Monday, April 11, 2011

ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ വേണ്ട -പി.കെ. കുഞ്ഞാലിക്കുട്ടി


Published on Mon, 04/11/2011 - 13:20 ( 2 hours 44 min ago)

ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ വേണ്ട
മലപ്പുറം: തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ വേണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറം പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.പി. വിഭാഗം സുന്നികളുമായി സംസാരിച്ചതായും അവരുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 15 മണ്ഡലങ്ങളില്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച ജമാഅത്ത് നടപടി ഞങ്ങളെ കളിയാക്കലാണ്. കൊണ്ടോട്ടി, മഞ്ചേരി പോലെയുള്ള യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുന്ന മണ്ഡലങ്ങളിലാണ് പിന്തുണ.
ജമാഅത്ത് പിന്തുണ തരാതിരിക്കുന്ന് ഞങ്ങള്‍ക്ക് വലിയ ഗുണം ചെയ്യും. ജമാഅത്തെ വോട്ട് വേണ്ടെന്നത് യു.ഡി.എഫ് നേതൃത്വത്തിലുള്ളവരുമായി ആലോചിച്ചെടുത്ത തീരുമാനമാണ്. എല്‍.ഡി.എഫിനെ പിന്തുണക്കാനുള്ള ജമാഅത്ത് നിലപാടോടെ സുന്നീ സംഘടനകളുടെ മുഴുവന്‍ വോട്ടും യു.ഡി.എഫിന് ലഭിക്കും.
പൊതുസമൂഹത്തില്‍ നിന്ന് എല്‍.ഡി.എഫിന് പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടും തീരുമാനത്തോടെ അവര്‍ക്ക് നഷ്ടമാകും. തെരഞ്ഞെടുപ്പിലെ ട്രെന്റ് ഒന്നുകൂടി യു.ഡി.എഫിന് അനുകൂലമാകാന്‍ ജമാഅത്ത് തീരുമാനം വഴിവെക്കും. എല്‍.ഡി.എഫിനെ തുണക്കാനുളള തീരുമാനത്തില്‍ ജമാഅത്തിനകത്ത് തന്നെ പ്രതിഷേധമുള്ളവര്‍ ഉണ്ട്. ഹമീദ് വാണിമേല്‍ പോലുള്ളവരുടെ രാജി ഇതാണ് വ്യക്തമാക്കുന്നത്.
ജമാഅത്തിന്റെ വോട്ട് വേണം എന്ന് ഒരുകാലത്തും യു.ഡി.എഫ്പറഞ്ഞിട്ടില്ലെന്ന് ചോദ്യത്തിനുത്തരമായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. വേങ്ങരയില്‍ അനുമതിയില്ലാതെ പ്രസംഗിക്കാന്‍ എത്തിയ അജിതയെ തടഞ്ഞത് പൊലീസാണ്. മലബാര്‍ സിമന്റ്‌സിലേക്കുള്ള ലോറിയുടെ മറവില്‍ സ്‌പിരിറ്റ് കടത്തിയ അജിതയുടെ ഭര്‍ത്താവ് ചെയ്തതുപോലുള്ള തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. സമൂഹം നന്നാക്കാനിറങ്ങുന്നവര്‍ സ്വന്തം ഭര്‍ത്താവിനെ ആദ്യം നന്നാക്കട്ടെ.
മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികളില്‍ തടിച്ചുകൂടുന്ന ജനക്കൂട്ടം അഞ്ച് മണ്ഡലങ്ങളില്‍ നിന്നായി സംഘടിപ്പിക്കപ്പെടുന്നതാണ്. കേസന്വേഷണത്തില്‍ വഴിവിട്ട് ഇടപെട്ടതിന് ഐസ്‌ക്രീം കേസ് ബാധിക്കുന്നത് എല്‍.ഡി.എഫിനെയായിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു


ജമാഅത്ത് തീരുമാനം പരിഹാസ്യം: കുഞ്ഞാലിക്കുട്ടി (ചന്ദ്രിക)
മലപ്പുറം: ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുടെ പിന്തുണ യു.ഡി.എഫിന് ആവശ്യമില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു. സംഘടന എന്ന നിലയില്‍ പിന്തുണ ദോഷമാണെന്നും യു.ഡി.എഫിന് ഉറപ്പുള്ള മണ്ഡലങ്ങളില്‍ പിന്തുണ പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്ലാമി കളിയാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ്ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പുള്ള മഞ്ചേരി, കൊണ്ടോട്ടി, മലപ്പുറം, തൃപ്പൂണിത്തുറ തുടങ്ങി 15 മണ്ഡലങ്ങളിലാണ് ഇവര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 18 മണ്ഡലങ്ങളില്‍ ഇടതിനും രണ്ടിടത്ത് യു.ഡി.എഫിനുമാണ് പിന്തുണ നല്‍കിയിരുന്നത്. ഇടതിനെ പിന്തുണച്ച മിക്ക മണ്ഡലങ്ങളിലും യു.ഡി.എഫ്. വന്‍ഭൂരിപക്ഷത്തിന് ജയിച്ചു. അതുകൊണ്ട് ജമാഅത്ത് പിന്തുണ നല്‍കാതിരിക്കുന്നതാണ് ഗുണം. ജമാഅത്തെ ഇസ്ലാമിയുമായി യോജിപ്പില്ലാത്ത സുന്നി സംഘടനളുടെയും മറ്റ് മുസ്ലിം സംഘടനകളുടെയും പിന്തുണ യു.ഡി.എഫിന് ലഭിക്കും. മുമ്പ് പി.ഡി.പി.യുടെ പിന്തുണ സ്വീകരിച്ചപ്പോള്‍ പൊതുസമൂഹം ഇടതിനെ ഒറ്റപ്പെടുത്തി. പരമ്പരാഗതമായി ഇടതിനു കിട്ടുന്ന വോട്ടുകള്‍ ജമാഅത്തിന്റെ പിന്തുണ സ്വീകരിക്കുന്നതിലൂടെ യു.ഡി.എഫിന് അനുകൂലമാവും. ഇടതുമുന്നണിയെ പിന്തുണക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നവര്‍ അവര്‍ക്കിടയിലുണ്ടാവാം. അവരുടെ വോട്ടുകള്‍ യു.ഡി.എഫിന് കിട്ടും.
സി.പി.എമ്മിലും മുന്നണിയിലും ജമാഅത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കിത്തുടങ്ങി. പാര്‍ട്ടിയും മുന്നണിയും രണ്ടുതട്ടിലാണ്. സി.പി.എം. സംസ്ഥാന സെക്രട്ടറി പിന്തുണ തേടുമ്പോള്‍ വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സി.പി.ഐ. സെക്രട്ടറിക്ക് പിന്തുണ വേണം. ജമാഅത്തിന്റെ കാര്യത്തില്‍ യു.ഡി.എഫില്‍ ഒരേ അഭിപ്രായമാണുള്ളത്. കോണ്‍ഗ്രസ് നേതാക്കളുമായി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. യു.ഡി.എഫിനെ ജമാഅത്തെ ഇസ്ലാമി കളിയാക്കിയെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെ.ടി. ജലീല്‍ ഇടതുമുന്നണിയും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള ഇടനിലക്കാരനാണെന്ന ആക്ഷേപം നേരത്തെയുള്ളതാണ്. അതിപ്പോള്‍ ബലപ്പെട്ടു. ജമാഅത്ത് എന്ന സംഘടനയുടെ പിന്തുണ വേണമെന്ന് ഒരുകാലത്തും യു.ഡി.എഫ്. ആവശ്യപ്പെട്ടിട്ടില്ല. പിന്തുണ സ്വീകരിച്ചപ്പോള്‍ ഇടതുമുന്നണിക്കുണ്ടായ അനുഭവം പാഠമാണ്. കിനാലൂര്‍ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി എളമരം കരിമിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ബേപ്പൂരില്‍ പിന്തുണ നല്‍കിയത് വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയാണ്. പൊതുസമൂഹം ഇഷ്ടപ്പെടാത്ത കൂട്ടുകെട്ടിന് യു.ഡി.എഫ്. ഇല്ല. എ.പി. വിഭാഗവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പിന്തുണ കിട്ടുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കി മുന്നോട്ടു പോവാന്‍ കോട്ടക്കലില്‍ ചേര്‍ ന്ന മുസ്ലിം സംഘടനകളുടെ യോഗം തീരുമാനിച്ചിരുന്നു. സുന്നിസംഘടനകളും മുജാഹിദ് സംഘടനകളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി എ.പി. വിഭാഗവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ബന്ധം നന്നായിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ സര്‍ക്കാര്‍ നേട്ടമെന്താണെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. സുപ്രധാനമായ തെരഞ്ഞെടുപ്പായിട്ടും വികസനം ചര്‍ച്ചയാക്കാതെ വഴിമാറ്റുകയാണ് ചെയ്തത്. സാധാരണക്കാരന്റെ വിഷയം ചര്‍ച്ച ചെയ്യാന്‍ സമ്മതിച്ചില്ല. പകയും പ്രതികാരവുമാണ് അദ്ദേഹം പ്രസംഗിച്ചത്. മകനെതിരെയുള്ള പരാതികള്‍ പഴകിയതാണെന്ന് പറയുന്ന മുഖ്യമന്ത്രി സില്‍വര്‍ ജൂബിലി കഴിഞ്ഞ കേസുകള്‍ക്കാണ് മൂര്‍ച്ച കൂട്ടുന്നത്. നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ് നടത്തുന്നത്. അഞ്ചുവര്‍ഷം ഭരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഈ കാലയളവിലെ നേട്ടത്തെക്കുറിച്ചാണ് പറയേണ്ടത്. നിയമവിധേയമല്ലാത്ത ഇടപെടലുകളും നടപടികളുമാണ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയത്. ജനങ്ങളുടെ കാര്യങ്ങള്‍ ഫോക്കസ് ചെയ്യാന്‍ കഴിഞ്ഞില്ല. സംസ്ഥാനത്തിന്റെ വികസന അജണ്ട യു.ഡി.എഫ്. മുന്നോട്ടുവെച്ചപ്പോള്‍ ജനങ്ങള്‍ക്ക് ആകര്‍ഷകമായി. താഴെക്കിടയിലുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് യു.ഡി.എഫ്. മുന്നോട്ടുവെക്കുന്നത്. ശുദ്ധജലം, പാര്‍പ്പിടം തുടങ്ങിയ മൗലിക ആവശ്യങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ ഡിമാന്റ് ആയി വരുന്നത് നാണക്കേടാണ്. കുടുംബങ്ങളുടെ വരുമാനക്കുറവ് നികത്തുന്നതിന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഇതാണ് തന്റെ ലക്ഷ്യമെന്നും നേടിയെടുക്കാന്‍ വിലപേശലുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനക്ഷേമവും കരുതലോടെയുള്ള വികസനവുമാണ് യു.ഡി.എഫ്. മുന്നോട്ടുവെക്കുന്നത്. കൂടുതല്‍ പേര്‍ക്ക് ഗുണം കിട്ടണം. വികസനത്തിന്റെ പേരില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല. ജനങ്ങള്‍ക്ക് വേണ്ടാത്ത വികസനം നാട്ടില്‍ വേണ്ട. വ്യവസായ, തൊഴില്‍ സംരംഭങ്ങളിലേക്ക് തിരിയേണ്ട സമയമായി.
2001ലെ വിജയം യു.ഡി.എഫ്. ആവര്‍ത്തിക്കും. കേരളത്തില്‍ യു.ഡി.എഫ്. ട്രെന്‍ഡ് ഉണ്ടെന്ന് പഠനത്തില്‍ വ്യക്തമായി. ഒരു തെരഞ്ഞെടുപ്പിലും ഒരിടത്തുമാത്രമായി ട്രെന്‍ഡ് ഉണ്ടാവില്ല. മലപ്പുറം ജില്ലയില്‍ യു.ഡി.എഫിന് അനുകൂലമായ ട്രെന്‍ഡ് ഉള്ളതുപോലെ കേരളത്തില്‍ ആകെയുണ്ട്. 72 സീറ്റുകിട്ടുമെന്നാണ് ഇടത് അനുകൂല മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നത്. അത് പരാജയം സമ്മതിക്കലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍പോലും വികസന അജണ്ട ഉള്‍പ്പെടുത്താത്ത ഇടതുമുന്നണിയെ ജനം പുറന്തള്ളുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More