Tuesday, April 5, 2011

യു.ഡി.എഫിന്റേത് വര്‍ഗീയ മുഖം.-വി.എസ്. അച്യുതാനന്ദന്‍.

on April 5, 2011

ഐക്യജനാധിപത്യമുന്നണിക്ക് സമനില നഷ്ടപ്പെട്ടുവെന്ന് ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ യു.ഡി.എഫിന്റെ അടി മുതല്‍ മുടി വരെയുള്ളവര്‍ പൂര്‍ണമായും ദിശാബോധം നഷ്ടപ്പെട്ട് പരസ്പരവിരുദ്ധമായി എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്.
അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് തിങ്കളാഴ്ച കണ്ടത്. ജമാഅത്തെ ഇസ്ളാമിയുമായി എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയെന്ന നട്ടാല്‍ കുരുക്കാത്ത നുണയാണ് വയലാര്‍ രവിയും ചെന്നിത്തലയും ഇ.ടി. മുഹമ്മദ് ബഷീറുമെല്ലാം എഴുന്നള്ളിച്ചത്. സി.പി.ഐ-എം സംസ്ഥാന സെക്രട്ടറിയെ ജമാ-അത്തെ ഇസ്ളാമി കേരള അമീര്‍ ശ്രീ. ടി. ആരിഫലി ചെന്നു കണ്ടുവെന്നും അത് തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനാണെന്നുമാണ് വയലാര്‍ രവിയെപ്പോലുള്ളവര്‍ വെച്ചുകാച്ചിയത്. പിണറായി വിജയന്‍ ആരിഫലിയെ അങ്ങോട്ട് ചെന്നു കണ്ടതല്ല. സി.പി.ഐ-എമ്മോ ഇടതുപക്ഷ ജനാധിപത്യമുന്നണിയോ മുന്നണിക്ക് പുറത്തുള്ള ഏതെങ്കിലും പാര്‍ട്ടിയുടെ പിന്തുണ തേടിയിട്ടില്ല. ജമാ-അത്തെ ഇസ്ളാമിയുമായി തിരഞ്ഞെടുപ്പ് ധാരണയുടെ പ്രശ്നം ഉദിക്കുന്നതേയില്ല.
ജമാ-അത്തെ ഇസ്ളാമിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചതും അങ്ങോട്ട് ചെന്ന് ചര്‍ച്ച നടത്തിയതും യു.ഡി.എഫ്. നേതാക്കളാണെന്ന് ആരിഫലിതന്നെ വ്യക്തമാക്കിയിരിക്കുന്നു. കെ.പി.സി.സി. സെക്രട്ടറി എം.ഐ. ഷാനവാസ് വന്നു കണ്ട് സഹായം ചോദിച്ചെന്ന് ആരിഫലി വ്യക്തമാക്കി. രമേശ് ചെന്നിത്തല ജമാ-അത്ത് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്താന്‍ അവസരമുണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ രമേശുമായി മാത്രം ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന ജമാ-അത്തിന്റെ നിലപാടിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച്ചക്ക് ആഗ്രഹിക്കുന്നു എന്ന വിവരം യു.ഡി.എഫ്. നേതാവായ എം.പി. വീരേന്ദ്രകുമാര്‍ ജമാ-അത്തിന്റെ ആസ്ഥാനത്തെത്തി അവരെ അറിയിച്ചതായും വിവരമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എം.എസ്.എഫ്. നേതാവ് ഡോ. അഷറഫിന്റെ വീട്ടില്‍വെച്ച് ചെന്നിത്തല ജമാ-അത്ത് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ച്ച ദൃശ്യമാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഇതെല്ലാം മറച്ചുവെച്ചാണ് ആരിഫലി സി.പി.ഐ-എം സംസ്ഥാന സെക്രട്ടറിയെ ചെന്നു കണ്ടതിനെക്കുറിച്ച് യു.ഡി.എഫ്. ദുര്‍വ്യാഖ്യാനം നടത്തുന്നത്.
ജമാ-അത്തെ ഇസ്ളാമി എന്തു നിലപാടെടുക്കണമെന്ന് തീരുമാനിക്കുന്നത് അവരാണ്. ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ജമാ-അത്തെ ഇസ്ളാമി പൂര്‍ണമായും ഒരു മതാധിഷ്ഠിത സംഘടനയാണ്. മതനിരപേക്ഷ രാഷ്ട്രീയത്തിന് എതിരാണ് അവരുടെ പ്രത്യയശാസ്ത്രം. ഞങ്ങള്‍ അതിനെതിരെ ശക്തമായ നിലപാട് എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. അതിന് മാറ്റമില്ല.
എന്നാല്‍ കേരളത്തില്‍ വര്‍ഗീയ രാഷ്ട്രീയം മുറുകെപിടിക്കുന്ന വലിയ പാര്‍ട്ടിയാണ് മുസ്ളിംലീഗ്. വര്‍ഗീയ പാര്‍ട്ടിയായ മുസ്ളിംലീഗാണ് കോണ്‍ഗ്രസ് മുന്നണിയിലെ രണ്ടാമത് കക്ഷി. ആ കക്ഷിയുടെ നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിയെ യു.ഡി.എഫ്. നിയമസഭാ കക്ഷിയുടെ ഉപനേതാവാക്കാമെന്ന രഹസ്യധാരണയുണ്ടാക്കിയിട്ടുണ്ടെന്നത് പരസ്യമായിക്കഴിഞ്ഞിരിക്കുന്നു. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന് അവര്‍തന്നെ പറയില്ല. വാസ്തവത്തില്‍ യു.ഡി.എഫ്. മതനിരപേക്ഷതയ്ക്കെതിരും വര്‍ഗീയതയെ തരാതരം താലോലിക്കുന്നതുമായ ഒരു മുന്നണിയാണെന്നതും പകല്‍ വെളിച്ചംപോലെ വ്യക്തമാണ്. തങ്ങളുടെ വര്‍ഗീയ മുഖം മറനീക്കി പുറത്തുവന്നതിന്റെ ജാള്യത്തിലാണ് ജമാ-അത്തെ ഇസ്ളാമിയുമായി സി.പി.ഐ-എം ധാരണയുണ്ടാക്കി എന്ന നുണപ്രചാരണം നടത്തുന്നത്.
ഇടതുപക്ഷ ജനാധിപത്യമുന്നണി എക്കാലത്തും മതനിരപേക്ഷതയ്ക്കു വേണ്ടിയാണ് നിലകൊണ്ടതെന്നത് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ജനങ്ങളുടെ അനുഭവത്തിലുള്ളതാണ്. എല്ലാ മതങ്ങളിലും പെട്ട പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും താല്‍പ്പര്യസംരക്ഷണത്തിനാണ് എല്‍.ഡി.എഫ്. ഊന്നല്‍ നല്‍കുന്നത്. സാമൂഹ്യനീതിക്കു വേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. എന്നാല്‍ മേല്‍ത്തട്ടുകാരുടെ താല്‍പ്പര്യത്തിനുവേണ്ടി നിലകൊള്ളുന്ന യു.ഡി.എഫ് ആ താല്‍പ്പര്യസംരക്ഷണത്തിനായി വര്‍ഗീയതയെ തരാതരം ഉപയോഗിക്കുന്നു.
പരാജയം ഉറപ്പായതിനെത്തുടര്‍ന്ന് സ്ഥലജല ഭ്രാന്തിയോടെ അവര്‍ നടത്തുന്ന ആരോപണങ്ങളെ പ്രബുദ്ധ ജനത അവജ്ഞയോടെ തള്ളിക്കളയും. അത് മനസ്സിലാക്കിയാണ് ജമാ-അത്തെ ഇസ്ളാമിയുമായി ധാരണ എന്ന കള്ളക്കഥ കൊണ്ടുവന്നത്.

ഞങ്ങള്‍ ഒരു പ്രകടനപത്രിക മുന്നോട്ടുവെച്ചാണ് മത്സരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണവിരുദ്ധ വികാരമില്ലാത്ത ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. കോണ്‍ഗ്രസ്സിലും ലീഗിലും ബി.ജെ.പി.യിലും ജമാ-അത്തെ ഇസ്ളാമിയിലും എല്ലാം അണിനിരന്നിട്ടുള്ള വോട്ടര്‍മാര്‍ ഞങ്ങളുടെ പ്രകടനപത്രികയുടെ മേ• കാണുകയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ അനുഭവിക്കുകയും ചെയ്തവരാണ്. അതുകൊണ്ട് അവരില്‍ വലിയൊരു ഭാഗം ഇത്തവണ എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്നുറപ്പാണ്. ഇപ്പോള്‍ എതിര്‍ ചേരിയില്‍ ഏത് പ്രസ്ഥാനങ്ങളിലും അണിനിരന്നിട്ടുള്ള സാധാരണക്കാരെ ഞങ്ങളുടെ നിലപാടിനോടൊപ്പം കൊണ്ടുവരുന്നതിനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് ആ പ്രവര്‍ത്തനത്തിന്റെ പ്രധാനപ്പെട്ട ഒരു മുഹൂര്‍ത്തമാണ്. വലതുപക്ഷത്തെ അണികളെ മുഴുവന്‍ അവിടെ എക്കാലത്തും നിലനിര്‍ത്താനല്ല, എല്‍.ഡി.എഫിനനുകൂലമായി മാറ്റുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ജനാധിപത്യവിശ്വാസികളും വികസന തല്‍പ്പരരുമായ മുഴുവന്‍ കേരളീയരുടെയും വോട്ടിനാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More