Monday, May 16, 2011

കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടായില്ല -ജമാഅത്തെ ഇസ്‌ലാമി


കോഴിക്കോട്: കേരള സര്‍ക്കാറിനെക്കുറിച്ചും തെരഞ്ഞെടുപ്പിലെ സമീപനത്തെ സംബന്ധിച്ചും ജമാഅത്തെ ഇസ്‌ലാമിയുടെ വിലയിരുത്തല്‍ ശരിയും വസ്തുനിഷ്ഠവുമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നതായി ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ഭരണവിരുദ്ധ വികാരം ജനവിധി നിര്‍ണയിക്കുകയെന്നതായിരുന്നു കേരളത്തിലെ സമീപകാല ചരിത്രം.  എന്നാല്‍, സര്‍ക്കാറിന്റെ ജനക്ഷേമ നടപടികള്‍ ഉള്‍ക്കൊണ്ടും അംഗീകരിച്ചുമാണ് പൊതുവെ ഇത്തവണത്തെ ജനവിധി.  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലുമുണ്ടായ വിജയം യു.ഡി.എഫ് ആവര്‍ത്തിക്കുമെന്നാണ് കരുതിയിരുന്നത്.  ഇടക്കാലത്ത് എല്‍.ഡി.എഫില്‍ നിന്ന് ചില കക്ഷികള്‍ വേര്‍പിരിഞ്ഞ് യു.ഡി.എഫില്‍ ചേരുകയുമുണ്ടായി.  എന്നിട്ടുപോലും സാങ്കേതികമായ ഭൂരിപക്ഷമെന്ന് പറയാവുന്ന വിജയമേ യു.ഡി.എഫ് നേടിയുള്ളൂ.  എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭരണനയങ്ങള്‍ക്ക് പൊതുവെ കേരളം അംഗീകാരം നല്‍കിയെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.  
ഭരണകൂടവും ഭരണത്തില്‍ പങ്കാളികളാവുന്ന രാഷ്ട്രീയ പാര്‍ട്ടികളും ജനക്ഷേമ തല്‍പരരായിരിക്കണമെന്നും ജനാഭിലാഷങ്ങളെ മാനിക്കണമെന്നുമുള്ള ശക്തമായ സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും നല്‍കുന്നതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.  ജമാഅത്ത്-സി.പി.എം നേതാക്കളുടെ ചര്‍ച്ചയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനും അതുവഴി സാമുദായിക ധ്രുവീകരണമുണ്ടാക്കാനും ചില സംഘടനകളും മാധ്യമങ്ങളും ശ്രമിച്ചിരുന്നു.  അത്തരം ശ്രമങ്ങളെ മുഴുവനായും പ്രബുദ്ധരായ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞതായാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന്  പ്രസ്താവന വ്യക്തമാക്കി.  അമീര്‍ ടി.ആരിഫലി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.



0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More