Monday, April 11, 2011

വൈരം തീര്‍ക്കാന്‍ ജമാഅത്തെ ഇസ്ലാമി മാധ്യമം കോണ്‍ഗ്രസിനെതിരേ


Back

Saturday, April 09, 2011 | 12:00:45 PM IST
http://www.scoopeye.com/showNews.php?news_id=13944
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയ്‌ക്കു ശ്രമിച്ചു പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‌ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്ന കോണ്‍ഗ്രസിനെതിരേ ആസൂത്രിത ക്യാംപെയിനു ജമാഅത്തെ ഇസ്ലാമി. തങ്ങള്‍ക്കു സ്വാധീനമുള്ള മാധ്യമങ്ങളെ പരമാവധി ഇതിന്‌ ഉപയോഗിക്കാനാണു തീരുമാനം. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍കോണ്‍ഗ്രസ്‌ - ബിജെപി രഹസ്യധാരണയുണ്ടെന്നാണു പ്രചരിപ്പിക്കുന്നത്‌. ഇന്നലെ മാധ്യമം ദിനപത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഇതിന്റെ ഭാഗമാണ്‌. എന്നാല്‍ ഇതേച്ചൊല്ലി ജമാഅത്തെയിലും മാധ്യമത്തിലും വിയോജിപ്പുണ്ട്‌. ഇതേ സ്വഭാവമുള്ള മൂന്നാമത്തെ റിപ്പോര്‍ട്ടാണ്‌ സമീപദിവസങ്ങളില്‍ മാധ്യമം പ്രസീദ്ധീകരിക്കുന്നത്‌. തിരുവനന്തപുരത്തെ സ്‌പെഷല്‍ കറസ്‌പോണ്ടന്റും ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്നയാളുമായ വയലാര്‍ ഗോപകുമാറിന്റേതാണു റിപ്പോര്‍ട്ട്‌. എന്നാല്‍ പേരുവെച്ചല്ല റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌. അതിന്റെ പേരിലും മാധ്യമം തിരുവനന്തപുരം യൂണിറ്റിലെ മുതിര്‍ന്ന ജേര്‍ണലിസ്‌റ്റുകള്‍ രോഷത്തിലാണ്‌. മാനേജ്‌മെന്റിനുവേണ്ടി പേരുവെയ്‌ക്കാതെ വിവാദ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കുമ്പോള്‍ അതു തങ്ങളില്‍ പലരുടെയും വിശ്വാസ്യതയെ ബാധിക്കുമെന്നാണ്‌ ഇവരുടെ വാദം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 20ല്‍പരം മണ്ഡലങ്ങളില്‍ ബി.ജെ.പിയും കോണ്‍ഗ്രസുമായി രഹസ്യ ധാരണയുണ്ടെന്നു സൂചനയുള്ളതായാണ്‌ ഇന്നലത്തെ റിപ്പോര്‍ട്ട്‌. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികള്‍ക്കൊപ്പം ചില മണ്ഡലങ്ങളില്‍ യു.ഡി.എഫിലെ ഇതര ഘടകകക്ഷികള്‍ക്കും ബി.ജെ.പിയുടെ വോട്ടു ലഭിച്ചേക്കുമെന്നും പകരം കോണ്‍ഗ്രസ്‌ രണ്ടു മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പിയെ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസിനു ബിജെപി പിന്തുണ ലഭിക്കുന്ന ചില മണ്ഡലങ്ങളുടെ പേരും പറയുന്നുണ്ട്‌. ഇതില്‍ പലതും ക്രിസ്‌ത്യന്‍ സമുദായക്കാരായ കോണ്‍ഗ്രസ്‌ നേതാക്കള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളാണ്‌. അവര്‍ക്കു ബിജെപി പ്രവര്‍ത്തകര്‍ സംഘടിതമായി വോട്ടുചെയ്യുമെന്നു പറയുന്നത്‌ നടക്കാത്ത കാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണ്‌ ജമാഅത്തെയിലെ ചില നേതാക്കള്‍ ഈ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുന്നത്‌. പക തീര്‍ക്കാന്‍ തട്ടിക്കൂട്ടി വാര്‍ത്തയുണ്ടാക്കുന്നത്‌ മാധ്യമം കെട്ടിപ്പൊക്കിയ വിശ്വാസ്യതയെ ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ജില്ലയിലെ നേമമാണ്‌ ബി.ജെ.പി കോണ്‍ഗ്രസിന്റെ സഹായം തേടുന്ന പ്രധാന മണ്ഡലമായി പറയുന്നത്‌. ഇതിനു പുറമേ പാലക്കാട്‌, കാസര്‍കോട്‌, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ ഒരെണ്ണത്തിലെങ്കിലും ബി.ജെ.പി കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വോട്ടുകള്‍ പ്രതീക്ഷിക്കുന്നുവേ്രത.
1991 വെ വിവാദ കോ-ലീ-ബി സഖ്യം മോഡല്‍ ധാരണയാണ്‌ ഇക്കുറിയും ഈ പാര്‍ട്ടികള്‍ തമ്മിലുള്ളതെന്നാണ്‌ പ്രചരിപ്പിക്കുന്നത്‌. എന്നാല്‍ ലീഗിന്റെ പേരെടുത്തു പറയുന്നില്ല.1991-ല്‍ വടകരം പാര്‍ലമെന്റ്‌ മണ്ഡലത്തിലും ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും ബിജെപി പിന്തുണച്ച സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനും പകരം മറ്റിടങ്ങളില്‍ ബിജിപിയുടെ വോട്ടു തിരിച്ചു കോണ്‍ഗ്രസിനു ലീഗിനും ചെയ്യാനും ധാരണയുണ്ടാക്കിയെന്നു പുറത്തുവന്നിരുന്നു. ഏതായാലും വടകരയിലും ബേപ്പൂരിലും ബിജെപി വിജയിച്ചില്ല. എന്നാല്‍ യുഡിഎഫ്‌ അധികാരത്തിലെത്തി. ഈ ധാരണ പാഴായ പരീക്ഷണമായിപ്പോയെന്ന്‌ പിന്നീടു പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ ബിജെപി നേതാവ്‌ കെ.ജി.മാരാരുടെ ജീവചരിത്രത്തില്‍ എഴുതുകയും ചെയ്‌തു.
തങ്ങളുടെ സഹായമുള്ളപ്പോഴൊക്കെ കോണ്‍ഗ്രസ്‌ അധികാരത്തിലേറിയതായി മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ടെന്നാണു മാധ്യമം പറയുന്നത്‌. ഇക്കുറി വോട്ടുകച്ചവടമല്ല, പരസ്‌പര സഹായമാണത്രേ. എന്നാല്‍ സിപിഎമ്മിനോടുള്ള വിരോധം മൂലം ആര്‍എസ്‌എസുകാര്‍ യുഡിഎഫിന്റെ ചില സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വോട്ടുചെയ്‌തേക്കാമെങ്കിലും ബിജെപി വോട്ടുകള്‍ സംഘടിതിമായി മറിക്കാന്‍ ധാരണയില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇടതുമുന്നണിയെ കൂടുതല്‍ ജാഗ്രതയ്‌ക്കു പ്രേരിപ്പിക്കാനും യുഡിഎഫിനെ പൊതുവെയും ജമാഅത്തിനെ പ്രത്യേകിച്ചും പ്രതിരോധത്തിലാക്കാനുമാണ്‌ മാധ്യമത്തെ ഉപയോഗിച്ചു ജമാഅത്തെശ്രമിക്കുന്നത്‌.
ഇക്കുറി സഖ്യം പ്രയോജനം ചെയ്യുമെന്നുതന്നെയാണ്‌ ബി.ജെ.പി നേതാക്കളുടെ വിശ്വാസമെന്നും വളരെ രഹസ്യമായാണ്‌ അവര്‍ ഇതിനായി കരുക്കള്‍ നീക്കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വോട്ടു ചെയ്യുന്നതിനൊപ്പം യു.ഡി.എഫിന്‌ അനുകൂലമായ വിധത്തില്‍ പ്രചാരണ പരിപാടികള്‍ ക്രമീകരിക്കാനും അവസാന ഘട്ടത്തില്‍ അവരില്‍നിന്ന്‌ നീക്കമുണ്ടാകുമെന്ന വിചിത്രമായ പ്രഖ്യാപനവുമുണ്ട്‌. അതിനാല്‍ ഇടതുമുന്നണിക്കെതിരെയാകും പ്രധാനമായും ഇനി ബി.ജെ.പിയുടെ പ്രചാരണ പരിപാടികളത്രേ. എന്നാല്‍ ദേശീയതലത്തില്‍ ബിജെപിയുടെ മുഖ്യശത്രുവായ കോണ്‍ഗ്രസിനും അവരുടെ മുന്നണിക്കും അനുകൂലമായ പ്രചാരണം ബിജെപിക്ക്‌ എളുപ്പമല്ലാതിരിക്കെയാണ്‌ ഈ കണ്ടെത്തല്‍. പ്രചാരണം അവസാനിക്കാന്‍ രണ്ടു ദിവസം കൂടി മാത്രം ബാക്കനില്‍ക്കെ എല്‍.കെ.അഡ്വാനി ഉള്‍പ്പെടെ പ്രമുഖ നേതാക്കളെയാണ്‌ ബിജെപി കേരളത്തില്‍ കൊണ്ടുവരുന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ സുഷമ സ്വരാജ്‌, അരുണ്‍ ജയ്‌റ്റ്‌ലി, രാജീവ്‌ പ്രതാപ്‌ റൂഡി തുടങ്ങിയവര്‍ വന്നിരുന്നു. ഇവരെല്ലാം കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന പ്രസംഗങ്ങളും വാര്‍ത്താസമ്മേളനങ്ങളുമാണു നടത്തിയത്‌.
കോണ്‍ഗ്രസിന്‌ ബി.ജെ.പി വോട്ടുകള്‍ കിട്ടാനിടയുള്ള മണ്ഡലങ്ങളായി മാധ്യമം പറയുന്നത്‌ ഇവയാണ്‌: തൃക്കരിപ്പൂര്‍, കണ്ണൂര്‍, ഷൊര്‍ണൂര്‍, പൊന്നാനി, ഒറ്റപ്പാലം, ചിറ്റൂര്‍, ചേലക്കര, ഒല്ലൂര്‍, ചാലക്കുടി, പീരുമേട്‌, ഉടുമ്പന്‍ചോല, കുന്നത്തൂര്‍, ചാത്തന്നൂര്‍, അമ്പലപ്പുഴ, ഹരിപ്പാട്‌, നെടുമങ്ങാട്‌, ചിറയിന്‍കീഴ്‌, തിരുവനന്തപുരം, പാറശാല. ഇതിനു പുറമേ യു.ഡി.എഫിലെ ചില ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ക്കും ബി.ജെ.പി വോട്ട്‌ ലഭിക്കും. ബി.ജെ.പിക്ക്‌ കോണ്‍ഗ്രസ്‌ വോട്ട്‌ മറിക്കുന്നതുമൂലം വിഷമിക്കുന്ന ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ക്കാണ്‌ ഇതിന്റെ പ്രയോജനം ലഭിക്കുക. വോട്ട്‌ മറിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ തോല്‍ക്കുമെങ്കിലും പ്രധാന നേതാക്കള്‍ മത്സരിക്കുന്ന മറ്റു മണ്ഡലങ്ങളില്‍ ജയം ഉറപ്പാക്കാമെന്നതാണ്‌ ധാരണയുടെ കാതലെന്നാണു വിശദീകരണം.
ഈ പ്രചാരണം തുടരുന്നതു തടയാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കണമെന്ന്‌ കോണ്‍ഗ്രസ്‌ - യുഡിഎഫ്‌ നേതാക്കളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ അതോടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം കൂടുതല്‍ ചര്‍ച്ചയാകുമോയെന്ന ആശങ്കയുള്ളതിനാല്‍ തീരുമാനമെടുത്തിട്ടില്ല.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More