Tuesday, April 5, 2011

അന്നു പിഡിപി, ഇന്നു ജമാഅത്തെ ഇസ്‌ലാമി


സ്വന്തം ലേഖകന്‍ 

Story Dated:Tue, 05 Apr 2011 07:04:35 BST

കോഴിക്കോട്:തീവ്രവാദ സംഘടന ഒപ്പമില്ലാതെ കേരളത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ചരിത്രം സിപിഎമ്മിനില്ല. ബാംഗ്ലൂര്‍ സ്‌ഫോടനകേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മഅദനിയുടെ നേതൃത്വത്തിലുള്ള പി.ഡി.പിയാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനു ഒപ്പമുണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് ജമാ അത്തെ ഇസ്്‌ലാമിയാണെന്നുമാത്രം. തെരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി സഹകരിച്ചുപോകാന്‍ ജമാഅത്തെ ഇസ്്‌ലാമി തീരുമാനിച്ചുകഴിഞ്ഞു. ഇനി പുറത്തുവരാനിരിക്കുന്നത് ഔദ്യോഗികതീരുമാനം മാത്രം. ഇതിന്റെ ഭാഗമായി രണ്ടുകക്ഷികളും തുടര്‍ന്നുവന്ന പ്രസ്താവന യുദ്ധം അവസാനിപ്പിച്ചുകഴിഞ്ഞു.

കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നു വാദിക്കുന്ന തീവ്രവാദി സംഘടന ഹിസ്ബുല്‍ മുജാഹിദിനെ പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് ജമാഅത്തെ ഇസ്‌ലാമിയുടേതെന്നു പിണറായി വിജയന്‍ പറഞ്ഞത് കഴിഞ്ഞ വര്‍ഷം ജൂണിലാണ്. തേഞ്ഞിപ്പലത്ത് 'ഇഎംഎസിന്റെ ലോകം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. ആ പ്രസ്താവനകൊണ്ടും പിണറായി അടങ്ങിയില്ല; ജമാഅത്തെ ഇസ്‌ലാമിയുടെ പൊയ്മുഖം സിപിഎം തുറന്നു കാട്ടുമെന്നും രാജ്യത്തെയും ദേശീയോദ്ഗ്രഥനത്തെയും അംഗീകരിക്കാത്ത നയമാണ് അവരുടേതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്‌ലാമിയുടെ വാരികയായ പ്രബോധനത്തിന്റെ 1992 മാര്‍ച്ച് ലക്കത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആറ് ജമാഅത്തെ ഇസ്‌ലാമി സംഘടനകള്‍ ഉണ്ടെന്നു പറഞ്ഞതിനെയും പിണറായി പ്രസംഗത്തില്‍ ഉദ്ധരിച്ചു. പിണറായിയുടെ വാക്കുകള്‍ക്ക് അതേ നാണയത്തില്‍ ആരിഫലിയുടെ മറുപടി വന്നു. പിണറായി ഹിന്ദു കാര്‍ഡ് ഇറക്കി കളിക്കുന്നു എന്നായിരുന്നു തൃശൂരില്‍ ആരിഫലി പ്രതികരിച്ചത്.

'ജമാഅത്തെ ഇസ്‌ലാമി കശ്മീരുമായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് ഒരു ബന്ധവുമില്ല. കശ്മീര്‍ പ്രശ്‌നം തന്നെയാണ് ബന്ധമില്ലായ്മയ്ക്കു കാരണം. കശ്മീരിലെ ഭൂമിക്കൊപ്പം ജനങ്ങളും ഇന്ത്യയോടൊപ്പം നില്‍ക്കണം എന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട്. ജമാഅത്തെ ഇസ്‌ലാമിയെ സിപിഎം വിമര്‍ശിക്കുന്നതിനു പിന്നില്‍ രണ്ടു ലക്ഷ്യങ്ങളുണ്ട്. ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചാല്‍ മറ്റു മുസ്‌ലിം വിഭാഗങ്ങളുടെ വോട്ട് ലഭിച്ചേക്കാം. സംഘടനയുടെ പേരില്‍ ഇസ്‌ലാം എന്നുള്ളതിനാല്‍ ഹിന്ദു വോട്ട് സ്വന്തമാക്കുകയും ചെയ്യാം- ആരിഫലി അന്നു പറഞ്ഞു. ഇതെല്ലാംമറന്നാണ് ഇരുപാര്‍ട്ടികളും ഇപ്പോള്‍ തിരഞ്ഞെടുപ്പു സഖ്യത്തിലേക്ക് നീങ്ങുന്നത്. ഇതിന്റെ പ്രതിഫലനം നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും ഇരുവിഭാഗങ്ങളിലെയും അസംതൃപ്തര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ഹുക്കുമത്തെ ഇലാഹി (ദൈവിക ഭരണം) വരാത്ത ഒരു ഭരണ വ്യവസ്ഥയേയും അംഗീകരിക്കരുതെന്ന് സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദുദിയുടെ വിശ്വാസ പ്രമാണത്തിലൂന്നിയായിരുന്നു ജമാഅത്തിന്റെ ജനനവും പ്രവര്‍ത്തനവും. ഇസ്‌ലാമിക ഭരണമല്ല ഇന്ത്യയിലുള്ളതെന്നു വ്യാഖ്യാനിച്ച് ഏറെക്കാലത്തെ അവഗണനയ്ക്കുശേഷം മെറിറ്റില്‍ തന്നെ ജോലി ലഭിച്ച പല മുസ്‌ലിം ചെറുപ്പക്കാരെയും ബാങ്കുകളില്‍നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും രാജിവയ്പിച്ച ചരിത്രമാണ് ജമാഅത്തിന്റേത്. പില്‍ക്കാലത്ത് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ സര്‍ക്കാര്‍ സര്‍വീസുകളില്‍ ഉദ്യോഗം വഹിക്കാന്‍ അവര്‍ക്കനുവദിക്കേണ്ടി വന്നു.ജനാധിപത്യ വ്യവസ്ഥിതിയില്‍ വോട്ടവകാശം വിനിയോഗിച്ചെങ്കില്‍ മാത്രമെ നിലനില്‍പുള്ളൂ എന്ന തിരിച്ചറിവ് ജമാഅത്തിന് പിന്നീടാണുണ്ടായത്.

ആദ്യപടിയായി മൂല്യങ്ങള്‍ പാലിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കു വോട്ട് ചെയ്യണമെന്ന് അവര്‍ ഫത്ത്‌വാ ഇറക്കി. എന്നിട്ടും തങ്ങളുടെ സാന്നിധ്യം അറിയിക്കാനാവുന്നില്ലെന്നു തിരിച്ചറിഞ്ഞതോടെ സ്വന്തം പേരിലല്ലാതെ കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ അവര്‍ സ്വന്തം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചു. മല്‍സര ഫലങ്ങള്‍ ജമാഅത്തിന്റെ കൈ പൊള്ളിച്ചു. മിക്കയിടങ്ങളിലും ജാമ്യ സംഖ്യ നഷ്ടപ്പെട്ടു. അന്നു മുതലുള്ള അന്വേഷണത്തിന്റെ പരിസമാപ്തിയാണ് മാര്‍ക്‌സിസ്റ്റ് നേതൃത്വവുമായി ജമാഅത്ത് അമീര്‍ തന്നെ നടത്തിയ രഹസ്യ ചര്‍ച്ചയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ രാജിയിലേക്കെത്തിച്ച രഹസ്യധാരണയും. ജമാഅത്തെ ഇസ്‌ലാമിയുടെ ആളുകള്‍ ഒരുദിവസം തന്നെ വന്നുകണ്ടു സംസാരിച്ചിരുന്നുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമ്മതിക്കുകയും ചെയ്തു.

അക്കാര്യത്തില്‍ യുഡിഎഫിന് എന്തിനാണു വേവലാതി? ജമാഅത്തിനെ ഞങ്ങള്‍ എല്‍ഡിഎഫില്‍ എടുത്തിട്ടൊന്നുമില്ലല്ലോ? അവരുമായി ചര്‍ച്ച നടത്തിയെന്നതു സത്യമാണ്. ബാക്കി കാര്യം അവരല്ലേ പറയേണ്ടത്? സാധാരണ ഗതിയില്‍ എല്‍ഡിഎഫുമായി അവര്‍ക്കുള്ള ബന്ധം എന്താണെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. രമേശ് ചെന്നിത്തലയ്ക്ക് അതില്‍ വല്ലാത്ത വേവലാതി ഉണ്ടാവേണ്ടതില്ല - പഴയങ്ങാടിയില്‍ എല്‍ഡിഎഫ് പൊതുയോഗത്തില്‍ പിണറായി പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള വര്‍ഗീയശക്തികളുമായി സിപിഎം കൂട്ടുകൂടുകയാണെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. മാര്‍ച്ച് 20നു ജമാഅത്തുമായി സിപിഎം നേതാക്കള്‍ രഹസ്യ ചര്‍ച്ച നടത്തി. ഇതിന്റെ പശ്ചാത്തലം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ വിശദീകരിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. അതേസമയം പിണറായി വിജയനുമായി ചര്‍ച്ച നടത്തിയെന്ന വിവരം പരസ്യമായതോടെ ജാള്യത മറച്ചുവയ്ക്കാന്‍ മറുവാദവുമായി ജമാഅത്തെ ഇസ്‌ലാമികള്‍ രംഗത്തെത്തി.

കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസ് പിന്തുണ അഭ്യര്‍ഥിച്ചു സമീപിച്ചുവെന്നായിരുന്നു അവരുടെ വാദം. ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി സംസാരിച്ചതു തികച്ചും വ്യക്തിപരമായ കാര്യങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് എം.ഐ. ഷാനവാസ് വ്യക്തമാക്കി. ഇപ്പോള്‍ അവര്‍ സിപിഎമ്മുമായി ഉണ്ടാക്കിയിരിക്കുന്ന തിരഞ്ഞെടുപ്പു ധാരണയെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസിനെ ഈ പ്രശ്‌നത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും ഷാനവാസ് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കാന്‍ കെപിസിസി പ്രസിഡന്റോ യുഡിഎഫ് നേതാക്കളോ തന്നെ ചുമതലപ്പെടുത്തിയിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാലുള്ള തന്റെ മൂന്നു മാസത്തെ രാഷ്ട്രീയ ഇടവേളയ്ക്കു ശേഷമാണ് ജമാഅത്തെ കേരള അമീര്‍ ടി. ആരിഫ് അലി, ഹമീദ് വാണിമേല്‍ തുടങ്ങിയ നേതാക്കളുമായി കോഴിക്കോട്ടു വച്ചു സംസാരിച്ചത്. ഇതില്‍ രാഷ്ട്രീയമായി ഒന്നുമില്ല. വ്യക്തിപരമായ സൗഹൃദ സന്ദര്‍ശനമായിരുന്നു അതെന്നും കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിക്കേണ്ടതു സിപിഎമ്മിന്റെ രാഷ്ട്രീയ ആവശ്യമായതുകൊണ്ടാണു പുതിയ വിവാദമെന്നും ഷാനവാസ് പറഞ്ഞു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More