Monday, April 4, 2011

സിപിഎം- ജമാഅത്ത് 'ഭായി ഭായി'


 സ്വന്തം ലേഖകന്‍
കോഴിക്കോട്: കടിച്ചു കീറാന്‍ നില്‍ക്കുന്ന രണ്ട് ആജന്മ ശത്രുക്കളുടെ മുഖമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുംജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലിക്കും ഇതുവരെ. അടിയും തിരിച്ചടിയുമായി ഇരുവരും പ്രസ്താവനകള്‍ കൊണ്ടു യുദ്ധം ചെയ്തതു രാഷ്ട്രീയ ചിത്രത്തില്‍ നിന്നു മാഞ്ഞു തുടങ്ങും മുന്‍പാണ് അന്യോന്യ നേട്ടം ലക്ഷ്യം വച്ചുള്ള സഹകരണത്തിന്റെ പുതിയ അധ്യായത്തിന് ഇരുവരും തുടക്കമിടുന്നത്.

കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നു വാദിക്കുന്ന തീവ്രവാദി സംഘടന ഹിസ്ബുല്‍ മുജാഹിദിനെ പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് ജമാഅത്തെ ഇസ്ലാമിയുടേതെന്നു പിണറായി വിജയന്‍ പറഞ്ഞത് കഴിഞ്ഞ വര്‍ഷം ജൂണിലാണ്. തേഞ്ഞിപ്പലത്ത് 'ഇഎംഎസിന്റെ ലോകം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. ആ പ്രസ്താവനകൊണ്ടും പിണറായി അടങ്ങിയില്ല; ജമാഅത്തെ ഇസ്ലാമിയുടെ പൊയ്മുഖം സിപിഎം തുറന്നു കാട്ടുമെന്നും രാജ്യത്തെയും ദേശീയോദ്ഗ്രഥനത്തെയും അംഗീകരിക്കാത്ത നയമാണ് അവരുടേതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ജമാഅത്തെ ഇസ്ലാമിയുടെ വാരികയായ പ്രബോധനത്തിന്റെ 1992 മാര്‍ച്ച് ലക്കത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആറ് ജമാഅത്തെ ഇസ്ലാമി സംഘടനകള്‍ ഉണ്ടെന്നു പറഞ്ഞതിനെയും പിണറായി പ്രസംഗത്തില്‍ ഉദ്ധരിച്ചു. ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ ഇടതുപക്ഷത്തിന്റെ കൂടെയായിരുന്നു എന്ന് അമീറിന്റെ പ്രസ്താവനയില്‍ ആശ്ചര്യം പ്രകടിപ്പിച്ച പിണറായി ഒരിക്കല്‍ മാത്രമേ അവര്‍ കൂടെ നിന്നിട്ടുള്ളു എന്നും പറഞ്ഞു.

പിണറായിയുടെ വാക്കുകള്‍ക്ക് അതേ നാണയത്തില്‍ ആരിഫലിയുടെ മറുപടി വന്നു. പിണറായി ഹിന്ദു കാര്‍ഡ് ഇറക്കി കളിക്കുന്നു എന്നായിരുന്നു തൃശൂരില്‍ ആരിഫലി പ്രതികരിച്ചത്. 'ജമാഅത്തെ ഇസ്ലാമി കശ്മീരുമായി ജമാഅത്തെ ഇസ്ലാമി ഹിന്ദിന് ഒരു ബന്ധവുമില്ല. കശ്മീര്‍ പ്രശ്നം തന്നെയാണ് ബന്ധമില്ലായ്മയ്ക്കു കാരണം. കശ്മീരിലെ ഭൂമിക്കൊപ്പം ജനങ്ങളും ഇന്ത്യയോടൊപ്പം നില്‍ക്കണം എന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാട്. ജമാഅത്തെ ഇസ്ലാമിയെ സിപിഎം വിമര്‍ശിക്കുന്നതിനു പിന്നില്‍ രണ്ടു ലക്ഷ്യങ്ങളുണ്ട്. ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചാല്‍ മറ്റു മുസ്ലിം വിഭാഗങ്ങളുടെ വോട്ട് ലഭിച്ചേക്കാം. സംഘടനയുടെ പേരില്‍ ഇസ്ലാം എന്നുള്ളതിനാല്‍ ഹിന്ദു വോട്ട് സ്വന്തമാക്കുകയും ചെയ്യാം- ആരിഫലി അന്നു പറഞ്ഞു.

ആരിഫലി പിണറായി വിജയനെയും സിപിഎമ്മിനെയും ഇതിനും മുന്‍പും കടന്നാക്രമിച്ചിട്ടുണ്ട്. വര്‍ഗീയതയുടെ എല്ലാ പഴുതുകളും ഉപയോഗിച്ചു പാര്‍ട്ടി അണികളെ സജ്ജമാക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുന്നതു ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നു കഴിഞ്ഞ വര്‍ഷം ആരിഫലി മുന്നറിയിപ്പു കൊടുത്തിരുന്നു. സ്റ്റാലിനിസത്തെ പൂവിട്ടു പൂജിക്കുകയും ജനാധിപത്യത്തെ പരസ്യമായി തള്ളിപ്പറയുകയും ചെയ്ത സിപിഎമ്മിനു ജമാഅത്തിന്റെ ജനാധിപത്യ നിലപാടുകളെ ചോദ്യം ചെയ്യാന്‍ അവകാശമില്ല. സിപിഎം പോലൊരു പാര്‍ട്ടിയെ തകര്‍ക്കാന്‍ ജമാഅത്തെ ഇസ്ലാമിയുടെ ആവശ്യമില്ല. അതിനു സിപിഎമ്മിനുള്ളില്‍ തന്നെ ആളുണ്ട്. അടിത്തറയുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. എക്സ്പ്രസ് വേ പദ്ധതിയെ എതിര്‍ത്തപ്പോള്‍ എം. കെ. മുനീറിനും കിനാലൂര്‍ റോഡ് വികസനത്തെ പ്രതിരോധിച്ചപ്പോള്‍ എളമരം കരീമിനും തങ്ങള്‍ തീവ്രവാദ സംഘടനയാകുകയായിരുന്നെന്നും ആരിഫലി പറഞ്ഞിരുന്നു.

കിനാലൂര്‍ സമരത്തില്‍ പൊലീസ് തല്ലിച്ചതച്ചതില്‍ നല്ലൊരു പങ്കും ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനയായ സോളിഡാരിറ്റിയുടെ പ്രവര്‍ത്തകരായിരുന്നു. കിനാലൂര്‍ പാതയെ എതിര്‍ത്തപ്പോള്‍ അവര്‍ മാവോയിസ്റ്റുകളാണെന്നും തീവ്രവാദികളാണെന്നും പരസ്യമായി പ്രതികരിച്ചത് ഇന്നു ചര്‍ച്ചയ്ക്കു കളമൊരുക്കിയ വ്യവസായ മന്ത്രി എളമരം കരീം തന്നെ ആയിരുന്നു. കിനാലൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിക്കുമെന്നു പ്രഖ്യാപിച്ച സര്‍വകക്ഷിയോഗം നടക്കാതെ പോയതു തന്നെ അതില്‍ ജമാഅത്തെ ഇസ്ലാമി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജനജാഗ്രത സമിതിയെ ക്ഷണിച്ചതിന്റെ പേരിലാണ്.

അതേ പാര്‍ട്ടിയും നേതാക്കളും ഇന്ന് ജമാഅത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്തി തിരഞ്ഞെടുപ്പു സഖ്യവും ഉണ്ടാക്കിയത് ഇരുപക്ഷത്തെയും വലിയൊരു വിഭാഗത്തിനു ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യമല്ല. ഇതിന്റെ പ്രതിഫലനം നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും ഇരുവിഭാഗങ്ങളിലെയും അസംതൃപ്തര്‍ പറയുന്നു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More