Tuesday, November 1, 2011

ഇടത്, ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി സഹകരിക്കണം -ആരിഫലി

MADHYAMAM 1.11.11
കൊല്ലം: മാറിയ ലോകസാഹചര്യങ്ങളിലെ പാഠം ഉള്‍ക്കൊണ്ട് ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി സഹകരിക്കാന്‍ ഇടത്, ജനാധിപത്യ പ്രസ്ഥാനങ്ങള്‍ തയാറാകണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. അറബ് വിപ്ളവത്തില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവിടങ്ങളിലെ ഇടതുകക്ഷികള്‍ സന്നദ്ധമായി. ഈ മാതൃക ഇന്ത്യയിലും കേരളത്തിലും പ്രസക്തമാണെന്നും അതിന് അവര്‍ സന്നദ്ധരാവുമെന്നാണ് ജമാഅത്തെ ഇസ്ലാമി  പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ഇടതുപാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ ലോകസാഹചര്യങ്ങളില്‍ വന്ന മാറ്റം വിലയിരുത്തുകയും അതിനനുസരിച്ച് നയസമീപനങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയും വേണം. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഭയപ്പെടേണ്ട ഒന്നാണെന്ന ചിന്താഗതിയാണ് സാമ്രാജ്യത്വശക്തികള്‍ പ്രചരിപ്പിച്ചിരുന്നത്. ബുദ്ധിജീവികളും ജനാധിപത്യപ്രസ്ഥാനങ്ങളും അതിനെ അനുകൂലിക്കുന്ന നയമാണ് പിന്തുടര്‍ന്നതും. ഇസ്ലാം ജനാധിപത്യത്തിന് എതിരാണെന്ന പ്രചാരണവും നടത്തി. എന്നാല്‍ സാമ്രാജ്യത്വ പിന്തുണയോടെ ഭരിച്ചിരുന്ന അറബ് നാടുകളിലെ ഏകാധിപത്യഭരണകൂടങ്ങള്‍ തകര്‍ന്നതിന്ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ നിര്‍ണായക ശക്തികളായി മാറുകയാണുണ്ടായത്. ഫലസ്തീനിലും തുണീഷ്യയിലും ഇതാണ് സംഭവിച്ചത്. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുന്നില്‍വന്ന ഇടങ്ങളിലെല്ലാം ജനാധിപത്യവും മതസൗഹാര്‍ദവും പുലരുന്നതായിട്ടാണ് കാണുന്നതും.
എല്ലാ വിഭാഗം ജനങ്ങളുമായും സഹകരിച്ച് മാത്രമേ, മാറ്റങ്ങള്‍ക്ക് വേണ്ടി ശ്രമിക്കാനും അതുണ്ടാക്കാനും കഴിയൂ എന്ന സന്ദേശവും അറബ് വസന്തം നല്‍കുന്നുണ്ട്. അറബ് വസന്തത്തിന്‍െറ പുതിയ പ്രവണതകള്‍, പരിചയപ്പെടുത്താനും അതിന്‍െറ സന്ദേശം ജനകീയവത്കരിക്കാനും പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും. മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

MATHRUBHUMI
അറബിനാട്ടിലെ ജനാധിപത്യസ്ഥാപന ശ്രമങ്ങളെ പിന്തുണയ്ക്കും- ജമാഅത്തെ ഇസ്‌ലാമി
Posted on: 01 Nov 2011


കൊല്ലം:അറബ് നാടുകളില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പിന്തുണയ്ക്കുമെന്ന് അമീര്‍ ടി.ആരിഫലി പറഞ്ഞു.

അറബ്‌നാടുകളിലെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ ജനങ്ങളെ അടിച്ചമര്‍ത്തിയാണ് നിലനില്‍ക്കുന്നത്. ഇവിടങ്ങളില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇസ്‌ലാമികപ്രസ്ഥാനങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പാണ്. പാലസ്തീനിലെ തിരഞ്ഞെടുപ്പ് മുമ്പ് ഇത് തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണയോടെയാണ് അറേബ്യന്‍ നാടുകളില്‍ സ്വേച്ഛാധിപതികള്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിലേക്കുള്ള പാതയില്‍ അറബിരാഷ്ട്രങ്ങളെ നയിക്കാനുതകുന്ന സംരംഭങ്ങള്‍ക്ക് ഇന്ത്യയിലെ ഇടതുകക്ഷികള്‍ പിന്തുണ നല്‍കണമെന്നും ആരിഫലി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ടി.എം.ശരിഫ്, വൈ.നാസര്‍, എ.അബ്ദുല്ല മൗലവി തുടങ്ങിയവരും പങ്കെടുത്തു.


MANDALAM
സി.പി.എമ്മുമായി കൈകോര്‍ക്കാന്‍ ജമാഅത്തെ ഇസ്ലാമി പുതിയ തന്ത്രങ്ങള്‍ മെനയുന്നു

Text Size:   

കൊല്ലം: ഇടതുപക്ഷ പാര്‍ട്ടികളുമായി അടുക്കാന്‍ ജമാഅത്തെ ഇസ്ലാമി പുതിയ തന്ത്രം മെനയുന്നു. ടുണീഷ്യ, ഈജിപ്‌ത്, ലിബിയ തുടങ്ങിയ രാജ്യങ്ങള്‍ സാക്ഷ്യം വഹിച്ച അറബ്‌ വസന്തത്തിന്റെ സന്ദേശത്തെ ജനകീയവത്‌ക്കരിക്കാനുള്ള പ്രചരണ പരിപാടികളിലൂടെ സി.പി.എം, സി.പി.ഐ അടക്കമുള്ള ഇടതു, മതേതര പാര്‍ട്ടികളുമായി അടുപ്പം സ്‌ഥാപിക്കാനാണ്‌ ജമാഅത്തെ ഇസ്ലാമി ലക്ഷ്യമിടുന്നത്‌.

അറബ്‌വസന്തം നടന്ന രാജ്യങ്ങളിലെല്ലാം അതിനു മുന്നിട്ടു നിന്നത്‌ മുസ്ലീംമേധാവിത്വ സംഘടനകളായിരുന്നുവെന്നും ആ രാജ്യങ്ങളിലെ ഇതര മതേതര വിശ്വാസികളുടെയും പ്രസ്‌ഥാനങ്ങളുടെയും പിന്തുണയോടെയാണ്‌ ഇസ്ലാമിക സംഘടനകള്‍ ഏകാധിപതികളെ പുറത്താക്കി ജനാധിപത്യഭരണ സംവിധാനത്തിന്‌ രൂപം നല്‍കിയതെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി കൊല്ലത്ത്‌ പറഞ്ഞു. മുസ്ലീം സംഘടനകളെ ഭീകരതയുടെയും ജനാധിപത്യവിരുദ്ധതയുടെയും പ്രതീകങ്ങളായി ചിത്രീകരിച്ചിരുന്ന വിശ്വാസപ്രമാണങ്ങള്‍ ഇതോടെ തെറ്റാണെന്ന്‌ തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പുരോഗമന ബുദ്ധിജീവികളും എഴുത്തുകാരും ഇതേ ധാരണയില്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. യാഥാര്‍ഥ്യം തിരിച്ചറിയാനോ ഉള്‍ക്കൊള്ളാനോ ഇടതുപക്ഷ സംഘടനകള്‍ക്കു പോലും സാധ്യമായില്ലെന്ന്‌ ആരിഫലി ചൂണ്ടിക്കാട്ടി. അറബ്‌ വിപ്ലവത്തില്‍ ഇസ്ലാമിക പ്രസ്‌ഥാനങ്ങളോടൊപ്പം നിന്നു പ്രവര്‍ത്തിക്കാന്‍ ആ രാജ്യങ്ങളിലെ ഇടതു പ്രസ്‌ഥാനങ്ങള്‍ പോലും തയ്യാറായി. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്‌ഥാനങ്ങള്‍ ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും ആരിഫലി ആവശ്യപ്പെട്ടു.

ചില പ്രമുഖ ഇടതുകക്ഷികളുടെ പാര്‍ട്ടികോണ്‍ഗ്രസുകള്‍ അടുത്തു നടക്കാനിരിക്കെ അറബ്‌ വസന്തത്തിന്റെ പാഠം ഉള്‍ക്കൊണ്ട്‌ നയസമീപനങ്ങളില്‍ മാറ്റം വരുത്താന്‍ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാര്‍വദേശീയ രാഷ്‌ട്രീയത്തിലും സാംസ്‌കാരിക രംഗത്തും പ്രത്യക്ഷപ്പെടുന്ന പുതിയ പ്രവണതകളെ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്താനും അറബ്‌ വസന്തത്തിന്റെ സന്ദേശത്തെ ജനകീയവത്‌കരിക്കാനുമുള്ള പരിപാടികള്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി പുസ്‌തകങ്ങള്‍, ലഘുലേഖകള്‍, നോട്ടീസുകള്‍ എന്നിവ പുറത്തിറക്കുകയും പ്രചരണ പരിപാടകള്‍ സംഘടിപ്പിക്കുകയും ചെയ്യും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സി.പി.എം തേടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനായിരുന്നു ഇതിന്‌ മുന്‍കൈയെടുത്തത്‌. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ ജമാഅത്ത്‌ ഇസ്ലാമിയോ സി.പി.എമ്മോ പരസ്യമായ പ്രതികരിച്ചിരുന്നില്ല. അതേസമയം തെരഞ്ഞെടുപ്പിന്‌ ഏതാനുംമാസം മുമ്പ്‌ കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ പിണറായി നടത്തിയ പ്രസംഗത്തില്‍ ജമാഅത്ത്‌ ഇസ്ലാമിക്ക്‌ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സ്വാധീനത്തെ പറ്റി വിമര്‍ശനാത്മകമായി പരാമര്‍ശിച്ചിരുന്നു. ഐ.എന്‍.എല്ലില്‍ പിളര്‍പ്പുണ്ടാകുകയും സി.പി.എമ്മിനോട്‌ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അബ്‌ദുല്ലക്കുട്ടിയെപ്പോലെയുള്ള മുസ്ലിംനേതാക്കള്‍ പാര്‍ട്ടി വിടുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടല്ലെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടുന്നതിനെപ്പറ്റി സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗം ചിന്തിച്ചത്‌.

എന്നാല്‍ വര്‍ഗീയകക്ഷികളുമായി ബന്ധം വേണ്ടെന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്ന്‌ പരസ്യമായി വ്യതിചലിക്കാനും സി.പി.എമ്മിനായില്ല. ഈ സാഹചര്യത്തിലാണ്‌ മുസ്ലീംസംഘടനകള്‍ മതേതരവിരുദ്ധരല്ലെന്നും ആഗോളതലത്തില്‍ ഇടതു-മതേതര സംഘടനകള്‍ മുസ്ലീം പ്രസ്‌ഥാനങ്ങളുമായി കൈകോര്‍ക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രചരണ പരിപാടികള്‍ക്ക്‌ ജമാഅത്തെ ഇസ്ലാമി രംഗത്തെത്തുന്നത്‌.0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More