Tuesday, April 5, 2011

ജമാഅത്തെ ഇസ്‌ലാമി - സി പി എം ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പിണറായി വിശദീകരിക്കണം-ഉമ്മന്‍ചാണ്ടി


Imageവീക്ഷണം- കാസര്‍ഗോഡ്:  ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി സി പി എം നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറത്തുപറയണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി.
പ്രസ് ക്ലബില്‍ മീറ്റ ദ ലീഡര്‍ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ജമാഅത്തെ ഇസ്‌ലാമിയെ പൊതുസമൂഹത്തില്‍ പരസ്യമായി തള്ളിപ്പറയുകയും അവരെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച് ലേഖനവുമെഴുതിയ വ്യക്തിയാണ് പിണറായി. ദേശവിരുദ്ധ സംഘടനയുമായി ചേര്‍ന്ന് രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെന്ന് ആക്ഷേപിച്ച പിണറായി ജമാഅത്തെ ഇസ്‌ലാമിയെ തള്ളിപ്പറയാന്‍ തയ്യാറുണ്ടോയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ഇതിന്റെ വെളിച്ചത്തില്‍ അവരുമായി നടത്തിയ ചര്‍ച്ചയെന്താണ് ? ജമാഅത്തെ ഇസ്‌ലാമി ഭീകരവാദികളാണെന്ന നിലപാടില്‍ മാറ്റമുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് സി പി എം വ്യക്തമായ മറുപടി ജനങ്ങള്‍ക്ക് നല്‍കണം. തിരഞ്ഞെടുപ്പ് സമയത്ത് ആരെയും പ്രകോപിപ്പിക്കാന്‍ യു ഡി എഫ് തയ്യാറല്ലെന്നും ആരുടയും വോട്ട് വേണ്ടെന്ന് തങ്ങള്‍ പറയാറില്ലെന്നും ചോദ്യത്തിനുത്തരമായി പ്രതിപക്ഷനേതാവ് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുമായു കൂട്ടുകൂടുന്ന സമീപനം യു ഡി എഫ് എടുത്തിട്ടില്ല.
 
മുസ്‌ലിം സമുദായങ്ങളുടെ കൂട്ടായ്മയില്‍ നിന്നും മാറ്റിനിര്‍ത്തിയ സംഘടനയെന്നാക്ഷേപിച്ച സി പി എം ഇപ്പോള്‍ അവരെ ചെന്നുകണ്ട് സഹായം തേടുന്നത് പരാജയഭീതിയില്‍ നിന്നുമാണ്. വി എസിന്റെ മകനെക്കുറിച്ച് ആക്ഷേപങ്ങള്‍ പ്രതിപക്ഷനേതാവ് എഴുതിനല്‍കിയാല്‍ താന്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന വാക്ക് മുഖ്യമന്ത്രി വിഴുങ്ങിയിരിക്കയാണ്. 11 ആക്ഷേപമടങ്ങുന്ന പരാതി രേഖാമൂലം കൊടുത്തിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം എ ഡി ജി പിയെക്കൊണ്ടന്വേഷിപ്പിക്കാന്‍ തയ്യാറായ അച്യുതാനന്ദന്‍ തന്റെ മകനെതിരായ പരാതി ലോകായുക്തക്കുവിടുകയാണ് ചെയ്തത്. ഇത് അനീതിയാണ്. ഐസ്‌ക്രീം കേസ് സംബന്ധിച്ച നിരീക്ഷണം മുഖ്യമന്ത്രി നേരിട്ട് നടത്തുമെന്നു പറയുന്നത് ഗുരുതരമായ പിഴവാണ്. അന്വേഷണ പരിധിയിലുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിക്കെന്നല്ല ആര്‍ക്കും ഇടപെടാന്‍ അവകാശമില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വന്‍ വിജയം നേടുമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയോഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയും പര്യടനത്തിനെത്തുന്നതോടെ യു ഡി എഫ് ഗ്രാഫ് കടുതല്‍ ഉയരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സിബിജോണ്‍തൂവല്‍ അധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് കെ വെളുത്തമ്പു, കെ പി സി സി നിര്‍വാഹക സമിതിയംഗം പി ഗംഗാധരന്‍ നായര്‍ സംബന്ധിച്ചു.


0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More