Friday, April 1, 2011

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൈപൊള്ളിയ ജമാഅത്തെ ഇസ്‌ലാമി മത്സര മോഹം ഉപേക്ഷിക്കുന്നു


കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങി കൈപൊള്ളിയ ജമാഅത്തെ ഇസ്‌ലാമി തെരഞ്ഞെടുപ്പ് മോഹം ഉപേക്ഷിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് ജമാഅത്തിന്റെ നിലപാട്.
ആര്‍ക്ക് പിന്തുണ നല്‍കണമെന്ന  കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഏതെങ്കിലും മുന്നണിയെ പിന്തുണക്കോ അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥികളുടെ മൂല്യം നോക്കി വോട്ടിന് ആഹ്വാനം ചെയ്യുമോ എന്ന് കണ്ടറിയണം. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തീരുമാനിച്ചതുമുതല്‍ മിക്കപ്പോഴും ഇടതിന് അനുകൂലമായ നിലപാടാണ് ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ചിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിന് പരിപൂര്‍ണ പിന്തുണയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  പൊന്നാനിയിലും വയനാടും ഒഴികെ ഇടതിനെ പിന്തുണച്ചു. ജമാഅത്തിന്റെ വോട്ടുവാങ്ങാന്‍ മടികാണിക്കാതിരുന്ന സി പി എം പിന്നീടവരെ തീവ്രവാദികളെന്ന് മുദ്രകുത്തി തള്ളിപ്പറയുന്നതാണ്  കേരളം കണ്ടത്. വ്യവസായ വികസനത്തിന്റെ പേരില്‍ പാവങ്ങളുടെ കിടപ്പാടം ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ നടന്ന ജനകീയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് മൃഗീയമായി നേരിട്ട സര്‍ക്കാര്‍ നിലപാടിനെതിരെ ജമാഅത്തെ ഇസ്‌ലാമി ശക്തമായി രംഗത്തുവന്നതാണ് സി പി എമ്മിന്റെ നിലപാടുമാറ്റത്തിന് കാരണമായത്.

 എന്നാല്‍ കിനാലൂര്‍ സംഭവത്തിന് ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തിന്റെ മത്സരമോഹങ്ങള്‍ ഇടതുമുന്നണിക്കെതിരായ  വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിലേക്കാണ് നയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനകീയ വികസന മുന്നണിയെന്ന പേരില്‍ ജനാധിപത്യം 'ശക്തിപ്പെടുത്താനിറങ്ങിയ' ജമാഅത്തെ ഇസ്‌ലാമിയെ  ജനം മൂലക്കിരുത്തുകയായിരുന്നു. യു ഡി എഫിനും എല്‍ ഡി എഫിനും ബദലെന്ന  മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി തട്ടിക്കൂട്ടിയ ജനകീയ വികസന മുന്നണി മത്സരത്തിനിറങ്ങിയത്. എന്നാല്‍ ചെറിയ ചലനം പോലും ഉണ്ടാക്കാന്‍ ഇവര്‍ക്കായില്ല.  മുസ്‌ലിം സമുദായത്തിന്റെ വോട്ടു പ്രതീക്ഷിച്ചിറങ്ങിയ ഇവര്‍ക്ക് വോട്ടര്‍മാര്‍ കനത്ത പ്രഹരമാണ് നല്‍കിയത്.

 ജമാഅത്ത് ശക്തികേന്ദ്രങ്ങളെന്ന് അവര്‍ അവകാശപ്പെട്ടിരുന്ന പലേടത്തും നൂറില്‍ താഴെ വോട്ടുനേടി ജമാഅത്തിന്റെ നവവിപ്ലവകാരികള്‍ക്ക് തൃപ്തിപ്പെടേണ്ടിവന്നു. സംഘടനയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി ഹമീദ് വാണിമേലിന്റെ വാര്‍ഡില്‍ പോലും നിലംതൊടാനായില്ല. അമീറിന്റെയും മുന്‍ അമീറുമാരുടെയും വാര്‍ഡില്‍ കെട്ടിവച്ച കാശ്  പോയത് മാത്രം മെച്ചം. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പെ കണ്‍വന്‍ഷനുകള്‍ നടത്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ജമാഅത്തുകാര്‍ ഇത്തവണ അത്തരം സാഹസങ്ങള്‍ക്കൊന്നും മുതിര്‍ന്നിട്ടില്ല. തെരഞ്ഞെടുപ്പ് മത്സരവും പ്രചരണവും വോട്ടുപിടിത്തവും തങ്ങള്‍ക്ക്  പറ്റിയ പണിയല്ലെന്ന്  നന്നേ ബോധ്യപ്പെട്ടതുകൊണ്ടാവും ഇത്തവണ മത്സരത്തില്‍ നിന്നും പിന്‍മാറിയത്. അതേസമയം രാഷ്ട്രീയ പ്രവേശം അടഞ്ഞ അധ്യായമല്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തമാക്കുമെന്നുമാണ് ജമാഅത്ത് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജമാഅത്തെ ഇസ്‌ലാമി സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നെങ്കിലും പ്രഖ്യാപനത്തില്‍ ഒതുങ്ങുകയായിരുന്നു.



0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More