Tuesday, April 5, 2011

ജമാഅത്തെ ഇസ്‌ലാമി ഒരു മുന്നണിയെയും പിന്തുണച്ചേക്കില്ല; മന:സാക്ഷി വോട്ടിന് ആലോചന


http://www.newsightkerala.com/?p=3948

ന്യൂഡല്‍ഹി: ജമാഅത്തെ ഇസ്്‌ലാമി കേരളഘടകം ഈ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ല. പകരം പ്രവര്‍ത്തകര്‍ക്ക് മനസാക്ഷിയനുസരിച്ച് വോട്ടുചെയ്യാന്‍ അനുമതി നല്‍കും. കേന്ദ്ര കൂടിയാലോചനാ സമിതിയുടെയും സംസ്ഥാന സമിതിയുടെയും പൊതുധാരണപ്രകാരമാണ് ഈ തീരുമാനം. ഇത് ഈ മാസം 10ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പിലെ നിലപാടു സംബന്ധിച്ച് പരസ്യപ്രഖ്യാപനം നടത്താതെ പ്രവര്‍ത്തകരെ അറിയിക്കുക മാത്രം ചെയ്യാനും ആലോചനയുണ്ട്. മാറിയ സാഹചര്യത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ക്കു ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാവുകയുള്ളു.

ഡല്‍ഹിയില്‍ കേന്ദ്ര ശൂറ(കൂടിയാലോചനാ സമിതി) നടക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള പ്രമുഖ നേതാക്കളുള്‍പ്പെടെ ഡല്‍ഹിയിലുണ്ട്. സംഘടനയുടെ പുതിയ അഖിലേന്ത്യാ അമീറിനെ തിരഞ്ഞെടുക്കാന്‍ കൂടിയുള്ള യോഗമാണിത്. വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം തേടുന്ന പ്രക്രിയയും ഇതിനു സമാന്തരമായി നടക്കുന്നുമുണ്ട്. യൂണിറ്റുതലം മുതലുള്ള പ്രവര്‍ത്തക യോഗങ്ങള്‍ വിളിച്ച് തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് അഭിപ്രായം ആരായുകയാണെന്നാണ് ജമാഅത്ത് നേതൃത്വം പറയുന്നത്. എന്നാല്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചശേഷം അത് വിശദീകരിക്കാന്‍ പ്രവര്‍ത്തകയോഗങ്ങള്‍ വിളിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച പാലക്കാട് ജില്ലയിലെ ഒരു ഏരിയാതല പ്രവര്‍ത്തക യോഗത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയ സംഭവവുമുണ്ടായി. സി.പി.എം ജമാഅത്ത് സംഘര്‍ഷമുണ്ടാവുകയും സി.പി.എം പ്രവര്‍ത്തകരില്‍ നിന്നു ജമാഅത്തുകാര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്ത മുണ്ടൂരില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഇറങ്ങിപ്പോയത്. സി.പി.എം അനുകൂല നിലപാട് വിശദീകരിക്കാന്‍ ജില്ലാതല നേതാക്കള്‍ ശ്രമിച്ചതോടെയായിരുന്നു ഇറങ്ങിപ്പോക്ക്.
ഇടതുമുന്നണിയെ പിന്തുണയ്ക്കാനാണ് ജമാഅത്ത് നേതൃത്വം തത്വത്തില്‍ തീരുമാനിച്ചത്. എന്നാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന ഹമീദ് വാണിമേല്‍ രാജിവെയ്ക്കുകയും സി.പി.എം ജമാഅത്ത് ചര്‍ച്ചയെക്കുറിച്ചു വെളിപ്പെടുത്തുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇനി ഇടതുമുന്നണിയെ പിന്തുണയ്ക്കുക എളുപ്പമല്ലാാതായി മാറുകയും ചെയ്തു. ജമാഅത്തുമായി ചര്‍ച്ച നടത്തിയെന്നു സമ്മതിക്കുകയും എന്നാല്‍ അത് രാഷ്ട്രീയ ചര്‍ച്ചയായിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായി ഉണ്ടാക്കിയ സഖ്യം പിന്നീട് കുഴപ്പമായി മാറിയതിന്റെ അനുഭവപാഠമുള്ള സി.പി.എം ജമാഅത്തിനെ ഫലത്തില്‍ കയ്യൊഴിയുകയാണു ചെയ്തിരിക്കുന്നത്.
അതേസമയം യു.ഡി.എഫിനെ പിന്തുണയ്ക്കുന്നത് ജമാഅത്തിന്റെ ആലോചനയില്‍ വന്നിരുന്നേയില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ ജമാഅത്ത് പിന്തുണ നല്‍കിയ എം.ഐ. ഷാനവാസുമായി നടത്തിയ ചര്‍ച്ചയില്‍ ഇതു തുറന്നു പറഞ്ഞിരുന്നുവെന്നാണു സൂചന. ദേശീയ സാര്‍വദേശീയ രംഗങ്ങളിലെ ഇടതുനിലപാടും വി.എസ് സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും മറ്റു വിശദീകരിച്ച് ഇടത് അനുകൂല നിലപാട് പ്രഖ്യാപിക്കാനാണ് ജമാഅത്ത് തയ്യാറെടുത്തിരുന്നത്. അതിനിടയിലാണ് ഹമീദ് വാണിമേല്‍ വെടിപൊട്ടിച്ചത്. സി.പി.എം നേതൃത്വം സമീപകാലത്ത് നടത്തിയ കടന്നാക്രമണത്തെക്കുറിച്ച് പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറഞ്ഞു ജമാഅത്ത് നേതാക്കള്‍ കുഴയുമ്പോള്‍, അന്നത്തെ വിമര്‍ശനങ്ങള്‍ തന്നെയാണ് സി.പി.എമ്മിനും വിനയായത്. ഇഞ്ചോടിഞ്ച് മല്‍സരം നടക്കുന്ന ഈ തെരഞ്ഞെടുപ്പില്‍, പറഞ്ഞതൊക്കെ മാറ്റിവെച്ച് ജമാഅത്ത് പിന്തുണയും സ്വീകരിക്കാനായിരുന്നു സി.പി.എം നീക്കം. അതാണിപ്പോള്‍ പൊളിഞ്ഞത്. ജമാഅത്തിനാകട്ടെ അവരുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് ഇടം ഉറപ്പിക്കാന്‍ സി.പി.എമ്മുമായി വീണ്ടും അടുക്കുകയായിരുന്നു ഉദ്ദേശം. മുസ്്‌ലിം രാഷ്ട്രീയ പാര്‍ട്ടികളെ തകര്‍ക്കുന്ന മുസ്്‌ലിം ലീഗിന്റെ സാന്നിധ്യമാണ് യു.ഡി.എഫുമായി അടുക്കാന്‍ മുഖ്യതടസം.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More