Monday, April 4, 2011

സി.പി.എം- ജമാഅത്ത് ചര്‍ച്ച; ദുരൂഹതകള്‍ ബാക്കി




പി സി അബ്്ദുല്ല


കല്‍പ്പറ്റ: ജമാഅത്ത് നേതാവ് ടി ആരിഫലി തന്നെ വന്നു കണ്ടിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമ്മതിച്ചെങ്കിലും വ്യത്യസ്ത ധ്രുവങ്ങളിലുള്ള രണ്ടു സംഘടനകള്‍ക്കിടയിലെ ബന്ധത്തെക്കുറിച്ച് ദുരൂഹതകള്‍ ബാക്കി. 
സി.പി.എം സഖ്യനീക്കത്തില്‍ പ്രതിഷേധിച്ച് സംഘടന വിട്ട ഹമീദ് വാണിമേലിന്റെ നടപടി യുക്തിരാഹിത്യമെന്നാണു ജമാഅത്ത് ജനറല്‍ സെക്രട്ടറി വിശേഷിപ്പിച്ചത്. 
അതേസമയം മാസങ്ങള്‍ക്കു മുമ്പ് മതഭീകര സംഘടനയായി ചിത്രീകരിച്ച് പല്ലും നഖവും ഉപയോഗിച്ച് ആക്രമിച്ച സി.പി.എമ്മുമായി സഹകരിക്കാന്‍ പ്രസ്ഥാന നേതൃത്വം  സന്നദ്ധ കാട്ടി.
ഇതിന്റെ യുക്തിയാണു ജമാഅത്ത് അണികള്‍ക്കു പോലും പിടികിട്ടാത്തത്. 
സംഘടനാതലത്തിലുള്ള കീഴ്വഴക്കങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നും അണികളുടെ വികാരത്തിനു വിരുദ്ധമായി സി.പി.എം സഖ്യതീരുമാനം അടിച്ചേല്‍പ്പിക്കാന്‍ നേതൃത്വം ശ്രമിച്ചുവെന്നുമാണു രാജിവച്ച പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍ വെളിപ്പെടുത്തിയത്. 
സി.പി.എമ്മുമായി സഹകരിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ച ചേതോവികാരം എന്ത് എന്നതിലും ദുരൂഹതകളുണ്ട്. 
ജമാഅത്ത് നേതൃത്വത്തെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താന്‍ സി.പി.എം ശ്രമിക്കുന്നുവെന്ന സൂചനകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. 
അതേസമയം മുസ്്ലിം സംഘടനകളില്‍ ആശയക്കുഴപ്പമുണ്ടാക്കി ദുര്‍ബലപ്പെടുത്തുന്ന തന്ത്രമാണു ജമാഅത്തിന്റെ കാര്യത്തില്‍ സി.പി.എം ഇപ്പോള്‍ പ്രയോഗിച്ചതെന്നു വിലയിരുത്തലുകളുമുണ്ട്. 
ഐ.എന്‍.എല്ലിനെയും പി.ഡി.പിയെയും സമ്മര്‍ദ്ദം ചെലുത്തിയും പ്രീണിപ്പിച്ചുമാണു സി.പി.എം ദുര്‍ബലപ്പെടുത്തിയത്. 
ഈ തിരഞ്ഞെടുപ്പില്‍ ജമാഅത്തിന്റെ വോട്ട് ഇടതുമുന്നണിക്ക് ലഭിച്ചാലും ഇല്ലെങ്കിലും പിണറായിയുമായുള്ള കൂടിക്കാഴ്ച സംഘടനയെ ദുര്‍ബലപ്പെടുത്തുമെന്ന് സി.പി.എം നേതൃത്വം കരുതുന്നു. 
അണികളുടെ വികാരം അനുകൂലമാവില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ നേതൃത്വത്തെ കുരുക്കിലാക്കാനും പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കാനും സി.പി.എം ആസൂത്രണം ചെയ്ത നാടകമാണു പിണറായി-ആരിഫലി ചര്‍ച്ച എന്നു കരുതുന്നവരുമുണ്ട്.
അതിനിടെ ജമാഅത്ത് വിട്ട ഹമീദ് വാണിമേലിന്റെ പോക്ക് മുസ്്ലിംലീഗിലേക്കാണെന്നാണു സൂചന. 
പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയ ശേഷമാണു മുന്‍ മുസ്്ലിംലീഗകാരനായ ഹമീദ് വാണിമേല്‍  നിന്നുള്ള രാജി പ്രഖ്യാപിച്ചതെന്നറിയുന്നു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More