Monday, April 4, 2011

വോട്ടിനുപകരം ജമാഅത്ത് പാര്‍ട്ടിക്ക് സിപിഎം സംരക്ഷണം-മനോരമ


-മിന്റു പി. ജേക്കബ്
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വിജയം ഉറപ്പിക്കാന്‍ ജമാഅത്തെ ഇസ്ലാമിയുടെ 'സൈലന്റ് സ്ക്വാഡ്. സ്ത്രീകളും യുവാക്കളും അടങ്ങുന്ന സ്ക്വാഡ് ഇതിനോടകം നിയമസഭ മണ്ഡലങ്ങളില്‍ ഇടതു മുന്നണിക്കു വോട്ടഭ്യര്‍ഥിച്ചു തുടങ്ങി. സിപിഎം - ജമാഅത്തെ ഇസ്ലാമി തിരഞ്ഞെടുപ്പു സഖ്യ ചര്‍ച്ചയുടെ തുടര്‍ച്ചയാണ് കില്ലിങ് സ്ക്വാഡ് എന്ന രഹസ്യ നാമത്തില്‍ അറിയപ്പെടുന്ന സംഘം.

സിപിഎം മല്‍സരിക്കുന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് സ്ക്വാഡിന്റെ പ്രവര്‍ത്തനമെങ്കിലും ഇടതു മുന്നണിയുടെ  ഭരണത്തുടര്‍ച്ചയ്ക്കു വേണ്ടിയാണു സ്ക്വാഡ് വോട്ടഭ്യര്‍ഥിക്കുന്നത്. തിരഞ്ഞെടുപ്പിനു ശേഷം കേരളത്തില്‍ പിറവിയെടുക്കാന്‍ ഒരുങ്ങുന്ന മുന്നണി ബന്ധത്തിന്റെ ആദ്യ ചുവടുവയ്പായാണ് സിപിഎം - ജമാഅത്തെ ഇസ്ലാമി തിരഞ്ഞെടുപ്പു സഖ്യത്തെ രാഷ്ട്രീയ ലോകം കാണുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടി ഈ വര്‍ഷം മേയില്‍ നിലവില്‍ വരുമ്പോള്‍ അതിനെ കേരളത്തില്‍ സംരക്ഷിക്കാമെന്ന ഉറപ്പിലാണ് സംഘടനയുടെ വോട്ട് സിപിഎം വാങ്ങുന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയെ മുസ്ലിം ലീഗില്‍ നിന്നു സംരക്ഷിക്കണമെന്ന ആവശ്യം കഴിഞ്ഞ 20നു നടന്ന ചര്‍ച്ചയില്‍ ജമാഅത്ത് നേതൃത്വം സിപിഎമ്മിനു മുന്നില്‍ വച്ചിരുന്നു, ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ ഉറപ്പും ലഭിച്ചു. ബേപ്പൂരില്‍ വീണ്ടും ജനവിധി തേടുന്ന വ്യവസായ മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തിലാണ് ജമാഅത്തെ ഇസ്ലാമി - സിപിഎം സഖ്യ ചര്‍ച്ചയ്ക്കു കളമൊരുങ്ങിയത്. മാര്‍ച്ചില്‍ കോഴിക്കോട്ട് ജമാഅത്ത് നേതൃത്വവുമായി വ്യവസായ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.

കോഴിക്കോട് സൌത്ത്, ബേപ്പൂര്‍, കുറ്റ്യാടി, അഴീക്കോട് മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പരാജയം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു രഹസ്യ ചര്‍ച്ച. ഇതേ തുടര്‍ന്ന്, കോഴിക്കോട് സൌത്ത്, നോര്‍ത്ത് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജമാഅത്ത് ആസ്ഥാനമായ ഹിറാ സെന്ററിലെത്തി അമീര്‍ ടി. ആരിഫലിയെ കണ്ടിരുന്നു. ഇതിനു ശേഷമാണ് പാര്‍ട്ടി നേതൃത്വവുമായി വിശാല തിരഞ്ഞെടുപ്പു സഖ്യ ചര്‍ച്ച നടന്നത്.

മാര്‍ച്ച് 20ന് ആലപ്പുഴ ഗസ്റ്റ് ഹൌസില്‍ പിണറായി വിജയനുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് 29നു ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചനാ സമിതി (ശൂറ) എല്‍ഡിഎഫിനെ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തുടര്‍ച്ചയാണ് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നതെന്നും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കണമെന്നും കൂടിയാലോചനാ സമിതിയുടെ തീരുമാനത്തില്‍ പറയുന്നു. പ്രത്യേകം ഏതെങ്കിലും മണ്ഡലങ്ങളില്‍ ഇതില്‍ നിന്നു വ്യത്യസ്തമായി നിലപാട് എടുക്കേണ്ടതുണ്ടോ എന്നും കൂടിയാലോചനാ സമിതിയുടെ തീരുമാനത്തില്‍ ചോദിക്കുന്നുണ്ട്.

എന്നാല്‍, ഏതെങ്കിലും മണ്ഡലത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത നിലപാടെടുക്കണമെന്ന് ഒരു തലത്തിലും ആവശ്യം ഉയര്‍ന്നിട്ടില്ല. അതേ സമയം സിപിഎം - ജമാഅത്തെ ഇസ്ലാമി സഖ്യത്തോട് രണ്ടു പക്ഷത്തും എതിര്‍പ്പും രൂക്ഷമാണ്. പ്രഖ്യാപിത നിലപാടു കാറ്റില്‍പ്പറത്തി, പാര്‍ട്ടി തീവ്രവാദികള്‍ എന്നു വിളിച്ചു വിശേഷിപ്പിച്ചവരുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെ സിപിഎമ്മിനുള്ളില്‍ വലിയൊരു വിഭാഗം ചോദ്യം ചെയ്യുന്നു. സഖ്യം പാര്‍ട്ടിക്കും മുന്നണിക്കും ദോഷകരമാണെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു.

സ്ഥാനാര്‍ഥിkകള്‍ ആരിഫലിയെ കണ്ടതു സംബന്ധിച്ച് അനുഗ്രഹം വാങ്ങാന്‍ പോയി എന്നാണ് ഈ വിഭാഗം വിശേഷിപ്പിക്കുന്നത്. സഖ്യത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമിയിലും കടുത്ത എതിര്‍പ്പുണ്ട്. എന്നാല്‍, സംഘടനയുടെ കേഡര്‍ സ്വഭാവം എതിര്‍പ്പുകളെ അമര്‍ച്ച ചെയ്യാന്‍ കെല്‍പ്പുള്ളതായതിനാല്‍ ഒരു പിളര്‍പ്പിനോ പരസ്യ പ്രസ്താവനയ്ക്കോ ജമാഅത്തില്‍ സാധ്യതയില്ല. അതേസമയം, ജമാഅത്തെ ഇസ്ലാമിയിലെ അഭിപ്രായ വ്യത്യാസത്തിന്റെ പ്രകടമായ പ്രതിഫലനമാണ് കേരള ഘടകം പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേലിന്റെ രാജി. രാജിയെത്തുടര്‍ന്ന് സംഘടനയ്ക്കുള്ളില്‍ സഖ്യ നീക്കത്തെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ച സജീവമാണ്.

എന്നാല്‍, സംഘടനയ്ക്കു ദോഷം വരുന്ന തരത്തില്‍ ചര്‍ച്ചകള്‍ നീങ്ങുന്നത് നേതൃത്വം ഇടപെട്ട് തടയുന്നുണ്ട്. ജമാഅത്തിനെ തീവ്രവാദികളായി ചിത്രീകരിക്കുകയും തെരുവില്‍ തല്ലിച്ചതയ്ക്കുകയും ചെയ്ത ഒരു പ്രസ്ഥാനത്തോടു കൂട്ടു കൂടുന്നതിനെ ചോദ്യം ചെയ്താണ് ഹമീദ് വാണിമേല്‍ സംഘടന വിട്ടത്. പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയില്‍ ഇടതു മുന്നണിയുമായി പലപ്പോഴും ചര്‍ച്ചയ്ക്കു പോയിട്ടുള്ള ഹമീദ് വാണിമേലിനു സിപിഎമ്മിന്റെ നിലപാടിനോടു കടുത്ത എതിര്‍പ്പായിരുന്നു.

ഈ എതിര്‍പ്പ് സംഘടനാനേതൃത്വത്തെ അറിയിച്ചതാണ് ഒടുവില്‍ ഹമീദിന്റെ തന്നെ രാജിയില്‍ കലാശിച്ചത്. സംഘടനയ്ക്കുള്ളില്‍ നിന്ന് ആളുകള്‍ അനുഭാവം പ്രകടിപ്പിക്കാന്‍ വിളിക്കുന്നുണ്ടെങ്കിലും ഇതിന്റെ പേരില്‍ പിളര്‍പ്പിനു സാധ്യതയില്ലെന്നു ഹമീദ് പറഞ്ഞു. ഇടതു ബന്ധത്തെ എതിര്‍ക്കുന്നവരെ സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നില്ല. എന്നാല്‍, തന്റെ തീരുമാനത്തോടു സംഘടനയുടെ പ്രതികരണം തീവ്രമായിരിക്കുമെന്നും ഹമീദ് ഭയക്കുന്നു. തന്റെ അടുത്ത നീക്കം ജമാ അത്ത് നേതൃത്വം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. അവരുടെ പ്രതികരണത്തെ പ്രതിരോധിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും മറ്റു രാഷ്ട്രീയ തീരുമാനം ഉടന്‍ ഇല്ലെന്നും ഹമീദ് പറഞ്ഞു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More