Monday, April 4, 2011

ജമാഅത്തെയുടേത് തീവ്രവാദ രാഷ്ട്രീയം -തലേക്കുന്നില്‍ ബഷീര്‍



Posted on: 05 Apr 2011


തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടേത് തീവ്രവാദ രാഷ്ട്രീയമാണെന്ന് കെ. പി. സി. സി ആക്ടിങ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍. ഇക്കാര്യത്തില്‍ കെ. പി. സി. സിയുടെ നയം നേരത്തെതന്നെ വ്യക്തമാണ്. അതില്‍ മാറ്റമില്ല.

കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിനുവേണ്ടി ആര്‍ത്തിപൂണ്ട് നില്‍ക്കുകയാണ്. ആരോടും ചേരുന്ന നയമാണ് സി. പി.എമ്മിന്‍േറത്. കഴിഞ്ഞതവണ പി.ഡി.പി.യോട് ചേര്‍ന്നു. ഇപ്പോള്‍ ജമാഅത്തെയുമായി ചര്‍ച്ച നടത്തുന്നു. കോണ്‍ഗ്രസ് ജമാ അത്തെയുമായി കൂട്ടുചേര്‍ന്നിട്ടില്ല. മുമ്പ് ജമാഅത്തെ തീവ്രവാദ സംഘടനയാണെന്നാണ് സി.പി. എം പറഞ്ഞിട്ടുള്ളത്.

സി. പി. എം. കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ശശിക്കെതിരെ ലൈഗികാരോപണമാണെന്ന് സി.പി.എം. തന്നെ സമ്മതിച്ച സ്ഥിതിക്ക് അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും തലേക്കുന്നില്‍ ബഷീര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇടതുഭരണത്തിനിടെ വൈദ്യുതിചാര്‍ജും ബസ്ചാര്‍ജും പലതവണ കൂട്ടി. ഇപ്പോള്‍ വീട്ടുകരവും കൂട്ടി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. കേന്ദ്രപദ്ധതികള്‍ നടപ്പാക്കാതെപോയത് സര്‍ക്കാരിന്റെ അലംഭാവം കൊണ്ടാണ്. ഇക്കാര്യത്തില്‍ ആന്റണി പറഞ്ഞത് വി. എസിന് മനസ്സിലാകാതെ പോയത് ഞങ്ങളുടെ കുറ്റമല്ല. വി.എസ്. അച്യുതാനന്ദന്റെ നാട്യങ്ങളും നാലാം തരം വാചകക്കസര്‍ത്തും കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. വളിപ്പന്‍ ചലച്ചിത്രം ഒരു തവണ ഓടും. അതുകഴിഞ്ഞാല്‍ തിയേറ്റര്‍ ഒഴിയേണ്ടിവരും. വിലങ്ങും ജയിലും അടയാളമാക്കിയിരിക്കുന്ന വി.എസിന്റെ ചിത്രം ഇനി ഓടില്ല.

വി. എസിന്റെ ചിറകിന്‍കീഴില്‍ നിന്നാണ് മകന്‍ അരുണ്‍കുമാറിന്റെ പ്രവര്‍ത്തനം. അരുണ്‍കുമാര്‍ എന്നും ഒരു കറുത്ത കഥാപാത്രമാണ്. അഴിമതിക്കാര്‍ക്കെതിരെ രംഗത്തിറങ്ങുന്ന വി.എസ്. മകനെതിരെയും സ്വന്തം പാര്‍ട്ടി സെക്രട്ടറിക്കെതിരെയും മിണ്ടുന്നില്ല. യു.ഡി. എഫിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങള്‍ എഴുതിയ സാംസ്‌കാരിക പ്രവര്‍ത്തകരെ അക്രമിച്ചുകൊണ്ട് സി.പി.എം. ഫാസിസം അഴിച്ചുവിടുകയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് 22 കസ്റ്റഡി മരണം ഉണ്ടായ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് ആ സ്ഥാനത്ത് തുടരാനാവില്ല. ഇടതുഭരണത്തില്‍ നിന്നുള്ള മോചനവും സംസ്ഥാനത്തിന്റെ വികസനവുമാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നതെന്നും തലേക്കുന്നില്‍ പറഞ്ഞു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More