Monday, April 11, 2011

ജമാഅത്ത് സി.പി.എം വൈരുധ്യാധിഷ്ഠിത സമീപനം

http://mechandrikaonline.com/viewnews.asp?mcat=articlenews&mitem=AT2011443615

നിയമസഭാ തെരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും ജമാഅത്തെ ഇസ്ലാമിയും വന്‍ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇരു കക്ഷികളും തമ്മിലുണ്ടാക്കിയ രഹസ്യധാരണ മറനീക്കി പുറത്തുവന്നതോടെ മുണ്ടിട്ടുനടക്കേണ്ട ഗതികേടിലായിരിക്കുകയാണ് സി.പി.എം, ജമാഅത്ത് അണികള്‍ക്ക്.
ഭരണത്തിലിരുന്നപ്പോള്‍ ആവുന്നിടത്തോളം പീഡിപ്പിച്ച സി.പി.എമ്മിനോടും ഇടതുമുന്നണിയോടുമുള്ള ജമാഅത്തിന്റെ രാഷ്ട്രീയ ചങ്ങാത്തത്തില്‍ പ്രതിഷേധിച്ച് ജമാഅത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും "ശൂറ' മെമ്പറുമായ ഹമീദ് വാണിമേല്‍ രാജിവെക്കുകയും കോഴിക്കോട്ട് പരസ്യമായി പത്രസമ്മേളനം വിളിക്കുകയും ചെയ്തതാണ് പുതിയ വിവാദങ്ങളുടെ തുടക്കം. ഇടതുമുന്നണിയുടെ ന്യൂനപക്ഷ വിരുദ്ധ വിദ്യാഭ്യാസ നയത്തിനെതിരെയും പ്രകൃതി വിരുദ്ധ വികസന നയങ്ങള്‍ക്കെതിരെയും പ്രസ്ഥാനം സമരത്തിലായിട്ടും ജമാഅത്ത് പോഷക സംഘടനകളുടെ ജനകീയ പ്രക്ഷോഭങ്ങളെ പൊലീസിനെ ഉപയോഗിച്ച് തെരുവില്‍ നേരിട്ട എല്‍.ഡി.എഫിനെ വീണ്ടും പിന്തുണക്കാന്‍ അവരെടുത്ത തീരുമാനത്തിനെതിരെയാണ് ഹമീദിന്റെ പരസ്യ പ്രതിഷേധവും രാജിയും.
അധികാരവും സ്വാധീനവും ഉപയോഗിച്ച് ജമാഅത്തിനെ തകര്‍ക്കാനും അതു തീവ്രവാദ പ്രസ്ഥാനമാണെന്ന് പ്രചരിപ്പിക്കാനും ഒരു ഭാഗത്തു ശ്രമിക്കുകയും മറു ഭാഗത്ത് വോട്ടിനുവേണ്ടി പ്രസ്ഥാന നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തുകയും ചെയ്യുന്ന സി.പി.എമ്മിന്റെ കപട നയങ്ങളോട് നേതൃത്വം കാണിക്കുന്ന അതിരുവിട്ട വിധേയത്വം അന്തസ്സാര്‍ന്ന ഒരു പ്രസ്ഥാനത്തിന് യോജിച്ചതല്ലെന്നാണ് ജമാഅത്തിന്റെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇത്രയും കാലം നേതൃത്വം നല്‍കിയ ഹമീദ് വാണിമേല്‍ തുറന്നടിച്ചത്. രാജിയും പ്രസ്താവനയും വന്‍ വിവാദവും മാധ്യമ ചര്‍ച്ചയുമായതോടെ ആലപ്പുഴയില്‍ കഴിഞ്ഞ മാസം 20ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ജമാഅത്ത് അമീര്‍ ടി. ആരിഫലിയും തമ്മില്‍ നടത്തിയ രഹസ്യചര്‍ച്ച ഇരുവര്‍ക്കും സമ്മതിക്കേണ്ടിവന്നു. ആരാണ് ആദ്യം ചര്‍ച്ചക്കെത്തിയത് എന്ന കാര്യത്തില്‍ മാത്രമാണ് ഇരുവരും തമ്മില്‍ അഭിപ്രായസമന്വയത്തിലെത്താത്തത്. അതിലാണെങ്കില്‍ മാലോകര്‍ക്ക് സംശയമില്ലതാനും.
വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമെന്നത് കമ്മ്യൂണിസത്തിന്റെ മുഖമുദ്രയാണ്. ഇത് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ കൂടി സമീപന രീതിയാവുന്നതാണ് വിചിത്രകരമായിരിക്കുന്നത്. ബംഗാളിലും കേരളത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള ജമാഅത്തിന്റെ ദ്വിമുഖ സമീപനങ്ങളാണ് ഈ അനുമാനത്തിന് ആധാരം. പശ്ചിമബംഗാളില്‍ 34 വര്‍ഷത്തെ സി.പി.എം ഭരണത്തിന് കീഴില്‍ മുസ്ലിംകള്‍ അനുഭവിക്കുന്ന ക്രൂരമായ അവഗണനയുടെയും അടിച്ചമര്‍ത്തലിന്റെയും പശ്ചാത്തലത്തില്‍ ബംഗാള്‍ ജമാഅത്തെ ഇസ്ലാമി അവിടെ സി.പി.എമ്മിനെ പരാജയപ്പെടുത്താനുള്ള തീവ്രമായ പോരാട്ടത്തിലാണ്. ഇവിടെയാകട്ടെ സ്വന്തം പ്രസ്ഥാനത്തിനോടുപോലും ശത്രുതാ മനോഭാവം പുലര്‍ത്തുന്ന സി.പി.എമ്മിനെ എന്തുവിലകൊടുത്തും ജയിപ്പിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ് കേരള ജമാഅത്തെ ഇസ്ലാമിയുടെ "സൈലന്റ് സ്ക്വാഡുകള്‍'. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം പിന്തുടരുന്ന വൈരുദ്ധ്യാധിഷ്ഠിത ഭൗതിക സമീപന രീതിയല്ലാതെ മറ്റെന്താണിത്.
സി.പി.എമ്മിന്റെ നിലപാടും വ്യത്യസ്തമല്ല. കിനാലൂരിലെ റോഡ് വികസനത്തിന്റെ പേരില്‍ സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവര്‍ത്തകരെ പൊലീസുകാര്‍ തല്ലിച്ചതച്ചു എന്നതല്ല സി.പി.എമ്മുകാര്‍ ജമാഅത്തിനെതിരെ നടത്തിയ ഏറ്റവും വലിയ കടന്നാക്രമണം. അതിലേറെ ഗുരുതരമായിരുന്നു പ്രത്യയശാസ്ത്ര പരമായി ജമാഅത്തിനെ സി.പി.എം നേതാക്കളും മുഖപത്രവും അടച്ചാക്ഷേപിച്ചതും വിമര്‍ശിച്ചതും. അതിനുനേതൃത്വം നല്‍കിയത് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ സി.പി.എമ്മിന്റെ "അജയ്യനായ' സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയായിരുന്നു.
കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നു വാദിക്കുന്ന തീവ്രവാദി സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ജമാഅത്തെ ഇസ്ലാമിയുടേതെന്ന് പിണറായി വിജയന്‍ തുറന്നടിച്ചിട്ട് പത്തുമാസം തികഞ്ഞിട്ടില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ തേഞ്ഞിപ്പലത്ത് "ഇ.എം.എസിന്റെ ലോകം' സെമിനാറിലായിരുന്നു ഇത്. രാജ്യത്തെയും ദേശീയോദ്ഗ്രഥനത്തെയും അംഗീകരിക്കാത്ത നയമാണ് ജമാഅത്ത് പിന്തുടരുന്നതെന്നും അവരുടെ പൊയ്മുഖം സി.പി.എം തുറന്നു കാട്ടുമെന്നും അദ്ദേഹം പ്രസ്താവനനടത്തുകയുണ്ടായി. ജമാഅത്ത് ഭീകര പ്രസ്ഥാനമാണെന്ന് തെളിയിക്കാന്‍ പാര്‍ട്ടിപത്രം പരമ്പരകള്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. എന്നിട്ടും നാലുവോട്ടിനുവേണ്ടി ജമാഅത്തിന്റെ പിന്നാലെ പോയ പിണറായി വിജയന്‍ കേരളീയ സമൂഹത്തിനു മുമ്പില്‍ അപഹാസ്യനായിരിക്കുകയാണ്.
പിണറായി ഹിന്ദുകാര്‍ഡ് ഇറക്കി കളിക്കുകയാണെന്ന് അന്ന് പ്രതികരിച്ച ജമാഅത്ത് അമീര്‍ ഇന്ന് മടിയേതുമില്ലാതെ വീണ്ടും "ലക്ഷം ലക്ഷം പിന്നാലെ' പാടി പിണറായിയുമായി രഹസ്യചര്‍ച്ചക്ക് ഓടുന്നു. കിനാലൂര്‍ സമരക്കാരെ അടിച്ചൊതുക്കാന്‍ നേതൃത്വം നല്‍കിയ വ്യവസായ മന്ത്രി എളമരം കരീമിനെ തന്നെ രഹസ്യബന്ധങ്ങള്‍ക്ക് ഇടനിലക്കാരനായി അംഗീകരിക്കുന്നു. ജമാഅത്ത് നേതൃത്വത്തിന്റെ ഈ പൈശാചിക ഇരട്ട സമീപനങ്ങള്‍ക്കെതിരെ അണികള്‍ പ്രതികരിച്ചു തുടങ്ങിയെങ്കില്‍ അവരെ കുറ്റം പറയാനെന്തിരിക്കുന്നു?.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ജമാഅത്തിന്റെ മൊത്തം പിന്തുണ ഇടതിനുപതിച്ചുനല്‍കിയതായിരുന്നു. അതിന് പ്രത്യുപകാരമായി ലഭിച്ചതാണ് കിനാലൂര്‍ സംഭവവും "ഹിറാസെന്ററി'ലെ റെയ്ഡും ഭീകരരെന്ന മുദ്രകുത്തലുകളുമെല്ലാം. അന്ന് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ബാക്ക്ലോഗ് നികത്താന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തുമെന്നായിരുന്നു ജമാഅത്തിന് സി.പി.എം നല്‍കിയ വാഗ്ദാനം. അതില്‍ ചെറുവിരലനക്കാന്‍ ഇടതുസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. അല്ലെങ്കില്‍ താഗൂത്തി ഭരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജോലിയില്‍ ഉള്ള മുസ്ലിം ഉദ്യോഗസ്ഥരെ വരെ രാജിവെപ്പിച്ച ജമാഅത്തുകാര്‍ ഇപ്പോള്‍ മുസ്ലിംകള്‍ക്ക് സര്‍വ്വീസ് പ്രാതിനിധ്യം പോരെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.
ആദ്യം വോട്ട് ഹറാമാക്കുകയും പിന്നെ, വ്യക്തികള്‍ക്ക് മൂല്യംനോക്കിയും തുടര്‍ന്ന് പാര്‍ട്ടികള്‍ക്ക് മൂല്യം നോക്കിയും വോട്ട് പതിച്ചുനല്‍കുകയും ചെയ്ത ജമാഅത്തെ ഇസ്ലാമി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒറ്റക്കു മത്സരിച്ചതിന്റെ "നോവ്' അനുഭവിച്ചറിഞ്ഞതാണ്. ഇനി എന്നെന്നേക്കുമായി അവര്‍ സി.പി.എമ്മില്‍ ശരണം പ്രാപിക്കുന്നതിന്റെ "നോവ്' സഖാക്കളാണ് അറിയാന്‍ പോകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ "മഅ്ദനി'യെ കൊണ്ട് നടന്ന് പാഠം പഠിച്ച ഇടതു നേതാക്കള്‍ക്ക് അതിന് മെയ് 13 വരെ കാത്തിരുന്നാല്‍ മതിയാവും.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More