തിരുവനന്തപുരം: ഇസ്‌ലാമിക സംഘടനകള്‍ക്കിടയിലുണ്ടാകാറുള്ള അഭിപ്രായവ്യത്യാസങ്ങളും പിണക്കങ്ങളും ആഘോഷിക്കുകയും അവയെ കഴിയുന്നത്ര ആഴത്തില്‍ പിളര്‍ക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യാറുള്ള ജമാഅത്തെ ഇസ്‌ലാമി കേരളഘടകം പിളര്‍പ്പിലേയ്‌ക്ക്. സി പി എമ്മിനോടുള്ള അന്ധമായ വിധേയത്വത്തിലും ജമാഅത്തിന്റെ വോട്ടുകച്ചവട മനോഭാവത്തിലും പ്രതിഷേധിച്ച് ഇന്നലെ സംഘടനയോട് വിടപറഞ്ഞ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേലിനു പിന്തുണയുമായി നൂറുപ്രവര്‍ത്തകര്‍ രംഗത്ത് എത്തിയ സാഹചര്യത്തില്‍ ഇതിനെ ചെറുക്കാന്‍ ജമാഅത്ത് അമീര്‍ ആരിഫലിയുടെ വിശ്വസ്‌തരായ ഒരു വിഭാഗം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഹമീദിനെതിരെ അപവാദപ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
അത് ജമാഅത്തിലും സോളിഡാരിറ്റിയിലും വലിയൊരു പിളര്‍പ്പിലേയ്‌ക്കുള്ള പാതയൊരുക്കുകയാണ്. സോളിഡാരിറ്റി നേതാവ് ടി പി യൂനുസിന്റെ നേതൃത്വത്തിലാണ് ഹമീദ് വാണിമേലിനെതിരെ അപവാദ പ്രചരണരംഗത്തുള്ളത്. ഇസ്‌ലാമിക സംഘടനയെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ജമാഅത്ത് ഏതാനും വര്‍ഷങ്ങളായി രാഷ്‌ട്രീയത്തിലേക്കിറങ്ങാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ഇതിനുവേണ്ടിയാണ് സോളിഡാരിറ്റിക്കു തന്നെ അവര്‍ രൂപം നല്‍കിയത്.
ഇതിനു സമാന്തരമായാണ് മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളെ മാതൃകയാക്കി പൊളിറ്റിക്കല്‍ സെക്രട്ടറിയെന്ന തസ്‌തികയുണ്ടാക്കി ഹമീദ് വാണിമേലിനെ നിയമിച്ചത്. പൊളിറ്റിക്കല്‍ സെക്രട്ടറിയെന്ന നിലയില്‍ ഹമീദ് മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചിരുന്നതും. എന്നാല്‍ ജമാഅത്തിന്റെ മാര്‍ഗവ്യതിയാനം ഉള്‍ക്കൊള്ളാനാകാത്ത ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംഘടനാചട്ടക്കൂടുകളില്‍ നിന്നും മാറിനില്‍ക്കുകയൊ സമാന സ്വഭാവമുള്ള മറ്റു ഇസ്‌ലാമിക സംഘടനകളിലേയ്‌ക്ക് മാറുകയൊ ചെയ്‌തിരുന്നു. ഹമീദ് വാണിമേലിന്റെ രാജിയോടെ ഇത്തരക്കാരുടെ കൂട്ടായ്‌മ രൂപപ്പെട്ടിരിക്കുകയാണിപ്പോള്‍.
നേരത്തെ ജമാഅത്ത് മുന്‍നിര പ്രവര്‍ത്തകരായിരുന്ന വഹിയുദ്ധീന്‍ഖാന്‍, കെ എം റിയാലു, സ്വലാഹുദ്ധീന്‍ അയ്യൂബി, ഫൈസ്‌ബാബു, ജാബിര്‍സുലൈം, വി പി കെ അഹമദ്‌കുട്ടി എന്നിവരെല്ലാം ഹമീദ് വാണിമേലിനു പിന്തണ നല്‍കുന്ന വിഭാഗത്തിലുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ സി പി എമ്മിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ച സംഘടനാ നിലപാടിലുള്ള വിയോജിപ്പാണ് രാജിയ്‌ക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ടെങ്കിലും അതുമാത്രമല്ലെന്നാണ് സൂചനകള്‍. പ്രസ്ഥാന പ്രവര്‍ത്തകരിലെ സമ്പന്ന വിഭാഗത്തെ ഏകോപിപ്പിച്ച് കൂട്ടുകച്ചവടത്തിനു പ്രേരിപ്പിക്കുകയും പിന്നീട് ദുരൂഹസാഹചര്യത്തില്‍ അത് തകരുകയും ചെയ്യുന്ന കച്ചവടമായാജാലവും ജമാഅത്തിനെ വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു.
മലപ്പുറം ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ഓര്‍ക്കിഡ്, തൃശൂരിലെ തകര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥാപനം എന്നിവയിലെല്ലാം പള്ളിക്കമ്മറ്റികളുടെ വരെ ലക്ഷങ്ങളാണ് പാഴാക്കിയത്. ഇത്തരം കച്ചവട പ്രവണതകളെയും ഹമീദ് വാണിമേലടക്കമുള്ളവര്‍ ശക്തമായി എതിര്‍ത്തിരുന്നു.എന്നാല്‍ മുന്‍ സംസ്ഥാന അമീര്‍ പ്രൊഫ. സിദ്ധീഖ് ഹസന്‍, ഇപ്പോഴത്തെ അമീര്‍ ടി ആരിഫലി എന്നിവര്‍ ഇതിന്റെ ശക്തമായ വക്താക്കളായതിനാലും മേല്‍ക്കോയ്‌മ ഇവര്‍ക്കായതിനാലും ഹമീദിനെപോലുള്ളവരുടെ പ്രതിഷേധത്തിനു ചായക്കോപ്പയിലെ കൊടുങ്കാറ്റിന്റെ ശക്തിയിലേയ്‌ക്കു ചുരുങ്ങേണ്ടി വന്നുവെന്നാണ് സൂചനകള്‍.
അധികാരവും സ്വാധീനവും ഉപയോഗിച്ച് ജമാഅത്തിനെ തകര്‍ക്കാനും തീവ്രവാദ പ്രസ്ഥാനമാണെന്ന് പ്രചരിപ്പിക്കാനുമാണ് ഇക്കാലമത്രയും പിണറായി വിജയനും സി പി എമ്മും ശ്രമിച്ചതെന്നും അതേ പാര്‍ട്ടിയെയും മുന്നണിയെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ച സംഘടനാ നിലപാടിനോട് യോജിക്കാനാവില്ലെന്നുമാണ് ഹമീദ് വ്യക്തമാക്കിയിട്ടുള്ളത്. മാര്‍ച്ച് 20ന് പിണറായി വിജയനുമായി ജമാഅത്ത് അമീര്‍ ടി ആരിഫലി, അസിസ്റ്റന്റ് അമീര്‍ ശൈഖ്‌മുഹമ്മദ് കാരക്കുന്ന് എന്നിവരുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന ചര്‍ച്ചയിലാണ് ഇടതുമുന്നണിയെ പിന്തുണയ്‌ക്കുന്ന കാര്യത്തില്‍ ധാരണയായത്. മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ ഇടതുകാപട്യത്തോട് ജമാഅത്ത് നേതൃത്വം കാണിക്കുന്ന അമിത വിധേയത്വം അന്തസ്സുള്ളൊരു പ്രസ്ഥാനത്തിന് യോജിച്ചതല്ല.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തും ജമാഅത്ത് നേതൃത്വം സി പി എമ്മുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയിരുന്നുവെന്നും ഹമീദ് വാണിമേല്‍ വെളിപ്പെടുത്തുന്നു. ജമാഅത്തിന്റെ കേരള ആസ്ഥാനമായ ഹിറാസെന്ററില്‍ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളുണ്ടെന്നാരോപിച്ച് റെയ്‌ഡ് നടത്തിയതും കിനാലൂര്‍ സമരവുമായി ബന്ധപ്പെട്ട് സി പി എം സെക്രട്ടറി പിണറായി വിജയന്‍, വ്യവസായ മന്ത്രി എളമരം കരീം എന്നിവര്‍ ജമാഅത്തിനെ പരസ്യമായി ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്‌തത്, ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരെ കക്കോടിയില്‍ സി പി എം പ്രവര്‍ത്തകര്‍ പരസ്യമായി ആക്രമണം നടത്തുകയും ഹമീദ് വാണിമേലിനടക്കം നാല് ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് മാരകമായി പരിക്കേറ്റതുമെല്ലാം നേതൃത്വം മറന്നുവെന്നാണ് ഹമീദിന്റെ കുറ്റപ്പെടുത്തല്‍. ടി ആരിഫലിയുടെ കുടുംബാംഗങ്ങളില്‍ നല്ലൊരു ശതമാനവും സി പി എം പശ്ചാത്തലമുള്ളവരായതുകൊണ്ടാണ് അദ്ദേഹം സംസ്ഥാന അമീറായതിനു ശേഷം ജമാഅത്ത് പിന്തുണ തുടര്‍ച്ചയായി സി പി എമ്മിനു നല്‍കുന്നതെന്ന പരാതിയും വ്യാപകമാണ്. പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തിന് പുറമെ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ പ്രതിനിധി സഭാംഗത്വം, സംസ്ഥാന ശൂറാ അംഗത്വം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം, വാണിമേല്‍ പ്രദേശത്തെ അമീര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ നിന്നും രാജിവെക്കുന്നതായി ഹമീദ് വാണിമേല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേതൃത്വത്തിനു അനഭിമതരാകുന്നവരെ അവരുടെ കുടുംബാംഗങ്ങളെ വരെ കൂട്ടുപിടിച്ച് അപവാദപ്രചരണങ്ങള്‍ അഴിച്ചുവിടുകയും മാനസികമായി തകര്‍ക്കുകയും ചെയ്യുകയെന്നത് ജമാഅത്തിന്റെ സ്ഥിരം പരിപാടിയാണെങ്കിലും ഹമീദിനൊപ്പം ജമാഅത്തിലെ വലിയൊരു വിഭാഗം അസംതൃപ്‌തര്‍ അണിചേരുന്നത് നേതൃത്വം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ജമാഅത്തെ ഇസ്‌ലാമിയിലും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമം ദിനപത്രത്തിലും പുകയുന്ന പോരിനും ഹമീദ് വാണിമേല്‍ രാജിയുമായി ബന്ധമുണ്ട്. ഈ മാസം ആറിന് ജമാഅത്തിന്റെ സംസ്ഥാന ശൂറ ( കൂടിയാലോചനാ സമിതി) കോഴിക്കോട്ട് ചേര്‍ന്ന് തെരഞ്ഞെടുപ്പിലെ നിലപാടു പ്രഖ്യാപിക്കാനിരിക്കുകയാണ്.
സി പി എമ്മിനു പിന്തുണപ്രഖ്യാപിക്കാനാണ് ശൂറ കൂടുന്നത്. ഈ തെരഞ്ഞെടുപ്പിനു മുമ്പ് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്നപേരില്‍ ജമാഅത്ത് രാഷ്‌ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടില്ല. അതേസമയം, ജമാഅത്തെ ഇസ്‌്‌ലാമിക്ക് കേരളത്തില്‍ സ്വീകാര്യത ഉണ്ടാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച മാധ്യമം ദിനപത്രത്തില്‍ സംഘടനയ്‌ക്ക് നേരിട്ട് ഇടപെടാന്‍ ഇപ്പോഴും നിലനില്‍ക്കുന്ന തടസങ്ങളും സംഘടനയിലെ പോരുമായി ബന്ധമുണ്ടെന്നാണു സൂചന. മാധ്യമം തുടങ്ങാനിരിക്കുന്ന ടി വി ചാനലിന്റെ നിയന്ത്രണം ഇപ്പോള്‍തന്നെ ജമാഅത്ത് യുവജനവിഭാഗമായ സോളിഡാരിറ്റിയുടെ കയ്യിലാണ്. എന്നാല്‍ മാധ്യമത്തിന്റെ സ്വതന്ത്രസ്വഭാവത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ജമാഅത്ത് ഇടപെടലിനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നത്. ഇതില്‍ എഡിറ്റര്‍ ഒ അബ്ദുറഹിമാനും മാധ്യമം ജേണലിസ്റ്റ് യൂണിയനും വലിയ പങ്കുമുണ്ട്. ജമാഅത്തിന്റെ പ്രമുഖ നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്നിനെ മാധ്യമം അസോസിയേറ്റ് എഡിറ്ററാക്കാന്‍ നടത്തിയ നീക്കം വിജയിച്ചിരുന്നില്ല. പകരം പ്രൊഫ. യാസീന്‍ അഷ്‌റഫിനെ ആ സ്ഥാനത്തു നിയമിച്ചു. മാധ്യമത്തെ ജമാഅത്തിന്റെ മുഖപത്രം പോലെയാക്കാനുള്ള നീക്കത്തെ എതിര്‍ത്തതിനാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് അസോസിയേറ്റ് എഡിറ്റര്‍ ഒ അബ്ദുല്ലയെ പുറത്താക്കിയത്. പിന്നീട് എക്‌സിക്യുട്ടീവ് എഡിറ്ററായി നിയമിക്കപ്പെട്ട വി എം ഇബ്രാഹിം സോളിഡാരിറ്റി നേതാവാണ്. അതിനുശേഷവും ജമാഅത്തുവല്‍കരണം വേഗത്തിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതു പ്രകടമാവുകയും ചെയ്‌തു. ജമാഅത്തെ ഇസ്‌്‌ലാമി ഉള്‍പ്പെട്ട ജനകീയ വികസന മുന്നണി തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. എന്നാല്‍ മാധ്യമം അതിനു വലിയ പ്രാധാന്യം കൊടുത്തില്ല. ഇതേച്ചൊല്ലി ഉണ്ടായ പോര് നിലനില്‍ക്കുകയാണ്. മാധ്യമത്തിലെ അഴിച്ചുപണിയുടെ ഭാഗമായി വി എം ഇബ്രാഹിമിനെ ഗള്‍ഫ്‌മാധ്യമത്തിലേയ്‌ക്ക് അയക്കാനും ജമാഅത്ത് നേതാവും എസ് ഐ ഒ( സ്റ്റുഡന്റ്‌സ് ഇസ്‌്‌ലാമിക് ഓര്‍ഗനൈസേഷന്‍) മുന്‍ സംസ്ഥാന പ്രസിഡന്റുമായ കൂട്ടില്‍ മുഹമ്മദലിയെ എക്‌സിക്യുട്ടീവ് എഡിറ്ററായി നിയമിക്കാനും സമീപകാലത്ത് ചില നീക്കങ്ങള്‍ നടന്നിരുന്നു. മാധ്യമത്തെ സംഘടനയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതില്‍ ഇബ്രാഹിം പരാജയപ്പെട്ടെന്നു വിലയിരുത്തിയായിരുന്നു ഇത്. എന്നാല്‍ ഇബ്രാഹിം ഗള്‍ഫില്‍ പോകാന്‍ തയ്യാറാവാത്തിനാല്‍ ഇതു നടപ്പിലായിട്ടില്ല.
http://www.anweshanam.com/index.php/2010-07-21-07-56-46/13573-2011-04-04-06-37-56
വഴിപാടു സമര പൂജ
11 years ago
0 comments:
Post a Comment
ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...