Monday, April 4, 2011

ജമാ അത്തെ ഇസ്ലാമിയിലൂടെ വെട്ടിലായ യുഡിഎഫും എല്‍ഡിഎഫും


കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി പ്രശ്‌നത്തില്‍ എല്‍ ഡി എഫും യു ഡി എഫും വെട്ടിലായി. സി പി എം മുന്‍കൈ എടുത്ത് ജമാ അത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്തിയെന്ന ജമാ അത്ത് നേതാക്കളുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജമാ അത്തെ ഇസ്ലാമി എല്‍ ഡി എഫിനെ സമീപിക്കുകയായിരുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജമാ അത്ത് നേതാക്കളുടെ പ്രസ്താവനയ്ക്കും പിണറായി വിജയന്റെ മറുപടിക്കും പിന്നാലെ കോണ്‍ഗ്രസ് നേതാക്കളും പിന്തുണയ്ക്കായി ജമാ അത്തെ ഇസ്ലാമിയെ സമീപിച്ചിരുന്നുവെന്ന് ജമാ അത്ത് അമീര്‍ ടി ആരിഫലി. ഇതോടെ യു ഡി എഫും എല്‍ ഡി എഫും തീവ്രവാദ പ്രസ്ഥാനമെന്ന് മുദ്രകുത്തിയ ജമാ അത്തെ ഇസ്ലാമിയുടെ പിന്നാലെ രണ്ട് മുന്നണിയും മാറിമാറി പിന്തുണതേടി നടന്നുവെന്ന വിവരം ഇരുമുന്നണികളെയും അണികളെയും ആശയക്കുഴപ്പത്തിലാക്കി.
ജമാഅത്തെ ഇസ്ലാമിയുടെ സി പി എം വിധേയത്വനിലപാടില്‍ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്ലാമി പോളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍ സംഘടനയില്‍ നിന്ന് രാജിവച്ചതോടെയാണ് ജമാ അത്തെ ഇസ്ലാമി നേതാക്കള്‍ സി പി എമ്മുമായി ചര്‍ച്ചകള്‍ നടത്തിയ വിവരം പുറത്തുവന്നത്. ഇതോടെ സംഘടനയ്ക്കുള്ളിലെ ഭിന്നിപ്പും മറനീക്കി പുറത്തുവന്നു.
ഇരുമുന്നണികള്‍ക്കുമെതിരെ ജനകീയ വികസന സമിതി രൂപീകരിച്ച് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജമാ അത്തെ ഇസ്ലാമി ഇനി രണ്ട് മുന്നണികളുമായും യാതൊരുവിധ ബന്ധത്തിനും പോകില്ലെന്ന് അണികളെ ബോധിപ്പിച്ചാണ് സ്വന്തം സ്ഥാനാര്‍ത്ഥികളുമായെത്തിയത്. രണ്ട് മുന്നണികള്‍ക്കും ബദലായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയും പുതിയൊരു മുന്നണിക്കായി കളമൊരുക്കുകയും ചെയ്യണമെന്ന സംഘടനയുടെ പ്രഖ്യാപിത നിലപാടിനെ തുരങ്കം വച്ചാണ് ജമാ അത്ത് നേതാക്കള്‍ സി പി എം സംസ്ഥാന സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് പോയത്. 
ജമാ അത്തെ ഇസ്ലാമി സി പി എമ്മുമായി നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവന്നയുടനെ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കെ പി സി സി വക്താവ് എം എം ഹസനും രംഗത്തെത്തിയിരുന്നു. ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധം എന്താണെന്ന് സി പി എം വ്യക്തമാക്കണമെന്നും സി പി എമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിന് ഉദാഹരണമാണിതെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ്സിനെ എല്ലാക്കാലത്തും എതിര്‍ത്തുപോന്ന സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. അതിനാല്‍ അവരെക്കുറിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കേണ്ട കാര്യമില്ലെന്ന് എം എം ഹസനും പറഞ്ഞ് മണിക്കൂറുകള്‍ക്ക് അകമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ നേടി സമീപിച്ചതായി ജമാ അത്തെ ഇസ്ലാമി അമീര്‍ ടി എ ആരിഫലി പ്രസ്താവനയിറക്കിയത്.  തിരഞ്ഞെടുപ്പ് ധാരണ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസ് സമീപിച്ചെന്ന് ജമാ അത്തെ ഇസ്‌ലാമി അമീര്‍ ടി ആരിഫലി വ്യക്തമാക്കി. ഇനി യു ഡി എഫ് നേതാക്കള്‍ക്ക് ജമാ അത്തെ ഇസ്‌ലാമി എന്ന് മിണ്ടാനാകാത്ത സ്ഥിതിയായി.
കിനാലൂര്‍ സംഭവത്തിന് തുടര്‍ച്ചയായി ജമാഅത്തെ ഇസ്ലാമി മതതീവ്രവാദ സംഘടനയാണെന്നും പൊതുസമൂഹത്തിനും മതത്തിനും ജമാഅത്തെ ഇസ്‌ലാമി അപകടകരമാണെന്നും പരസ്യമായി പ്രഖ്യാപിക്കുകയും അത് പൊതുവേദിയില്‍ പ്രസംഗിക്കുകയും ചെയ്തയാളാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്ന് സി പി എം ഔദ്യോഗികമായി നിലപാട് പ്രഖ്യാപിക്കുകയും ചെയ്തതാണ്. പരസ്യമായി ഇത്തരം നിലപാട് സ്വീകരിക്കുകയും അതോടൊപ്പം രഹസ്യമായി ജമാഅത്തെ ഇസ്‌ലാമിയുമായി ചര്‍ച്ച നടത്തുകയും ചെയ്തത് പാര്‍ട്ടിക്കുള്ളിലും ഇടതുമുന്നണിയിലും വലിയ വിവാദം സൃഷ്ടിക്കും.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ഡി പിയുമായി പരസ്യമായി കൂട്ടുചേര്‍ന്ന് മത്സരിച്ചതിനെതുടര്‍ന്ന് സി പി എമ്മിലും ഇടതുമുന്നണിയിലും ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് സമാനമായ പ്രശ്‌നങ്ങളാണ് ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ചര്‍ച്ചയെതുടര്‍ന്ന് പിണായി വിജയനും സി പി എമ്മും ഇടതുമുന്നണിയും അഭിമുഖീകരിക്കാന്‍ പോകുന്നത്.
ജമാഅത്തെ ഇസ്‌ലാമിയെ തീവ്രവാദികളെന്ന് ആരോപിക്കുന്ന സി പി എമ്മുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കാനുള്ള ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന്റെ തീരുമാനത്തെ അണികളില്‍ വലിയൊരു വിഭാഗം ചോദ്യം ചെയ്യാനിടയുണ്ട്. ഇത് സംഘടനയ്ക്കുള്ളില്‍ അസംതൃപ്തരെ സൃഷ്ടിക്കും. ഇപ്പോള്‍ സംഘടനയില്‍ നിന്ന് പുറത്തുപോയ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ സംഘടനയ്ക്കുള്ളില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടും. ഇടതുമുന്നണിക്കെതിരെ പ്രത്യേകിച്ച് സി പി എമ്മിനും അവരുടെ നയങ്ങള്‍ക്കുമെതിരെ ജമാഅത്തെ ഇസ്ലാമി സമരമടക്കമുള്ള മാര്‍ഗങ്ങളിലൂടെ നീങ്ങുമ്പോള്‍ അവരുമായി സന്ധി ചെയ്യാനുള്ള നേതൃത്വത്തിന്റെ നീക്കങ്ങളെ അണികള്‍ ഏത് രീതിയില്‍ കാണുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
ജമാ അത്തെ ഇസ്ലാമിയുടെ യുവജനവിഭാഗമായ സോളിഡാരിറ്റി സംസ്ഥാനത്തുടനീളം വേരുകളുണ്ടാക്കിയിട്ടുണ്ട്. ഇവര്‍ അടുത്തകാലത്ത് ഇടത് സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ അതിശക്തമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More