Monday, April 4, 2011

ജമാഅത്തെ ഇസ്‌ലാമി കേരളഘടകം പിളര്‍പ്പിലേയ്ക്ക്?


Published on http://www.newsightkerala.com/?p=3905

തിരുവനന്തപുരം: ഇസ്‌ലാമിക സംഘടനകള്‍ക്കിടയിലുണ്ടാകാറുള്ള അഭിപ്രായവ്യത്യാസങ്ങളും പിണക്കങ്ങളും ആഘോഷിക്കുകയും അവയെ കഴിയുന്നത്ര ആഴത്തില്‍ പിളര്‍ക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യാറുള്ള ജമാഅത്തെ ഇസ്‌ലാമി കേരളഘടകം പിളര്‍പ്പിലേയ്ക്ക്. സി പി എമ്മിനോടുള്ള അന്ധമായ വിധേയത്വത്തിലും ജമാഅത്തിന്റെ വോട്ടുകച്ചവട മനോഭാവത്തിലും പ്രതിഷേധിച്ച് ഇന്നലെ സംഘടനയോട് വിടപറഞ്ഞ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേലിനു പിന്തുണയുമായി നൂറുപ്രവര്‍ത്തകര്‍ രംഗത്ത് എത്തിയ സാഹചര്യത്തില്‍ ഇതിനെ ചെറുക്കാന്‍ ജമാഅത്ത് അമീര്‍ ആരിഫലിയുടെ വിശ്വസ്തരായ ഒരു വിഭാഗം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഹമീദിനെതിരെ അപവാദപ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ട്. അത് ജമാഅത്തിലും സോളിഡാരിറ്റിയിലും വലിയൊരു പിളര്‍പ്പിലേയ്ക്കുള്ള പാതയൊരുക്കുകയാണ്. സോളിഡാരിറ്റി നേതാവ് ടി പി യൂനുസിന്റെ നേതൃത്വത്തിലാണ് ഹമീദ് വാണിമേലിനെതിരെ അപവാദ പ്രചരണരംഗത്തുള്ളത്. ഇസ്‌ലാമിക സംഘടനയെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ജമാഅത്ത് ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ഇതിനുവേണ്ടിയാണ് സോളിഡാരിറ്റിക്കു തന്നെ അവര്‍ രൂപം നല്‍കിയത്. ഇതിനു സമാന്തരമായാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ മാതൃകയാക്കി പൊളിറ്റിക്കല്‍ സെക്രട്ടറിയെന്ന തസ്തികയുണ്ടാക്കി ഹമീദ് വാണിമേലിനെ നിയമിച്ചത്. പൊളിറ്റിക്കല്‍ സെക്രട്ടറിയെന്ന നിലയില്‍ ഹമീദ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നതും. എന്നാല്‍ ജമാഅത്തിന്റെ മാര്‍ഗവ്യതിയാനം ഉള്‍ക്കൊള്ളാനാകാത്ത ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംഘടനാചട്ടക്കൂടുകളില്‍ നിന്നും മാറിനില്‍ക്കുകയൊ സമാന സ്വഭാവമുള്ള മറ്റു ഇസ്‌ലാമിക സംഘടനകളിലേയ്ക്ക് മാറുകയൊ ചെയ്തിരുന്നു. ഹമീദ് വാണിമേലിന്റെ രാജിയോടെ ഇത്തരക്കാരുടെ കൂട്ടായ്മ രൂപപ്പെട്ടിരിക്കുകയാണിപ്പോള്‍. നേരത്തെ ജമാഅത്ത് മുന്‍നിര പ്രവര്‍ത്തകരായിരുന്ന വഹിയുദ്ധീന്‍ഖാന്‍, കെ എം റിയാലു, സ്വലാഹുദ്ധീന്‍ അയ്യൂബി, ഫൈസ്ബാബു, ജാബിര്‍സുലൈം, വി പി കെ അഹമദ്കുട്ടി എന്നിവരെല്ലാം ഹമീദ് വാണിമേലിനു പിന്തണ നല്‍കുന്ന വിഭാഗത്തിലുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ സി പി എമ്മിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ച സംഘടനാ നിലപാടിലുള്ള വിയോജിപ്പാണ് രാജിയ്ക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ടെങ്കിലും അതുമാത്രമല്ലെന്നാണ് സൂചനകള്‍. പ്രസ്ഥാന പ്രവര്‍ത്തകരിലെ സമ്പന്ന വിഭാഗത്തെ ഏകോപിപ്പിച്ച് കൂട്ടുകച്ചവടത്തിനു പ്രേരിപ്പിക്കുകയും പിന്നീട് ദുരൂഹസാഹചര്യത്തില്‍ അത് തകരുകയും ചെയ്യുന്ന കച്ചവടമായാജാലവും ജമാഅത്തിനെ വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു. മലപ്പുറം ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ഓര്‍ക്കിഡ്, തൃശൂരിലെ തകര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥാപനം എന്നിവയിലെല്ലാം പള്ളിക്കമ്മറ്റികളുടെ വരെ ലക്ഷങ്ങളാണ് പാഴാക്കിയത്. ഇത്തരം കച്ചവട പ്രവണതകളെയും ഹമീദ് വാണിമേലടക്കമുള്ളവര്‍ ശക്തമായി എതിര്‍ത്തിരുന്നു.എന്നാല്‍ മുന്‍ സംസ്ഥാന അമീര്‍ പ്രൊഫ. സിദ്ധീഖ് ഹസന്‍, ഇപ്പോഴത്തെ അമീര്‍ ടി ആരിഫലി എന്നിവര്‍ ഇതിന്റെ ശക്തമായ വക്താക്കളായതിനാലും മേല്‍ക്കോയ്മ ഇവര്‍ക്കായതിനാലും ഹമീദിനെപോലുള്ളവരുടെ പ്രതിഷേധത്തിനു ചായക്കോപ്പയിലെ കൊടുങ്കാറ്റിന്റെ ശക്തിയിലേയ്ക്കു ചുരുങ്ങേണ്ടി വന്നുവെന്നാണ് സൂചനകള്‍. അധികാരവും സ്വാധീനവും ഉപയോഗിച്ച് ജമാഅത്തിനെ തകര്‍ക്കാനും തീവ്രവാദ പ്രസ്ഥാനമാണെന്ന് പ്രചരിപ്പിക്കാനുമാണ് ഇക്കാലമത്രയും പിണറായി വിജയനും സി പി എമ്മും ശ്രമിച്ചതെന്നും അതേ പാര്‍ട്ടിയെയും മുന്നണിയെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാന്‍ തീരുമാനിച്ച സംഘടനാ നിലപാടിനോട് യോജിക്കാനാവില്ലെന്നുമാണ് ഹമീദ് വ്യക്തമാക്കിയിട്ടുള്ളത്. മാര്‍ച്ച് 20ന് പിണറായി വിജയനുമായി ജമാഅത്ത് അമീര്‍ ടി ആരിഫലി, അസിസ്റ്റന്റ് അമീര്‍ ശൈഖ്മുഹമ്മദ് കാരക്കുന്ന് എന്നിവരുടെ  നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന ചര്‍ച്ചയിലാണ് ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ധാരണയായത്. മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ ഇടതുകാപട്യത്തോട് ജമാഅത്ത് നേതൃത്വം കാണിക്കുന്ന അമിത വിധേയത്വം അന്തസ്സുള്ളൊരു പ്രസ്ഥാനത്തിന് യോജിച്ചതല്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തും ജമാഅത്ത് നേതൃത്വം സി പി എമ്മുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയിരുന്നുവെന്നും ഹമീദ് വാണിമേല്‍ വെളിപ്പെടുത്തുന്നു. ജമാഅത്തിന്റെ കേരള ആസ്ഥാനമായ ഹിറാസെന്ററില്‍ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളുണ്ടെന്നാരോപിച്ച് റെയ്ഡ് നടത്തിയതും കിനാലൂര്‍ സമരവുമായി ബന്ധപ്പെട്ട് സി പി എം സെക്രട്ടറി പിണറായി വിജയന്‍, വ്യവസായ മന്ത്രി എളമരം കരീം എന്നിവര്‍ ജമാഅത്തിനെ പരസ്യമായി ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തത്, ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരെ കക്കോടിയില്‍ സി പി എം പ്രവര്‍ത്തകര്‍ പരസ്യമായി ആക്രമണം നടത്തുകയും ഹമീദ് വാണിമേലിനടക്കം നാല് ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് മാരകമായി പരിക്കേറ്റതുമെല്ലാം നേതൃത്വം മറന്നുവെന്നാണ് ഹമീദിന്റെ കുറ്റപ്പെടുത്തല്‍. ടി ആരിഫലിയുടെ കുടുംബാംഗങ്ങളില്‍ നല്ലൊരു ശതമാനവും സി പി എം പശ്ചാത്തലമുള്ളവരായതുകൊണ്ടാണ് അദ്ദേഹം സംസ്ഥാന അമീറായതിനു ശേഷം ജമാഅത്ത് പിന്തുണ തുടര്‍ച്ചയായി സി പി എമ്മിനു നല്‍കുന്നതെന്ന പരാതിയും വ്യാപകമാണ്. പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തിന് പുറമെ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ പ്രതിനിധി സഭാംഗത്വം, സംസ്ഥാന ശൂറാ അംഗത്വം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം, വാണിമേല്‍ പ്രദേശത്തെ അമീര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ നിന്നും രാജിവെക്കുന്നതായി ഹമീദ് വാണിമേല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേതൃത്വത്തിനു അനഭിമതരാകുന്നവരെ അവരുടെ കുടുംബാംഗങ്ങളെ വരെ കൂട്ടുപിടിച്ച് അപവാദപ്രചരണങ്ങള്‍ അഴിച്ചുവിടുകയും മാനസികമായി തകര്‍ക്കുകയും ചെയ്യുകയെന്നത് ജമാഅത്തിന്റെ സ്ഥിരം പരിപാടിയാണെങ്കിലും ഹമീദിനൊപ്പം ജമാഅത്തിലെ വലിയൊരു വിഭാഗം അസംതൃപ്തര്‍ അണിചേരുന്നത് നേതൃത്വം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
……………….
ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.മുഹമ്മദലിയുടെ വിശദീകരണക്കുറിപ്പ്
ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗവും പൊളിറ്റിക്കല്‍ സെല്‍ മുന്‍ സെക്രട്ടറിയുമായിരുന്ന ഹമീദ് വാണിമേല്‍ ജമാഅത്ത് അംഗത്വവും പ്രസ്ഥാനത്തില്‍ അദ്ദേഹം വഹിച്ചിരുന്ന സ്ഥാനങ്ങളും രാജിവെച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി. സി.പി.എമ്മുമായി ജമാഅത്ത് നേതാക്കള്‍ രഹസ്യ സംഭാഷണം നടത്തിയെന്നാണ് രാജിക്ക് കാരണമായി അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ പ്രസ്ഥാന പ്രവര്‍ത്തകരുടേയും ഗുണകാംക്ഷികളുടേയും അറിവിനായി വസ്തുതകള്‍ വ്യക്തമാക്കുന്നതിനാണ് ഈ കുറിപ്പ്.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസ്ഥാനത്തിനകത്തും പുറത്ത് വിവിധ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളൂ. ഇതുവരെയും അന്തിമ തീരുമാനമെടുത്തിട്ടില്ല. പ്രസ്ഥാന നിലപാട് രൂപപ്പെടുത്തുന്നതിന് മുമ്പ് ഇത്തരം ചര്‍ച്ചകള്‍ ജമാഅത്തെ ഇസ്ലാമിയില്‍ സാധാരണമാണ്. പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും പുറത്തുള്ളവര്‍ക്കും അറിവുള്ള കാര്യവുമാണ് ഇത്. അത്‌കൊണ്ട്തന്നെ ഏതെങ്കിലും കക്ഷികളുമായി രഹസ്യ സംഭാഷണം നടത്തേണ്ട ആവശ്യം ജമാഅത്തെ ഇസ്ലാമിക്കില്ല. തുറന്നതും സുതാര്യവുമാണ് ജമാഅത്തെ ഇസ്ലാമിയുടെ നടപടികള്‍.
ജമാഅത്ത് ശൂറയില്‍ തെരഞ്ഞെടുപ്പ് നിലപാട് സംബന്ധിച്ച് ചര്‍ച്ച നടക്കുകയും വ്യത്യസ്താഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് തികച്ചും സ്വാഭാവികവുമാണ്. ശൂറ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം പ്രവര്‍ത്തകരുടെ അഭിപ്രായംകൂടി അറിഞ്ഞശേഷം അന്തിമ തീരുമാനമെടുക്കാമെന്നാണ് നിശ്ചയിച്ചത്. അതനുസരിച്ച് കേരളത്തിലുടനീളം പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ നടന്നുകഴിഞ്ഞു. കണ്‍വെന്‍ഷനുകളില്‍ ശേഖരിക്കപ്പെടുന്ന അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് അന്തിമതീരുമാനമെടുക്കേണ്ടത്. ഈ നടപടിക്രമങ്ങള്‍ക്കിടെ ഒരു വാര്‍ത്താസമ്മേളനത്തില്‍ നടത്തുന്ന രാജി പ്രഖ്യാപനത്തിലെ യുക്തിയില്ലായ്മ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അനവസരത്തിലുള്ളതും അപക്വവുമാണ് ഇത്. ജമാഅത്ത് തീരുമാനത്തെ ഈ പ്രസ്താവന ഒരു തരത്തിലും ബാധിക്കുകയോ സ്വാധീനിക്കുകയോ ഇല്ല.
യു.ഡി.എഫിന് അനുകൂലമായി മുഴുവന്‍ മണ്ഡലങ്ങളിലും വോട്ടുരേഖപ്പെടുത്തണമെന്ന അഭിപ്രായം ശൂറാ ചര്‍ച്ചയില്‍ ഹമീദ് വാണിമേല്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ അഭിപ്രായത്തെ മറ്റാരും ശൂറയില്‍ പിന്താങ്ങുകയുണ്ടായില്ല. ശൂറയില്‍ ഒരു വ്യക്തി പ്രകടിപ്പിക്കുന്ന അഭിപ്രായം തീരുമാനമായി വരണമെന്നില്ല. അങ്ങിനെ ധരിക്കുന്നത് ശൂറാ സംവിധാനത്തെക്കുറിച്ച ധാരണക്കുറവിനെയാണ് സൂചിപ്പിക്കുന്നത്.
സംഘടനാ താല്‍പര്യങ്ങള്‍ ജമാഅത്ത് തീരുമാനങ്ങളുടെ അടിസ്ഥാനമായി പരിഗണിക്കാറില്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങളാണ് ജമാഅത്ത് പരിഗണിക്കുക. ന്യൂനപക്ഷ, ദുര്‍ബ്ബല ജനവിഭാഗങ്ങളുടെ താല്പര്യങ്ങള്‍ ജമാഅത്ത് പ്രത്യേകം പരിഗണിച്ചു വന്നിട്ടുണ്ട്. അതിനാല്‍ ഏതെങ്കിലും ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുകയോ, പ്രശംസിക്കുകയോ ചെയ്യുന്നത് ജമാഅത്ത് തീരുമാനത്തെ ബാധിക്കേണ്ടതില്ല. അക്കാരണത്താലാണ് രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്നതിനുശേഷവും സി.പി.എമ്മുമായി മറ്റു സംഘടനകളോടൊന്നപോലെ ജമാഅത്ത് ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചത്. മറിച്ചായിരുന്നെങ്കില്‍ രണ്ട് തവണ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച കോണ്‍ഗ്രസുമായോ 31 ദിവസം തുടര്‍ച്ചയായി ജമാഅത്തിനെതിരെ ലേഖനമെഴുതിയ മുസ്ലിം ലീഗുമായോ പ്രസ്തുത സംഭവത്തിന് ശേഷം ചര്‍ച്ച നടത്തുകയോ, അവരെ പിന്തുണക്കുകയോ ചെയ്യുമായിരുന്നില്ല.
ഈ അസംബ്‌ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീ. രമേശ് ചെന്നിത്തലയുടേയും പ്രതിപക്ഷ നേതാവ് ശ്രീ. ഉമ്മന്‍ചാണ്ടിയുടെയും പ്രതിനിധി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഹിറാസെന്ററില്‍ വന്നിരുന്നു. യു.ഡി.എഫ് ഘടകകക്ഷിയായ സോഷ്യലിസ്‌റ് ജനതാദളള്‍ സമുന്നത നേതാവും ഹിറാസെന്റര്‍ സന്ദര്‍ശിക്കുകയുണ്ടായി. മുസ്ലിം ലീഗിന്റെ ഒട്ടേറെ സ്ഥാനാര്‍ഥികള്‍ ജമാഅത്ത് നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു.
പ്രസ്ഥാനത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതും, രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്തതുമായിരിക്കും ജമാഅത്ത് തീരുമാനം.

1 comments:

ജമാ-അത്തൊന്ന് പിളര്‍ന്നു കിട്ടാന്‍ ഇവര്‍ കുറെ കാലമായി പൂതി വെച്ച് നടക്കുന്നു. ഇസ്‌ലാമും രാഷ്ട്രീയവും ഇവര്‍ക്ക് രണ്ടാണ് എന്നാണു പറച്ചില്‍. എന്നാല്‍ ഇവര്‍ക്ക് ഇസ്‌ലാമും അറിയില്ല രാഷ്ട്രീയവും അറിയില്ല . മറിച്ച്‌ കുറെ ബോംബുകള്‍ പൊട്ടിക്കാനും ആളുകള്‍ വിശ്വസിക്കാത്ത കുറെ നുണകള്‍ പറയാനും മാത്രമാണ് ഇവരുടെ ശീലം ..

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More