Posted on 10-04-11, 10:03 pm |
എറനാട് മണ്ഡലത്തില്‍ വിട്ടുനില്‍ക്കും കോഴിക്കോട്: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി 124 മണ്ഡലങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ പിന്തുണക്കും. 15 മണ്ഡലങ്ങളില്‍ യു.ഡി.എഫിനായിരിക്കും പിന്തുണ. അതേസമയം, എറനാട് മണ്ഡലത്തില്‍ സംഘടന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. കാസര്‍ഗോഡ്, മഞ്ചേരി, കൊണ്ടോട്ടി, മലപ്പുറം, വണ്ടൂര്‍ , കുന്ദംകുളം, ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ, പൂഞ്ഞാര്‍ , വൈക്കം, അടൂര്‍ , ഇരവിപുരം, വര്‍ക്കല, കഴക്കൂട്ടം, അരുവിക്കര മണ്ഡലങ്ങളിലാണ് യു.ഡി.എഫിനെ പിന്തുണക്കുക. പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണം, വിപുലമായ ക്ഷേമ പദ്ധതികളും പെന്‍ഷനുകളും, പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തല്‍, താരതമ്യേന അഴിമതിരഹിത ഭരണം, ന്യൂനപക്ഷങ്ങളുടെ ന്യായമായ താല്‍പര്യങ്ങളുടെ സംരംക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ എല്‍.ഡി.എഫ് മന്ത്രിസഭ ഏറെ മുന്നിലാണെന്നും പ്രവര്‍ത്തകരുടെ കൂടി അഭിപ്രായ ശേഖരണം നടത്തിയ ശേഷമാണ് ജമാഅത്തെ ഇസ്‌ലാമി തെരഞ്ഞെടുപ്പില്‍ ഇത്തരം നിലപാടില്‍ എത്തിയതെന്നും അമീര്‍ ടി ആരിഫലി പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രാദേശിക സാഹചര്യങ്ങള്‍, സംഘടനാപരമായ മുന്‍ഗണനകള്‍, മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ അഭിപ്രായം എന്നിവ പരിഗണിച്ചാണ് 15 മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു. ================= കാസര്‍കോഡ് - എന്‍ എ നെല്ലിക്കുന്ന് എതിര്‍ സ്ഥാനാര്‍ഥി - അസീസ് കടപ്പുറം (ഐ.എന്‍.എല്‍) മഞ്ചേരി - അഡ്വ എം ഉമ്മര്‍ എതിര്‍ സ്ഥാനാര്‍ഥി - പ്രഫ. പി ഗൗരി- സി.പി.ഐ കൊണ്ടോട്ടി - കെ മുഹമ്മദുണ്ണി ഹാജി എതിര്‍ സ്ഥാനാര്‍ഥി -പി.സി നൗഷാദ്(സി.പി.എം) മലപ്പുറം - പി ഉബൈദുല്ല എതിര്‍ സ്ഥാനാര്‍ഥി -മഠത്തില്‍ സാദിഖലി (ജെ.ഡി.എസ്) വണ്ടൂര്‍ - എ.പി അനില്‍കുമാര്‍ എതിര്‍ സ്ഥാനാര്‍ഥി - വി രമേശന്‍ (സി.പി.എം) കുന്ദം കുളം- സി.പി ജോണ്‍ എതിര്‍ സ്ഥാനാര്‍ഥി-ബാബു എം പാലിശ്ശേരി (സി.പി.എം) ഇരിങ്ങാലക്കുട -തോമസ് (മാണി കോണ്‍ഗ്രസ്) എതിര്‍ സ്ഥാനാര്‍ഥി - കെ ആര്‍ വിജയ (സി.പി.എം) തൃപ്പൂണിത്തുറ - കെ ബാബു എതിര്‍ സ്ഥാനാര്‍ഥി - സി. എം ദിനേശ് മണി (സി.പി.എം) പൂഞ്ഞാര്‍ - പിസി ജോര്‍ജ് (മാണി കോണ്‍ഗ്രസ്) - വൈക്കം - എ സനീഷ് കുമാര്‍ എതിര്‍ സ്ഥാനാര്‍ഥി-കെ അജിത് (സി.പി.ഐ) അടൂര്‍- പന്തളം സുധാകരന്‍ എതിര്‍ സ്ഥാനാര്‍ഥി- ചിറ്റയം ഗോപകുമാര്‍ (സി.പി.ഐ) ഇരവിപുരം- പി.കെ.കെ ബാവ എതിര്‍ സ്ഥാനാര്‍ഥി- എ.എ അസീസ് (ആര്‍.എസ്.പി) വര്‍ക്കല- വര്‍ക്കല കഹാര്‍ എതിര്‍ സ്ഥാനാര്‍ഥി- റഹീം എ.എ (സി.പി.എം) കഴക്കൂട്ടം- അഡ്വ. എം.എ വഹീദ് എതിര്‍ സ്ഥാനാര്‍ഥി-സി വിജയകുമാര്‍ (സി.പി.എം) അരുവിക്കര- ജി കാര്‍ത്തികേയന്‍ എതിര്‍ സ്ഥാനാര്‍ഥി- അമ്പലത്തറ ശ്രീധരന്‍ നായര്‍ (ആര്‍.എസ്.പി) ജമാഅത്ത് പിന്തുണയുടെ പൊരുള്‍ ടി. ആരിഫലി (അമീര്‍ ജമാഅത്തെ ഇസ്‌ലാമി, കേരള) രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക പ്രക്രിയയില്‍ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ഈ ഇടപെടലിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തത്തെയും ജമാഅത്ത് കാണുന്നത്. വരാന്‍ പോകുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജമാഅത്തിന്റെ പിന്തുണ ആര്‍ക്ക് എന്നതിനെക്കുറിച്ച് ഒരു വന്‍വിവാദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചിലര്‍ ശ്രമിച്ചിരുന്നു. സി.പി.എം നേതൃത്വവും ജമാഅത്തെ ഇസ്‌ലാമി നേതൃത്വവും ചര്‍ച്ചകള്‍ നടത്തി എന്നതിന്റെ പേരിലാണ് അങ്ങനെയൊരു വിവാദത്തിന് ചിലര്‍ ശ്രമിച്ചു നോക്കിയത്. അങ്ങേയറ്റം ആത്മവഞ്ചനയോടെയാണ് നമ്മുടെ ചില രാഷ്ട്രീയ നേതാക്കള്‍ സംസാരിക്കുന്നതെന്ന് മാത്രമേ ആ വിവാദത്തെക്കുറിച്ച് പറയാന്‍ കഴിയൂ. കാരണം, ദേശീയവും പ്രാദേശികവുമായ രാജ്യത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ജമാഅത്തെ ഇസ്‌ലാമിയുമായി പല സന്ദര്‍ഭങ്ങളിലായി രാഷ്ട്രീയമടക്കം പല വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നത് ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്ത യാഥാര്‍ഥ്യമാണ്. അതില്‍ ജമാഅത്ത് മുന്‍കൈ എടുത്ത് നടത്തിയ ചര്‍ച്ചകളും മറ്റുള്ളവര്‍ മുന്‍കൈ എടുത്ത് നടത്തിയവയുമുണ്ട്. ഇത്തരം ചര്‍ച്ചകളും ആലോചനകളും നമ്മുടെ ജനാധിപത്യപ്രക്രിയയെ സമ്പന്നമാക്കാനാണ് ഉപകരിക്കുക എന്നാണ് ഞങ്ങളുടെ പക്ഷം. പക്ഷേ, പല സമുദായ സംഘടനകളുമായും നിര്‍ബാധം ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്‌നേതൃത്വത്തിലൊരു വിഭാഗം ചില ഗൂഢലക്ഷ്യങ്ങള്‍ വെച്ച് ജമാഅത്ത്-സി.പി.എം ചര്‍ച്ചയെ ഭീകരവത്കരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജമാഅത്തുമായി ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ്‌നേതാവിനെ പുറത്താക്കണമെന്ന് മറ്റൊരു കോണ്‍ഗ്രസ്‌നേതാവ് ആവശ്യപ്പെടുക വരെയുണ്ടായി. ഈ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ച് നടപ്പാക്കുകയാണെങ്കില്‍ കോണ്‍ഗ്രസില്‍ പുറത്താക്കപ്പടാത്ത നേതാക്കന്മാരായി ആരും ബാക്കിയുണ്ടാവില്ല എന്നതാണ് സത്യം. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവുമടക്കമുള്ള മുന്‍കാല കോണ്‍ഗ്രസ് സാരഥികളെ മരണാനന്തര സസ്‌പെന്‍ഷനും വിധേയമാക്കേണ്ടി വരും. കാരണം, പല ഘട്ടങ്ങളിലായി ജമാഅത്ത്‌നേതൃത്വവുമായി പല വിഷയങ്ങളില്‍ ആലോചനകള്‍ നടത്തിയവരാണ് ഇവരൊക്കെ. സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചുള്ള ഇത്തരം വിവാദങ്ങളെ മാറ്റി നിര്‍ത്താം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തു സമീപനം സ്വീകരിക്കണമെന്നതിനെക്കുറിച്ച് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി ദീര്‍ഘമായി ആലോചനകള്‍ നടത്തുകയുണ്ടായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതുപക്ഷ ഭരണം, തൊട്ടുമുമ്പത്തെ യു.ഡി.എഫ് ഭരണത്തേക്കാള്‍ ഏറെ മെച്ചപ്പെട്ടതാണ് എന്നതാണ് ജമാഅത്തിന്റെ വിലയിരുത്തല്‍. തുടക്കത്തില്‍ ആഭ്യന്തര ശൈഥില്യത്തില്‍പെട്ട് താളപ്പിഴകള്‍ ഉണ്ടായെങ്കിലും ഭദ്രവും ഏതാണ്ട് സന്തുലിതവുമായ ഒരു ട്രാക്കിലേക്ക് നീങ്ങാന്‍ ഇടതുപക്ഷ മന്ത്രിസഭക്ക് കഴിഞ്ഞിട്ടുണ്ട്. പറയത്തക്ക അഴിമതി ആരോപണങ്ങള്‍ മന്ത്രിസഭക്കെതിരെ ഉയര്‍ന്നിട്ടില്ല. ഒട്ടേറെ ക്ഷേമപദ്ധതികളും പെന്‍ഷനുകളും നടപ്പാക്കാന്‍ കഴിഞ്ഞു. പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളും പൊതുവിതരണ സമ്പ്രദായവും പൊതുജന ആരോഗ്യ മേഖലയും ശക്തിപ്പെടുത്തുന്നതില്‍ ഏറെ ശ്രദ്ധയൂന്നി. കാര്‍ഷികരംഗത്ത് ഉണര്‍വ് കൊണ്ടുവരാന്‍ സാധിച്ചു. ന്യൂനപക്ഷങ്ങളുടെ ന്യായമായ അഭിലാഷങ്ങളെ പരിഗണിക്കുന്നതില്‍ ഭരണകൂടം ശ്രദ്ധിച്ചു. ഈയാവശ്യാര്‍ഥം പാലോളികമ്മറ്റി രൂപവത്കരിക്കുകയും പ്രായോഗികചുവടുകള്‍ വെക്കുകയും ചെയ്തു. വിദ്യാഭ്യാസരംഗത്ത് ഏറ്റവും വിവേചനം അനുഭവിക്കുന്ന മലബാര്‍മേഖലയില്‍ പുതിയ സ്ഥാപനങ്ങളും കോഴ്‌സുകളും ബാച്ചുകളും അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ പരിഗണന നല്‍കി. അലീഗഢ് കാമ്പസ് കേരളത്തില്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ കാര്യമായി പരിശ്രമിച്ചു. ചെറിയ രീതിയിലാണെങ്കിലും പലിശരഹിത സാമ്പത്തിക സ്ഥാപനത്തിന് തുടക്കം കുറിച്ചു. ഒപ്പം വി.എസിന്റെ നേതൃത്വത്തില്‍ നടന്ന അഴിമതിക്കും പെണ്‍വാണിഭത്തിനുമെതിരായ സമരം, ഇനിയും ലക്ഷ്യം കാണേണ്ടതാണെങ്കിലും, ജനങ്ങളില്‍ വര്‍ധിച്ച ആത്മവിശ്വാസം വളര്‍ത്തി. ഈ കാര്യങ്ങള്‍ മുന്നില്‍വെച്ച് ഇടതുപക്ഷ സര്‍ക്കാറിന് അവരുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കേണ്ടതുണ്ട് എന്നതാണ് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതിയുടെ രാഷ്ട്രീയപ്രമേയം. ഈ രാഷ്ട്രീയപ്രമേയം അംഗീകരിെക്ക ത്തന്നെ, ഓരോ മണ്ഡലത്തിലെയും പിന്തുണയുടെ കാര്യം നിശ്ചയിക്കുമ്പോള്‍ പ്രവര്‍ത്തകരുടെ കൂടി അഭിപ്രായം സ്വരൂപിക്കണമെന്ന് സംസ്ഥാന സമിതി തീരുമാനിച്ചു. പ്രാദേശിക സാഹചര്യങ്ങളും പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും പരിഗണിച്ച് 15 മണ്ഡലങ്ങളില്‍ യു.ഡി.എഫിനെയും പിന്തുണക്കാന്‍ ജമാഅത്ത് തീരുമാനിച്ചു. രാഷ്ട്രീയരംഗത്തെന്ന പോലെ വിദ്യാഭ്യാസ, സാംസ്‌കാരിക, ആധ്യാത്മികമേഖലകളിലെല്ലാം പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. തെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ വ്യത്യസ്തവും സങ്കീര്‍ണവുമായ ഈ ഘടകങ്ങളെയെല്ലാം സംഘടന ഗൗരവത്തില്‍ പരിഗണിച്ചിട്ടുണ്ട്. ഈ പരിഗണനകളുടെയും പ്രവര്‍ത്തകരുടെ അഭിപ്രായത്തിന്റെയും വെളിച്ചത്തില്‍ 124 മണ്ഡലങ്ങളില്‍ ഇടതുപക്ഷ മുന്നണിയെയും 15 മണ്ഡലങ്ങളില്‍ ഐക്യജനാധിപത്യ മുന്നണിയെയും പിന്തുണക്കാന്‍ ജമാഅത്തെ ഇസ്‌ലാമി തീരുമാനിക്കുകയായിരുന്നു. ഏറനാട് മണ്ഡലത്തില്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനും തീരുമാനിച്ചു. കേരളത്തിന്റെ ഉത്തമതാല്‍പര്യങ്ങള്‍ മുന്നില്‍വെച്ചുള്ള ഈ തീരുമാനത്തെ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്. |
0 comments:
Post a Comment
ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...