Monday, April 4, 2011

ഈ വിമര്‍ശനങ്ങള്‍ പിണറായി മറന്നോ? -ചന്ദ്രിക 5.4.2011


തതീവ്രവാദികളെന്നും ദേശ വിരോധികളെന്നും തള്ളിപ്പറഞ്ഞ് മാറ്റിനിര്‍ത്തിയ ജമാഅത്തെ ഇസ്ലാമിയുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എം പുതിയ ചങ്ങാത്തത്തിന് തുടക്കമിട്ടിരുക്കുന്നു. കിനാലൂര്‍ സമരത്തോടെ ഇരു സംഘടനകള്‍ക്കിടയിലുമുണ്ടായ സൗന്ദര്യപ്പിണക്കങ്ങളെല്ലാം പറഞ്ഞുതീര്‍ത്ത് വീണ്ടും ഒന്നിച്ച് പോകാമെന്നും പൂര്‍ണ്ണപിന്തുണ പരസ്പരം നല്‍കാമെന്നും ആലപ്പുഴയില്‍ വെച്ച് യോഗം ചേര്‍ന്ന് ഇരുകൂട്ടരും സമ്മതിച്ചിരിക്കുന്നു. ചര്‍ച്ച വളരെ രഹസ്യമായിരുന്നെങ്കിലും അപ്രതീക്ഷിതമായി ജമാഅത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിയും അഖിലേന്ത്യാ പ്രതിനിധി സഭാ അംഗവുമായ ഹമീദ് വാണിമേല്‍ സംഘടനയില്‍ നിന്ന് രാജിവെച്ചതോടെയാണ് സി പി എമ്മിന്റെയും ജമാഅത്തിന്റെയും കാപട്യത്തിന്റെ മുഖംമൂടി അഴിഞ്ഞുവീണത്.
കഴിഞ്ഞ മാര്‍ച്ച് 20 നായിരുന്നു വളരെ രഹസ്യമായുള്ള ചര്‍ച്ച. ഈ രഹസ്യചര്‍ച്ചക്ക് നേതൃത്വംനല്‍കിയത് സാക്ഷാല്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ജമാഅത്ത് അമീര്‍ ടി ആരിഫലിയുമാണെന്നതാണ് ഏറെ കൗതുകകരം. കാലങ്ങളായി സംസ്ഥാനത്ത് നിലനിന്നിരുന്ന ജമാഅത്തെ ഇസ്ലാമിയുമായുള്ള ചങ്ങാത്തം കിനാലൂര്‍ സമരത്തോടെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതും അതിന് നേതൃത്വം നല്‍കിയതും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനായിരുന്നു. സി പി എമ്മിന്റെ കച്ചവട താല്‍പര്യങ്ങളെയും വികസന കാഴ്ചപ്പാടുകളെയും ചോദ്യം ചെയ്ത് രംഗത്ത് വരികയും തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതും അതിന് മുന്‍കൈ എടുത്തതും ജമാഅത്ത് അമീര്‍ ടി ആരിഫലിയുമായിരുന്നു. അതെ പിണറായിയും ആരിഫലിയും പറഞ്ഞതും എഴുതിയതുമല്ലാം മറന്ന് രഹസ്യകൂടിക്കാഴ്ച നടത്തി തെരഞ്ഞെടുപ്പില്‍ പരസ്പരം കൈകോര്‍ത്തിരിക്കുകയാണ്.
ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന കിനാലൂര്‍ നാലുവരിപ്പാതയെ എതിര്‍ത്തതിന്റെ പേരിലാണ് സംസ്ഥാനത്ത് സി പി എമ്മും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ പിണങ്ങുന്നത്. അതിനുശേഷം ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പ്രകാശ് കാരാട്ട് മുതല്‍ സി പി എം ലോക്കല്‍കമ്മിറ്റി സെക്രട്ടറി വരെ പറയാത്തതൊന്നുമില്ലായിരുന്നു. ജമാഅത്തിനെ കുറ്റപ്പെടുത്തുന്നതിന് വേണ്ടി മാത്രം സി പി എം മുഖപത്രമായ ദേശാഭിമാനിയില്‍ സഖാവ് പിണറായി വിജയന്‍മുതല്‍ ടി കെ ഹംസവരെയുള്ള നേതാക്കള്‍ ലേഖന പരമ്പരകളെഴുതി. "എന്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി എതിര്‍ക്കപ്പെടണം' എന്ന തലക്കെട്ടില്‍ കെ ഇ എന്‍ കുഞ്ഞമ്മദും പി കെ പോക്കറും ഹുസൈന്‍ രണ്ടാത്താണിയുമെല്ലാം ഇതിന് തുടര്‍ ലേഖനങ്ങളുമെഴുതിയിരുന്നു.
ജമാഅത്തെ ഇസ്ലാമി പച്ചയായ രീതിയില്‍ മതരാഷ്ട്രവാദം മുന്നോട്ട് വെക്കുന്ന പ്രസ്ഥാനമാണെന്നും കേരളത്തില്‍ മാത്രം പരിസ്ഥിതി സ്നേഹവും ഇടതുപക്ഷ നയങ്ങളും മുന്‍നിര്‍ത്തി ജമാഅത്ത് കപട രാഷ്ട്രീയം കളിക്കുകയാണെന്നും പിണറായി വിജയന്‍ തന്റെ ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നു. ഭാരതത്തിന്റെ ദേശീയതയെ തകര്‍ത്ത് കൊച്ചുകൊച്ചു രാഷ്ട്രങ്ങളാക്കി ഇന്ത്യയെ മാറ്റുകയാണ് ജമാഅത്തിന്റെ ലക്ഷ്യമെന്ന അതിരൂക്ഷമായ വിമര്‍ശനവും പിണറായി ഉന്നയിച്ചിട്ടുണ്ട്. മതരാഷ്ട്രവാദത്തിന് അനുഗുണമായ വിധത്തില്‍ ദേശീയതക്ക് എതിരെ ജമാഅത്ത് നിലപാടെടുക്കുന്നുണ്ടെന്നും സംഘപരിവാറിനെപ്പോലെ വിധ്വംസക സംഘടനയായ ജമാഅത്തെ ഇസ്ലാമിക്കെതിരെയും സി പി എം വിട്ടുവീഴ്ചയില്ലാതെ സമരം നടത്തുമെന്നും ഇത്തരം സംഘടനകളുമായി പൊരുത്തപ്പെട്ട് പോകാന്‍ സി പി എമ്മിന് സാധിക്കുകയില്ലെന്നും പിണറായി തന്റെ ലേഖനത്തിലൂടെ ആണയിട്ടിരുന്നു. (ദേശാഭിമാനി എന്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി എതിര്‍ക്കപ്പെടണം)
സംഘപരിവാറുമായി എന്ന പോലെ ജമാഅത്തെ ഇസ്ലാമിയുമായും സി പി എമ്മിന് പൊരുത്തപ്പെടാവുന്ന മേഖലകളില്ല. ജമാഅത്തെ ഇസ്ലാമിക്ക് വിദേശ പണം ലഭിക്കുന്നുണ്ടെന്നും ഒരു പ്രമുഖ ഗള്‍ഫ് രാജ്യത്തിന്റെ മതകാര്യവകുപ്പില്‍ നിന്ന് പതിറ്റാണ്ടുകളായി മാസപ്പടി വാങ്ങുന്നവരാണ് കേരളത്തിലെ ജമാഅത്തുകാരെന്നുമായിരുന്നു പിണറായിയുടെ മറ്റൊരു ആരോപണം. (ദേശാഭിമാനി എന്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി എതിര്‍ക്കപ്പെടണം)
ഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും മതരാഷ്ട്രവാദം മുന്നോട്ട് വെക്കുന്ന ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളെ എതിര്‍ക്കേണ്ട രാഷ്ട്രീയ ഉത്തരവാദിത്തം സി പി ഐ എമ്മിനുണ്ടെന്നായിരുന്നു തന്റെ ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ജമാഅത്തിനെ വിമര്‍ശിക്കുന്നതിന് പിണറായി ന്യായം പറഞ്ഞിരുന്നത്.
ഇക്കാലത്ത് സി പി എമ്മിന്റെ മുഴുവന്‍ നേതാക്കളും ബൂദ്ധിജീവികളും ജമാഅത്തിനെതിരെയും അതിന്റെ നേതാക്കള്‍ക്കെതിരെയും പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. ജമാഅത്തിന് മാത്രമല്ല സോളിഡാരിറ്റിക്കും വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും അതിനെപറ്റി കേന്ദ്രം അന്വേഷിക്കണമെന്നും മന്ത്രി തോമസ് ഐസക് നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. (ദേശാഭിമാനി 2010മെയ് 21)
ജമാഅത്തും സംഘ്പരിവാറും ഒരെ നുകത്തില്‍ കെട്ടേണ്ടവയാണെന്നും രാജ്യത്ത് നിലനില്‍ക്കുന്ന മതേതര ജനാധിപത്യത്തെ മൗലാനാ മൗദൂദിയും ജമാഅത്തെ ഇസ്ലാമിയും പരസ്യമായി വിമര്‍ശിച്ചിട്ടുണ്ടെന്നും ഇത്തരം നിലപാടെടുക്കുന്ന ജമാഅത്തെ ഇസ്ലാമിയടക്കമുള്ള മുസ്ലിം മതമൗലികപ്രസ്ഥാനങ്ങളെയും ഭീകര പ്രസ്ഥാനങ്ങളെയും കമ്മ്യൂണിസ്റ്റുകാര്‍ വിമര്‍ശിക്കുന്നത് സാമ്രാജ്യത്വസംഘ്പരിവാര്‍ സമീപനങ്ങളില്‍ നിന്നുകൊണ്ടല്ലെന്നുമാണ് ഇടതുപക്ഷ ചിന്തകനായ കെ ഇ എന്‍ കുഞ്ഞമ്മദ് ദേശാഭിമാനിയിലെ തന്റെ ലേഖനത്തില്‍ വിമര്‍ശിച്ചത്. (2010 ജൂണ്‍ 28 തിങ്കള്‍)
ഇസ്ലാം എന്ന സൗമ്യപദത്തില്‍ നിന്ന് ഇസ്ലാം ഭീകരത എന്ന വിഷലിപ്തമായ വര്‍ഗീയ ആശയം ഉയര്‍ത്തിക്കൊണ്ടുവരികയും അതിനെ വര്‍ഗീയ ലക്ഷ്യങ്ങള്‍ക്ക് ആയുധമായി ഉപയോഗിക്കുകയും ചെയ്യുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. തങ്ങള്‍ക്ക് കൂറ് സി പി എമ്മിലെ അച്യുതാനന്ദന്‍ വിഭാഗത്തോടാണ് എന്ന് പറഞ്ഞ് ജാള്യത മറച്ചുവെക്കാനാണ് ജമാഅത്തെ ഇസ്ലാമിയും അതിന്റെ അമീറും ശ്രമിക്കുന്നത്. ജമാഅത്ത് പ്രചരിപ്പിക്കുന്നത് പോലെ ശുദ്ധപരിസ്ഥിതി വാദത്തെയോ പ്രകൃതി വാദത്തെയോ സൈദ്ധാന്തികമായോപ്രായോഗികമായോ ഇടതുപക്ഷം ഒരുകാലത്തും പിന്തുണച്ചിട്ടില്ല (പി കെ പോക്കര്‍ ദേശാഭിമാനിജമാഅത്തെ ഇസ്ലാമി എന്ത്കൊണ്ട് എതിര്‍ക്കപ്പെടണം.)
സ്വാതന്ത്രൃവേളയില്‍ ഇന്ത്യന്‍ സര്‍ക്കാറിനും ഭരണഘടനക്കുമെതിരായ നിലപാടാണ് മൗലാനാ മൗദൂദി സ്വീകരിച്ചത്. ദൈവിക ഭരണമല്ലാത്തത് കൊണ്ട് ഇന്ത്യന്‍ സര്‍ക്കാറുമായി സഹകരിക്കരുതെന്നാണ് അദ്ദേഹം അനുയായികളെ ഉപദേശിച്ചത്. എന്നാല്‍ പാക്കിസ്ഥാനില്‍ അദ്ദേഹം കുറെകൂടി തീവ്രമായ നിലപാട് സ്വീകരിച്ചുവെന്ന് മാത്രമല്ല അവിടെ അമുസ്ലിം പൗരന്മാരെ രണ്ടാംതരം പൗരന്മാരായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കമ്മീഷന്റെ മുന്നില്‍ നിര്‍ദ്ദേശം വെക്കുകയും ചെയ്ത പ്രസ്ഥാനമാണ്. മതപരിത്യാഗമാണ് ജമാഅത്തിന്റെ മുഖമുദ്ര (ദേശാഭിമാനി 2010 ജൂണ്‍ 29 ചൊവ്വ)
തങ്ങളുടെ പിന്തുണയോടെ മത്സരിച്ച് വിജയിച്ച സി പി എം നേതാക്കളില്‍ നിന്നും മന്ത്രിമാരില്‍ നിന്നും ഒരിക്കലും ഇത്തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നില്ല ജമാഅത്ത് പ്രതീക്ഷിച്ചത്. സി പി എം നേതാക്കള്‍ ഒന്നിന് പിറകെ മറ്റൊന്നായി വിമര്‍ശിച്ചിട്ടും തങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ തന്നെ പൊലീസിനെ ഉയോഗിച്ച് തല്ലിച്ചതച്ചിട്ടും പ്രതികരിക്കാനാകാത്ത ജമാഅത്തെ ഇസ്ലാമി കഴിഞ്ഞതെല്ലാം മറന്നാണ് വീണ്ടും സി പി എമ്മുമായി ചങ്ങാത്തത്തിനൊരുമ്പെടുന്നത്.


0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More