 | ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ആലപ്പുഴയില്‍ പിണറായി വിജയനുമായി നടത്തിയ രഹസ്യ ചര്‍ച്ച പുറത്തായതോടെ സി.പി. എം. പ്രതിരോധത്തിലായി. ചര്‍ച്ച നടന്നുവെന്ന് ഇന്നലെ പിണറായി സമ്മതിക്കുകയും ജമാഅത്ത് നേതാക്കള്‍ തന്നെ വന്നു കണ്ടതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെ സി.പി.എം പുലര്‍ത്തുന്ന ഇരട്ടമുഖം കൂടുതല്‍ പ്രകടമായി. കൈവെട്ട് കേസിനോടനുബന്ധിച്ച് ദേശാഭിമാനിയില്‍ ജമാഅത്തെ ഇസ്ലാമിയെ വിഷം ചീറ്റുന്ന വര്‍ഗീയ സംഘടനയായി ചിത്രീകരിച്ച് ലേഖന പരമ്പര പ്രസിദ്ധീകരിച്ചതിന്റെ മഷിയുണങ്ങും മുമ്പാണ് പിണറായി പിന്‍വാതിലിലൂടെ ജമാഅത്ത് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. സി.പി.എം. നിഷേധാത്മക നിലപാട് തുടരുമ്പോഴും പിന്തുണയുമായെത്തിയ ജമാഅത്ത് നിലപാടില്‍ പ്രതിഷേധിച്ച് ഞായറാഴ്ച പൊളിറ്റിക്കല്‍ സെക്രട്ടറിയും ശുറാ അംഗവുമായ ഹമീദ് വാണിമേല്‍ സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു. ഹമീദിന്റെ വെളിപ്പെടുത്തലാണ് രഹസ്യ ചര്‍ച്ചയുടെ ചുരുളഴിച്ചത്.
ആലപ്പുഴയില്‍ നടന്ന ചര്‍ച്ച പുറത്തായതോടെ സി.പി.എം. ജമാഅത്തെ ഇസ്ലാമിയെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ്. ജമാഅത്തിനെതിരെ ലേഖന പരമ്പര ദേശാഭിമാനി പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെ, ഡി.വൈ.എഫ്.ഐ. ഇവര്‍ക്കെതിരെ പരസ്യ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പൊതു സമൂഹത്തിന്റെ വിശ്വാസ്യത നേടാന്‍ ഈ നാടകം അരങ്ങേറുന്നതിനിടയില്‍ ജമാഅത്ത് നേതാക്കളുമായി പിണറായി വിജയന്‍ അവിഹിത ബന്ധം സൂക്ഷിക്കുന്നുണ്ടെന്നാണ് ഹമീദ് വാണിമേലിന്റെ വെളിപ്പെടുത്തല്‍ സാക്ഷ്യപ്പെടുത്തുന്നത്. കിനാലൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇടതു സര്‍ക്കാറിനെതിരെ ജമാഅത്ത് യുവജന സംഘടനയായ സോളിഡാരിറ്റി ഇപ്പോഴും സമരമുഖത്ത് തുടരുമ്പോള്‍ പിന്തുണ നല്‍കാന്‍ തീരുമാനിച്ചെന്ന വെളിപ്പെടുത്തല്‍ ജമാഅത്തിനകത്തും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
സി.പി.എം. നേതാക്കളുടെ അവസരവാദ രാഷ്ട്രീയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി വിവിധ നേതാക്കള്‍ ഇന്നലെ രംഗത്തെത്തി. പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും രമേശ് ചെന്നിത്തലയും വര്‍ഗീയതക്കെതിരെ സി.പി.എമ്മിന്റെ കാപട്യമാണ് ഈ സഖ്യം പ്രകടമാക്കുന്നതെന്ന് പി.എസ്. ശ്രീധരന്‍ പിള്ളയും പ്രതികരിച്ചു.
കേന്ദ്രമന്ത്രി വയലാര്‍ രവി, എം.എം. ഹസ്സന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്‍ തുടങ്ങിയ നേതാക്കളും ഇക്കാര്യത്തില്‍ സി.പി.എം. നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തല ഹാലിളകേണ്ടതില്ലെന്നാണ് പിണറായി പ്രതികരിച്ചത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായി സി.പി.എം. സഖ്യമുണ്ടാക്കിയത് വന്‍ വിവാദമുണ്ടാക്കുകയും തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം സമ്മാനിക്കുകയും ചെയ്തിരുന്നു. മുസ്ലിം വികാരം അനുകൂലമാകുമെന്ന ധാരണയില്‍ പൊന്നാനിയില്‍ പിണറായി വിജയന്‍ അബ്ദുന്നാസര്‍ മഅ്ദനിയുമായി വേദി പങ്കിട്ടതും ഇടതു മുന്നണിക്ക് കനത്ത തിരിച്ചടി നല്‍കി. എന്നാല്‍ പി.ഡി.പി. ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുമായുള്ള സഖ്യം ഗുണം ചെയ്യില്ലെന്ന് തിരിച്ചറിഞ്ഞ പിണറായിയും സി.പി.എം. ജമാഅത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തിറങ്ങുകയായിരുന്നു. ഇതിനിടയിലാണ് എന്‍.ഡി.എഫുകാര്‍ ന്യൂമാന്‍സ് കോളജ് അധ്യാപകന്റെ കൈ വെട്ടിയത്. തുടര്‍ന്ന് സാഹചര്യം മുതലെടുക്കാന്‍ കടുത്ത മുസ്ലിം വിരുദ്ധ നിലപാടുമായി രംഗത്തെത്തിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ജമാഅത്തിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിടുകയായിരുന്നു. ഒടുവില്‍ ജമാഅത്തിനെ പിണറായി വിജയന്‍ തന്നെ ന്യായീകരിക്കേണ്ട സാഹചര്യമാണിപ്പോഴുണ്ടായിരിക്കുന്നത്. ആദര്‍ശക്കുപ്പായമണിഞ്ഞ വി.എസ്. അച്യുതാനന്ദനാവട്ടെ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് ദുരൂഹത സൃഷ്ടിക്കുകയാണ്. |
|
0 comments:
Post a Comment
ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...