Wednesday, April 13, 2011

ജമാഅത്ത് നിലപാടിലെ നിലപാടില്ലായ്മ-ഒ അബ്ദുല്ല

തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്നിട്ടും വാര്‍ത്തയില്‍ ജമാഅത്തെ ഇസ്ലാമി ദിവസങ്ങളോളം തിളങ്ങിനിന്നു എന്നത് കേരളത്തില്‍ ജമാഅത്ത് അവഗണിക്കാനാവാത്ത ശക്തിയാണെന്നതിന്റെ അസന്ദിഗ്ധമായ തെളിവാണത്രേ. നമുക്കാര്‍ക്കും അങ്ങനെ തോന്നീട്ടില്ലെങ്കിലും ജമാഅത്തിന്റെ ഒരു അസിസ്റ്റന്റ് അമീറിന് അങ്ങനെ തോന്നിയിരിക്കുന്നു. അഥവാ, അമീറിന് തോന്നിയതു നമുക്ക് തോന്നീട്ടില്ലെങ്കില്‍ നാം മന്ദബുദ്ധികളാണെന്നു കരുതി തലതാഴ്ത്തുകയേ രക്ഷയുള്ളൂ.

ഇസ്ലാമിക ചിന്താമണ്ഡലത്തിലും നവോത്ഥാന സംരംഭങ്ങളിലും ജമാഅത്തിന്റെ ബൌദ്ധികസാന്നിധ്യത്തെ അംഗീകരിക്കാന്‍ അല്‍പ്പംപോലും മടിയില്ലാത്ത ആളാണ് ഈ കുറിപ്പുകാരന്‍. സയ്യിദ് മൌദൂദിയുടെ അഭാവത്തില്‍ ആത്മാവ് നഷ്ടപ്പെട്ട, ജീവനില്ലാത്ത പച്ചക്കറിത്തോട്ടത്തിലെ വെറും 'വൈക്കോല്‍ പാത്തുമ്മ'യായി സമുദായം തരംതാഴുകയും പള്ളികളിലും പള്ളിക്കാടുകളിലും ഒടുങ്ങിത്തീരുന്ന ഒന്നായി അതിന്റെ നിയോഗം അവസാനിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഉദാരമായി സമ്മതിക്കാന്‍ എനിക്കൊരു മടിയുമില്ല. മൌദൂദിയുടെ സമയോചിതമായ ഇടപെടലാണ് അന്ധവിശ്വാസത്തിന്റെ തിരുകേശ ജലപാനം മൂലം വയര്‍ വീര്‍ത്തു വിറങ്ങലിച്ചുകിടക്കുകയായിരുന്ന സമുദായത്തെ ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ ഗരിമയെക്കുറിച്ചു ബോധവാന്‍മാരാക്കിയതും സമഗ്രതയുടെയും സമ്പൂര്‍ണതയുടെയും കീമോതെറാപ്പി നല്‍കി അതിന്റെ ഓര്‍മശക്തി വീണ്െടടുക്കാന്‍ സഹായിച്ചതും.

എന്നാല്‍, ഇതുകൊണ്ടു മാത്രം ജമാഅത്തെ ഇസ്ലാമി കേരളരാഷ്ട്രീയത്തിലെ അവഗണിക്കാനാവാത്ത ശക്തിയായിത്തീരുമോ? കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജമാഅത്തിന്റെ ജനപക്ഷസ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പു കുരുക്ഷേത്രത്തില്‍ ഒന്നു പിടയുകപോലും ചെയ്യാതെ ഡോള്‍ഫിനുകളെപ്പോലെ കൂട്ട ആത്മഹത്യക്കു വിധേയമായ ദുര്യോഗം ജമാഅത്ത് നേതൃത്വം മറന്നാലും ഫലിതങ്ങള്‍ക്കായി കാതോര്‍ക്കുന്ന കേരളീയര്‍ മറന്നിട്ടില്ല. അന്നു കൂടെ കളത്തിലിറങ്ങിയ എസ്.ഡി.പി.ഐ തുടര്‍ന്നു വന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നൂറോളം മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ ഇറക്കി സാന്നിധ്യം അസന്ദിഗ്ധമായി അറിയിച്ചു. മറുവശത്ത്, ജമാഅത്തിന്റെ പൊടിപോലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരിസരത്തൊന്നും കണ്ടില്ല. തങ്ങള്‍ക്കു സംഭവിച്ച അപ്രതീക്ഷിത പരാജയത്തിന്റെ ഭാരം താങ്ങാനാവാതെ ഭൂമി പിളര്‍ന്ന് ഇവര്‍ പാതാളത്തിലേക്കു താഴ്ന്നിരിക്കുമോ എന്നുപോലും ജനം ചിന്തിക്കവെയാണ് വായ തുറക്കാന്‍ അവസരം കൈവന്നപ്പോള്‍ പുളിയുറുമ്പിനെപ്പോലെ ശരീരം വീര്‍പ്പിച്ചു മസില്‍പവര്‍ കാട്ടി പുതിയ അവകാശവാദവുമായി ബന്ധപ്പെട്ടവര്‍ രംഗത്തുവന്നിരിക്കുന്നത്.

പോളിങ്ങിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയായിരുന്നു ചാനലുകളുടെ മുഖ്യ ചര്‍ച്ചാവിഷയം എന്നതു ശരിയാണ്. അച്ചടിമാധ്യമങ്ങളും മോശമാക്കുകയുണ്ടായില്ല. അതു പക്ഷേ, ജമാഅത്ത് കേരള രാഷ്ട്രീയത്തിലെ നിര്‍ണായകശക്തി ആയതുകൊണ്ടായിരുന്നില്ലെന്നു മാത്രം. തടിയന്റവിട നസീര്‍ ഒന്നൊന്നര വര്‍ഷം മുമ്പ് കേരളത്തിലെ മുഖ്യ ചര്‍ച്ചാവിഷയമായിരുന്നു. ദൃശ്യ-അച്ചടിമാധ്യമങ്ങള്‍ തടിയന്റവിട നസീറിനെക്കുറിച്ച വാര്‍ത്തകളാല്‍ നിറഞ്ഞൊഴുകി. അയാളുടെ ഓരോ അനക്കവും നീക്കവും ഒപ്പിയെടുക്കാന്‍ മാധ്യമങ്ങള്‍ പതിവില്ലാത്തവിധം മല്‍സരിച്ചു. പോലിസ് സ്റ്റേഷനുകളിലും കോടതിവരാന്തകളിലും പോലിസ്വണ്ടിയിലും ജയില്‍വാതിലുകള്‍ കടക്കുവോളവും അവ അയാളെ പിന്തുടര്‍ന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍, കേരളത്തിലെ അവഗണിക്കാനാവാത്ത വ്യക്തിത്വമാണ് തടിയന്റവിട നസീറെന്ന് ജമാഅത്ത് ആക്റ്റിങ് നേതാവിനെ പിന്തുടര്‍ന്ന് അവകാശപ്പെട്ടാല്‍ ഊളന്‍പാറയിലേക്കു വഴികാണിച്ചുകൊടുക്കുകയാവില്ലേ ബന്ധപ്പെട്ടവര്‍ ചെയ്യുക? വന്‍തോതില്‍ ചര്‍ച്ചചെയ്യപ്പെടുന്നു എന്നതുകൊണ്ടു മാത്രം സൂപ്പി മൂപ്പനാവുമോ?

തടിയന്റവിട നസീറിന്റെ പേര് ഉച്ചരിച്ച ഉടനെയോ ആ വര്‍ഷമോ ഉച്ചരിക്കേണ്ടതല്ല ജമാഅത്തെ ഇസ്ലാമിയുടെ പേര് എന്ന് ഈ ലേഖകന്‍ വിശ്വസിക്കുന്നു. നസീറില്‍ ആരോപിക്കപ്പെട്ടതുപോലുള്ള വിധ്വംസകപ്രവര്‍ത്തനത്തിന്റെയോ ഭീകരതയുടെയോ പരിസരത്തേക്ക് എത്തിനോക്കുന്നവരല്ല ജമാഅത്ത് റുക്നും കാല്‍ റുക്നും അര റുക്നുമൊന്നും. ജമാഅത്തില്‍ ആരോപിക്കപ്പെടുന്ന ഭീകരതയും വിധ്വംസകത്വവും തികഞ്ഞ അസംബന്ധവും അതിലേറെ അടിസ്ഥാനരഹിതവുമാണെന്ന് അരനൂറ്റാണ്ട് ഒറ്റപ്പായില്‍ കിടന്ന അനുഭവം വച്ച് ഈ ലേഖകനു പറയാനാവും. എന്നാല്‍, ജമാഅത്ത് ചര്‍ച്ചചെയ്യപ്പെടാനിടയാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചതു മറ്റാരുമല്ല; കിനാലൂരിലെ ഉഹ്ദിന് ശേഷവും കക്കോടിയിലെ ഹുനൈന് ശേഷവും ജമാഅത്ത് ഇസ്ലാമികവ്യവസ്ഥിതിയുടെ സംസ്ഥാപനത്തിനായുള്ള പോരാട്ടവഴിയിലെ വിശ്വസ്തരായ സഹകാരികളായി കാണുന്ന സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ടവരാണ്. യു.ഡി.എഫിലെ ഘടകകക്ഷിയായ മുസ്ലിംലീഗുമായി രാഷ്ട്രീയചര്‍ച്ച നടത്തി എന്നതല്ലാത്ത ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത ജമാഅത്തിനെ കക്കോടിയില്‍ വച്ചു സി.പി.എം പ്രവര്‍ത്തകര്‍ വളഞ്ഞുപിടിച്ചു തല്ലുകയായിരുന്നു. പ്രണയാഭ്യര്‍ഥനയില്‍ നിന്നു പിറകോട്ടുപോയ കാമുകിയുടെ പിതാവിനെ നടുറോഡില്‍ വച്ചു കുത്തിക്കൊല്ലുന്ന ലാഘവത്തോടെയായിരുന്നു ഈ 'കോഴിക്കോട്ടടി'! കുഞ്ഞാലിക്കുട്ടിയുമായി രാഷ്ട്രീയം സംസാരിക്കാന്‍ മാത്രം വളര്‍ന്നുവെന്നതു മാത്രമല്ല അതിനു മുമ്പു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ച ജമാഅത്തിനോടു സി.പി.എമ്മിന് മൂക്കത്തരിശം വരാന്‍ കാരണം. മറിച്ച്, പൊതുപ്രശ്നങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ യുവജനവിഭാഗമായ ഡിഫി ഇടപെടാനാവാതെ അറച്ചുനില്‍ക്കുമ്പോള്‍ പ്ളാച്ചിമടയിലും ചെങ്ങറയിലും മൂലമ്പിള്ളിയിലും ബാറ്റിങ്ങിനിറങ്ങിയ ജമാഅത്ത് യുവജനസംഘടനയായ സോളിഡാരിറ്റി അത്യുയരത്തില്‍ സിക്സറുകള്‍ പറത്തി മുന്നേറുന്നത് സി.പി.എമ്മിന് സഹിക്കാവുന്നതിലും കൂടുതലായിരുന്നു.

ജമാഅത്ത് ഭീകരവാദസംഘടനയാണ്; അതിനു രാഷ്ട്രാന്തരീയ ഭീകരസംഘടനകളുമായി ബന്ധമുണ്ട്; വിദേശപണം കനോലി കനാല്‍ വഴി ഹിറാ സെന്ററിലേക്ക് നിര്‍ബാധം ഒഴുകിയെത്തുന്നു; ജമാഅത്ത് ഇന്ത്യയുടെ അഖണ്ഡത അംഗീകരിക്കുന്നില്ല എന്നു തുടങ്ങി 'ഇടതുപക്ഷത്തിന്റെ മുദ്രാവാക്യങ്ങള്‍ കോപ്പിയടിക്കുകയാണ് ജമാഅത്ത്' എന്നുവരെ പറഞ്ഞുവച്ച പിണറായി ഒരു കാര്യം അടിവരയിട്ടുപറയാന്‍ വിട്ടുപോയില്ല: 'ജമാഅത്തെ ഇസ്ലാമിയുമായി സി.പി.എമ്മിന് പൊരുത്തപ്പെടാവുന്ന മേഖലകളില്ല.'

ജമാഅത്തിനെ പ്രതിസ്ഥാനത്തു നിര്‍ത്തി അതിനെതിരേ ഇന്നുവരെ ആരും ഉന്നയിക്കാന്‍ ധൈര്യപ്പെടാത്ത വിധമുള്ള ആരോപണങ്ങളുമായി സി.പി.എം മുന്നോട്ടുവന്നതിനെക്കുറിച്ചു ചൂണ്ടിക്കാട്ടുമ്പോള്‍, വിമര്‍ശിക്കുന്നവരെ മാറ്റിനിര്‍ത്തിയാല്‍ തങ്ങള്‍ക്ക് ഒരാള്‍ക്കും വോട്ട് ചെയ്യാനാവില്ലെന്നും തങ്ങളെ എല്ലാവരും വിമര്‍ശിക്കാറുണ്ട്, തങ്ങളതു കാര്യമാക്കുന്നില്ല എന്നും മറ്റുമാണ് ജമാഅത്ത് വക്താക്കളുടെ 'കൃത്യമായ' മറുപടി.

ജമാഅത്ത് നിരന്തരം വിമര്‍ശിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്ന സംഘടനയാണ് എന്നതു വാസ്തവമാണ്. ഒരുവേള, ഇത്രയേറെ വിമര്‍ശിക്കപ്പെടുകയും വിമര്‍ശകരാല്‍ വന്‍തോതില്‍ പരിചയപ്പെടുത്തപ്പെടുകയും ചെയ്യപ്പെടുന്ന പ്രസ്ഥാനം ഭൂമിമലയാളത്തില്‍ ഏറെയൊന്നുമുണ്ടാവില്ല. എന്നാല്‍, സി.പി.എം വിമര്‍ശനം ഈ ഗണത്തില്‍പ്പെടുത്തി നിസ്സാരമായി കാണാവതല്ല. തിരഞ്ഞെടുപ്പിന്റെ തലേനാള്‍ വരെ തോളില്‍ കൈവച്ചുനടന്ന് 'അണ്ണാറക്കണ്ണനും തന്നാലായത്' എന്ന മട്ടില്‍ വോട്ടുകള്‍ ഊറ്റിയെടുത്തശേഷം ഓര്‍ക്കാപ്പുറത്ത് പിറകോട്ടുതിരിഞ്ഞു നെഞ്ചില്‍ കഠാരകൊണ്ടു കുത്തിയ സി.പി.എം, ജമാഅത്തിന്റെ യുവജനസംഘടനയുടെയും വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെയും സാന്നിധ്യത്തെ ഗുരുതരമായ ഭവിഷ്യത്തും ഭീഷണിയുമായിക്കണ്ട് അവരെ ആദര്‍ശപരമായി മാത്രമല്ല, ശാരീരികമായും ഉന്മൂലനം ചെയ്യാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങുകയായിരുന്നു പ്രസ്തുത നിലപാടിലൂടെ.

ഇതു പറയുമ്പോള്‍ ജമാഅത്ത് കേന്ദ്രങ്ങള്‍ തിരിച്ചുചോദിക്കുന്ന ചോദ്യം, തങ്ങളെ കോണ്‍ഗ്രസ് രണ്ടുതവണ നിരോധിച്ചില്ലേ എന്നാണ്. ഇത്തരം ഒരനുഭവം സി.പി.എമ്മില്‍നിന്ന് ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്തും ഇന്ത്യ-പാക് യുദ്ധവേളയിലും ജമാഅത്തിനെ മറ്റു ചില സംഘടനകള്‍ക്കൊപ്പം നിരോധിക്കുകയുണ്ടായി എന്നതു വാസ്തവമാണ്. എന്നാല്‍, നിരോധിക്കാവുന്ന നിരവധി അവസരങ്ങള്‍ പിന്നീടുണ്ടായിട്ടും സിമിയുടെ കാര്യത്തില്‍ സ്വീകരിച്ചതുപോലുള്ള ഒരു സമീപനം ജമാഅത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായില്ല. കോണ്‍ഗ്രസ്സിന്റെ സ്ഥാനത്തു മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഇന്ത്യ ഭരിക്കുന്നത് എന്നു സങ്കല്‍പ്പിക്കുക. എങ്കില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദോ ജമാഅത്തെ ഇസ്ലാമി കശ്മീരോ സംഘടനാഭൂപടത്തിലുണ്ടാവുമായിരുന്നോ? കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് അയച്ചതായി പറയുന്ന ചോദ്യാവലിയില്‍ ഇരുപതില്‍ പതിനെട്ടെണ്ണത്തിനും സംസ്ഥാന ആഭ്യന്തരവകുപ്പ് തങ്ങള്‍ക്ക് അനുകൂലമായാണു മറുപടി നല്‍കിയിരിക്കുന്നത്, കോണ്‍ഗ്രസ്സായിരുന്നു തദ്സ്ഥാനത്തെങ്കില്‍ 20ല്‍ 20നും പ്രതികൂല മറുപടിയായിരിക്കും നല്‍കുക എന്ന ഭാവനാചിത്രം നെയ്തു പാവം പാര്‍ട്ടിയണികളെ കബളിപ്പിക്കാനും നേതൃത്വം മുതിരുന്നു. കോണ്‍ഗ്രസ് ആയതുകൊണ്ടാണ് തങ്ങളെ ഇത്രയുംകാലം വച്ചുപൊറുപ്പിച്ചത്, കമ്മ്യൂണിസ്റ് പാര്‍ട്ടിക്ക് മേധാവിത്വമുള്ള ഒരു സര്‍ക്കാരാണ് ഇത്രയും കാലം ന്യൂഡല്‍ഹി ഭരിച്ചിരുന്നതെങ്കില്‍ ഇലകൂട്ടി എന്നോ അവര്‍ യമുനാ നദിയിലേക്ക് എറിയുമായിരുന്നു എന്ന വസ്തുതയാണ് ഇവിടെ സൌകര്യപൂര്‍വം വിസ്മരിക്കപ്പെട്ടിരിക്കുന്നത്. ഏതുനിലയ്ക്കും ഏതെങ്കിലും കാംപസില്‍ വച്ചോ ഏതെങ്കിലും സമരമുന്നണിയില്‍ വച്ചോ ഏതെങ്കിലും പാര്‍ട്ടി ക്യാംപില്‍ പങ്കെടുക്കവെയോ നാളിതുവരെ ഒരു കോണ്‍ഗ്രസ്സുകാരനും ഒരു ജമാഅത്തുകാരന്റെയോ ഒരുകൂട്ടം ജമാഅത്തുകാരുടെയോ രോമത്തിനുപോലും പോറലേല്‍പ്പിച്ചിട്ടില്ല, ഏല്‍പ്പിച്ച ചരിത്രം കേട്ടിട്ടില്ല എന്ന വസ്തുത ജമാഅത്ത് സുഹൃത്തുക്കള്‍ മനസ്സിലാക്കണം.

എവിടെയൊക്കെയോ പിഴവുകള്‍ സംഭവിച്ചിരിക്കുന്നു. സ്ഥാനാര്‍ഥികളുടെ മൂല്യം പരിഗണിച്ചു വോട്ട് രേഖപ്പെടുത്തുന്ന കാര്യത്തിലായാലും ഇരുമുന്നണികളില്‍ ഭേദപ്പെട്ട തൊമ്മനെ അടയാളപ്പെടുത്തുന്ന കാര്യത്തിലായാലും ഇക്കുറി ചെയ്തതുപോലെ, ശരീരത്തിന്റെ മുക്കാല്‍ ഭാഗം ഒരു തോണിയിലും ബാക്കി ഭാഗം മറ്റേ തോണിയിലുമായിക്കൊണ്ടു യാത്ര ചെയ്യുന്ന കാര്യത്തിലായാലും നാലാളെക്കൊണ്ടു നല്ലത് പറയിപ്പിക്കുന്ന തരത്തിലുള്ള തീരുമാനമെടുക്കാന്‍ സാധിച്ചിട്ടില്ലെന്നു മാത്രമല്ല, ചാണകം ചാടിക്കടന്ന കഥാപാത്രത്തെപ്പോലെ അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേക്കു കാലെടുത്തുവയ്ക്കാനാണു ദൌര്‍ഭാഗ്യവശാല്‍ ജമാഅത്തിനു വിധി. അതുകൊണ്ടാണ് വിമര്‍ശകര്‍ക്കു നിരന്തരം ഉപ്പേരി കൊടുത്തു ശീലിച്ചവര്‍പോലും തിരഞ്ഞെടുപ്പു പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ വീണതു വിദ്യയാക്കി പരിഹാസ്യരാവുന്നത്. 'ജമാഅത്ത് വോട്ട് വേണ്ട' എന്നു പ്രഖ്യാപിക്കുന്ന കുഞ്ഞാലിക്കുട്ടി, 'ആര്‍.എസ്.എസ് വോട്ട് വേണ്ട' എന്ന് എന്തുകൊണ്ടു പറയുന്നില്ല എന്ന ചോദ്യം ഇത്തരത്തിലുള്ള ബാലിശവാദങ്ങളിലൊന്നാണ്. ജയിക്കുമെന്ന് ഏറക്കുറേ തീര്‍ച്ചയുള്ള പതിനഞ്ചു മണ്ഡലങ്ങളില്‍ യു.ഡി.എഫിന് വോട്ട് നല്‍കുമെന്നു ജമാഅത്ത് പ്രഖ്യാപിച്ചപ്പോഴാണ് ആ കറി തങ്ങള്‍ക്ക് ഒഴിക്കേണ്ട എന്നു കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചത്. ആര്‍.എസ്.എസ് ഒരിടത്തും യു.ഡി.എഫിന് വോട്ട് നല്‍കാമെന്നു പറഞ്ഞിട്ടില്ല. അങ്ങനെ പറയാത്ത സ്ഥിതിക്ക് അവരുടെ വോട്ട് വേണ്െടന്നു പറയുന്ന പ്രശ്നവും ഉദിക്കുന്നില്ല എന്ന ലളിതയുക്തി ജമാഅത്ത് നേതൃത്വത്തെ ഉണര്‍ത്തേണ്ടിവരുന്നത് സങ്കടകരമാണ്.

'കാക്ക വല്ലവര്‍ക്കും വഴികാട്ടിയാല്‍, അതവരെ നായയുടെ ശവത്തിലേക്കാവും വഴികാട്ടുക' എന്ന അറബി കവിതാശകലം ഓര്‍മവരുന്നു. ചില 'കാക്ക'മാര്‍ മുന്നിട്ടിറങ്ങി മഹത്തായൊരു പ്രസ്ഥാനത്തെ അബദ്ധത്തില്‍ നിന്ന് അബദ്ധത്തിലൂടെ നയിക്കുന്നതും തെളിക്കുന്നതും കാണുമ്പോള്‍ കവിതാശകലത്തിലെ കാക്കയ്ക്കു നമ്മോട് അസൂയ തോന്നാന്‍ ഇടവരാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കുകയേ തല്‍ക്കാലം രക്ഷയുള്ളൂ.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More