Tuesday, June 7, 2011

വിലക്കയറ്റം നിയന്ത്രിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി


ഹൈദരാബാദ്: സാധാരണ ജീവിതം ദുസ്സഹമാക്കുന്ന പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഭക്ഷ്യ കാര്‍ഷികോല്‍പന്ന മേഖലയില്‍ മധ്യവര്‍ത്തികളുടെ അരങ്ങേറ്റവും അവധി വ്യാപാരവും നിരോധിക്കണമെന്നും പ്രസിഡന്റ് മുജ്തബ ഫാറൂഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദ്വിദിന ഫെഡറല്‍ വര്‍ക്കിങ് കമ്മിറ്റി യോഗം നിര്‍ദേശിച്ചു. ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഈ മേഖലയിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കും. അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള അധികാരം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നല്‍കുന്നതിലൂടെ രാജ്യം ദുരന്തത്തിലേക്ക് നീങ്ങുമെന്ന് യോഗം അംഗീകരിച്ച സാമ്പത്തിക പ്രമേയത്തില്‍ മുന്നറിയിപ്പുനല്‍കി.
ഇന്ധനവില നിരന്തരം ഉയര്‍ത്താന്‍ എണ്ണക്കമ്പനികള്‍ക്ക് അവസരം നല്‍കുന്ന പുതിയ നയം ഉടന്‍ തിരുത്തുകയും വില നിയന്ത്രണാധികാരം കേന്ദ്ര ഗവണ്‍മെന്റില്‍ നിക്ഷിപ്തമായിരുന്ന നയം പുനഃസ്ഥാപിക്കുകയും വേണം. വര്‍ഗീയ സംഘര്‍ഷം തടയുന്നതിനുള്ള ബില്ലിന്റെ കരടുരൂപം വര്‍ഗീയ സംഘര്‍ഷം തടയുന്നതിനുള്ള നടപടികളുടെ ആദ്യഘട്ടമായി കരുതാം. ബന്ധപ്പെട്ട ഗവണ്‍മെന്റുകളോട് നടപടികള്‍ നിര്‍ദേശിക്കാന്‍ തക്കവണ്ണം ദേശീയ, സംസ്ഥാന അതോറിറ്റികള്‍ക്ക് ഭരണഘടനാപരമായ അധികാരങ്ങള്‍ നല്‍കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. ഒരു ബദല്‍ ആഗോള ശക്തിയായി വളരാനുതകുന്ന ലോക സാഹചര്യങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ബ്രിക്ക് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന കൂട്ടായ്മ) പോലുള്ള വേദികളെ ശക്തിപ്പെടുത്തുകയും വേണം.
സച്ചാര്‍ കമീഷന്‍ ശിപാര്‍ശകളുടെ വെളിച്ചത്തില്‍ 12ാം പദ്ധതിയില്‍ പട്ടികജാതി പട്ടികവിഭാഗങ്ങള്‍ക്കുള്ള പോലെ മുസ്‌ലിംകള്‍ക്കും പ്രത്യേക പദ്ധതി നടപ്പാക്കണമെന്നും ഫണ്ട് ദുര്‍വിനിയോഗവും വഴി തിരിച്ചുവിടുന്നതും തടയാന്‍ ഇതുവഴി കഴിയുമെന്നും യോഗം അഭിപ്രായപ്പെട്ടു.
വരുന്ന സെപ്റ്റംബറോടെ എല്ലാ സംസ്ഥാനങ്ങളിലും ശാഖകള്‍ രൂപവത്കരിക്കുന്നതിനും വനിതകള്‍, ആദിവാസികള്‍, ദലിത് വിഭാഗങ്ങള്‍, പരമ്പരാഗത തൊഴിലാളികള്‍, കര്‍ഷകര്‍, അഭിഭാഷകര്‍, പ്രഫഷനലുകള്‍ തുടങ്ങിയ മേഖലകളിലും സംഘടനയുടെ സന്ദേശം എത്തിക്കുന്നതിന് തീരുമാനിച്ചു. ഇതിനായി കണ്‍വീനര്‍മാരെ ചുമതലപ്പെടുത്തി.
വൈസ് പ്രസിഡന്റുമാരായ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍, ഇല്യാസ് ആസ്മി, അബ്ദുല്‍ വഹാബ് ഖില്‍ജി, ലളിതാനായക്, ജനറല്‍ സെക്രട്ടറിമാരായ ഡോ. എസ്.ക്യു.ആര്‍. ഇല്യാസ്, പി.സി. ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു. വിദേശരാജ്യങ്ങളിലെ കള്ളപ്പണം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബാബ രാംദേവ് നടത്തുന്ന പ്രക്ഷോഭത്തെ ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്തിയ നടപടിയെ ജനറല്‍ സെക്രട്ടറി ഡോ. എസ്.ക്യൂ.ആര്‍. ഇല്യാസ് പ്രസ്താവനയില്‍ അപലപിച്ചു. സാമൂഹിക തിന്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിനുള്ള പൗരന്മാരുടെ അവകാശത്തെ നിഷേധിക്കുന്ന രൂപത്തിലുള്ള പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.



0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More