഭീകരവാദം.!

http://beemapallyislam.blogspot.com/2011/04/blog-post.html
ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയും അവരുടെ പ്രവര്‍ത്തന ലക്ഷ്യവും,എന്നുമെന്നപോലെ ഇന്നും മലയാള മണ്ണില്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ ജമാ-അത്തെ ഇസ്ലാമി എന്ന ഇസ്ലാമിക പ്രസ്ഥാനം എന്ത് കൊണ്ടാണ് ഇത്രയും വിമര്‍ശന വിധേയമാകുന്നത്. പത്തുരൂപയുടെ ഇന്ത്യന്‍ നോട്ടു കയ്യിലുള്ള ഈ ഭൂമിയില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏതു മനുഷ്യനും വാങ്ങി വായിക്കുവാന്‍ പ്രവര്‍ത്തന ഭരണഘടന മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്ന ഏക മുസ്ലിം സംഘടനയായിരുന്നിട്ടുപോലും.!

എന്തുകൊണ്ട്‌ ജമാ-അത്തെ ഇസ്ലാമിയുടെ മേല്‍ തീവ്രവാദത്തിന്റെ ലേബല്‍ ചാര്‍ത്തപ്പെടുന്നതെന്ന്,ആക്ഷേപിക്കപ്പെടുന്നുവെന്നു മനസ്സിലാവുന്നില്ല. ബോംബു പൊട്ടിക്കലിന്റെയും കത്തിക്കുത്തിന്റെയും കൈവെട്ടലിന്റെയും മറ്റുമുള്ള കലാപരിപാടികള്‍ നടത്താത്ത ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോ സംഘടനയോ ഇന്നു ഇന്ത്യയില്‍ നിലവിലില്ല, ജമാ-അത്തെ ഇസ്ലാമി പോലുള്ള ചില സംഘടനകള്‍ ഒഴിച്ച്. അതാണ്‌ സത്യമെങ്കില്‍ ആ സത്യം അംഗീകരിക്കാന്‍ നാം മടിക്കേണ്ടതുമില്ല.

ഇനി ഇത്തരം രാജ്യ സ്നേഹ കലാപരിപാടികള്‍ നടത്താത്ത കാരണമായിരിക്കുമോ അവര്‍ തീവ്രവാദികളെന്നു മുദ്രകുത്തപ്പെടുന്നതെന്ന്‌ അതിശയിക്കേണ്ടിയിക്കുന്നു. ഉറപ്പായിട്ടും അവരുടെ ധീഷണാപരമായ ഔന്ന്യത്തത്തെ, നന്മയോടുള്ള അഭിനിവേഷത്തെ ഒരുപക്ഷേ മറ്റ്‌ മുസ്ലിം സംഘടനകള്‍ ഭയപ്പെടുന്നത്‌ മനുഷ്യ ജീവിതത്തെയും സമൂഹത്തെയും നേര്‍ക്കുനേര്‍ നോക്കിക്കാണാനുള്ള അവരുടെ മതവ്യാഖ്യാനങ്ങളുടെ ആര്‍ജവം കൊണ്ടുകൂടിയാണ്‌.

ഒരു വിധ ആയുധ പരിശീലനമോ കൈവീശിക്കളിയോ നബിദിനത്തിനു റോഡ്‌ ഉപരോധിച്ചുള്ള പ്രകടനമോ പോലും നടത്താത്ത അവരെ തീവ്രവാദികളെന്നു മുദ്രകുത്തുന്നത്‌, അതിനു മുന്നില്‍ നില്‍ക്കുന്നത് പലവിധ മ്ലേച്ചമായ പ്രവര്‍ത്തികളിലും ഖജനാവുകള്‍ കൊള്ള അടിച്ചതിന്റെയും പേരില്‍ കേസുകളുടെ രാജ്യ സ്നേഹ പട്ടം തലയിലേറ്റിയ കേരളത്തിലെ രാഷ്ട്രീയ നേത്രത്വങ്ങളാണെന്നതാണ് ആശ്ച്ചര്യകരം.!

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നു എന്ന ജമാ-അത്തെ ഇസ്ലാമിയുടെ തീരുമാനത്തോടെ വര്‍ഗീയ കക്ഷിയെന്ന്‌ നിരന്തരം ഇടതു പാര്‍ട്ടികളാല്‍ വേദന തിന്നുന്ന മുസ്ലിം ലീഗിനു പിശാചുബാധയേറ്റപോലുള്ള ബോധക്ഷയം പലപ്പോഴും ഉണ്ടാവുന്നതിന്റെ കാരണമെന്താണ്. പണക്കാരാലും കച്ചവടക്കാരാലും നിയന്ത്രിക്കപ്പെടുന്ന ഈ മുസ്ലിം വായോവൃദ്ധ രാഷ്ട്രീയ പ്രസ്ഥാനത്തിന് അവരുടെ മലപ്പുറം വോട്ട്‌ കോട്ടകളില്‍ വിള്ളല്‍ വീണേക്കുമോ എന്ന ആവലാതിയല്ലാതെ മറ്റൊന്നുമല്ല കാരണം. അതുകൊണ്ടാണ് നാളിതുവരെ ഒരു പെറ്റിക്കേസുപോലും നിലവിലില്ലാത്ത ഒരു സംഘടനയെ തീര്‍ത്തും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്താന്‍ തീവ്രവാദപ്പട്ടം അവരുടെ മേല്‍ ചാര്‍ത്തുന്നത്.

വിശ്വസിക്കുന്ന ദര്‍ശനത്തില്‍ അടിയുറച്ചു നില്‍ക്കുവാനും അത് ഈ രാജ്യത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായി പ്രബോധനം ചെയ്യുവാനും ആര്‍ക്കാണിവിടെ അവകാശമില്ലാത്തത്.

സ്വന്തം മത വിശ്വാസമനുസരിച്ച്‌ ജീവിക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പെടുക്കാന്‍ സഘടനാ തലത്തില്‍ അനുയായികളെ പ്രേരിപ്പിക്കുകയും അതൊരു ലക്ഷ്യമായി കാണുകയും ചെയ്യുന്നതാണോ തീവ്രവാദം.

സര്‍വ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവാന്‍ ആഹ്വാനം ചെയ്യുവാനും ആ കമ്മ്യൂണിസത്തിന്റെ പ്രബോധനത്തിനുമായി ഇന്ത്യാ രാജ്യത്തുള്ളത് നൂറുക്കണക്കിനു പാര്‍ട്ടികളാണ്. അതിന്റെ പ്രബോധനവും അതിലേക്കുള്ള ക്ഷണവും ഭീകരവാദമല്ലങ്കില്‍, യേശുവില്‍ വിശ്വസിക്കുക എന്നാല്‍ നീയും നിന്റെ കുടുബവും രക്ഷ പ്രാപിക്കുമെന്നു ബൈബിളിനെ സാക്ഷി നിര്‍ത്തി അതിന്റെ അനുയായികള്‍ക്ക് വിളിച്ചു പറയുവാന്‍ ഈ മണ്ണില്‍ അവകാശമുണ്ടങ്കില്‍, എങ്ങിനായാണ്‌ കൂട്ടരേ ജമാഅത്തെ ഇസ്ലാമിയുടെ ദൈവത്തിലേക്കുള്ള ക്ഷണം മാത്രം ഇവിടെ ഭീകരതയാകുന്നത്.!

നമുക്കവരോട് വിയോജിക്കാമായിരുന്നു ഇന്ത്യയെ നശിപ്പിക്കാനായി രാജ്യവ്യാപകമായി കലാപങ്ങളും സ്പോടനങ്ങളും നടത്തിയ പങ്കില്‍ അവരുടെ പ്രവര്‍ത്തകര്‍ ജയിലുകളില്‍ ഉണ്ടായിരുന്നുവെങ്കില്‍.!

നമുക്കവരോട് തര്‍ക്കിക്കാമായിരുന്നു പ്രവാചകന്‍ മുഹമ്മദു പ്രബോധനം ചെയ്ത ദൈവീക വ്യവസ്ഥിതിയെ വയറിന്റെ വിശപ്പടക്കാന്‍ തക്ക രീതിയില്‍ മാത്രമായി വ്യാഖ്യാനിച്ചിരുന്നുവെങ്കില്‍.!

നാം അവരാരെയും കണ്ടില്ലല്ലോ മറമാടിയ മനുഷ്യരുടെ പേരില്‍ കെട്ടിപ്പൊക്കിയ ജാറങ്ങളില്‍ രോഗ ശാന്തി സിദ്ധ ഔഷധങ്ങള്‍ വിതരണക്കാരായി.!

മുസ്ലിം മത ഗ്രൂപ്പിസങ്ങളുടെ വിഭാഗീയ, ഖണ്ടന മന്ധന പോര്‍വിളികളുടെ വേദിയില്‍ പൊടിപോലും കാണാത്ത അവരെ, കുടി വെള്ളമില്ലാതെ തൊണ്ട വരളുന്ന ആദിവാസി കോളനികളില്‍പ്പോലും മാലാഖമാരെപ്പോലെ അവരുടെ സാന്നിധ്യം നാം അറിയിന്നുണ്ട്.

അവര്‍ നമ്മുടെ മുന്നില്‍ ഒരിക്കലും വന്നില്ലല്ലോ പ്രവാചകന്റെ പേരിലുള്ള സ്വലാത്ത് മുതല്‍ മുടി വരെ കച്ചവടം ചെയ്യുന്നവരായി.! എന്നിട്ടും നാമവരെ വിളിച്ചതോ ഭീകരരെന്നും തീവ്രവാദികളെന്നും മത വിരുദ്ധരെന്നും.!

സമരങ്ങളുടെ പേരില്‍ തെരിവിലറങ്ങി പൊതു മുതല്‍ അടിച്ചു തകര്‍ക്കുന്ന നമ്മള്‍ അവരെ വിളിച്ചത് സാമൂഹ്യദ്രോഹികളെന്നു.!

നീതിയും നിയമവും നടപ്പിലാക്കാന്‍ കോടതിയും പോലീസും ഇവിടയുള്ളപ്പോള്‍ സ്വയം ആയുധമെടുത്തു മറ്റു സഹോദരരെ വെട്ടി അരിഞ്ഞ നമ്മള്‍, സ്വയം ആയുധങ്ങള്‍ നിര്‍മിക്കുന്നതിനിടയില്‍ ചത്തൊടുങ്ങിയ നമ്മള്‍ അവരെ വിളിച്ചത് തീവ്രവാദികളെന്നും ഭീകരവാദികളെന്നും.!

ഇനി എന്നാണ് നാം ഒരു മാറ്റത്തിന് തയ്യാറാവുക.! സത്യം സത്യമായി അംഗീകരിക്കുന്നവരാവുക.!

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More