Tuesday, April 5, 2011

സി.പി.എം ചര്‍ച്ച നടത്തിയത് അപഹാസ്യം -ജനജാഗ്രതാ സമിതി, യു.ഡി.എഫിന്റെ ആലയില്‍ കെട്ടാന്‍ അനുവദിക്കില്ല -സോളിഡാരിറ്റി


Published on Thu, 04/07/2011

കോഴിക്കോട്: കിനാലൂര്‍ സമരത്തില്‍ മറ്റ് കക്ഷികളോടൊപ്പം സോളിഡാരിറ്റിയും പങ്കാളിയായതിന്റെ പേരില്‍ സമരത്തെയും  നേതാക്കളെയും തീവ്രവാദമുദ്ര കുത്തിയ സി.പി.എം ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുമായി തെരഞ്ഞെടുപ്പ് ചര്‍ച്ച നടത്തുന്നത് അപഹാസ്യമാണെന്ന് ജനജാഗ്രതാ സമിതി ജില്ലാ പ്രസിഡന്റ് കെ. റഹ്മത്തുല്ല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കിനാലൂര്‍ സമരം നയിച്ചത് ജനജാഗ്രതാ സമിതിയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്‍മികത്വത്തില്‍ രൂപീകൃതമായ ജനകീയ ഐക്യവേദിയുമാണ്. ഈ സമിതിയില്‍ സോളിഡാരിറ്റിയും അവരുടെ പങ്ക് വഹിച്ചു. ഈ കാരണത്താല്‍ മറ്റുള്ള മുഴുവന്‍ കക്ഷികളെയും ഗ്രാമീണ ജനതയെയും തീവ്രവാദികളും രാജ്യദ്രോഹികളുമെന്ന് വിശേഷിപ്പിച്ച മന്ത്രി എളമരം കരീം തന്നെയാണ് ജമാഅത്തുമായി ചര്‍ച്ചക്ക് രംഗവേദി ഒരുക്കിയെതന്നത്ഏറെ കൗതുകകരമാണ്.
 ശുദ്ധവായു ശ്വസിക്കാനും  ശുദ്ധജലം കുടിക്കാനുമുള്ള ധീരമായ ഒരു സമരത്തെ തീവ്രവാദി മുദ്രകുത്തിയത് മതേതര മനസ്സുകളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ്, ഭാരതീയ ജനതാ പാര്‍ട്ടി, സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് ജനത, സമാജ്‌വാദി ജനപരിഷത്ത്, സോളിഡാരിറ്റി തുടങ്ങിയ സംഘടനകള്‍ ഒന്നിച്ച് നടത്തിയ ഒരു ജനകീയ സമരം സോളിഡാരിറ്റിയുടെ സ്വന്തം  അക്കൗണ്ടില്‍ വരവുവെച്ച സി.പി.എം ഇപ്പോള്‍ അവരുമായി ചര്‍ച്ച നടത്തുന്നുണ്ടെങ്കില്‍  തങ്ങള്‍ കിനാലൂര്‍ സമരം സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് കേരള സമൂഹത്തോട് മാപ്പുപറണം.
തങ്ങളുടെ കിടപ്പാടം സംരക്ഷിക്കാന്‍ സമരം ചെയ്തതിന് സ്ത്രീകളുടെയും കുട്ടികളുടെയും പേരില്‍വരെ വധശ്രമത്തിന് കേസെടുത്ത സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടാവണമെന്ന് ഇപ്പോള്‍ വെളിപാടുണ്ടായ ജമാഅത്തെ ഇസ്‌ലാമിയും അവരുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയും പുത്തന്‍ കൂട്ടുകാരോടൊപ്പം ചേരുമ്പോള്‍ കിനാലൂര്‍ സമരം സംബന്ധിച്ച പുതിയ നയവും പ്രഖ്യാപിക്കണമെന്ന് റഹ്മത്തുല്ല ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി എന്‍.കെ. രവീന്ദ്രനും പങ്കെടുത്തു.

കിനാലൂര്‍ സമരത്തെ യു.ഡി.എഫിന്റെ ആലയില്‍ കെട്ടാന്‍ അനുവദിക്കില്ല -സോളിഡാരിറ്റി

കോഴിക്കോട്: ജനവിരുദ്ധ വികസനത്തിനെതിരെ കിനാലൂരിലെ ബഹുജനങ്ങള്‍ നടത്തിയ ജനകീയ സമരത്തെ യു.ഡി.എഫിന്റെ ആലയില്‍ കെട്ടാനുള്ള ജനജാഗ്രതാ സമിതിയിലെ ചിലരുടെ ഹീനശ്രമം പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. കിനാലൂര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ നൂറുകണക്കിന് സമരങ്ങളില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ പതിനായിരങ്ങള്‍ അണിനിരന്നിട്ടുണ്ട്. ബി.ജെ.പി അടക്കം നിരവധി സംഘടനകള്‍ കിനാലൂര്‍ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. അവരെല്ലാം ഏതെങ്കിലും ഒരുമുന്നണിക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നത് അല്‍പത്തമാണ്.
ശക്തമായ ബഹുജനപ്രക്ഷോഭത്തെ മുഖവിലക്കെടുത്ത് സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് പിന്മാറിയെന്നത് കാണാതിരിക്കരുത്. ജനജാഗ്രതാ സമിതിയുടെ മറവില്‍ സമരക്കാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി ബി.ജെ.പി വോട്ടടക്കം യു.ഡി.എഫിന്റെ അക്കൗണ്ടില്‍ വരവുവെക്കാനുള്ള ജനജാഗ്രതാ സമിതിയിലെ ചിലരുടെ കുത്സിത ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.



0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More