Monday, April 11, 2011

ജമാഅത്ത്: ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് തെളിവില്ലെന്ന് സര്‍ക്കാര്‍


http://www.madhyamam.com/node/76452
കൊച്ചി: ജമാഅത്തെ ഇസ്‌ലാമി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നതിന് തെളിവുകളില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സംഘടനക്കെതിരെ ഇതുസംബന്ധിച്ച് ഇതുവരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം, വിജിലന്‍സ്) കെ. ജയകുമാര്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം വാഴക്കാലയിലെ ഇസ്‌ലാം മത്രപബോധകസംഘം കണ്‍വീനര്‍ അബ്ദുല്‍സമദ് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം. 20 രേഖകളാണ് ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുള്ളത്. ഇവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസിലെ രഹസ്യാനേഷണ വിഭാഗം അന്വേഷണവും പരിശോധനയും നടത്തി. സംഘടനയുടെ പ്രസിദ്ധീകരണങ്ങള്‍ നിരോധിക്കലും പിടിച്ചെടുക്കലും അനിവാര്യമാക്കുന്ന ഒന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. സര്‍ക്കാറിന്റെ വിശദീകരണത്തെത്തുടര്‍ന്ന് ഹരജി വീണ്ടും പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ എന്നിരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സെപ്റ്റംബര്‍ രണ്ടാം വാരത്തിലേക്ക് മാറ്റി. ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ച് സര്‍ക്കാറിന് പ്രതിവാര റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. കോടതിയുടെ മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി, ഇന്റലിജന്‍സ് എ.ഡി.ജി.പി, നിയമ സെക്രട്ടറി, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഹരജിയിലെ ആരോപണങ്ങള്‍ കണക്കിലെടുത്ത് ദേശവിരുദ്ധ ആശയങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രചരിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അഡീഷനല്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കും. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കാനാകൂ. സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കാനും എ.ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കും. 1908ലെ ക്രിമിനല്‍ നിയമഭേദഗതി ആക്ടിലെ 16 ാം വകുപ്പ് പ്രകാരം ഒരു സംഘടനയെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, അതിക്രമങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് തെളിവില്ലാത്ത സാഹചര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഈ വകുപ്പ് ബാധകമാക്കാനാകില്ലെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഘടന ദേശവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും മറ്റും ആരോപിച്ചാണ് ഹരജിക്കാരന്‍ കോടതിയിലെത്തിയത്. ഹരജിയില്‍ പറയുന്നതുപോലുള്ള കാര്യങ്ങളില്‍ സര്‍ക്കാറിന്റെ ശ്രദ്ധ വേണമെന്നതിനാലാണ് അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More