Tuesday, November 1, 2011

ജനപ്രതിനിധികള്‍ ജനങ്ങളെ പരിഹസിക്കുന്നു -വെല്‍ഫെയര്‍ പാര്‍ട്ടി


തിരുവനന്തപുരം: നാടിനെ നയിക്കാന്‍ ലഭിച്ച അവസരം ദുരുപയോഗം ചെയ്ത് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ജനങ്ങളെ പരിഹസിക്കുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. നാടിന് മാതൃകയാകേണ്ടവരുടെ വാക്കുകളും വെല്ലുവിളികളും അറപ്പുളവാക്കുന്നതായി മാറിയിരിക്കുകയാണ്.
ഇത് ജനാധിപത്യത്തെയും പൊതുപ്രവര്‍ത്തന മേഖലയെയും ദുര്‍ബലപ്പെടുത്തും.
രാഷ്ട്രീയ രംഗത്തെ അധഃപതനത്തിന് അറുതി വരുത്താന്‍ ധാര്‍മികതയും ഉത്തരവാദിത്തബോധവും ഇഴുകിച്ചേര്‍ന്ന രാഷ്ട്രീയ മുന്നേറ്റത്തെ ശക്തിപ്പെടുത്താന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്നും അംബുജാക്ഷന്‍ ആവശ്യപ്പെട്ടു.

ഇടത്, ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി സഹകരിക്കണം -ആരിഫലി

MADHYAMAM 1.11.11
കൊല്ലം: മാറിയ ലോകസാഹചര്യങ്ങളിലെ പാഠം ഉള്‍ക്കൊണ്ട് ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി സഹകരിക്കാന്‍ ഇടത്, ജനാധിപത്യ പ്രസ്ഥാനങ്ങള്‍ തയാറാകണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. അറബ് വിപ്ളവത്തില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവിടങ്ങളിലെ ഇടതുകക്ഷികള്‍ സന്നദ്ധമായി. ഈ മാതൃക ഇന്ത്യയിലും കേരളത്തിലും പ്രസക്തമാണെന്നും അതിന് അവര്‍ സന്നദ്ധരാവുമെന്നാണ് ജമാഅത്തെ ഇസ്ലാമി  പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ഇടതുപാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ ലോകസാഹചര്യങ്ങളില്‍ വന്ന മാറ്റം വിലയിരുത്തുകയും അതിനനുസരിച്ച് നയസമീപനങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയും വേണം. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഭയപ്പെടേണ്ട ഒന്നാണെന്ന ചിന്താഗതിയാണ് സാമ്രാജ്യത്വശക്തികള്‍ പ്രചരിപ്പിച്ചിരുന്നത്. ബുദ്ധിജീവികളും ജനാധിപത്യപ്രസ്ഥാനങ്ങളും അതിനെ അനുകൂലിക്കുന്ന നയമാണ് പിന്തുടര്‍ന്നതും. ഇസ്ലാം ജനാധിപത്യത്തിന് എതിരാണെന്ന പ്രചാരണവും നടത്തി. എന്നാല്‍ സാമ്രാജ്യത്വ പിന്തുണയോടെ ഭരിച്ചിരുന്ന അറബ് നാടുകളിലെ ഏകാധിപത്യഭരണകൂടങ്ങള്‍ തകര്‍ന്നതിന്ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ നിര്‍ണായക ശക്തികളായി മാറുകയാണുണ്ടായത്. ഫലസ്തീനിലും തുണീഷ്യയിലും ഇതാണ് സംഭവിച്ചത്. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുന്നില്‍വന്ന ഇടങ്ങളിലെല്ലാം ജനാധിപത്യവും മതസൗഹാര്‍ദവും പുലരുന്നതായിട്ടാണ് കാണുന്നതും.
എല്ലാ വിഭാഗം ജനങ്ങളുമായും സഹകരിച്ച് മാത്രമേ, മാറ്റങ്ങള്‍ക്ക് വേണ്ടി ശ്രമിക്കാനും അതുണ്ടാക്കാനും കഴിയൂ എന്ന സന്ദേശവും അറബ് വസന്തം നല്‍കുന്നുണ്ട്. അറബ് വസന്തത്തിന്‍െറ പുതിയ പ്രവണതകള്‍, പരിചയപ്പെടുത്താനും അതിന്‍െറ സന്ദേശം ജനകീയവത്കരിക്കാനും പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും. മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

MATHRUBHUMI
അറബിനാട്ടിലെ ജനാധിപത്യസ്ഥാപന ശ്രമങ്ങളെ പിന്തുണയ്ക്കും- ജമാഅത്തെ ഇസ്‌ലാമി
Posted on: 01 Nov 2011


കൊല്ലം:അറബ് നാടുകളില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പിന്തുണയ്ക്കുമെന്ന് അമീര്‍ ടി.ആരിഫലി പറഞ്ഞു.

അറബ്‌നാടുകളിലെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ ജനങ്ങളെ അടിച്ചമര്‍ത്തിയാണ് നിലനില്‍ക്കുന്നത്. ഇവിടങ്ങളില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇസ്‌ലാമികപ്രസ്ഥാനങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പാണ്. പാലസ്തീനിലെ തിരഞ്ഞെടുപ്പ് മുമ്പ് ഇത് തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണയോടെയാണ് അറേബ്യന്‍ നാടുകളില്‍ സ്വേച്ഛാധിപതികള്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിലേക്കുള്ള പാതയില്‍ അറബിരാഷ്ട്രങ്ങളെ നയിക്കാനുതകുന്ന സംരംഭങ്ങള്‍ക്ക് ഇന്ത്യയിലെ ഇടതുകക്ഷികള്‍ പിന്തുണ നല്‍കണമെന്നും ആരിഫലി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ടി.എം.ശരിഫ്, വൈ.നാസര്‍, എ.അബ്ദുല്ല മൗലവി തുടങ്ങിയവരും പങ്കെടുത്തു.


MANDALAM
സി.പി.എമ്മുമായി കൈകോര്‍ക്കാന്‍ ജമാഅത്തെ ഇസ്ലാമി പുതിയ തന്ത്രങ്ങള്‍ മെനയുന്നു

Text Size:   

കൊല്ലം: ഇടതുപക്ഷ പാര്‍ട്ടികളുമായി അടുക്കാന്‍ ജമാഅത്തെ ഇസ്ലാമി പുതിയ തന്ത്രം മെനയുന്നു. ടുണീഷ്യ, ഈജിപ്‌ത്, ലിബിയ തുടങ്ങിയ രാജ്യങ്ങള്‍ സാക്ഷ്യം വഹിച്ച അറബ്‌ വസന്തത്തിന്റെ സന്ദേശത്തെ ജനകീയവത്‌ക്കരിക്കാനുള്ള പ്രചരണ പരിപാടികളിലൂടെ സി.പി.എം, സി.പി.ഐ അടക്കമുള്ള ഇടതു, മതേതര പാര്‍ട്ടികളുമായി അടുപ്പം സ്‌ഥാപിക്കാനാണ്‌ ജമാഅത്തെ ഇസ്ലാമി ലക്ഷ്യമിടുന്നത്‌.

അറബ്‌വസന്തം നടന്ന രാജ്യങ്ങളിലെല്ലാം അതിനു മുന്നിട്ടു നിന്നത്‌ മുസ്ലീംമേധാവിത്വ സംഘടനകളായിരുന്നുവെന്നും ആ രാജ്യങ്ങളിലെ ഇതര മതേതര വിശ്വാസികളുടെയും പ്രസ്‌ഥാനങ്ങളുടെയും പിന്തുണയോടെയാണ്‌ ഇസ്ലാമിക സംഘടനകള്‍ ഏകാധിപതികളെ പുറത്താക്കി ജനാധിപത്യഭരണ സംവിധാനത്തിന്‌ രൂപം നല്‍കിയതെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി കൊല്ലത്ത്‌ പറഞ്ഞു. മുസ്ലീം സംഘടനകളെ ഭീകരതയുടെയും ജനാധിപത്യവിരുദ്ധതയുടെയും പ്രതീകങ്ങളായി ചിത്രീകരിച്ചിരുന്ന വിശ്വാസപ്രമാണങ്ങള്‍ ഇതോടെ തെറ്റാണെന്ന്‌ തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പുരോഗമന ബുദ്ധിജീവികളും എഴുത്തുകാരും ഇതേ ധാരണയില്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. യാഥാര്‍ഥ്യം തിരിച്ചറിയാനോ ഉള്‍ക്കൊള്ളാനോ ഇടതുപക്ഷ സംഘടനകള്‍ക്കു പോലും സാധ്യമായില്ലെന്ന്‌ ആരിഫലി ചൂണ്ടിക്കാട്ടി. അറബ്‌ വിപ്ലവത്തില്‍ ഇസ്ലാമിക പ്രസ്‌ഥാനങ്ങളോടൊപ്പം നിന്നു പ്രവര്‍ത്തിക്കാന്‍ ആ രാജ്യങ്ങളിലെ ഇടതു പ്രസ്‌ഥാനങ്ങള്‍ പോലും തയ്യാറായി. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്‌ഥാനങ്ങള്‍ ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും ആരിഫലി ആവശ്യപ്പെട്ടു.

ചില പ്രമുഖ ഇടതുകക്ഷികളുടെ പാര്‍ട്ടികോണ്‍ഗ്രസുകള്‍ അടുത്തു നടക്കാനിരിക്കെ അറബ്‌ വസന്തത്തിന്റെ പാഠം ഉള്‍ക്കൊണ്ട്‌ നയസമീപനങ്ങളില്‍ മാറ്റം വരുത്താന്‍ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാര്‍വദേശീയ രാഷ്‌ട്രീയത്തിലും സാംസ്‌കാരിക രംഗത്തും പ്രത്യക്ഷപ്പെടുന്ന പുതിയ പ്രവണതകളെ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്താനും അറബ്‌ വസന്തത്തിന്റെ സന്ദേശത്തെ ജനകീയവത്‌കരിക്കാനുമുള്ള പരിപാടികള്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി പുസ്‌തകങ്ങള്‍, ലഘുലേഖകള്‍, നോട്ടീസുകള്‍ എന്നിവ പുറത്തിറക്കുകയും പ്രചരണ പരിപാടകള്‍ സംഘടിപ്പിക്കുകയും ചെയ്യും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സി.പി.എം തേടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനായിരുന്നു ഇതിന്‌ മുന്‍കൈയെടുത്തത്‌. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ ജമാഅത്ത്‌ ഇസ്ലാമിയോ സി.പി.എമ്മോ പരസ്യമായ പ്രതികരിച്ചിരുന്നില്ല. അതേസമയം തെരഞ്ഞെടുപ്പിന്‌ ഏതാനുംമാസം മുമ്പ്‌ കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ പിണറായി നടത്തിയ പ്രസംഗത്തില്‍ ജമാഅത്ത്‌ ഇസ്ലാമിക്ക്‌ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സ്വാധീനത്തെ പറ്റി വിമര്‍ശനാത്മകമായി പരാമര്‍ശിച്ചിരുന്നു. ഐ.എന്‍.എല്ലില്‍ പിളര്‍പ്പുണ്ടാകുകയും സി.പി.എമ്മിനോട്‌ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അബ്‌ദുല്ലക്കുട്ടിയെപ്പോലെയുള്ള മുസ്ലിംനേതാക്കള്‍ പാര്‍ട്ടി വിടുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടല്ലെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടുന്നതിനെപ്പറ്റി സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗം ചിന്തിച്ചത്‌.

എന്നാല്‍ വര്‍ഗീയകക്ഷികളുമായി ബന്ധം വേണ്ടെന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്ന്‌ പരസ്യമായി വ്യതിചലിക്കാനും സി.പി.എമ്മിനായില്ല. ഈ സാഹചര്യത്തിലാണ്‌ മുസ്ലീംസംഘടനകള്‍ മതേതരവിരുദ്ധരല്ലെന്നും ആഗോളതലത്തില്‍ ഇടതു-മതേതര സംഘടനകള്‍ മുസ്ലീം പ്രസ്‌ഥാനങ്ങളുമായി കൈകോര്‍ക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രചരണ പരിപാടികള്‍ക്ക്‌ ജമാഅത്തെ ഇസ്ലാമി രംഗത്തെത്തുന്നത്‌.Saturday, October 22, 2011

വെല്‍ഫയര്‍ പാര്‍ട്ടി കേരള ഘടകം ഭാരവാഹികളെ പ്രഖ്യാപിച്ചു


Posted on 20-10-11, 10:04 am
കോഴിക്കോട്: വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരള ഘടകം ഭാരവാഹികളെ പ്രഖ്യാപിച്ചു. ടാഗോര്‍ ഹാളില്‍ ചേര്‍ന്ന സംസ്ഥാന പ്രഖ്യാപന കണ്‍വെന്‍ഷനില്‍ ദേശീയ ജനറല്‍ സെക്രട്ടറി ജനറല്‍ ഡോ. എസ്.ക്യു.ആര്‍. ഇല്യാസാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.പ്രസിഡന്‍റായി ഡോ. കൂട്ടില്‍ മുഹമ്മദലിയെയും ജനറല്‍ സെക്രട്ടറിമാരായി കെ. അംബുജാക്ഷന്‍, പി.എ. അബ്ദുല്‍ ഹക്കീം എന്നിവരെയും തെരഞ്ഞെടുത്തു. പ്രഫ. പി. ഇസ്മായിലാണ് ട്രഷറര്‍. കരിപ്പുഴ സുരേന്ദ്രന്‍, പ്രേമ പിഷാരടി, സി. അഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഹമീദ് വാണിയമ്പലം എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരും ഇ.എ. ജോസഫ്, കെ.എ. ഷഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര എന്നിവര്‍ സെക്രട്ടറിമാരുമാണ്.

സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായി ജോണ്‍സണ്‍ നെല്ലിക്കുന്ന്, മിനു മുംതാസ്, റംല മമ്പാട്, ശശി പന്തളം, സി. ദാവൂദ്, ചേറ്റൂര്‍ രാധാകൃഷ്ണന്‍, പി.സി. ഭാസ്കരന്‍, പി.ഐ നൗഷാദ്, പി.വി. റഹ്മാബി, ബിനു വയനാട്, ഇ.സി ആയിഷ, ജ്യോതിവാസ് പറവൂര്‍, പി.കെ. സാദിഖ്, ടി മുഹമ്മദ് വേളം, റസാഖ് പാലേരി എന്നിവരെയും തെരഞ്ഞെടുത്തു. ദേശീയ വൈസ് പ്രസിഡന്‍റ് ഫാ. അബ്രഹാം ജോസഫ്, ദേശീയ ജനറല്‍ സെക്രട്ടറി പി.സി. ഹംസ, ദേശീയ ട്രഷറര്‍ ഡോ. അബ്ദുസ്സലാം എന്നിവരും സംസഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായിരിക്കും.

ഡോ. കൂട്ടില്‍ മുഹമ്മദലി മലപ്പുറം ജില്ലയിലെ കൂട്ടില്‍ സ്വദേശിയും കോഴിക്കോട് ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലുമാണ്. കെ. അംബുജാക്ഷന്‍ പത്തനംതിട്ട പന്തളം സ്വദേശിയും ദലിത് പാന്തേഴ്സ് സംസ്ഥാന പ്രസിഡന്‍റുമാണ്. പി.എ. അബ്ദുല്‍ ഹക്കീം കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്.

വെൽഫെയർ പാർട്ടി- in Demo Crazy

ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം: കെ.പി.എ. മജീദ്

http://www.mechandrikaonline.com/viewnews.asp?mcat=keralanews&mitem=KR2011141022145
ജമാഅത്തെ ഇസ്ലാമി രൂപവല്‍ക്കരിച്ച രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. മലപ്പുറം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനക്ക് വിരുദ്ധമായ ആശയം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വും സോഷ്യലിസവും അംഗീകരിച്ചുകൊണ്ടാണോ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കണം. അംഗീകരിക്കുന്നുണ്ടെങ്കില്‍ ആദര്‍ശപരമായ വ്യതിയാനം വിശദീകരിക്കണം. "ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ ഭരണം' എന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ ആശയം. രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരിച്ചത് ഏതു നയത്തിന്റെ ഭാഗമാണെന്നും ഏതു ലക്ഷ്യത്തിനുവേണ്ടിയാണെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കേണ്ടതുണ്ട്. ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശം മുസ്ലിംലീഗ് ഗൗനിക്കുന്നില്ലെന്നും ലീഗ് ജനറല്‍ സെക്രട്ടറി പറഞ്ഞു. മുസ്ലിംലീഗിന് ലഭിക്കുന്ന പുതിയ മന്ത്രിസ്ഥാനം സംബന്ധിച്ച് യു.ഡി.എഫില്‍ ധാരണയായിട്ടുണ്ട്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. വിവിധ ബോര്‍ഡ്, കോര്‍പ്പറേഷനുകള്‍ വീതംവെക്കുന്നതു സംബന്ധിച്ച് യു.ഡി.എഫിലെ പ്രധാന കക്ഷികള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. മറ്റുപ്രശ്നങ്ങള്‍ ഒരാഴ്ചക്കകം പരിഹരിക്കും.
സമസ്തയും മുസ്ലിംലീഗും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് വരുത്താനുള്ള ചിലരുടെ ശ്രമങ്ങള്‍ വിലപ്പോവില്ല. ഭരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാവുന്നത് സ്വാഭാവികമാണ്. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന സമീപനങ്ങളാണ് പ്രധാനം. കോഴിക്കോട് വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് അന്വേണ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള തെറ്റുകാരനാണെന്നുകണ്ടാല്‍ നടപടി എടുക്കണമെന്നാണ് മുസ്ലിംലീഗിന്റെ നിലപാട്. ഉദ്യോഗസ്ഥരോട് കടപ്പാടുണ്ടാക്കി അവരെ സംരക്ഷിക്കേണ്ട കാര്യം ലീഗിനില്ല. കാസര്‍കോട് വെടിവെപ്പില്‍ ഒരാള്‍ മരിച്ചിട്ടും ഉദ്യോഗസ്ഥനെ മാറ്റാന്‍ ഇടതുസര്‍ക്കാര്‍ തയാറായിരുന്നില്ല. വര്‍ഗീയ കലാപത്തിനിടെയാണ് വെടിവെപ്പെങ്കില്‍ മരിച്ചയാള്‍ കേസില്‍ പ്രതിയാവേണ്ടതായിരുന്നു. മരിച്ചയാള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടി വിധിച്ചത് ഈ സാഹചര്യത്തിലാണ്. മുസ്ലിംലീഗ് ചെയ്യുന്നതൊക്കെ വിവാദമാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. അത്തരം വിവാദങ്ങളെയൊക്കെ പാര്‍ട്ടി സ്വാഗതം ചെയ്തിട്ടേയുള്ളൂ.

മൂല്യാധിഷ്ഠിത രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലും


മൂല്യാധിഷ്ഠിത രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലും
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കൂട്ടില്‍ മുഹമ്മദലിക്ക് ഫാ. എബ്രഹാം ജോസഫ് പതാക കൈമാറിയപ്പോള്‍.
കോഴിക്കോട്: അഴിമതിയും വിവേചനങ്ങളും ക്രിമിനല്‍വത്കരണവും തിളക്കംകുറച്ച ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ മൂല്യങ്ങളുടെ വീണ്ടെടുപ്പ് ഉദ്ഘോഷിച്ച്  പിറവിയെടുത്ത വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരളത്തിലും പ്രവര്‍ത്തനം തുടങ്ങി. പാര്‍ട്ടിയുടെ സംസ്ഥാന പ്രഖ്യാപന കണ്‍വെന്‍ഷന്‍ ബുധനാഴ്ച പ്രൗഢ ഗംഭീരമായ വേദിയും സദസ്സും സാക്ഷിയാക്കി കോഴിക്കോട് ടാഗോര്‍ സെന്‍റിനറി ഹാളില്‍ നടന്നു. രാജ്യം ഉയര്‍ത്തിപ്പിടിച്ച മഹിത മൂല്യങ്ങളെ ജനപക്ഷ രാഷ്ട്രീയത്തിലൂടെ പുനരാവിഷ്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്ന് പുതിയ സംസ്ഥാന  ഭാരവാഹികളെ  പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി  ദേശീയ ജനറല്‍ സെക്രട്ടറി  എസ്.ക്യു.ആര്‍ ഇല്യാസ് പറഞ്ഞു. അഴിമതിക്കാര്‍ക്കും വര്‍ഗീയവാദികള്‍ക്കും ക്രിമിനലുകള്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടായിരിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. മതത്തിന്‍െറയും ജാതിയുടെയും പേരില്‍ ജനങ്ങളെ വിഭജിക്കാനും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാനും വെല്‍ഫെയര്‍ പാര്‍ട്ടിയില്ല. രാജ്യത്തെ ചില വിഭാഗങ്ങളെ മാത്രമേ ദേശീയ പാര്‍ട്ടികള്‍ പോലും പ്രതിനിധീകരിക്കുന്നുള്ളൂ. എന്നാല്‍, എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി. എല്ലാവര്‍ക്കും ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവും സുരക്ഷയും ഉറപ്പുനല്‍കുന്ന ക്ഷേമരാഷ്ട്രമാണ് ലക്ഷ്യം. വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങളുടെയും നേതാക്കളുടെയും  സ്വത്ത് ആര്‍ക്കും ഏതുസമയവും പരിശോധിക്കാമെന്ന് എസ്.ക്യു.ആര്‍.ഇല്യാസ് പറഞ്ഞു.
ചൂഷണമുക്തവും എല്ലാവര്‍ക്കും തുല്യതയും സ്വാതന്ത്ര്യവും നല്‍കുന്നതുമായ പുതിയ ഇന്ത്യയെ നിര്‍മിക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍ പറഞ്ഞു. സര്‍ക്കാരിന് മറെറാരു കണക്കുണ്ടെങ്കിലും രാജ്യത്തെ 90 ശതമാനവും ദാരിദ്യത്തിലാണ്.ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രിലില്‍ ദല്‍ഹിയില്‍ വെല്‍ഫയര്‍ പാര്‍ട്ടി രൂപംകൊണ്ടത്. പാര്‍ട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നേടാവുന്നതോ അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് ഉണ്ടാക്കിയതോ അല്ല. 20 ഓ 30 ഓ വര്‍ഷം കൊണ്ട് നേടാവുന്ന ദീര്‍ഘലക്ഷ്യങ്ങളാണിത്.അത് രാജ്യത്തിന്‍െറ രാഷ്ട്രീയം തന്നെ മാറ്റിമറിക്കുമെന്ന് വന്‍ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രീയ സംസ്കാരം കേരളത്തിന് സംഭാവനചെയ്യാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്‍റായി സ്ഥാനമേറ്റ ഡോ.കൂട്ടില്‍ മുഹമ്മദലി വ്യക്തമാക്കി. ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ എതിരായുള്ളതല്ല ഈ പാര്‍ട്ടി. അവരെ തിരുത്താനും അവരെക്കൂടി സഹകരിപ്പിച്ച് മുന്നോട്ടുപോകാനുമാണ് ലക്ഷ്യമിടുന്നത്.എന്നാല്‍ ഇതിനായി മൂല്യങ്ങളില്‍ ഒരുവിട്ടുവീഴ്ചയയും ചെയ്യില്ല. മുന്‍ധാരണ വെച്ച് വെല്‍ഫയര്‍ പാര്‍ട്ടിയെ വിലയിരുത്തരുതെന്ന് അദ്ദേഹം മറ്റു രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ഥിച്ചു.അവസാനത്തെ വ്യക്തിക്കും ഗുണം ലഭക്കുന്നതായിരിക്കണം എല്ലാ വികസനവുമെന്ന് കൂട്ടില്‍ മുഹമ്മദലി പറഞ്ഞു. പുതിയ ഭാരവാഹികള്‍ക്ക് ദേശീയ വൈസ് പ്രസിഡന്‍റ് ഫാ. അബ്രഹാം ജോസഫ് പാര്‍ട്ടി പതാക കൈമാറി.ഇന്ത്യന്‍ ദേശീയതയില്‍ ചരിത്രം രൂപംകൊടുത്ത സ്നേഹ സമൂഹമാണ് വെല്‍ഫയര്‍ പാര്‍ട്ടിയെന്ന് ഫാ. അബ്രഹാം ജോസഫ് പറഞ്ഞു. ജനാധിപത്യ ബദലാണ് പുതിയ പാര്‍ട്ടിയിലൂടെ നിര്‍വഹിക്കാന്‍ പോകുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍ പറഞ്ഞു.കേരളത്തില്‍  ഒരുവര്‍ഷം കൊണ്ട് ഒരുലക്ഷം അംഗങ്ങളെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി  പി.എ.അബ്ദുല്‍ഹക്കീം പറഞ്ഞു.ദേശീയ വൈസ് പ്രസിഡന്‍റ് ലളിതാ നായിക്, ജനറല്‍ സെക്രട്ടറി പി.സി.ഹംസ, സെക്രട്ടറി സുബ്രഹ്മണി, ട്രഷറര്‍ അബ്ദുസ്സലാം വാണിയമ്പലം,വനിതാ കണ്‍വീനര്‍ സീമാ മുഹ്സിന്‍, തമിഴ്നാട് ഘടകം പ്രസിഡന്‍റ് എസ്.എന്‍.സിക്കന്തര്‍, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ കരിപ്പുഴ സുരേന്ദ്രന്‍,പ്രേമ പിഷാരടി, സി.അഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഹമീദ് വാണിയമ്പലം, സെക്രട്ടറി ഇ.എ.ജോസഫ്, ട്രഷറര്‍ പ്രഫ.പി.ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കെ.എ.ഷഫീഖ് സ്വാഗതവും അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു. നേരത്തെ കര്‍ണാടക മുന്‍ മന്ത്രികൂടിയായ ലളിതാ നായിക് പതാക ഉയര്‍ത്തി.

Wednesday, June 8, 2011

തിരഞ്ഞെടുപ്പിലെ മുസ്‌ലിം മനസ്സ്‌ - എന്‍.പി. ആഷ്‌ലി

മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിനടിസ്ഥാനം ഇതരമതവിദ്വേഷമോ ഭീതിയോ അല്ല. സ്വസമുദായത്തിലെ ചില പ്രവണതകളോടുള്ള എതിര്‍പ്പാണെന്ന് വ്യക്തമാണ്. 'ബ്രെയ്ക്കിങ് ന്യൂസു'കളോട് വേങ്ങരയിലെ ജനങ്ങള്‍ നിസ്സംഗരായെങ്കില്‍ അവരെ അധാര്‍മികരെന്ന് മുദ്രകുത്തുന്നത് നീതിയാകില്ല

കേരളത്തില്‍ നായര്‍ നായര്‍ക്കും ക്രിസ്ത്യാനി ക്രിസ്ത്യാനിക്കും ഈഴവന്‍ ഈഴവനും മുസ്‌ലിം മുസ്‌ലിമിനും മാത്രം വോട്ടുചെയ്യുന്നത് അത്ര അസ്വാഭാവികമല്ലെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് നേടിയ വന്‍വിജയം കേരളത്തിലും പുറത്തുമുള്ള രാഷ്ട്രീയനിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. 

തിരഞ്ഞെടുപ്പുഫലം മതവിഭാഗങ്ങള്‍ക്കിടയില്‍ ഭീതിയും അകലവും സൃഷ്ടിച്ച് സാമുദായികാന്തരീക്ഷം കലുഷമാക്കുമോ എന്ന ആശങ്കയും കാര്യമായുണ്ട്. എന്നാല്‍ ഇക്കുറിനടന്ന മുസ്‌ലിംവോട്ടിന്റെ ഏകീകരണത്തിന് ഒരു സൈദ്ധാന്തിക പശ്ചാത്തലമുണ്ട്.

ഏറ്റവും ശക്തനായ നേതാവിനെതിരെ ഗൗരവമായ ആരോപണങ്ങളുണ്ടായിട്ടും എങ്ങനെയാണ് മുസ്‌ലിം സമുദായത്തിന്റെ ഭൂരിപക്ഷത്തിന്റെയും വോട്ട് മുസ്‌ലിംലീഗിന് നേടാനായത്? ഒരുമയുടെ അടിസ്ഥാനം രാഷ്ട്രീയതന്ത്രജ്ഞതയോ നേതൃപാടവമോ ആണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. പിന്ന എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? ആരോപണങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന ഒരു നേതാവിനെ വോട്ടര്‍മാര്‍ വന്‍ഭൂരിപക്ഷത്തിന് ജയിപ്പിച്ചു. ഇതിനര്‍ഥം വോട്ടര്‍മാര്‍ ധാര്‍മികമായ പരിഗണനകള്‍ മാറ്റിവെച്ചു എന്നാണോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് ഇവിടെ ശ്രമിക്കുന്നത്.

കേരള മുസ്‌ലിങ്ങള്‍ക്കിടയില്‍ പ്രധാനമായും ആറ് മതസംഘടനകളാണുള്ളത്. ഏറ്റവും വലിയ വിഭാഗം പാരമ്പര്യവാദികളായ സുന്നികളാണ്. ഇ.കെ. സുന്നിയെന്നും എ.പി. സുന്നിയെന്നും ഇവര്‍ രണ്ടു ഗ്രൂപ്പുകളാണ്. രണ്ടാമത്തെ വിഭാഗമായ കേരള നദ്‌വത്തുല്‍ മുജാഹിദീനും (മുജാഹിദ് വിഭാഗമെന്ന് ഇവരെ പൊതുവെ പരാമര്‍ശിക്കപ്പെടുന്നു) രണ്ടു ഗ്രൂപ്പുകളുണ്ട്: എ.പി.അബ്ദുള്‍ഖാദര്‍ മൗലവിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പും ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പും. ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നിവയാണ് മറ്റ് രണ്ട് പ്രധാന മതസംഘടനകള്‍. ഇവ രണ്ടും മത - രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. സുന്നികളും മുജാഹിദുകളും മതാചാരകാര്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായം വെച്ചുപുലര്‍ത്തുന്നവരാണ്. രണ്ടുവിഭാഗം സുന്നികള്‍ തമ്മിലും രണ്ടുവിഭാഗം മുജാഹിദുകള്‍ തമ്മിലും കാര്യമായ സംഘടനാപ്രശ്‌നങ്ങളുണ്ട്. എന്നാല്‍ മതാചാരകാര്യങ്ങളിലും സംഘടനാകാര്യങ്ങളിലുമല്ലാതെ ഈ നാലുകൂട്ടര്‍ക്കും രാഷ്ട്രീയനയം വേറിട്ട് വ്യക്തമാക്കേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. ഇ.കെ. സുന്നിയിലെയും മുജാഹിദ് വിഭാഗങ്ങളിലെയും വലിയൊരുവിഭാഗം ലീഗിനൊപ്പം നിന്നപ്പോള്‍ എ.പി. സുന്നി എന്നും ലീഗ് വിരുദ്ധരായിരുന്നു.

എന്നാല്‍ ഈ വിഭാഗങ്ങള്‍ക്ക് മുമ്പൊരിക്കലുമില്ലാത്തവിധം തങ്ങളുടെ രാഷ്ട്രീയനയം വ്യക്തമാക്കേണ്ടിവന്നത് ഇസ്‌ലാമിക രാഷ്ട്രീയമെന്ന മൗദൂദിയന്‍ ആശയവുമായി ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും (അന്ന് എന്‍.ഡി.എഫ്.) മുന്നേറാന്‍ തുടങ്ങിയതോടെയാണ്. മികച്ച മീഡിയാ മാനേജ്‌മെന്റിലൂടെയും ബുദ്ധിജീവി സ്വാധീനത്തിലൂടെയും മുസ്‌ലിം പണക്കാരുടെ സംഘാടനത്തിലൂടെയും പൊതുസമൂഹത്തിനുമുമ്പില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇവര്‍ക്കു സാധിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെയും; നിഗൂഢത മുറ്റിനിന്നതെങ്കിലും തൃണമൂല്‍ പദ്ധതികളിലൂടെ പടര്‍ന്നുവന്ന എന്‍.ഡി.എഫിന്റെയും രാഷ്ട്രീയസിദ്ധാന്തം ഒന്നായിരുന്നു; പ്രവര്‍ത്തനരീതി വ്യത്യസ്തമായിരുന്നുവെങ്കിലും. ഇരുകൂട്ടരും മതത്തെ രാഷ്ട്രീയമായിക്കണ്ടു; മതരാഷ്ട്രത്തിന്റെ സംസ്ഥാപനത്തെ ലക്ഷ്യമായും. ഇതേസമയം തന്നെ ആഗോളതലത്തില്‍ സാമ്രാജ്യത്വവും ദേശീയതലത്തില്‍ ഹിന്ദുത്വവും തങ്ങളുടെ നിലനില്‍പ്പിനാവശ്യമായ ശത്രുക്കളെ ഇസ്‌ലാമിലും മുസ്‌ലിം സമുദായത്തിലും കണ്ടെത്തി. മുസ്‌ലിം ഭീകരതയുടെ സൈദ്ധാന്തികാടിത്തറ മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളാണെന്നും മുസ്‌ലിംകള്‍ക്ക് ജനാധിപത്യം മനസ്സിലാവില്ലെന്നും പ്രചാരണം ശക്തിപ്പെട്ടപ്പോള്‍ സുന്നികളും മുജാഹിദുകളും സ്വന്തം സംഘടനകളുടെ രാഷ്ട്രീയസിദ്ധാന്തം അന്വേഷിക്കാന്‍ നിര്‍ബന്ധിതരായി. വിശ്വാസാചാരങ്ങളില്‍ തര്‍ക്കങ്ങള്‍ ഇരിക്കുമ്പോള്‍ത്തന്നെ തങ്ങളെല്ലാവരും മതരാഷ്ട്രീയത്തിനെതിരാണെന്നും മതേതര ജനാധിപത്യമാണ് തങ്ങളുടെ വഴിയെന്നും അവര്‍ തിരിച്ചറിയുകയും തുടര്‍ന്ന് അത് പ്രഖ്യാപിക്കാന്‍ അവര്‍ മുന്നോട്ടുവരികയും ചെയ്തു. ഈ തിരിച്ചറിവിന്റെ തെളിവാണ് 2007ലും 2008ലും ഈ നാലുഗ്രൂപ്പുകളും ഒരുമിച്ച് വടക്കന്‍ കേരളത്തില്‍ പലയിടത്തും നടത്തിയ തീവ്രവാദവിരുദ്ധ സംഗമങ്ങള്‍. 'ഭീകരത മതമല്ല', 'മനുഷ്യജാലിക' എന്നീ കാമ്പെയ്‌നുകളിലൂടെ എസ്.കെ.എസ്.എസ്.എഫ്. മുസ്‌ലിം ഭീകരവാദത്തിനെതിരെ മതേതര ജനാധിപത്യത്തിനായുള്ള പ്രചാരണപരിപാടികള്‍ക്ക് ഊര്‍ജം നല്‍കിപ്പോന്നു. 2010 മെയ് 7ന് പാണക്കാട് മുനവ്വറലി തങ്ങളുടെ നേതൃത്വത്തില്‍ ഫോറം ഫോര്‍ കമ്യൂണല്‍ ഹാര്‍മണി നടത്തിയ മതേതര പൈതൃക സംരക്ഷണ സമ്മേളനമടക്കമുള്ള നീക്കങ്ങളും ഈ സമീപനത്തെ പൊതുമണ്ഡലത്തിലവതരിപ്പിച്ചു. അതിന്റെ അവസാനമാണ് 2010 മെയ് 20 ന് മുസ്‌ലിംലീഗ് ജമാഅത്തെ ഇസ്‌ലാമിയുമായി ഒരു ധാരണയ്ക്കും ഇല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്. കൈവെട്ടുകേസിനു ശേഷം 2010 ആഗസ്ത് ഒന്നിന് കോട്ടയ്ക്കലില്‍ വെച്ചുനടന്ന മുസ്‌ലിം സംഗമം മതേതര ജനാധിപത്യത്തിലും സമുദായ സൗഹാര്‍ദത്തിലുമുള്ള അടിസ്ഥാനവിശ്വാസം നശിപ്പിക്കുന്ന ഒന്നിനും കൂട്ടുനില്‍ക്കരുതെന്ന് വ്യക്തമാക്കി. മുസ്‌ലിം മത -വിദ്യാഭ്യാസ - രാഷ്ട്രീയകക്ഷികളുടെ പങ്കാളിത്തംകൊണ്ട് സമുദായത്തിന്റെ ഭൂരിപക്ഷത്തിന്റെയും കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നതായി ഈസംഗമം (ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട്, പി.ഡി.പി. എന്നീ സംഘടനകളെ യോഗത്തില്‍ നിന്നു മാറ്റിനിര്‍ത്തുകയാണുണ്ടായത്.)

ഈ സംഗമത്തിന്റെ രാഷ്ട്രീയപ്രതിഫലനമാണ് ഇത്തവണത്തെ മുസ്‌ലിം ലീഗിന്റെ വിജയത്തിന് കാരണം. ഈ സംഘടനകളുടെ ആവശ്യം രാഷ്ട്രീയമായി ശ്രദ്ധയില്‍ക്കൊണ്ടുവരാനും അവയുടെ മുമ്പില്‍ നില്‍ക്കാനും ലീഗിനായി. ഒരിക്കലും തങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടില്ലാത്ത എ.പി. സുന്നിക്കാരുടെ വിരോധവും ഈ പൊതുഘടകംകൊണ്ട് തന്നെ വളരെക്കുറഞ്ഞു. പലയിടങ്ങളിലും പിന്തുണയും കിട്ടി. 

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജമാഅത്തെഇസ്‌ലാമിയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും (പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയവിഭാഗം) മത്സരിച്ചത് മതരാഷ്ട്രീയത്തോടുള്ള മറ്റ് മതസംഘടനകളുടെ എതിര്‍പ്പ് വീണ്ടും പ്രകടിപ്പിക്കാന്‍ വേദിയൊരുക്കി. 'വിജയത്തിന്റെ മറുവശം ഭരണത്തിന്റെ ഭാരം' എന്ന ലേഖനത്തില്‍ (മാധ്യമം മെയ് 17) ''സാമ്പ്രദായിക ജമാഅത്ത് വിരോധം മുഖ്യദൗര്‍ബല്യമായ മതസംഘടനകളെ ലീഗിനുവേണ്ടി ജീവന്‍മരണപ്പോരാട്ടത്തിനിറക്കാനും ഇതുതന്നെ (ജമാഅത്തിന്റെ രാഷ്ട്രീയപ്രവേശം) കുഞ്ഞാലിക്കുട്ടിയും കൂട്ടരും അവസരമാക്കി. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോഴും അതേ അടവുനയമാണ് മുസ്‌ലിംലീഗ് പ്രയോഗിച്ചത്'' എന്ന് നിരീക്ഷിക്കുന്ന എ.ആറും ജമാഅത്തെ ഇസ്‌ലാമിയും ഇത്തരമൊരു നീക്കത്തെ മനസ്സിലാക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. (ആ സാമ്പ്രദായിക ജമാഅത്ത് വിരോധത്തിന്റെ കാരണം രാഷ്ട്രീയസിദ്ധാന്തത്തിലെ അടിസ്ഥാനപരമായ വൈരുദ്ധ്യമാണെന്ന് പറയുന്നില്ലെങ്കിലും).

സുന്നി - മുജാഹിദ് സംഘടനകള്‍ പടുത്തുയര്‍ത്തിയ വേദിയുടെ മുമ്പില്‍ നില്‍ക്കാനുള്ള രാഷ്ട്രീയവിവേകം മുസ്‌ലിംലീഗ് കാണിച്ചു. ഏതായാലും തീവ്രവാദവിരുദ്ധ നിലപാടിന് അമുസ്‌ലിം വോട്ടര്‍മാരും നല്ല പിന്തുണകൊടുക്കുന്നു എന്നതിന്റെ തെളിവാണ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമല്ലാത്ത അഴീക്കോട്ടുനിന്ന് കെ.എം. ഷാജി നേടിയ വിജയം.

അങ്ങനെ നോക്കുമ്പോള്‍ മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിനടിസ്ഥാനം ഇതരമതവിദ്വേഷമോ ഭീതിയോ അല്ല. സ്വസമുദായത്തിലെ ചില പ്രവണതകളോടുള്ള എതിര്‍പ്പാണെന്ന് വ്യക്തമാണ്. സുന്നി - മുജാഹിദ് വിഭാഗം മതരാഷ്ട്രീയവാദികളോടെടുത്ത നിലപാടിനെ മുസ്‌ലിം സമുദായത്തിനകത്തെ ഗ്രൂപ്പുവഴക്കായി പരിഗണിച്ചതിലൂടെ മിക്ക മാധ്യമങ്ങളും വിഷയത്തിന്റെ മര്‍മം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെയാണ് രാഷ്ട്രീയനിലപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ കാര്യമായി കാണാതിരുന്നത്. ആ നിലപാടിന്റെ രാഷ്ട്രീയം സമാധാനത്തിനും കൂട്ടുജീവിതത്തിനും കേരളീയ സമൂഹത്തിന്റെ നല്ലഭാവിക്കും അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ് പിന്തുണച്ചിരുന്നെങ്കില്‍ കേരളത്തില്‍ സമുദായങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഭീതിയെയും സംശയത്തെയും ഫലപ്രദമായി തടുക്കാന്‍ അവയ്ക്കാവുമായിരുന്നു. ഇതിനേക്കാള്‍ കുറ്റകരമാണ് ഈ വികാസങ്ങളെ തട്ടിപ്പായും കുടിലതയായും എന്നും തള്ളിക്കളഞ്ഞ ഇടതുപക്ഷത്തിന്റെ രീതികള്‍. സാമുദായികതലത്തിലുള്ളസംഘാടനത്തെയാണ് ഇടതുപക്ഷം എതിര്‍ക്കുന്നതെങ്കില്‍ എ.പി. സുന്നികളുടെയും പി.ഡി.പി.യുടെയും കഴിഞ്ഞ രണ്ടുതവണ ജമാഅത്തെ ഇസ്‌ലാമിയുടെയും പിന്തുണ അവര്‍ എന്തുകൊണ്ട് സ്വീകരിച്ചു? മുസ്‌ലിം സമുദായത്തിനകത്ത് കേരളീയ സമൂഹത്തിന് മൊത്തത്തില്‍ ഗുണം ചെയ്യുന്ന തരത്തിലുണ്ടായ പല കാര്യങ്ങളുടെ നേരെയും അവര്‍ കാണിച്ച അന്ധതയാണ് തിരഞ്ഞെടുപ്പ് ഫലത്തിന് കാരണം 'സാമുദായിക ധ്രുവീകരണമാണെന്ന നിഗമനത്തില്‍ അവരെ എത്തിച്ചത്. 

ഇങ്ങനെയൊരു നീക്കം ഉണ്ടായതുകൊണ്ട് വര്‍ഗീതയോ ഭീകരതയോ ഇല്ലാതായിപ്പോവും എന്ന് കരുതുന്നത് മൗഢ്യമാണ്. പക്ഷേ, ഇസ്‌ലാമിക രാഷ്ട്രീയ സിദ്ധാന്തങ്ങളോട് മുസ്‌ലിം ലീഗ് അടുക്കുകയും മുസ്‌ലിം സംഘടനകള്‍ അതിനോട് നിസ്സംഗമായി പെരുമാറുകയും ചെയ്തിരുന്നെങ്കില്‍ അത് വലിയ അപകടങ്ങളുണ്ടാക്കുമായിരുന്നു. ആ അപകടം ഒഴിവാക്കാനായി എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ സവിശേഷത. ഈ നിലപാട് അംഗീകരിച്ച് കൂടെ നിന്നതാണ് തങ്ങളുടെ വിജയത്തിന്റെ ഏറ്റവും പ്രധാനമെന്ന് മനസ്സിലാക്കുക ലീഗിനെ സംബന്ധിച്ച് സുപ്രധാനമാണ്. അല്ലാതെ സമുദായത്തിന്റെ മനസ്സ് എന്നും എന്തിനും തങ്ങളോടൊപ്പമാണെന്നുള്ള ധാരണ പിശകായിരിക്കും. 

അധികമാരും വിശദമാക്കാത്തതും പല മനസ്സുകളിലും തങ്ങിനില്‍ക്കുന്നതുമായ ഒരു ചോദ്യം ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണം നേരിട്ടുകൊണ്ടിരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയെ വന്‍ഭൂരിപക്ഷത്തിന് ജയിപ്പിച്ച മലപ്പുറത്തെ ജനങ്ങള്‍ക്ക് ഒരു നീതിബോധവുമില്ലേ എന്നതാണ്. ഈ ചോദ്യം ആദ്യത്തെയല്ല. 'മതന്യൂനപക്ഷങ്ങളുടെ ധാര്‍മികശക്തി'യില്‍ സി.ആര്‍. പരമേശ്വരന്‍ എഴുതി: ''കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോഴിക്കോട് പെണ്‍വാണിഭത്തിന്റെ നിഴലിലായിരുന്ന ആ പാര്‍ട്ടിയെ (ലീഗിനെ) പൊന്നാനിയിലെയും മഞ്ചേരിയിലെയും മതബോധമുള്ള ജനങ്ങള്‍ ശിക്ഷിക്കുമെന്നാണ് ഞാന്‍കരുതിയിരുന്നത്. അതിനുപകരം അവരെ മൃഗീയഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ഒരു സമൂഹത്തിന്റെ മൂല്യബോധം അന്യൂനമാണോ? (അസഹിഷ്ണുതയുടെ ആവശ്യം, 1999, പു. 44). എന്നാല്‍ 2006-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇതേ മലപ്പുറത്തെ ജനങ്ങളാണ് കുഞ്ഞാലിക്കുട്ടിയെ തോല്പിച്ചതും. അപ്പോള്‍ എന്താവാം വോട്ടര്‍മാരുടെ ഈ തീരുമാനത്തിന്റെ ന്യായം? 

1996-ലാണ് പെണ്‍വാണിഭക്കേസ് ആദ്യം പൊങ്ങിവന്നത്. ഇ.കെ. നായനാരാണ് അന്നു മുഖ്യമന്ത്രി. കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും മുസ്‌ലിംലീഗിലുമുള്ള നേതാക്കള്‍ ആരോപണവിധേയരായിരുന്നു. കുറ്റക്കാരനായിരുന്നെങ്കില്‍ എതിര്‍പ്പാര്‍ട്ടിക്കാരനായിരുന്ന കുഞ്ഞാലിക്കുട്ടിയെ എന്തുകൊണ്ട് സി.പി.എം. അറസ്റ്റു ചെയ്തില്ല എന്ന ലീഗുകാരുടെ 'നാടന്‍' ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയായി. 2005 ലാണ് റജീനയുടെ വെളിപ്പെടുത്തലുകളോടെ കേസ് വീണ്ടും ജനശ്രദ്ധയാകര്‍ഷിച്ചത്. ഒരു മാസത്തിലധികം മന്ത്രിപദത്തില്‍ പിടിച്ചിരുന്ന കുഞ്ഞാലിക്കുട്ടി അവസാനം രാജിവെച്ചു. കോടതി എന്തുപറഞ്ഞാലും ജനമനസ്സില്‍ ആ വിവാദം ഉണ്ടാക്കിയ ധാരണകളാലാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ലീഗിന്റെ കോട്ടയില്‍ത്തന്നെ ജനങ്ങള്‍ തോല്പിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിസ്ഥാനമടക്കം രാജിവെക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. അധികാരസ്ഥാനങ്ങളൊന്നുമില്ലാതിരുന്ന കുഞ്ഞാലിക്കുട്ടിയെ ഇടതുപക്ഷ ഭരണകാലത്ത് തന്നെ എല്ലാ കോടതികളും വെറുതെവിട്ടു. ...\

ജനങ്ങളുടെ മുമ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ ശിക്ഷ കഴിഞ്ഞതാണെന്നും അതുകൊണ്ടാണവര്‍ അദ്ദേഹത്തെ ഇക്കുറി വിജയിപ്പിച്ചതെന്നും പറയുന്നതില്‍ കാര്യമുണ്ടോ? പ്രത്യേകിച്ച് ഇക്കുറിയും ഒരു കേസ് ഉണ്ടായിരിക്കേ? പെണ്‍വാണിഭക്കേസിലാണ് കുഞ്ഞാലിക്കുട്ടിയെ വെറുതെ വിട്ടത്; ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കുറ്റത്തിനല്ല. ഇത് രണ്ടും രണ്ടു കേസുകളാണ്. അത് അങ്ങനെ അവതരിപ്പിക്കുന്നതില്‍ നമ്മുടെ പത്രമാധ്യമങ്ങളോ ഇടതുപക്ഷമോ വിജയിച്ചിട്ടുണ്ടോ? ഒന്നര ദശകത്തോളമായി നടന്നുവരുന്ന പെണ്‍വാണിഭക്കേസിന്റെ തുടര്‍ച്ചയില്‍ ജനങ്ങള്‍ക്ക് മനംമടുത്തെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മീഡിയയ്ക്കുവേണ്ടിയിരുന്നത് കുഞ്ഞാലിക്കുട്ടി -റൗഫ് അടിപിടിയുടെയും പെണ്‍വാണിഭത്തിന്റെയും മസാലക്കഥകളായിരുന്നു. വാര്‍ത്തകള്‍ക്ക് ക്യാരക്ടര്‍ നഷ്ടപ്പെടുമ്പോള്‍ ജനം അവയെ അവലംബിക്കുന്നത് നിര്‍ത്തി. 

ഒരു തെറ്റിന് ജനം ഒരിക്കല്‍ ശിക്ഷിക്കും. ഒരിക്കലേ ശിക്ഷിക്കൂ. അടിയന്തരാവസ്ഥയെ ഒരപരാധമായി മനസ്സിലാക്കിയ റായ്ബറേലിയിലെ ജനങ്ങള്‍ 1977-ല്‍ ഇന്ദിരാഗാന്ധിയെ 52,200 വോട്ടിന് തോല്പിച്ചു. ഇതേ ജനങ്ങള്‍ 1980-ല്‍ അവരെ ഒരു ലക്ഷം വോട്ടിന് ജയിപ്പിച്ചു. അധികാരമില്ലാത്ത അവസ്ഥയില്‍ ചെയ്ത കുറ്റത്തിന് ശിക്ഷ നല്‍കുക ജനങ്ങളുടെ ജോലിയല്ല. ഗവണ്‍മെന്റും നീതിന്യായവ്യവസ്ഥയുമാണത് ചെയ്യേണ്ടത്. അധികാരം ഇല്ലാതാക്കാനേ ജനങ്ങള്‍ക്കു കഴിയൂ. 1980-ല്‍ വീണ്ടും ഇന്ദിരാഗാന്ധിയെ ജയിപ്പിച്ചതിലൂടെ റായ്ബറേലിക്കാര്‍ തങ്ങള്‍ 1977-ല്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയ താക്കീതിന്റെ തിളക്കം കുറച്ചുകളഞ്ഞെന്ന് ആരെങ്കിലും പറയുമോ? അതുപോലെ ഭരിച്ചിരുന്ന ഇടതുപക്ഷ സര്‍ക്കാറും നീതിന്യായവ്യവസ്ഥയും ജനാധിപത്യധാരണകള്‍ കമ്മിയായിരുന്ന മാധ്യമ സ്ഥാപനങ്ങളുമാണ് ഈ സാഹചര്യത്തിന് മറുപടി പറയേണ്ടത്. അല്ലാതെ ജനങ്ങളെ പഴിപറയുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആരോപണ പ്രത്യാരോപണങ്ങളിലൂടെ വഷളായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയസംസ്‌കാരത്തില്‍ മിനിറ്റുവെച്ച് പ്രവഹിച്ച 'ബ്രെയ്ക്കിങ് ന്യൂസു'കളോട് വേങ്ങരയിലെ ജനങ്ങള്‍ നിസ്സംഗരായെങ്കില്‍ അവരെ അധാര്‍മികരെന്ന് മുദ്രകുത്തുന്നത് നീതിയാകില്ല. നമ്മുടെ ജനാധിപത്യസംസ്‌കാരത്തെ തള്ളിപ്പറയാനല്ല; ഉയര്‍ത്തിപ്പിടിക്കാനാണ് ഈ തിരഞ്ഞെടുപ്പുഫലവും നമ്മെ പ്രേരിപ്പിക്കേണ്ടത്.

(ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ അസി. പ്രൊഫസറാണ് ലേഖകന്‍)


Twitter Delicious Facebook Digg Stumbleupon Favorites More