Tuesday, April 5, 2011

മുസ്ലിം രാഷ്ട്രീയം ചര്‍ച്ചയാവുന്നു


4.4.2011 THEJAS
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അന്തിമഘട്ടത്തിലേക്കു കടക്കുമ്പോള്‍ സംസ്ഥാനത്ത് മുസ്ലിം രാഷ്ട്രീയം സജീവ ചര്‍ച്ചയാവുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തൊട്ടുപിന്നാലെ വന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും പ്രചാരണത്തിന്റെ ഗതി നിര്‍ണയിച്ചത് മഅ്ദനി വിഷയവും മുസ്ലിം സംഘടനകളുടെ നിലപാടുകളുമായിരുന്നു. 
ഇത്തവണ അഴിമതി, പെണ്‍വാണിഭം തുടങ്ങിയ വിഷയങ്ങളിലെ ആരോപണ-പ്രത്യാരോപണങ്ങളില്‍ കുടുങ്ങി മുന്നോട്ടുപോയിരുന്ന പ്രചാരണരംഗം ജമാഅത്തെ ഇസ്ലാമി-പിണറായി ചര്‍ച്ചയിലൂടെ മുസ്ലിം രാഷ്ട്രീയത്തിലേക്കു കേന്ദ്രീകരിക്കുന്നു. വിവിധ മുസ്ലിം, പിന്നാക്ക സംഘടനകളോടുള്ള ഇരുമുന്നണികളുടെയും സമീപനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും പുതിയ സംഭവവികാസങ്ങള്‍ വഴിയൊരുക്കും. 
കിനാലൂര്‍ സംഭവത്തെ തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമിക്കെതിരേ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ട സി.പി.എമ്മിന് പുതിയ വെളിപ്പെടുത്തലുകള്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഅ്ദനി ബന്ധം സി.പി.എമ്മിനെതിരേ മുഖ്യ തിരഞ്ഞെടുപ്പായുധമാക്കിയ മാതൃകയില്‍ പ്രതിപക്ഷം ഇത്തവണയും രംഗത്തെത്തിയിട്ടുണ്ട്. 
എന്നാല്‍, പിന്തുണ തേടി കോണ്‍ഗ്രസ് സമീപിച്ചിട്ടുണ്െടന്ന ജമാഅത്ത് നേതൃത്വത്തിന്റെ വെളിപ്പെടുത്തല്‍ യു.ഡി.എഫിനെയും പ്രതിരോധത്തിലാക്കും. 
തൊട്ടുമുമ്പു നടന്ന തിരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി മുസ്ലിം രാഷ്ട്രീയത്തെ ചര്‍ച്ചകളില്‍ നിന്നു പൂര്‍ണമായി അകറ്റിനിര്‍ത്തിക്കൊണ്ടാ ണ് ഇരുമുന്നണികളും സീറ്റ് വിഭജന, സ്ഥാനാര്‍ഥിനിര്‍ണയ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയത്. 
മറുവശത്ത് ക്രിസ്ത്യന്‍ സഭാനേതൃത്വത്തിന്റെയും എന്‍. എസ്.എസ്, എസ്.എന്‍.ഡി.പി പോലുള്ള സമുദായസംഘടനകളുടെയും പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ ഇരുമുന്നണികളില്‍നിന്നുമുണ്ടായി. സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തീകരിച്ചതോടെ മുസ്ലിം സമുദായത്തെ അവഗണിച്ചുവെന്ന ആക്ഷേപം പല ഭാഗങ്ങളില്‍ നിന്നുമുയര്‍ന്നെങ്കിലും ഇരുമുന്നണികളും ഗൌരവമായെടുത്തില്ല. 
പ്രചാരണം അന്തിമഘട്ടത്തിലേക്കു നീങ്ങുകയും മല്‍സരം ശക്തിപ്രാപിക്കുകയും ചെയ്തതോടെയാണ് മുസ്ലിം രാഷ്ട്രീയത്തിലേക്ക് വീണ്ടും മുന്നണികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രണ്ടു മണ്ഡലങ്ങളില്‍ ഒഴികെ മറ്റെല്ലായിടത്തും എല്‍.ഡി.എഫിനായിരുന്നു ജമാഅത്തെ ഇസ്ലാമി പിന്തുണ നല്‍കിയിരുന്നത്. 
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതോടെ പി.ഡി.പിയും കിനാലൂര്‍ സംഭവത്തോടെ ജമാഅത്തെ ഇസ്ലാമിയും സി.പി.എമ്മിനും ഇടതുമുന്നണിക്കും അനഭിമതരാവുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്ത് സ്വന്തമായി നടത്തിയ രാഷ്ട്രീയ പരീക്ഷണം പരാജയപ്പെട്ടതോടെ വീണ്ടും ഇടതുപാളയത്തിലേക്കു ചേക്കേറാനുള്ള നീക്കമാണ് സംഘടനയില്‍ അസ്വസ്ഥതകള്‍ക്കിടയാക്കിയത്. 
സമീപകാല തിരഞ്ഞെടുപ്പുകളില്‍ മുഖ്യ ചര്‍ച്ചയായിമാറിയ പി.ഡി.പിയാവട്ടെ ഈ തിരഞ്ഞെടുപ്പില്‍ അപ്രസക്ത സാന്നിധ്യമായിമാറി. അതേസമയം, വോട്ട് രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മുന്നണിനേതൃത്വങ്ങള്‍ തള്ളിപ്പറഞ്ഞ സോ ഷ്യ ല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ഇന്ത്യ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ വിജയം കൈവരിച്ചാണ് തങ്ങളുടെ വരവറിയിച്ചത്. 
നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 82 സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയ എസ്.ഡി.പി.ഐ പ്രചാരണരംഗത്ത് സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More