Thursday, April 7, 2011

ലീഗിന് ജമാഅത്ത് പിന്തുണ പ്രഖ്യാപിച്ചാല്‍ സ്വീകരിക്കുന്നത് ചര്‍ച്ചക്ക് ശേഷം - കുഞ്ഞാലിക്കുട്ടി

Published on Thu, 04/07/2011 -
പാലക്കാട്: മുസ്‌ലിം ലീഗിന്റെ ഏതെങ്കിലും സ്ഥാനാര്‍ഥികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി പിന്തുണ പ്രഖ്യാപിച്ചാല്‍ പാര്‍ട്ടിതലത്തില്‍ ചര്‍ച്ച ചെയ്തതിനു ശേഷമേ സ്വീകരിക്കുന്ന കാര്യം തീരുമാനിക്കൂവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ലീഗിന്റെ ഏതെങ്കിലും സ്ഥാനാര്‍ഥികള്‍ക്ക് ജമാഅത്ത് പിന്തുണ ലഭിച്ചിട്ടുണ്ടോയെന്ന് വിശകലനം ചെയ്യേണ്ട വിഷയമാണെന്നും അദ്ദേഹം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
പിന്തുണ തേടി ഒരു തെരഞ്ഞെടുപ്പ് കാലത്തും മുസ്‌ലിം ലീഗ് ജമാഅത്തെ ഇസ്‌ലാമിയെ സമീപിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് പല മുസ്‌ലിം സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ജമാഅത്തും ഉള്‍പ്പെട്ടിരുന്നു. അതുപക്ഷേ, രാഷ്ട്രീയ ചര്‍ച്ച ആയിരുന്നില്ല. പിന്തുണ അഭ്യര്‍ഥിക്കുകയും ലക്ഷ്യമായിരുന്നില്ല. എക്കാലവും ഇടത് മുന്നണിയെ പിന്തുണക്കുന്ന നയമാണ് ജമാഅത്തെ ഇസ്‌ലാമിയുടേത്. അവരുമായി ലീഗിനുള്ള ആശയപരമായ ഭിന്നത നിലനില്‍ക്കുന്നു.
തീവ്രവാദം ഉടലെടുക്കാന്‍ എല്ലാ പ്രോത്സാഹനവും നല്‍കുന്ന പ്രസ്ഥാനമാണത്. ഔദ്യോഗിക പ്രഖ്യാപനം വരികയും ലീഗിന്റെ ഏതെങ്കിലും സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്താല്‍ ചര്‍ച്ചക്ക് ശേഷമേ തീരുമാനിക്കൂ. അഴീക്കോട് മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി കെ.എം. ഷാജി സോളിഡാരിറ്റി ഓഫിസില്‍ വോട്ടുതേടി എത്തിയകാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, ഓഫിസിന് മുന്നിലൂടെ നടന്നപ്പോള്‍ പടമെടുത്തതാവുമെന്നായിരുന്നു മറുപടി. ജമാഅത്ത് നേതാക്കളും പിണറായി വിജയനും തമ്മില്‍ നടത്തിയത് രഹസ്യചര്‍ച്ചതന്നെയായിരുന്നു. ഇവര്‍ തമ്മിലുള്ള ധാരണക്ക് ഇത്തവണ സി.പി.എം കനത്ത വില നല്‍കേണ്ടിവരും. സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുകേന്ദ്രങ്ങളില്‍ ചോര്‍ച്ചയുണ്ടാവും. ഇത് മുന്‍കൂട്ടികണ്ടാണ് സി.പി.ഐ നേതാവ് സി.കെ. ചന്ദ്രപ്പന്‍ ആര്‍.എസ്.എസിന്റെ വോട്ട് കിട്ടിയാലും സ്വീകരിക്കുമെന്ന് പറഞ്ഞതെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. എം.ഐ. ഷാനവാസ് ജമാഅത്തെ ഇസ്‌ലാമിയുമായി രാഷ്ട്രീയചര്‍ച്ച നടത്തിയിട്ടില്ല.
സ്ത്രീകളുള്‍പ്പെടെ എല്ലാവരുടേയും മെക്കിട്ടുകയറുന്ന സമീപനമാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍േറതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടത് മുന്നണിയുടെ തോല്‍വി ഉറപ്പായെന്നബോധ്യമാണ് മുഖ്യമന്ത്രിയുടെ ഈ രോഷത്തിന് കാരണം. മലമ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ലതിക സുഭാഷിനെതിരെയുണ്ടായ പരാമര്‍ശം ഇതിന് തെളിവാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിയമപാലകര്‍ മുഴുവന്‍ വി.എസിന്റെ നേരെ വരുന്ന അവസ്ഥ ഉണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More