Friday, April 8, 2011

ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയില്ല - സി.കെ. ചന്ദ്രപ്പന്‍



09 Apr 2011
കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടുവേണ്ടെന്ന് പറയില്ലെന്നും എല്ലാവരുടെയും വോട്ടഭ്യര്‍ഥിക്കേണ്ടത് സ്ഥാനാര്‍ഥിയുടെ ബാധ്യതയാണെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ പറഞ്ഞു. കോഴിക്കോട്ട് നടന്ന 'മീറ്റ് ദ ലീഡര്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യവ്യവസ്ഥയില്‍ സ്ഥാനാര്‍ഥി വോട്ടു ചോദിക്കുമ്പോള്‍ വിവേചനം കാട്ടേണ്ട കാര്യമില്ല. എന്നാല്‍, പാര്‍ട്ടിതലത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുമായും ആര്‍.എസ്.എസ്സുമായും സഹകരണം തേടിയാല്‍ സി.പി.ഐ. ശക്തമായി എതിര്‍ക്കും. മുമ്പ് പൊന്നാനിയില്‍ പി.ഡി.പി.യുമായി ഇടതുമുന്നണി പൊതുവേദി ഉണ്ടാക്കിയപ്പോള്‍ സി.പി.ഐ. എതിര്‍ത്തിരുന്നു. ബി.ജെ.പി.യും കോണ്‍ഗ്രസ്സും ഈ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയിരിക്കുകയാണ്. 1991 മോഡല്‍ നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. 30 ഓളം സീറ്റുകളില്‍ ബി.ജെ.പി. വോട്ട് മറിച്ചു നല്‍കുമ്പോള്‍ നാല് മണ്ഡലങ്ങളില്‍ ബി.ജെ.പി.ക്ക് അക്കൗണ്ട് തുറക്കാന്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കാമെന്നാണ് ധാരണ. തിരഞ്ഞെടുപ്പിനു മുമ്പേ യു.ഡി.എഫില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മത്സരമാണ്. എല്‍.ഡി.എഫ്. ഭരിച്ച അഞ്ചുവര്‍ഷം കേരളത്തെ പിറകോട്ടു കൊണ്ടുപോയി എന്ന സോണിയാഗാന്ധിയുടെ വാദം അടിസ്ഥാന രഹിതമാണ്. യു.പി.എ. സര്‍ക്കാറിന്റെ വികസനനയമല്ല ഇടതുമുന്നണിയുടേത്. കേരളത്തിലെ ഐ.ടി. വ്യവസായം അഞ്ചുവര്‍ഷം മുമ്പത്തേതിനേക്കാള്‍ ഒന്‍പതിരട്ടി വളര്‍ച്ച നേടി - അദ്ദേഹം പറഞ്ഞു.

പി. ശശി പ്രശ്‌നം പോലുള്ള നിസ്സാരപ്രശ്‌നങ്ങളല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. കുഞ്ഞാലിക്കുട്ടി ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ടാണ് ലൈംഗിക കേസില്‍ പങ്കാളിയായത്. അതുകൊണ്ടാണ് അത് വിമര്‍ശിക്കപ്പെടുന്നത്. ശശിയുടേത് പോലുള്ള, വഴിയേപോകുന്നവരുടെ പ്രശ്‌നങ്ങള്‍ താന്‍ ചര്‍ച്ച ചെയ്യാനില്ല. രാജ്യത്ത് അഴിമതി ഇല്ലാതാക്കാന്‍ കര്‍ശനമായ നിയമവ്യവസ്ഥ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ലോക്പാല്‍ ബില്‍ നടപ്പാക്കപ്പെടണം. അഴിമതിക്കെതിരെ അന്നാ ഹസാരെ നടത്തുന്ന സമരത്തെ എല്‍.ഡി.എഫ്. പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More