Monday, April 11, 2011

ജനാധിപത്യത്തില്‍ ജമാ‌അത്തെ ഇസ്‌ലാമിയുടെ ഇടം അഥവാ ജമാ‌അത്ത് ജനാധിപത്യത്തോടെന്തു ചെയ്യുന്നു...


by Muhammed Shameem on തിങ്കളാഴ്ച, ഏപ്രില്‍ 11, 2011 

ജമാ‌അത്തെ ഇസ്‌ലാമി എന്ന സംഘടനയെ ചുറ്റിപ്പറ്റിയുണ്ടാകാറുള്ള വിവാദങ്ങള്‍ പലപ്പോഴും അനവസരത്തിലും അനാവശ്യവുമാകാറുണ്ടെന്നതാണ് അനുഭവം. അതിന്റെ യുവജനവിഭാഗമായ സോളിഡാരിറ്റി മൂന്നാഴ്ച മുമ്പ് കലൂരില്‍ ഒരു ജനപക്ഷ വികസന സമ്മ്ജേളനം സംഘടിപ്പിച്ചിരുന്നു. കാസര്‍ക്കോട്ടുള്ള എന്‍ഡോസള്‍ഫാന്‍ ഇരകള്‍ മുതല്‍ പൂയംകുട്ടിയിലേയും അട്ടപ്പാടിയിലേയും ആദിവാസികള്‍ വരെ അതില്‍ പങ്കെടുക്കുകയും ടി.ടി.ശ്രീകുമാര്‍, സി.ആര്‍.നീലകണ്ഠന്‍ തുടങ്ങി ടി.ആരിഫലി, കെ.എ.സിദ്ദീഖ് ഹസന്‍ എന്നിവര്‍ വരെയുള്ളവര്‍ ഇപ്പറഞ്ഞ അപരവല്‍കൃതരും പ്രാന്തീകൃതരുമായ, ആധുനിക കാലത്തെ അസ്പൃശ്യരുടെ പ്രതിനിധികളെ ആദരിക്കുകയും ആശ്ലേഷിക്കുകയും ചെയ്തു. ജനപക്ഷത്തു നിന്നു കൊണ്ടുള്ള വികസനത്തിനും രാഷ്ട്രീയ ക്രമത്തിനും വേണ്ടിയുള്ള ശക്തമായൊരാഹ്വാനവും താക്കീതുമായിരുന്നു ആ‍ പരിപാടി.


പത്രം വായിച്ചോ ചാനലു കണ്ടോ മാത്രം ലോകകാര്യങ്ങളറിയുന്ന പ്രബുദ്ധ മലയാളികളൊന്നും ഇങ്ങനെയൊരു സംഭവമേ അറിഞ്ഞു കാണില്ല. കാരണം വ്യക്തം. കേരളത്തിലെ ‘നിഷ്പക്ഷരുംഉല്‍ബുദ്ധരുമായ’ നാലാം തൂണുകളൊന്നും ഈ സംഭവം അവരെ അറിയിച്ചില്ല.

ഇതു പോലുള്ള ഉദാഹരണങ്ങള്‍ ഏറെയുണ്ട്. എന്നിരിക്കേ, ഇപ്പോഴും മറ്റു പലപ്പോഴും നമ്മുടെ മാധ്യമങ്ങള്‍ ജമാ‌അത്തെ ഇസ്‌ലാമിയെക്കുറിച്ച ചര്‍ച്ചകള്‍ക്ക് സമയവും ഇടവും അനുവദിക്കുന്നതിനു പിന്നിലുള്ളത് അവരുടെ പ്രതിലോമരാഷ്ട്രീയം നടപ്പില്‍ വരുത്തുന്നതിനുള്ള ഗൂഢമായ ആസൂത്രണം തന്നെയാണ്.



ജനാധിപത്യം-

ജനാധിപത്യ പ്രക്രിയയില്‍ ക്രിയാത്മകമായി ഇടപെടാനുള്ള, ജമാ‌അത്തെ ഇസ്‌ലാമിയുടെ അവകാശത്തെപ്പോലും തികഞ്ഞ അസഹിഷ്ണുതയോടുകൂടി നിരാകരിക്കുകയാണ് കേരളത്തിലെ ചില ‘സെക്കുലറിസ്റ്റ്’ വിചാരജീവികള്‍. ഇതില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടറ്റുണ്ടെന്നു തോന്നുന്നു.
1) ഒരു വ്യവസ്ഥ എന്ന നിലക്ക് , അതിനെ നിഷേധിക്കുന്നവര്‍ക്കു കൂടി ഇടം നല്‍കുന്നു എന്നതാണ് ജനാധിപത്യത്തിന്റെ സവിശേഷത. ഈ ആനുകൂല്യത്തെ ജമാ‌അത്തിനു മാത്രം നിഷേധിക്കുന്നതിലെ ന്യായമെന്ത്?
2) നില നില്‍ക്കുന്ന ജനാധിപത്യ പ്രക്രിയയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്, ജനാധിപത്യം എന്ന ആശയത്തോട് വച്ചു പുലര്‍ത്തുന്ന ദാര്‍ശനികമായ നിലപാട് എന്ത് എന്നതിനേക്കാള്‍ ഒരു സംഘടനയെ അത് ജനാധിപത്യപരമാണോ അല്ലയോ എന്ന് നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്നത്. ഇന്നു വരെ ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനത്തിനിടയില്‍ ഇന്ത്യന്‍ ജനാധിപത്യത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനം ജമാ‌അത്ത് സ്വീകരിച്ചിട്ടുണ്ടോ?
3) ഇനി ദര്‍ശനമാണ് പ്രശ്നം എന്നു വാദിച്ചാല്‍ തന്നെയും, ഒരു ജനായത്ത സംസ്കൃതിയെ ജമാ‌അത്തോ മൌദൂദിയോ ഒരിക്കലും നിരാകരിച്ചിട്ടില്ല. സാധാരണ ഉദ്ധരിക്കപ്പെടാറുള്ള തെളിവുകള്‍ മൌദൂദിയുടെ ‘മതേതരത്വം, ജനാധിപത്യം, ദേശീയത്വം ഒരു താത്വിക വിശകലനം’ എന്ന പുസ്തകത്തില്‍ നിന്നുള്ള വരികളാണ്. ഒന്നാമതായും ഈ വരികള്‍ പലപ്പോഴും സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് വളച്ചൊടിച്ചും തലയും വാലും, അര്‍ത്ഥവ്യതിയാനം സംഭവിക്കുമാറ് വെട്ടിമാറ്റിയുമൊക്കെയാണ് ഉദ്ധരിക്കപ്പെടാറുള്ളത്. മാത്രവുമല്ല, അടിസ്ഥാനപരമായി ഏത് ദാര്‍ശനിക പരിപ്രേക്ഷ്യത്തിലൂന്നി നിന്നു കൊണ്ടാണ് മൌദൂദി ജനാധിപത്യത്തേയും മതേതരത്വത്തേയും വിശകലനം ചെയ്യുന്നതെന്ന് വിശദീകരിക്കപ്പെടാറുമില്ല.
അന്ധമായ ദേശീയതയെ ആധാരമാക്കിയുള്ള ഒരു സാമൂഹ്യക്രമത്തെയാണ് മുഖ്യമായും മൌദൂദി ഈ പുസ്തകത്തില്‍ വിശകലന വിധേയമാക്കുന്നത്. ജനാധിപത്യത്തെ അദ്ദേഹം സമീപിക്കുന്നതും അതേ പരിപ്രേക്ഷ്യത്തില്‍ നിന്നു കൊണ്ടാണ്. സങ്കുചിത ദേശീയതയിലധിഷ്ഠിതമായ ജനായത്ത ക്രമത്തിന്റെ അപകടങ്ങളെയാണ് അദ്ദേഹം മുഖ്യമായും വിവരിക്കുന്നത്. സത്യത്തില്‍ ജനാധിപത്യം എന്നത് മനുഷ്യന്‍ അവന്റെ സാമൂഹികമായ വികാസത്തിലൂടെ എത്തിച്ചേര്‍ന്നിട്ടുള്ള ഒരവസ്ഥയാണ്. ഈ പുസ്തകത്തിലും മറ്റു ചില പുസ്തകങ്ങളിലും മൌദൂദി മുതലാളിത്ത ജനാധിപത്യം എന്നു പ്രയോഗിച്ചതു കാണാം. ഏതു തരം ജനാധിപത്യത്തെയാണ് എതിര്‍ക്കുന്നതെന്നു വ്യക്തം.
താന്‍ മുന്നോട്ടു വെക്കുന്ന ഇസ്‌ലാമികാധാരത്തിലുള്ള രാഷ്ട്രീയ ദര്‍ശനത്തെയും മൌദൂദി സമര്‍പ്പിക്കുന്നത് ജനാധിപത്യ പരമായിത്തന്നെയാണ്. ദൈവിക ജനാധിപത്യം അഥവാ മൂല്യാധിഷ്ഠിത ജനാധിപത്യം എന്ന സംജ്ഞയെയാണ് ഇത് വിശദീകരിക്കാനദ്ദേഹം ഉപയോഗിക്കുന്നത്.

തന്റെ കാലത്ത് നില നിന്നിരുന്ന സോഷ്യലിസ്റ്റ് ദര്‍ശനങ്ങളെ വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്തിട്ടുണ്ട് കാള്‍ മാര്‍ക്സ്. ബൂര്‍ഷ്വാ സോഷ്യലിസം, സാങ്കല്പിക (ഉട്ടോപ്യന്‍) സോഷ്യലിസം എന്നൊക്കെയാണ് അവയെ അദ്ദേഹം അടയാളപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ അടര്‍ത്തിമാറ്റി മാര്‍ക്സിനെ സോഷ്യലിസ്റ്റ് വിരുദ്ധനെന്നു വിശേഷിപ്പിച്ചാല്‍ അതെന്തു മാത്രം വിവരക്കേടായിരിക്കും. ഏതാണ്ടതുപോലെയാണ് മൌദൂദിയുടെ ജനാധിപത്യ വിരുദ്ധതയെക്കുറിച്ച സിദ്ധാന്തങ്ങളും. ദേശീയത എന്ന ആശയത്തെ, ദേശം എന്ന സ്വത്വത്തെയല്ല, മൌദൂദി നിരാകരിക്കുന്നു. ജനാധിപത്യം എന്ന അവസ്ഥയെ ഉള്‍ക്കൊണ്ടുകൊണ്ട്, സാമൂഹിക ന്നീതിയെ പ്രാപ്തമാക്കുന്ന ദര്‍ശനത്തെ അതിലേക്ക് സമര്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം ബൂര്‍ഷ്വാ ഡെമോക്രസിയെ തള്ളിപ്പറയുന്നു.

മതേതരത്വവും വര്‍ഗീയതയും-

സാമൂഹിക ജീവിതത്തെ മതവിമുക്തമാക്കുന്നത് ആത്യന്തികമായി മനുഷ്യന് ദോഷമാ‍ണ് ചെയ്യുകയെന്നതാണ് മൌദൂദിയുടെ സിദ്ധാന്തം.ഇവിടെ മനസ്സിലാക്കേണ്ട പ്രധാനകാര്യം മതമെന്നാല്‍ പൌരോഹിത്യമോ വര്‍ഗീയതയോ ആണെന്നുള്ള കാഴ്ചപ്പാടിനെ അദ്ദെഹം അംഗീകരിക്കുന്നില്ലെന്നതാണ്.  ഈ മുന്‍‌വിധിയില്‍ നിന്നു കൊണ്ടാണ് മതേതരവാദികള്‍ മതത്തിന്റെ സാമൂഹികപ്രയോഗത്തെ എതിര്‍ക്കുന്നത്. മൌദൂദിയന്‍ സ്കൂളില്‍പ്പെട്ടവരെ സംബന്ധിച്ചേടത്തോളം മതം വിമോചനത്തിന്റെ ദര്‍ശനവും ആയുധവുമാണ്. മാനവികതയ്ക്കും സാമൂഹിക നീതിക്കും വേണ്ടി ഒരു പാട് ദര്‍ശനങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. അക്കൂട്ടത്തില്‍ ഒന്നായെങ്കിലും മൌദൂദിയന്‍ ചിന്തകളെയും പരിഗണിക്കാനുള്ള മനസ്സില്ലായ്മയും ഇവിടെ സൂചിപ്പിച്ച മുന്‍‌വിധിയില്‍ നിന്നുണ്ടാകുന്നതാണ്.

ദര്‍ശനം മതാധിഷ്ഠിതമാണെങ്കില്‍ അത് വര്‍ഗീയമായിരിക്കുമെന്നതും മുന്‍‌വിധിയാണ്. തങ്ങളുടെ മതം മാത്രം ശരിയെന്നു കരുതുന്നവര്‍ക്ക് വര്‍ഗീയവാദികളാവാതെ തരമില്ലെന്നാണ്. ഇതെത്രത്തോളം ശരിയാണ്? ലോകത്താഗതരായിട്ടുള്ള മിക്ക പ്രവാചകന്മാരും ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ. ബുദ്ധനും ജിനനുമുള്‍പ്പെടെ. ഇസ്‌ലാമിന്റെ കാര്യത്തില്‍ പക്ഷേ ഇതില്‍പ്പോലും ഒരു വ്യത്യാസമുണ്ട്. ലോകത്തുള്ള പൌരാണികമായ മതങ്ങളെല്ലാം ആദിമവിശുദ്ധിയില്‍ ഒന്നായിരുന്നെന്നും അതാണ് ഇസ്‌ലാം എന്നുമാണതു സിദ്ധാന്തിക്കുന്നത്. ഒന്ന് എന്നു പറയുമ്പോള്‍ എല്ലാ വൈവിദ്ധ്യങ്ങളേയും നിരാകരിക്കുന്ന ഒന്ന് എന്ന അര്‍ത്ഥമില്ല. എന്നല്ല, സാംസ്കാരികവും പ്രകൃതിപരവുമായ വൈവിദ്ധ്യങ്ങളെ ആത്മീയമായ അടയാളങ്ങളായി വിലയിരുത്തുകയാണ് ഖുര്‍‌ആന്‍ ചെയ്യുന്നത്.

തനതു വിശുദ്ധിയില്‍ നിന്ന് മുസ്‌ലിംകളും വ്യതിചലിച്ചു പോയിട്ടുണ്ടെന്നു തന്നെയാണ് ജമാ‌അത്തിന്റെയൂം കാഴ്ചപ്പാട്. ഇങ്ങനെ വിലയിരുത്തുന്ന ഒട്ടേറെ പരിഷ്കരണ സംഘടനകളുണ്ട്.ഓരോന്നും അതതിന്റെ കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് അതിനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

മേല്‍ സൂചിപ്പിച്ച ‘മതേതര’വാദം അംഗീകരിച്ചാല്‍, മതരാഹിത്യമാണ്, അതു മാത്രമാണ് ശരിയെന്ന യുക്തിവാദശാത്യത്തെയും നാം അങ്ങനെത്തന്നെ കാണേണ്ടിവരില്ലേ? സത്യത്തില്‍ സാമൂഹികമായി, ലൌകികമായി ഈ മതനിരാസവാദത്തെപ്പോലും ഉള്‍ക്കൊള്ളാന്‍ ഇസ്‌ലാമിന് ശേഷിയുണ്ടു താനും. എല്ലാവരും നീ പറയുന്നതംഗീകരിക്കണമെന്ന ശാഠ്യം നിനക്ക് നന്നല്ലെന്ന് നബിയെ ഖുര്‍‌ആന്‍ ഉപദേശിക്കുന്നത് സ്വ ബന്ധു മിത്രാദികളുടെ കാര്യത്തില്‍ തന്നെയാണ്. ഒപ്പം അവരുമായുള്ള എല്ലാ സാമൂഹിക ബന്ധങ്ങളെയും നില നിര്‍ത്താന്‍ കര്‍ശനമായി കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ മതത്തെ ഇവ്വിധം ഉള്‍ക്കൊള്ളാന്‍ കടുത്ത മതനിരാസവസദികള്‍ക്ക് കഴിയാറില്ല. അതിന് അവര്‍ക്ക് അവരുടേതായ ന്യായം കാണാമെങ്കില്‍പ്പോലും ഫലത്തിലത് തികഞ്ഞ അസഹിഷ്ണുതയായി മാറുന്നു.

ഇപ്പോള്‍ ജമാ‌അത്തുമായി ബന്ധപ്പെട്ട ചര്‍ച്ചകളെയാണല്ലോ മാധ്യമങ്ങളും മതേതരക്കാരും വിമര്‍ശിക്കുന്നത്. സംവാദത്തിന്റെയും ജനാധിപത്യാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ സഹകരണത്തെയും മാര്‍ഗങ്ങളായംഗീകരിച്ചിട്ടുള്ള ജമാ‌അത്തെ ഇസ്‌‌ലാമി അതേ വഴിയില്‍ത്തന്നെ മുന്നോട്ടു പോകും. സംവാദത്തോടു പോലും കാണിക്കപ്പെടുന്ന അസഹിഷ്ണുത എത്രമാത്രം ജനാധിപത്യപരമായിരിക്കുമെന്ന് വിമര്‍ശകരാണ് ചിന്തിക്കേണ്ടത്.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More