Tuesday, April 5, 2011

ജമാഅത്തെ ഇസ്‌ലാമിയുടെ ഇലക്ഷന്‍ നയവും ജമാഅത്ത്-സി.പി.എം ബന്ധവും -എ.ആര്‍


ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വ്യവസ്ഥാപിതവും നിരന്തരവുമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തുടങ്ങിയത് 1986നു ശേഷമാണ്. അന്നുമുതല്‍ കഴിഞ്ഞുപോയ മുഴുവന്‍ തെരഞ്ഞെടുപ്പുകളിലും ജമാഅത്ത് തത്ത്വാധിഷ്ഠിത രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിച്ചു. മാറിവരുന്ന സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്ത് മതേതര ജനാധിപത്യമുന്നണികള്‍ക്കോ പാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ വോട്ട് നല്‍കി. ആവശ്യമായ ഘട്ടങ്ങളില്‍ നിലപാടുകള്‍ വിശദീകരിക്കുന്ന കാമ്പയിനും നടത്തി. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, മുസ്‌ലിംലീഗ്, മറ്റു പ്രാദേശിക പാര്‍ട്ടികള്‍ എന്നിവയുടെ നേതാക്കളെയും പ്രമുഖരെയും പലതവണ കാണുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ ജമാഅത്ത് ഓഫിസുകളില്‍ അവര്‍ വരും, ചിലപ്പോള്‍ അവര്‍ നിശ്ചയിക്കുന്ന സ്ഥലത്തേക്ക് ജമാഅത്ത്പ്രതിനിധികള്‍ പോവും. ഈ സംഭാഷണങ്ങളിലൊന്നും ഒരിക്കലും ജമാഅത്തിനെ ഭീകരസംഘടനയോ തീവ്രവാദിസംഘടനയോ ആയി ആരും മുദ്രകുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. നാട്ടില്‍ നടക്കുന്ന ഇത്തരം പ്രചാരണങ്ങളിലേക്ക് ജമാഅത്ത് അവരുടെ ശ്രദ്ധ ക്ഷണിക്കുമ്പോഴും 'ഞങ്ങള്‍ക്ക് അങ്ങനെ ഒരഭിപ്രായമില്ല' എന്ന പ്രതികരണമാണ് സാമാന്യമായി ലഭിക്കാറ്. എന്നാല്‍, സംഘടനയുമായി അവര്‍ക്ക് സൈദ്ധാന്തികമായും അല്ലാതെയുമുള്ള വിയോജനങ്ങള്‍ തുറന്നുപറയാന്‍ ആരും വൈമനസ്യം കാട്ടിയിട്ടുമില്ല. തെരഞ്ഞെടുപ്പ്‌വേളകളില്‍ മാത്രമേ സംഭാഷണങ്ങള്‍ നടന്നിട്ടുള്ളൂ എന്നുമില്ല. ദേശീയമോ പ്രാദേശികമോ സാമുദായികമോ ആയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും ഭരണത്തിലിരിക്കുന്നവരും അല്ലാത്തവരുമായി ആശയവിനിമയം നടന്നിട്ടുണ്ട്. മാറാട് കലാപം ഒരു ഉദാഹരണമാണ്. കലാപം പൊട്ടിപ്പുറപ്പെട്ട മൂന്നാംദിവസം സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ്‌നേതാവ് കെ. മുരളീധരന്‍, ആരോഗ്യമന്ത്രി പി. ശങ്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്ത കോഴിക്കോട് ഗെസ്റ്റ്ഹൗസിലെ സുപ്രധാന ചര്‍ച്ചയില്‍ ജമാഅത്ത് അമീര്‍ കെ.എ. സിദ്ദീഖ് ഹസനും സംഘവും പങ്കെടുത്തിരുന്നു. (ഒരു 'ഭീകര തീവ്രവാദി സംഘടന'യുടെ നേതാവിനെ വര്‍ഗീയകലാപം ഒതുക്കാനുള്ള ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുന്നതിലെ വൈരുധ്യം ഈ നേതാക്കളൊന്നും ഓര്‍ത്തില്ല എന്നാണോ? ഇപ്പോള്‍ തലേക്കുന്നില്‍ ബഷീറിനും സമാനമനസ്‌കര്‍ക്കും ബോധ്യപ്പെട്ട 'സത്യം' എ.കെ. ആന്റണിക്ക് പിടികിട്ടിയില്ലെന്നാണോ?)
തെരഞ്ഞെടുപ്പ്‌വേളകളില്‍ നടക്കാറുള്ള ചര്‍ച്ചകളില്‍ എല്ലായ്‌പ്പോഴും ഓരോന്നിന്റെയും പ്രത്യേകസാഹചര്യമനുസരിച്ച് സാര്‍വദേശീയ, ദേശീയ, പ്രാദേശിക പ്രശ്‌നങ്ങളാണ് വിഷയീഭവിക്കാറ്. രാജ്യത്തിന്റെ പൊതുനന്മയും ന്യൂനപക്ഷാവകാശങ്ങളും സുരക്ഷയുമല്ലാതെ ഒരിക്കലും സംഘടനാപരമായ ആവശ്യങ്ങള്‍ ജമാഅത്ത് ഉന്നയിക്കാറില്ല. ഇത് യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ക്കൊന്നും അനുഭവത്തിലൂടെ നിഷേധിക്കാനാവില്ല. 2009ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലും രാജ്യത്താകെ 200 മണ്ഡലങ്ങളില്‍ ജമാഅത്ത് കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടുണ്ട്. നേതാക്കളുമായി വിശദമായി സംവദിച്ച ശേഷം തന്നെയാണ് പിന്തുണ നല്‍കിയത്. ഒരാളും 'തീവ്രവാദിസംഘടനയായ' ജമാഅത്തിന്റെ പിന്തുണ വേണ്ടെന്ന് പറഞ്ഞില്ല. കേരളത്തിന് പുറത്ത് തീവ്രവാദമോ ഭീകരതയോ ഇല്ലാത്ത ജമാഅത്തിന് കേരളത്തില്‍ മാത്രം അതുണ്ടാവുന്നതെങ്ങനെ എന്ന് കോണ്‍ഗ്രസ്‌നേതാക്കളാണ് വ്യക്തമാക്കേണ്ടത്.
കേരളത്തില്‍ ഒടുവില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി ജമാഅത്തെ ഇസ്‌ലാമി മുന്‍കൈയെടുത്ത് ജനകീയ വികസനമുന്നണികള്‍ രൂപവത്കരിച്ച് മത്സരരംഗത്തിറങ്ങി. ഒരു മുന്നണിയുമായും സഖ്യമുണ്ടാക്കാതെ വികസന അജണ്ട മാത്രം മുന്‍നിര്‍ത്തി ജനവിധി തേടുകയായിരുന്നു വികസനമുന്നണികള്‍. സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 14 പേര്‍ ജയിച്ചു; നൂറില്‍പരം പേര്‍ രണ്ടാംസ്ഥാനത്തെത്തി; ഒന്നര ലക്ഷത്തോളം വോട്ടും കിട്ടി. ആദ്യത്തെ പരീക്ഷണം എന്ന നിലയില്‍, പ്രതിയോഗികള്‍ കൊട്ടിഘോഷിക്കുംപോലെ കനത്ത തിരിച്ചടിയൊന്നുമായിരുന്നില്ല ഈ ഫലങ്ങള്‍. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ പോവുന്നതിന്റെ മുന്നോടിയും അല്ലായിരുന്നു. കാരണം, പഞ്ചായത്ത്‌തെരഞ്ഞെടുപ്പില്‍ സാധ്യതയുണ്ടെങ്കില്‍ പങ്കെടുക്കാമെന്ന് ജമാഅത്തെ ഇസ്‌ലാമി 40 വര്‍ഷം മുമ്പെങ്കിലും എടുത്ത തീരുമാനമാണ്. ബംഗാളിലും കര്‍ണാടകയിലുമാണ് ആദ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിച്ചത്. പിന്നീടാണ് കേരളത്തില്‍ അവസരമുണ്ടായത്. ജമാഅത്ത് സ്വയം രാഷ്ട്രീയപാര്‍ട്ടിയായി രൂപാന്തരപ്പെടുന്നില്ലെന്ന് കേന്ദ്ര കൂടിയാലോചനാ സമിതി അസന്ദിഗ്ധമായി തീരുമാനിച്ചിരിക്കെ നിയമസഭ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ അത് ഗോദയിലിറങ്ങുന്ന പ്രശ്‌നം ഉദിക്കുന്നുമില്ല. അതിനാല്‍, മുന്‍ തെരഞ്ഞെടുപ്പുകളിലെന്നപോലെ ഇത്തവണയും കേരളത്തില്‍ ഇരുമുന്നണികളും പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തി, സാഹചര്യങ്ങളും അനുഭവങ്ങളും വിലയിരുത്തി സംഘടന ഒരു തീരുമാനത്തിലെത്താനും അത് പ്രഖ്യാപിക്കാനും പോവുന്നു. അതിനുമുമ്പേ അതാഘോഷമാക്കുന്ന മീഡിയയും ഇഷ്യൂവാക്കുന്ന പാര്‍ട്ടിനേതാക്കളും ചേര്‍ന്നൊരുക്കുന്ന ഓട്ടന്തുള്ളല്‍ അസ്ഥാനത്താണ്, അസമയത്താണ്, യുക്തിരഹിതമാണ്.
ജമാഅത്ത്-സി.പി.എം ബന്ധം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ജമാഅത്തെ ഇസ്‌ലാമി മറ്റു മതേതര പാര്‍ട്ടികള്‍ക്കെന്നപോലെ ഇടതുമുന്നണിക്കും പിന്തുണ നല്‍കിയിട്ടുണ്ട്. അവരുടെ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുമുണ്ട്. എന്നാല്‍, സാമ്രാജ്യത്വം ലോകമാകെ പിടിമുറുക്കുകയും ഇസ്‌ലാമികലോകം അധിനിവേശത്തിന്റെ ഏറ്റവും വലിയ ഇരകളാവുകയും ഒപ്പം രാജ്യത്ത് ഫാഷിസം ശക്തിപ്പെടുകയും കോണ്‍ഗ്രസ് മൃദുഹിന്ദുത്വം നയമായി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇതിനെതിരെ ഒരു പരിധിയോളമെങ്കിലും ശക്തമായ നിലപാട് സ്വീകരിച്ച ഇടതുമുന്നണിയെ പിന്തുണക്കാനാണ് ജമാഅത്തെ ഇസ്‌ലാമി തീരുമാനിച്ചത്. അത് വേണ്ടത്ര സുതാര്യമായും വ്യക്തമായും സമൂഹത്തെ അറിയിക്കുകയും ചെയ്തു. ഒരു ദുരൂഹതയും അതിന്റെ പിന്നില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍,  ഇടതുഭരണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിയാതെപോയതും വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പറ്റിയ വീഴ്ചയും അതിന് സി.പി.എമ്മിലെ വിഭാഗീയത ഒരു പ്രധാന കാരണമായതും ജമാഅത്ത് ശ്രദ്ധിക്കാതിരുന്നില്ല; സ്വാഭാവികമായും പ്രതികരിക്കാതെയും ഇരുന്നില്ല. അപ്പോഴും പാലോളി കമ്മിറ്റി, അലീഗഢ്കാമ്പസ്, പലിശമുക്ത ബാങ്കിങ് പോലുള്ള ന്യൂനപക്ഷതാല്‍പര്യങ്ങള്‍ക്ക് ഗുണകരമായ നടപടികളോട് സഹകരിക്കുകയും ചെയ്തു. എന്നാല്‍, വികസനക്കാര്യത്തില്‍ ഇടതു-വലതു മുന്നണികളുടേതില്‍നിന്ന് ഭിന്നമായ കാഴ്ചപ്പാടാണ് ജമാഅത്തെ ഇസ്‌ലാമിക്കും സോളിഡാരിറ്റിക്കും. വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സോളിഡാരിറ്റി കിനാലൂരിലും മറ്റും സമരരംഗത്തിറങ്ങി. ഇത് സി.പി.എം-ജമാഅത്തെ ഇസ്‌ലാമി ഏറ്റുമുട്ടലിലാണ് കലാശിച്ചത്. സി.പി.എം നേതൃത്വം രൂക്ഷമായ ആക്രമണവുമായി രംഗത്തിറങ്ങിയപ്പോള്‍ ജമാഅത്തും ശക്തമായിത്തന്നെ തിരിച്ചടിച്ചു. അന്നത്തെ വാക്ശരങ്ങളാണ് ഇന്ന് യു.ഡി.എഫ് അനുകൂല മീഡിയ ഉദ്ധരിക്കുന്നത്. ഇതൊക്കെ നിഷേധിക്കേണ്ട ഒരാവശ്യവും ഇല്ല. അതേയവസരത്തില്‍ പരസ്‌പരം തെറ്റിദ്ധാരണകളകറ്റാനും യോജിക്കുന്ന പ്രശ്‌നങ്ങളില്‍ സാധ്യമായേടത്തോളം സഹകരിക്കാനും വഴിതേടിയാണ് പിന്നീട് സി.പി.എം-ജമാഅത്ത് ചര്‍ച്ചകള്‍ നടന്നത്. ഗെസ്റ്റ്ഹൗസ് പോലെ തുറന്ന വേദികളില്‍ നടന്ന ചര്‍ച്ചകള്‍ എങ്ങനെ രഹസ്യമാവും? തെരഞ്ഞെടുപ്പ്‌സഖ്യമോ ധാരണയോ രൂപപ്പെട്ടിട്ടില്ലെന്നിരിക്കെ രഹസ്യധാരണയെപ്പറ്റിയുള്ള പ്രചാരണം അടിസ്ഥാനരഹിതവും കുത്സിതവുമാണ്. ഈജിപ്തിലെ ജനകീയവിപ്ലവത്തെ വിശകലനം ചെയ്യവെ സി.പി.എം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്, മതേതരശക്തികളും ഇസ്‌ലാമും തമ്മില്‍ ജനാധിപത്യത്തിനായുള്ള പോരാട്ടത്തില്‍ സഹകരണം പ്രസക്തമാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്. സാര്‍വദേശീയതലത്തില്‍ സാമ്രാജ്യത്വത്തിനും ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കുമെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷത്തിനും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും യോജിപ്പിന്റെ ഇടം കണ്ടെത്താമെങ്കില്‍ ഇന്ത്യയിലും സാമ്രാജ്യത്വ അജണ്ടകള്‍ക്കും ഫാഷിസത്തിനും കട്ടപിടിച്ച അഴിമതിക്കുമെതിരെ ഇരുകൂട്ടരുടെയും സഹകരണം പ്രസക്തമാണ് എന്നല്ല അനുപേക്ഷ്യമാണ്. യു.പി.എ ഭരിക്കുമ്പോള്‍ ഇടതുപക്ഷപിന്തുണക്കാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി മുന്‍ഗണന നല്‍കിയിരുന്നതെന്ന് വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തി. കേരളത്തിലും ബംഗാളിലും രാഷ്ട്രീയ കാരണങ്ങളാല്‍ ഇരുകൂട്ടരും എതിര്‍പക്ഷത്ത് നില്‍ക്കുന്നത് വേറെ കാര്യം. ഇതുപറയുമ്പോഴും കമ്യൂണിസ്റ്റ്പാര്‍ട്ടികളോടുള്ള മൗലികവിയോജനം ജമാഅത്തെ ഇസ്‌ലാമി മറക്കുകയോ ഒളിപ്പിക്കുകയോ ചെയ്യുന്നില്ല; നേരെ മറിച്ചും അതേ. ആദര്‍ശത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ 'അസുഖ'മേ ഇല്ലാത്ത പാര്‍ട്ടികള്‍ക്ക് ഇതൊന്നും തിരിയുകപോലുമില്ല. അവര്‍ക്ക് അവസരവാദം തന്നെ ആദര്‍ശം.
ജമാഅത്തെ ഇസ്‌ലാമി രൂപവത്കരിക്കാന്‍ പോവുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് സി.പി.എം സംരക്ഷണം ഉറപ്പുനല്‍കിയതിന്റെ പ്രത്യുപകാരമായിട്ടാണ് തെരഞ്ഞെടുപ്പില്‍ വോട്ട് നല്‍കാന്‍ തീരുമാനിച്ചതെന്ന് 'മലയാളത്തിന്റെ സുപ്രഭാതം' ഒന്നാംപേജില്‍ കാച്ചിയത് കണ്ടപ്പോള്‍ ഊറിച്ചിരിക്കാനാണ് തോന്നിയത്. പാര്‍ട്ടി വന്നില്ല, ആദര്‍ശവും നയവും പരിപാടിയും പ്രഖ്യാപിച്ചില്ല, എന്ത് സംരക്ഷണമാണ് ഒരു ജനാധിപത്യപാര്‍ട്ടിക്ക് വേണ്ടതെന്ന് ആലോചിച്ചുപോലുമില്ല. നിലവിലുള്ള എല്ലാ പാര്‍ട്ടികള്‍ക്കും മുന്നണിക്കും ബദലായി ഒരു പാര്‍ട്ടി പിറന്നുവീഴുമ്പോള്‍ അതിന് എങ്ങനെയാണ് അവയുടെ സംരക്ഷണം ലഭിക്കുക എന്നും മനസ്സിലാവുന്നില്ല. പാര്‍ട്ടി വന്നാല്‍ ആരെല്ലാമായി എന്തടിസ്ഥാനത്തില്‍ ചര്‍ച്ചയാവാം, ധാരണയാവാം, സഖ്യമാവാം എന്നീ കാര്യങ്ങള്‍ ആ പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കുക. അത് ഇപ്പോള്‍തന്നെ തീരുമാനിക്കാഞ്ഞിട്ട് ജമാഅത്തെ ഇസ്‌ലാമിക്ക് ബേജാറൊന്നുമില്ല. അതുപോലെ തെരഞ്ഞെടുപ്പ് തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒരിടത്തും ജമാഅത്ത് പ്രവര്‍ത്തകര്‍ കാമ്പയിന്‍ ആരംഭിക്കുന്ന പ്രശ്‌നമില്ല. ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ പ്രചാരണം നടത്തണമോ എന്നും തീരുമാനിച്ചിട്ടില്ലെന്നിരിക്കെ വലതുപക്ഷ മീഡിയയുടെ കുത്തിത്തിരുപ്പുകള്‍ ജനം തിരിച്ചറിയും.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More