Tuesday, April 5, 2011

ജമാ അത്തെ ഇസ്‌ലാമി ബന്ധം: വിശദീകരണത്തിന് വഴികാണാതെ സി.പി.എം.



06 Apr 2011
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് പി.ഡി.പി. ബന്ധംപോലെ ഇപ്പോഴത്തെ ജമാഅത്തെ ഇസ്‌ലാമി ബന്ധവും സി.പി.എമ്മിന്റെ കൈ പൊള്ളിക്കുന്നു. ഏതാനും മാസംമുമ്പ് തീവ്രവാദ രാഷ്ട്രീയം ആരോപിച്ച് പാര്‍ട്ടി നേതൃത്വം അസ്പൃശ്യത കല്‍പ്പിച്ച ജമാ അത്തെ ഇസ്‌ലാമിയുമായി ചര്‍ച്ച നടത്താനിടയായ സാഹചര്യം വിശ്വാസയോഗ്യമായി വിശദീകരിക്കാനാവാത്ത നിലയിലാണ് സി.പി.എം.നേതൃത്വം. ജമാ അത്തെ ഇസ്‌ലാമി യിലെ പടലപ്പിണക്കംമൂലം ആരിഫലി-പിണറായി ചര്‍ച്ചയുടെ വിവരം പുറത്തുവന്നതോടെ എല്‍.ഡി.എഫിന് പുറത്തുള്ള ഒരു കക്ഷിയുമായും സി.പി.എം.ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന പ്രഖ്യാപനവുമായി വിവാദം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം.നേതൃത്വം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ എതിര്‍പ്പ് അവഗണിച്ചാണ് പി.ഡി.പി.യുമായുള്ള ബന്ധത്തിന് സി.പി.എം. നേതൃത്വം ശ്രമിച്ചത്. പൊന്നാനി ലോക്‌സഭാ സീറ്റില്‍ സി.പി.എമ്മിനും പി.ഡി.പി.ക്കും പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തിക്കൊണ്ട് നടത്തിയ പരീക്ഷണം, പക്ഷേ വിജയിച്ചില്ല. ഇതേത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലും വിവാദം കത്തിപ്പടര്‍ന്നതോടെ പി.ഡി.പി. ബന്ധം തെറ്റായിപ്പോയെന്ന് സി.പി.എം.കേന്ദ്രനേതൃത്വം വിലയിരുത്തിയിരുന്നു. പി.ഡി.പി. ബന്ധം സംബന്ധിച്ച സി.പി.എം. കേന്ദ്ര നേതൃത്വത്തിലെ വിലയിരുത്തല്‍ മതാധിഷ്ഠിത പ്രത്യയ ശാസ്ത്രമുള്ള എല്ലാ പാര്‍ട്ടികള്‍ക്കും ബാധകമാണെന്നിരിക്കെ സി.പി.എം.സംസ്ഥാന നേതൃത്വം ജമാ അത്തെ ഇസ്‌ലാമിയുമായി ചര്‍ച്ച നടത്തിയത് പാര്‍ട്ടി അണികളിലും ചര്‍ച്ചയായി മാറിയിട്ടുണ്ട്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ലീഗ് നേതാക്കളും ജമാ അത്തെ ഇസ്‌ലാമിയുമായി നടത്തിയ ചര്‍ച്ചക്കെതിരെ ശക്തമായി രംഗത്തുവന്നതും സി.പി.എം.നേതാക്കളായിരുന്നു. ഒരേ സമുദായത്തെ പ്രതിനിധീകരിക്കുന്ന രണ്ട് പ്രസ്ഥാനങ്ങളുടെ പരസ്പര ആശയ വിനിമയംപോലും സംശയകരമാണെന്ന നിലപാട് സ്വീകരിച്ച സി.പി.എമ്മിന് എങ്ങനെ തങ്ങളുമായി ജമാ അത്തെ ഇസ്‌ലാമി നടത്തിയ ചര്‍ച്ചയെ ന്യായീകരിക്കാനാവുമെന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ നിലപാട് സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്ന സി.പി.എം.നേതൃത്വത്തിന്റെ വിശദീകരണവും വിവാദം ശമിപ്പിക്കാന്‍ പര്യാപ്തമല്ല. സാധാരണ രാഷ്ട്രീയ ബാന്ധവങ്ങളും മറ്റും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്തശേഷം നടപ്പില്‍ വരുത്തുകയെന്നതാണ് സി.പി.എമ്മിന്റെ സംഘടനാ രീതി. എന്നാല്‍ ജമാ അത്തെ ഇസ്‌ലാമിയുമായി നടന്ന ചര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് സൂചനകള്‍.

സാധാരണ എല്ലാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. ബന്ധം ആരോപിച്ച് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുക എന്ന തന്ത്രം പയറ്റുന്ന പാര്‍ട്ടിയാണ് സി.പി.എം.

എന്നാല്‍ ജമാ അത്തെ ഇസ്‌ലാമി നേതാവിന്റെ പുതിയ വെളിപ്പെടുത്തലോടെ പുതിയ ആയുധം വീണുകിട്ടിയ യു.ഡി.എഫ്. നടത്തുന്ന പ്രത്യാക്രമണം രാഷ്ട്രീയ രംഗത്തെ കലുഷിതമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ കഷ്ടിച്ച് ഒരാഴ്ച മാത്രം അവശേഷിക്കേയാണ് ഈ നില. കോണ്‍ഗ്രസ് നേതാവ് എം.ഐ.ഷാനവാസ് എം.പിയും ജമാ അത്തെ ഇസ്‌ലാമിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ ആയുധമാക്കി തിരിച്ചടിക്കാനാണ് സി.പി.എമ്മിന്റെ നീക്കം.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More