Monday, April 11, 2011

മൊഴിചൊല്ലിയവരുമായി വീണ്ടും നിക്കാഹിനൊരുങ്ങുമ്പോള്‍


Imageപി മുഹമ്മദലി
തീവ്രവാദി സംഘടനയായി തള്ളിപ്പറഞ്ഞ ജമാ അത്തെ ഇസ്‌ലാമിയുമായി വീണ്ടും സഖ്യത്തിലേര്‍പ്പെടാനുള്ള സി പി എം തീരുമാനം ഇരുസംഘടനകളിലും വന്‍ പൊട്ടിത്തെറിക്ക് കാരണമാവുന്നു.
ആഴ്ചകള്‍ക്ക് മുമ്പുവരെ ജമാഅത്തെ ഇസ്‌ലാമിയുടെ ഭീകരപ്രവര്‍ത്തനങ്ങളും വിദേശബന്ധങ്ങളും ആരോപിച്ച് അവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച പിണറായി വിജയന്‍തന്നെ വോട്ടുകച്ചവടത്തിന് ഇറങ്ങിയത് സി പി എമ്മിന്റെ രാഷ്ട്രീയ വിശ്വാസ്യതയുടെ ഏറ്റവും വലിയ തകര്‍ച്ചയായാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കാത്ത സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും ദൈവരാഷ്ട്രമാണ് അവരുടെ ലക്ഷ്യമെന്നും അവര്‍ വളര്‍ന്നാല്‍ ഇന്ത്യ വീണ്ടും മറ്റൊരു വിഭജനത്തിന് ഇരയാകുമെന്നും പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനമെഴുതുകയും അതിരൂക്ഷമായ രീതിയില്‍ ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കുകയും ചെയ്ത നേതാവാണ് പിണറായി. ഇന്ത്യയെ ശിഥിലമാക്കാന്‍ വിദേശരാഷ്ട്രങ്ങളില്‍നിന്നും പണംപറ്റി രാഷ്ട്രീയ പ്രവര്‍ത്തനവും പ്രസിദ്ധീകരണങ്ങളും നടത്തുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ പള്ളികളിലും മദ്രസകളിലും നടത്തുന്ന മതബോധന പ്രസംഗങ്ങള്‍ മുഴുവനും ദേശവിരുദ്ധമാണെന്നും നിരവധി വേദികളില്‍ അദ്ദേഹം ആരോപണമുയര്‍ത്തിയിരുന്നു.
 
ചെങ്ങറ, മൂലമ്പള്ളി, കിനാലൂര്‍ സമരങ്ങളില്‍ വിധ്വംസക ലക്ഷ്യത്തോടെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി നുഴഞ്ഞുകയറിയതെന്നും വിദേശപണം കൊണ്ട് അവര്‍ സ്‌പോണ്‍സര്‍ ചെയ്തതാണ് ഇത്തരം സമരങ്ങളെന്നും സി പി എംആരോപണമുന്നയിച്ചിരുന്നു. ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെയെന്ന ആശയമാണ് ജമാഅത്തെ ഇസ്‌ലാമിയുടേതെന്നും ഈ വിഷജീവികളെ പാമ്പിനെപോലെ തല്ലിക്കൊല്ലണമെന്നുമുള്ള നിരവധി ലേഖനങ്ങള്‍ ഇക്കാലത്ത് ദേശാഭിമാനിയിലും അനുബന്ധ പ്രസിദ്ധീകരണങ്ങളിലും വരികയുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ഡി പി, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സാമുദായിക സംഘടനകളുമായി ഉണ്ടാക്കിയ പരസ്യ സഖ്യമാണ് എല്‍ ഡി എഫിന്റെ വന്‍ പരാജയത്തിന് കാരണമായതെന്നായിരുന്നു സി പി എം കേന്ദ്രകമ്മിറ്റിയുടെയും പി ബിയുടെയും കണ്ടെത്തല്‍. പക്ഷെ, ഇത്തരം സാമുദായിക സംഘടനകളുമായുള്ള അവിഹിത വേഴ്ചയുടെ ഇടനിലക്കാരനായിരുന്ന പിണറായിയും സംസ്ഥാന ഘടകവും കേന്ദ്ര നേതൃത്വത്തിന്റെ നിരീക്ഷണം അംഗീകരിച്ചിരുന്നില്ല. പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയോട് സി പി എം പ്രകടിപ്പിച്ച അമിത സ്‌നേഹവും തിരിച്ചടിക്ക് കാരണമായെന്നും വിലയിരുത്തപ്പെടലുണ്ടായി. ന്യൂനപക്ഷ വര്‍ഗീയ പ്രീണനം നടത്തി കൈപൊള്ളിയ സി പി എം അത് ശമിപ്പിക്കാനുള്ള ചികിത്സ കണ്ടെത്തിയത് ഭൂരിപക്ഷ വര്‍ഗീയ പ്രീണനത്തിലൂടെയായിരുന്നു. ജമാഅത്തെ ഇസ്‌ലാമിക്കെതിരെയുള്ള അക്രമം ഇതിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ വിസര്‍ജ്ജ്യം ഭക്ഷിക്കുംപോലെ എതിര്‍ത്തതിനെ വാഴ്‌ത്തേണ്ട അവസരവാദം സി പി എം അണികളില്‍ മാത്രമല്ല; ഇടതുസഹചാരികളിലും കനത്ത അമര്‍ഷവും വിമര്‍ശനവും സൃഷ്ടിച്ചിട്ടുണ്ട്.

നയപരമായ കാര്യങ്ങളില്‍ ഒരിക്കലും ഭിന്നത പുറത്തുവരാത്ത ജമാ അത്തെ ഇസ്‌ലാമിയില്‍ സി പി എം പുനരൈക്യത്തെ സംബന്ധിച്ച് രൂക്ഷമായ അഭിപ്രായ വ്യത്യാസം പൊട്ടിപ്പുറപ്പെട്ടിരിക്കയാണ്. ഇതിന്റെ ഭാഗമായാണ് സംഘടനയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍ രാജിവെച്ച് നേതൃത്വത്തിന്റെ വഞ്ചനക്കെതിരെ ആഞ്ഞടിച്ചത്. ആര്‍ എസ് എസ് പോലും ആരോപിക്കാത്ത രാജ്യദ്രോഹക്കുറ്റം സംഘടനയുടെ പേരില്‍ ചുമത്തിയ സി പി എമ്മിനോട് യോജിക്കാന്‍ ആത്മാഭിമാനമുള്ള ഒരു ജമാഅത്തെ പ്രവര്‍ത്തകനും സാധ്യമല്ല. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഇരുനൂറിലേറെ ജമാഅത്തെ പ്രവര്‍ത്തകരെയാണ് സി പിഎം  അതിക്രൂരമായി മര്‍ദ്ദിച്ചത്. കിനാലൂര്‍ സമരത്തിന്റെപേരില്‍ നൂറുകണക്കിന് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരെയാണ് സി പി എം പ്രാദേശിക നേതൃത്വംനല്‍കിയ ലിസ്റ്റ് അനുസരിച്ച് കേസെടുത്തിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധിപേര്‍ക്കുനേരെയുണ്ടായ പൊലീസ് മര്‍ദ്ദനത്തിന്റെ മുറിവ് മാറുംമുമ്പെ സി പി എമ്മിന് വോട്ടുചെയ്യാന്‍ തങ്ങള്‍ക്കാവില്ലെന്ന് കിനാലൂരിലെയും കക്കോടിയിലെയും ജമാഅത്തെ പ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നു.
 
ജമാഅത്തെ ഇസ്‌ലാമിയിലെ പ്രത്യയശാസ്ത്ര പ്രബുദ്ധരായ അണികള്‍ സി പി എം സഖ്യത്തെ അംഗീകരിക്കില്ലെന്നും കച്ചവട താത്പര്യമുള്ള ചില നേതാക്കളും അവരുടെ മക്കളുമാണ് തീരുമാനത്തിന് പിന്നിലെന്നും അണികള്‍ ആരോപിക്കുന്നു. കിനാലൂര്‍ സമരത്തില്‍ ജമാഅത്തെ പ്രവര്‍ത്തകരെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ച വ്യവസായ മന്ത്രി എളമരം കരീം ഒരു വിഭാഗം ജമാഅത്തെ നേതാക്കളെ വിലക്കെടുക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു. ബിഷപ്പുമാരെ നികൃഷ്ടിജീവികളെന്നും ചാട്ടകൊണ്ടടിക്കണമെന്നും ളോഹക്കുള്ളിലെ ചെകുത്താന്‍മാരെന്നും അധിക്ഷേപിച്ച സി പി എം നേതാക്കള്‍ ഇന്ന് അരമനകള്‍ കയറിയിറങ്ങി വിരുന്നുണ്ടും വിശുദ്ധപിതാക്കളുടെ കൈമുത്തിയും കുമ്പസരിക്കയാണ്. അത്തരം ഹീനമായ അവസരവാദമായാണ് സി പി എം-ജമാഅത്തെ ഇസ്‌ലാമി പുനര്‍സഖ്യവും വിലയിരുത്തപ്പെടുന്നത്.


 

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More