Friday, April 8, 2011

മാറിയതു ജമാഅത്തോ സിപിഎമ്മോ?


 അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് -Manorama 9.4.2011
പരസ്പരം സലാം ചെയ്ത് ആദരിക്കേണ്ട നയങ്ങളാണോ സിപിഎമ്മിന്റേതും ജമാഅത്തെ ഇസ്ലാമിയുടേതും? ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച രാഷ്ട്രീയ നിലപാടില്‍ മാറ്റം വന്നോ എന്നതാണു യഥാര്‍ഥത്തില്‍ സിപിഎം സത്യസന്ധമായി വെളിപ്പെടുത്തേണ്ടത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകള്‍ അവര്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ നിലപാടുകള്‍ ഞാനും വ്യക്തമാക്കി. അതിനപ്പുറമൊന്നും വ്യാഖ്യാനിക്കേണ്ട. തിരഞ്ഞെടുപ്പാകുമ്പോള്‍ പലരും ഇതുപോലെ വന്നുകാണാറുണ്ട്. ജമാഅത്തെ ഇസ്ലാമിക്കാര്‍ കുറച്ചുകാലമായി വരാറില്ലെന്നു മാത്രം. എന്നിങ്ങനെയാണു സിപിഎം സെക്രട്ടറി പാര്‍ട്ടി പത്രത്തിലൂടെ വിശദീകരിക്കുന്നത്.

2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളിലൊഴികെ എല്‍ഡിഎഫിനു പിന്തുണ നല്‍കിയിരുന്നു ജമാഅത്തെ ഇസ്ലാമി. 2010 ജൂണ്‍ മാസത്തോടെ അവര്‍ ദേശവിരുദ്ധ സംഘടനയാണെന്നും കേരളത്തില്‍ ദീര്‍ഘവീക്ഷണത്തോടെ കാപട്യത്തിന്റെ കുപ്പായമണിഞ്ഞ് ഇടതുപക്ഷ നാട്യം നടത്തുകയാണെന്നും ആരോപിച്ചതു പിണറായി വിജയനാണ്. ഇസ്ലാമിന്റെ പേരില്‍ അന്യമത വിദ്വേഷത്തിന്റെ വിഷജ്വാല ഉൌതിക്കത്തിക്കുന്ന ആ സംഘടനയുമായി സിപിഎമ്മിനെന്നല്ല, മതനിരപേക്ഷതയില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു കക്ഷിക്കും പൊരുത്തപ്പെടാന്‍ കഴിയില്ലെന്നു സംശയലേശമെന്യേ അദ്ദേഹം വ്യക്തമാക്കി. പിന്നെ ഇൌ തിരഞ്ഞെടുപ്പുഘട്ടത്തില്‍ ചര്‍ച്ചചെയ്യുന്ന പുതിയ പൊരുത്തപ്പെടലിന്റെ സാധ്യത എന്താണെന്നു വിശദീകരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനല്ലേ?

എത്ര ഗുരുതരമായ ആരോപണങ്ങളാണു സിപിഎം നിലപാടായി പിണറായി വിജയന്‍ കേരള സമൂഹത്തിനു മുന്നില്‍ ജമാഅത്തെ ഇസ്ലാമിയെപ്പറ്റി നിരത്തിവച്ചത്. ഇന്ത്യന്‍ ദേശീയതയെ അംഗീകരിക്കാത്ത സംഘടന. ദേശീയമായ രാഷ്ട്രസങ്കല്‍പങ്ങളെ തകര്‍ക്കുകയെന്ന സാമ്രാജ്യത്വത്തിന്റെ വര്‍ത്തമാനകാല അജന്‍ഡ സ്വയം നടപ്പാക്കുന്ന സംഘടന. സ്ഥാപകനായ മൌലാന അബുല്‍  അഅ്ലാ മൌദൂദിയുടെ ദര്‍ശനമായ ഇസ്ലാമിക രാഷ്ട്രസ്ഥാപനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവര്‍. അതിനുവേണ്ടി ഒരു ദീര്‍ഘകാല അജന്‍ഡയോടെ ആശയരംഗത്തു വലിയതോതില്‍ കേരളത്തില്‍ ഇടപെടുന്നവര്‍. ഇതിനായി ഒരു ഗള്‍ഫ് രാജ്യ ഭരണകൂടത്തിന്റെ മതകാര്യവകുപ്പില്‍ നിന്നു മാസപ്പടിവരെ പറ്റുന്നവര്‍.

കേരളത്തിലേക്ക് ഇൌ ഇസ്ലാമിക അജന്‍ഡ ഒളിച്ചുകടത്താന്‍ അവര്‍ പ്രച്ഛന്നവേഷം സ്വീകരിച്ചിരിക്കുകയാണ്. പൊതുജനങ്ങളില്‍ തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുക, ഇടതുപക്ഷത്തെ ഇകഴ്ത്തി ചിത്രീകരിക്കുക, ഇടതുപക്ഷത്തിന്റെ സാമൂഹിക ദൌത്യങ്ങളും മുദ്രാവാക്യങ്ങളും കോപ്പിയടിച്ചു ജനകീയപരിവേഷം ആര്‍ജിക്കുക. വരുംകാലത്തു സെക്യൂലറിസത്തിനു പ്രസക്തി ഉണ്ടാവില്ല എന്ന നിലപാടെടുക്കുക, അങ്ങനെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സമാധാനത്തിനും വലിയ വിപത്താവുക. ഇൌ അപകടം സംബന്ധിച്ച ചര്‍ച്ചയാണു കേരളത്തില്‍ ഉയര്‍ന്നുവരേണ്ടത് എന്നാണു മാസങ്ങള്‍ക്കു മുന്‍പ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴത്തെ കൂടിക്കാഴ്ചയില്‍ അതുതന്നെയാണോ പിണറായി ഉയര്‍ത്തിയത്.

ഇതര സംസ്ഥാനങ്ങളില്‍ മതരാഷ്ട്രവാദം പച്ചയായി പ്രചരിപ്പിക്കുന്നു ജമാഅത്തെ ഇസ്ലാമി എന്നാണു സിപിഎം നിലപാട്. ഇന്ത്യയ്ക്കകത്ത് എന്തിനു രണ്ടു ജമാഅത്തെ ഇസ്ലാമികള്‍? രാജ്യത്തിന്റെ അഖണ്ഡതയെ എന്തുകൊണ്ടു നിങ്ങള്‍ അംഗീകരിക്കുന്നില്ല എന്നാണു ചോദിച്ചത്. ഇൌ കൂടിക്കാഴ്ചയിലെങ്കിലും ഇൌ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ജമാഅത്തെ ഇസ്ലാമിയില്‍ നിന്നു ലഭിച്ചോ എന്നു പറയേണ്ട ബാധ്യത സിപിഎം സെക്രട്ടറിക്കുണ്ട്.

വിപ്ലവ കാഴ്ചപ്പാടുള്ളവരും അടിസ്ഥാന ജനവിഭാഗങ്ങളെ സ്നേഹിക്കുന്നവരും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നു പിന്മാറണമെന്നു ജമാഅത്ത് ആഹ്വാനം നടത്തിയെന്നാണ് അദ്ദേഹം ആരോപിച്ചിരുന്നത്. അതിനു സമാന്തരമായി സാമ്രാജ്യത്വത്തിനും അതിന്റെ രീതികള്‍ക്കുമെതിരായി സോളിഡാരിറ്റിയിലൂടെ യുവാക്കളെ രംഗത്തിറക്കിയെന്നും. ആ തെറ്റ് ഇപ്പോഴും ആ സംഘടന തുടരുന്നുണ്ടോ എന്ന് ആശയവ്യക്തത വരുത്തേണ്ടത് അനിവാര്യമാണ്. മാമ്പഴക്കാലത്തു മാവിന്‍ചോട്ടിലേക്ക് ആളുകള്‍ തിക്കിത്തിരക്കി വരുംപോലെയല്ലല്ലോ തിരഞ്ഞെടുപ്പുകാലത്തു സിപിഎമ്മിനെപ്പോലുള്ള ഒരു പാര്‍ട്ടിയുടെ സെക്രട്ടറിയെ കാണാന്‍ മറ്റു പാര്‍ട്ടികളുടെ നേതാക്കള്‍ വരുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സ്വന്തം നയപരിപാടികളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ മുഖാമുഖം അണിനിരത്തി വോട്ടുതേടുന്ന ഒരു നിര്‍ണായക സന്ദര്‍ഭമാണിത്. സംഘപരിവാറുമായി എന്നപോലെ ജമാഅത്തെ ഇസ്ലാമിയുമായി ഒരു തരത്തിലും പൊരുത്തപ്പെടാവുന്ന മേഖലകളില്ല എന്നു പ്രഖ്യാപിച്ച പാര്‍ട്ടിയാണു സിപിഎം. ഇത്തരമൊരു ഘട്ടത്തില്‍ എന്തു തിരഞ്ഞെടുപ്പു വിശേഷമാണു ജമാഅത്തെ ഇസ്ലാമിയുമായി പങ്കിട്ടത്? സംഘപരിവാറിന്റെ തല്‍സ്വരൂപമായ ജമാഅത്തെ ഇസ്ലാമിയുടെ മുഖംമൂടി വലിച്ചുകീറുമെന്നു പ്രഖ്യാപിച്ചിട്ട് ഒരാണ്ടു തികഞ്ഞില്ല. അതിനിടയ്ക്കാണ് ഇൌ തിരഞ്ഞെടുപ്പു ചര്‍ച്ച. ഇതാരുടെ മുഖംമൂടിയാണ് യഥാര്‍ഥത്തില്‍ വലിച്ചുകീറുന്നത്. എല്ലാ വര്‍ഗീയതയും ആത്യന്തികമായി തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് എതിരാണ് എന്ന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കേണ്ട സിപിഎം നേതൃത്വം ഇതു തിരിച്ചറിയുന്നുണ്ടോ?

ആരെങ്കിലും രാഷ്ട്രീയ മുതലെടുക്കുമോ എന്നതല്ല പ്രശ്നം. ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടി പറയുന്നതും തിരഞ്ഞെടുപ്പു ഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കുന്നതും രണ്ടും രണ്ടാണോ എന്നതു തന്നെയാണ്.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More