കോഴിക്കോട്: ജമാഅത്തെ ഇസ്്‌ലാമിയിലും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമം ദിനപത്രത്തിലും പുകയുന്ന പോരിന്റെ ഭാഗമായി സംഘടനയുടെ മുന്‍ രാഷ്ട്രീകാര്യ സെക്രട്ടറി ഹമീദ് വാണിമേല്‍ ജമാഅത്തെ ഇസ്ലാമിയില്‍ നിന്ന് രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാന്‍ ജമാഅത്തിലെ ഒരു വിഭാഗം ആലോചിക്കുന്നതിനിടയിലാണ് മുസ്്‌ലിം ലീഗ്- യുഡിഎഫ് അനുകൂലിയായ ഹമീദിന്റെ രാജി. ഈ തെരഞ്ഞെടുപ്പിനു മുമ്പ് ജമാഅത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കണമെന്നു വാദിച്ചവരില്‍ പ്രമുഖനാണ് വാണിമേല്‍. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഹമീദിനെ രണ്ടുമാസം മുമ്പാണ് ജമാഅത്തെ ഇസ്ലാമിയില്‍ നിന്ന് നീക്കിയത്. എന്നാല്‍ ഇക്കാര്യം സംഘടന പുറത്തുവിട്ടിരുന്നില്ല.
ഈ മാസം ആറിന് ജമാഅത്തിന്റെ സംസ്ഥാന ശൂറ ( കൂടിയാലോചനാ സമിതി) കോഴിക്കോട്ട് ചേര്‍ന്ന് തെരഞ്ഞെടുപ്പിലെ നിലപാടു പ്രഖ്യാപിക്കാനിരിക്കുകയാണ്. അത് ഇടതുമുന്നണിക്ക് അനുകൂലമാണെന്നു വ്യക്തമായ സൂചനയുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് മുസ്്‌ലിം ലീഗ് നേതൃത്വവുമായിയ ജമാഅത്തെ ഇസ്്‌ലാമി നടത്തിയ വിവാദ ചര്‍ച്ചയുടെ സൂത്രധാരനായിരുന്നു ഹമീദ് വാണിമേല്‍. മുസ്്‌ലിംസംഘടനകളെ ഏകോപിപ്പിച്ച് ലീഗ്- യുഡിഎഫ് അനുകൂല നിലപാടു രൂപീകരിക്കാനുള്ള ശ്രമത്തിന്റെ മുന്നില്‍ നിന്നതും ജമാഅത്തിന്റെ കേന്ദ്ര ശൂറ അംഗം കൂടിയായ അദ്ദേഹമാണ്.
എന്നാല്‍ സംസ്ഥാന അമീര്‍ ടി.ആരിഫിലി ഉള്‍പ്പെടുന്ന പ്രബല വിഭാഗം സിപിഎമ്മും ഇടതുമുന്നണിയുമായി യോജിച്ചു പോകണമെന്ന നിലപാടിലാണ്. ജമാഅത്തിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുടങ്ങിവെയ്ക്കുകയും മറ്റുനേതാക്കള്‍ ഏറ്റെടുക്കുകയും ചെയ്ത പ്രചാരണത്തോടെയാണ് നേതാക്കള്‍ക്കിടയില്‍ ചേരിതിരിവു രൂക്ഷമായത്. ജമാഅത്ത് തീവ്രവാദ സംഘടനയാണെന്ന് സിപിഎം വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇനിയും സിപിഎം അനുകൂല നിലപാടു സ്വീകരിക്കുന്നത് അപമാനകരമാണെന്നു വാണിമേല്‍ വാദിച്ചു. എന്നാല്‍ ആദര്‍ശപരമായി അനുകൂലിക്കാവുന്നത് കോണ്‍ഗ്രസിനെക്കാള്‍ ഇടതുപക്ഷ നിലപാടുകളെയാണെന്ന വാദമാണ് മറുപക്ഷം ഉയര്‍ത്തുന്നത്. ഇതിനാണു മുന്‍തൂക്കം.
ഈ തെരഞ്ഞെടുപ്പിനു മുമ്പ് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മുഖ്യധാരയില്‍ സജീവമാവുകയും യുഡിഎഫുമായി ധാരണയുണ്ടാക്കി മല്‍സരിക്കുകയും വേണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ അതില്‍ ആരിഫലി വിഭാഗം അമിത താല്‍പര്യം കാണിച്ചില്ല. വിജയസാധ്യതയുള്ള സീറ്റില്‍ ഹമീദ് വാണിമേലിനെ മല്‍സരിപ്പിക്കാന്‍ ലീഗ് സന്നദ്ധത അറിയിച്ചിരുന്നുവെന്നും സൂചനയുണ്ട്.
അതേസമയം, ജമാഅത്തെ ഇസ്്‌ലാമിക്ക് കേരളത്തില്‍ സ്വീകാര്യത ഉണ്ടാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച മാധ്യമം ദിനപത്രത്തില്‍ സംഘടനയ്ക്ക് നേരിട്ട് ഇടപെടാന്‍ ഇപ്പോഴും നിലനില്‍ക്കുന്ന തടസങ്ങളും സംഘടനയിലെ പോരുമായി ബന്ധമുണ്ടെന്നാണു സൂചന. മാധ്യമം തുടങ്ങാനിരിക്കുന്ന ടിവി ചാനലിന്റെ നിയന്ത്രണം ഇപ്പോള്‍തന്നെ ജമാഅത്ത് യുവജനവിഭാഗമായ സോളിഡാരിറ്റിയുടെ കയ്യിലാണ്. എന്നാല്‍ മാധ്യമത്തിന്റെ സ്വതന്ത്രസ്വഭാവത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ജമാഅത്ത് ഇടപെടലിനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നത്. ഇതില്‍ എഡിറ്റര്‍ ഒ.അബ്ദുറഹിമാനും മാധ്യമം ജേണലിസ്റ്റ് യൂണിയനും വലിയ പങ്കുമുണ്ട്. ജമാഅത്തിന്റെ പ്രമുഖ നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്നിനെ മാധ്യമം അസോസിയേറ്റ് എഡിറ്ററാക്കാന്‍ നടത്തിയ നീക്കം വിജയിച്ചിരുന്നില്ല. പകരം പ്രൊഫ. യാസീന്‍ അഷ്‌റഫിനെ ആ സ്ഥാനത്തു നിയമിച്ചു. മാധ്യമത്തെ ജമാഅത്തിന്റെ മുഖപത്രം പോലെയാക്കാനുള്ള നീക്കത്തെ എതിര്‍ത്തതിനാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് അസോസിയേറ്റ് എഡിറ്റര്‍ ഒ.അബ്ദുല്ലയെ പുറത്താക്കിയത്. പിന്നീട് എക്‌സിക്യുട്ടീവ് എഡിറ്ററായി നിയമിക്കപ്പെട്ട വി.എം.ഇബ്രാഹിം സോളിഡാരിറ്റി നേതാവാണ്. അതിനുശേഷവും ജമാഅത്തുവല്‍കരണം വേഗത്തിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതു പ്രകടമാവുകയും ചെയ്തു. ജമാഅത്തെ ഇസ്്‌ലാമി ഉള്‍പ്പെട്ട ജനകീയ വികസന മുന്നണി തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. എന്നാല്‍ മാധ്യമം അതിനു വലിയ പ്രാധാന്യം കൊടുത്തില്ല. ഇതേച്ചൊല്ലി ഉണ്ടായ പോര് നിലനില്‍ക്കുകയാണ്.
മാധ്യമത്തിലെ അഴിച്ചുപണിയുടെ ഭാഗമായി വി.എം.ഇബ്രാഹിമിനെ ഗള്‍ഫ്മാധ്യമത്തിലേയ്ക്ക് അയക്കാനും ജമാഅത്ത് നേതാവും എസ്‌ഐഒ( സ്റ്റുഡന്റ്‌സ് ഇസ്്‌ലാമിക് ഓര്‍ഗനൈസേഷന്‍) മുന്‍ സംസ്ഥാന പ്രസിഡന്റുമായ കൂട്ടില്‍ മുഹമ്മദലിയെ എക്‌സിക്യുട്ടീവ് എഡിറ്ററായി നിയമിക്കാനും സമീപകാലത്ത് ചില നീക്കങ്ങള്‍ നടന്നിരുന്നു. മാധ്യമത്തെ സംഘടനയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതില്‍ ഇബ്രാഹിം പരാജയപ്പെട്ടെന്നു വിലയിരുത്തിയായിരുന്നു ഇത്. എന്നാല്‍ ഇബ്രാഹിം ഗള്‍ഫില്‍ പോകാന്‍ തയ്യാറായില്ല.
വഴിപാടു സമര പൂജ
11 years ago
0 comments:
Post a Comment
ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...