Monday, April 4, 2011

ഹമീദ് വാണിമേലിന്റെ രാജി. -ഔദ്വോഗിക വിശദീകരണം;ഉമ്മന്‍ ചാണ്ടി- ചെന്നിത്തല എന്നിവരുടെ പ്രതിനിധിയും ഹിറാസെന്ററിലെത്തി...!


ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗവും പൊളിറ്റിക്കല്‍ സെല്‍ മുന്‍ സെക്രട്ടറിയുമായിരുന്ന ഹമീദ് വാണിമേല്‍ ജമാഅത്ത് അംഗത്വവും പ്രസ്ഥാനത്തില്‍ അദ്ദേഹം വഹിച്ചിരുന്ന സ്ഥാനങ്ങളും രാജിവെച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി.

സി.പി.എമ്മുമായി ജമാഅത്ത് നേതാക്കള്‍ രഹസ്യ സംഭാഷണം നടത്തിയെന്നാണ് രാജിക്ക് കാരണമായി അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ പ്രസ്ഥാന പ്രവര്‍ത്തകരുടേയും ഗുണകാംക്ഷികളുടേയും അറിവിനായി വസ്തുതകള്‍ വ്യക്തമാക്കുന്നതിനാണ് ഈ കുറിപ്പ്.


നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസ്ഥാനത്തിനകത്തും പുറത്ത് വിവിധ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളൂ. ഇതുവരെയും അന്തിമ തീരുമാനമെടുത്തിട്ടില്ല. പ്രസ്ഥാന നിലപാട് രൂപപ്പെടുത്തുന്നതിന് മുമ്പ് ഇത്തരം ചര്‍ച്ചകള്‍ ജമാഅത്തെ ഇസ്ലാമിയില്‍ സാധാരണമാണ്. പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും പുറത്തുള്ളവര്‍ക്കും അറിവുള്ള കാര്യവുമാണ് ഇത്. അത്കൊണ്ട്തന്നെ ഏതെങ്കിലും കക്ഷികളുമായി രഹസ്യ സംഭാഷണം നടത്തേണ്ട ആവശ്യം ജമാഅത്തെ ഇസ്ലാമിക്കില്ല. തുറന്നതും സുതാര്യവുമാണ് ജമാഅത്തെ ഇസ്ലാമിയുടെ നടപടികള്‍.

ജമാഅത്ത് ശൂറയില്‍ തെരഞ്ഞെടുപ്പ് നിലപാട് സംബന്ധിച്ച് ചര്‍ച്ച നടക്കുകയും വ്യത്യസ്താഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് തികച്ചും സ്വാഭാവികവുമാണ്. ശൂറ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം പ്രവര്‍ത്തകരുടെ അഭിപ്രായംകൂടി അറിഞ്ഞശേഷം അന്തിമ തീരുമാനമെടുക്കാമെന്നാണ് നിശ്ചയിച്ചത്. അതനുസരിച്ച് കേരളത്തിലുടനീളം പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ നടന്നുകഴിഞ്ഞു. കണ്‍വെന്‍ഷനുകളില്‍ ശേഖരിക്കപ്പെടുന്ന അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് അന്തിമതീരുമാനമെടുക്കേണ്ടത്. ഈ നടപടിക്രമങ്ങള്‍ക്കിടെ ഒരു വാര്‍ത്താസമ്മേളനത്തില്‍ നടത്തുന്ന രാജി പ്രഖ്യാപനത്തിലെ യുക്തിയില്ലായ്മ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അനവസരത്തിലുള്ളതും അപക്വവുമാണ് ഇത്. ജമാഅത്ത് തീരുമാനത്തെ ഈ പ്രസ്താവന ഒരു തരത്തിലും ബാധിക്കുകയോ സ്വാധീനിക്കുകയോ ഇല്ല.

യു.ഡി.എഫിന് അനുകൂലമായി മുഴുവന്‍ മണ്ഡലങ്ങളിലും വോട്ടുരേഖപ്പെടുത്തണമെന്ന അഭിപ്രായം ശൂറാ ചര്‍ച്ചയില്‍ ഹമീദ് വാണിമേല്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ അഭിപ്രായത്തെ മറ്റാരും ശൂറയില്‍ പിന്താങ്ങുകയുണ്ടായില്ല.

ശൂറയില്‍ ഒരു വ്യക്തി പ്രകടിപ്പിക്കുന്ന അഭിപ്രായം തീരുമാനമായി വരണമെന്നില്ല. അങ്ങിനെ ധരിക്കുന്നത് ശൂറാ സംവിധാനത്തെക്കുറിച്ച ധാരണക്കുറവിനെയാണ് സൂചിപ്പിക്കുന്നത്.

സംഘടനാ താല്‍പര്യങ്ങള്‍ ജമാഅത്ത് തീരുമാനങ്ങളുടെ അടിസ്ഥാനമായി പരിഗണിക്കാറില്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങളാണ് ജമാഅത്ത് പരിഗണിക്കുക. ന്യൂനപക്ഷ, ദുര്‍ബ്ബല ജനവിഭാഗങ്ങളുടെ താല്പര്യങ്ങള്‍ ജമാഅത്ത് പ്രത്യേകം പരിഗണിച്ചു വന്നിട്ടുണ്ട്. അതിനാല്‍ ഏതെങ്കിലും ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുകയോ, പ്രശംസിക്കുകയോ ചെയ്യുന്നത് ജമാഅത്ത് തീരുമാനത്തെ ബാധിക്കേണ്ടതില്ല. അക്കാരണത്താലാണ് രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്നതിനുശേഷവും സി.പി.എമ്മുമായി മറ്റു സംഘടനകളോടൊന്നപോലെ ജമാഅത്ത് ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചത്. മറിച്ചായിരുന്നെങ്കില്‍ രണ്ട് തവണ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച കോണ്‍ഗ്രസുമായോ 31 ദിവസം തുടര്‍ച്ചയായി ജമാഅത്തിനെതിരെ ലേഖനമെഴുതിയ മുസ്ലിം ലീഗുമായോ പ്രസ്തുത സംഭവത്തിന് ശേഷം ചര്‍ച്ച നടത്തുകയോ, അവരെ പിന്തുണക്കുകയോ ചെയ്യുമായിരുന്നില്ല.

ഈ അസംബ്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീ. രമേശ് ചെന്നിത്തലയുടേയും പ്രതിപക്ഷ നേതാവ് ശ്രീ. ഉമ്മന്‍ചാണ്ടിയുടെയും പ്രതിനിധി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഹിറാസെന്ററില്‍ വന്നിരുന്നു. യു.ഡി.എഫ് ഘടകകക്ഷിയായ സോഷ്യലിസ്റ് ജനതാദളള്‍ സമുന്നത നേതാവും ഹിറാസെന്റര്‍ സന്ദര്‍ശിക്കുകയുണ്ടായി. മുസ്ലിം ലീഗിന്റെ ഒട്ടേറെ സ്ഥാനാര്‍ഥികള്‍ ജമാഅത്ത് നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു.

പ്രസ്ഥാനത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതും, രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്തതുമായിരിക്കും ജമാഅത്ത് തീരുമാനം.



എം.കെ. മുഹമ്മദലി 
ജനറല്‍ സെക്രട്ടറി 
ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖ


0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More