Monday, May 16, 2011

വിജയത്തിന്റെ മറുവശം, ഭരണത്തിന്റെ ഭാരം-എ.ആര്‍

Published on Tue, 05/17/2011 -ഒ
പതിമൂന്നാം കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ഭിന്ന വിശകലനങ്ങളും വിലയിരുത്തലുകളും തുടരുന്നു. സ്വാഭാവികമായും യു.ഡി.എഫിന്റെ അഭിമാനാര്‍ഹമല്ലാത്ത വിജയത്തിന്റെയും എല്‍.ഡി.എഫിന്റെ അഭിമാനകരമായ പരാജയത്തിന്റെയും കാരണങ്ങള്‍ അപഗ്രഥിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഈ ഫോട്ടോഫിനിഷിങ്ങിന്റെ യഥാര്‍ഥ കാരണങ്ങളെക്കുറിച്ച് പുകമറ സൃഷ്ടിക്കാനാണ് മെനക്കെട്ടു കാണുന്നത്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് 2010ലെ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിലും നേടിയ അമ്പരപ്പിക്കുന്ന മഹാവിജയത്തിനു ശേഷം ഒട്ടും വൈകാതെ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതേ വിജയം തുടരുമെന്നുതന്നെ യു.ഡി.എഫ് വിശ്വസിക്കുകയും ചെയ്തിരുന്നതാണ്. അഞ്ചുവര്‍ഷത്തെ ഇടതുഭരണ പരാജയവും മുഖ്യ ഭരണകക്ഷിയെ വേട്ടയാടിയ വിഭാഗീയത ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുവെന്ന കണക്കുകൂട്ടലും അതിലുപരി രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ജാതി-സമുദായ സമവാക്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാണെന്ന ശുഭാപ്തിയുമായിരുന്നു യു.ഡി.എഫിന്റെ 90-100 സീറ്റുകളെക്കുറിച്ച സ്വപ്‌നങ്ങള്‍ക്കാധാരം. മലയാളത്തിലെ ഒന്നാംനിര പത്രങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും കലവറയില്ലാത്ത പിന്തുണ കൂടി ലഭിച്ചതിനാല്‍ മറിച്ചൊരു ചിന്തക്ക് പ്രസക്തിയില്ലായിരുന്നു.
മറുവശത്ത്, വി.എസ് അച്യുതാനന്ദന്‍ എന്ന ഘടകം അപ്രതീക്ഷിത തിളക്കത്തോടെ രംഗപ്രവേശം ചെയ്യുന്നതുവരെ ഇടതുമുന്നണിക്ക് ശക്തമായൊരു പ്രതിപക്ഷമായി തിരിച്ചുവരുന്നതിനെക്കുറിച്ചുപോലും സന്ദേഹമുണ്ടായിരുന്നുവെന്നതാണ് വാസ്തവം. ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ പിടിച്ചുകുലുക്കിയ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം അവശേഷിച്ച മൂന്നരമാസത്തെ ഹ്രസ്വമായ ഇടവേളയില്‍ ഭരണത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ഒട്ടേറെ ജനക്ഷേമ നടപടികള്‍ക്ക് തുടക്കമിടാനും അച്യുതാനന്ദന്‍ സര്‍ക്കാര്‍ കിണഞ്ഞുശ്രമിച്ചുവെന്നത് ശരിയാണ്. തന്മൂലം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരല്‍പം മെച്ചപ്പെട്ട പ്രദര്‍ശനം എല്‍.ഡി.എഫിന് കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷയും ഉളവായി. അപ്പോഴും ഒരടിസ്ഥാന ദൗര്‍ബല്യം പരിഹരിക്കപ്പെടാതെ കിടന്നു. ഇടതുമുന്നണിയില്‍നിന്ന് പി.ജെ. ജോസഫിന്റെ കേരള കോണ്‍ഗ്രസ് ഗ്രൂപ്പും എം.പി. വീരേന്ദ്രകുമാറിന്റെ ജനതാദളും വിട്ടുപോയ ക്ഷീണം നിലനില്‍ക്കെ ജനപിന്തുണയുള്ള ഒരേയൊരു സി.പി.എം മാത്രമാണ് കോണ്‍ഗ്രസ്-മുസ്‌ലിംലീഗ്-കേരള കോണ്‍ഗ്രസ് ശക്തമായ കൂട്ടുകെട്ടിനെ നേരിടാനുള്ളത് എന്നതായിരുന്നു ആ ബലഹീനത. സി.പി.എമ്മിനാവട്ടെ പഴയ ഭദ്രതയും കെട്ടുറപ്പും നഷ്ടമായിരുന്നുതാനും. ഒടുവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പക്ഷേ, യു.ഡി.എഫിന്റെ സ്വതഃസിദ്ധമായ ദൗര്‍ബല്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങി. സീറ്റ് പങ്കുവെപ്പിനെച്ചൊല്ലി ഘടകകക്ഷികള്‍ ഉയര്‍ത്തിയ അവകാശവാദങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ അവസാന നിമിഷം വരെ തുടര്‍ന്ന അനിശ്ചിതത്വവും ആദ്യഘട്ടത്തില്‍ തന്നെ ഇടതുമുന്നണിക്ക് പ്രചാരണത്തില്‍ മേല്‍ക്കൈ സമ്മാനിച്ചു. താന്‍ മത്സരിക്കുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് വിരാമമിട്ട് വി.എസ്. അച്യുതാനന്ദന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കി ഗോദയിലിറങ്ങിയതോടെയാണ് ശരിക്കും ഇടതുമുന്നണിക്ക് ജീവന്‍ വെക്കുന്നതും വലതുമുന്നണി അപ്രതീക്ഷിതമായി പ്രതിരോധത്തിലാവുന്നതും. വി.എസ് പൊരുതി നേടിയെടുത്ത, ഇടമലയാര്‍ അഴിമതിക്കേസിലെ സുപ്രീംകോടതി വിധി ആര്‍. ബാലകൃഷ്ണപിള്ളയെ ജയിലിലെത്തിച്ചതോടെ യു.ഡി.എഫിന്റെ ശിരസ്സ് ശരിക്കും കുനിയുക തന്നെ ചെയ്തു. അവിചാരിതമായി ഭാര്യാസഹോദരീ ഭര്‍ത്താവ് റഊഫ് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കളങ്കിതനായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് പുനര്‍ജീവിപ്പിക്കുക കൂടി ചെയ്തപ്പോള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ വി.എസിന് രണ്ടാമത്തെ ആയുധവും കൈവന്നു. രണ്ടുമായി അദ്ദേഹം നടത്തിയ ജൈത്രയാത്രയുടെ ബാക്കിപത്രമാണ് സത്യംപറഞ്ഞാല്‍ ഇടതുമുന്നണിയുടെ നവജീവന്‍. അതോടൊപ്പം ലോക്‌സഭ/ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രകടമായ ശക്തമായ ഭരണവിരുദ്ധ വികാരം ജനങ്ങളില്‍ മിക്കവാറും അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. പകരം യു.പി.എ സര്‍ക്കാറിന്റെ സര്‍വകാല റെക്കോഡ് തകര്‍ത്ത സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഫ്‌ളാറ്റ് അഴിമതികള്‍ യു.ഡി.എഫിനെ തീര്‍ത്തും പ്രതിരോധത്തില്‍ വീഴ്ത്തുകയും ചെയ്തു. ഒരുവേള തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ മുഴുവന്‍ ആഞ്ഞടിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധവികാരം ഒരല്‍പം മുമ്പായിരുന്നെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സമ്പൂര്‍ണ പതനത്തിന് തന്നെ സാക്ഷ്യം വഹിച്ചേനെ.
ഒരു ശതമാനം വോട്ടിന്റെയും നാലേനാല് സീറ്റുകളുടെയും പിന്‍ബലത്തിലാണ് ഇപ്പോള്‍ യു.ഡി.എഫ് കഷ്ടിച്ച് അധികാരത്തിലേറിയിരിക്കുന്നത്. അതില്‍ മുസ്‌ലിംലീഗ് കൈവരിച്ച തകര്‍പ്പന്‍ വിജയമാണ് സര്‍വഥാ സമ്മതിക്കപ്പെട്ട വസ്തുത. മത്സരിച്ച 24 സീറ്റുകളില്‍ 20ഉം നേടിയെടുത്ത മുസ്‌ലിംലീഗ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയതിന്റെ ഒന്നരയിരട്ടി സീറ്റുകള്‍ ലീഗ് അടിച്ചെടുത്തു. മലപ്പുറത്ത് മുസ്‌ലിംലീഗിന് പ്രതിയോഗി ഇല്ലെന്നും തെളിയിക്കപ്പെട്ടു. പക്ഷേ, മുസ്‌ലിംലീഗിന്റെ വിജയകാരണങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ബോധപൂര്‍വം വളച്ചൊടിക്കപ്പെടുകയോ തമസ്‌കരിക്കപ്പെടുകയോ ചെയ്യുന്ന ചില വസ്തുതകളിലേക്കുകൂടി ഈ സന്ദര്‍ഭത്തില്‍ വിരല്‍ചൂണ്ടാതെ വയ്യ. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ റഊഫ് ഉന്നയിച്ച ആരോപണവും അത് ആയുധമാക്കി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രചാരണവും മലബാറിലെ മുസ്‌ലിം സമുദായത്തില്‍ സാമാന്യമായി ഒരു ചലനവും സൃഷ്ടിച്ചില്ലെന്നത് നേരാണ്. എന്നല്ല, പൂര്‍വാധികം വാശിയോടെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ലീഗണികള്‍ രംഗത്തിറങ്ങാന്‍ അത് നിമിത്തമൊരുക്കുകയും ചെയ്തു. എന്നാല്‍, പൊതുസമൂഹത്തില്‍ റഊഫിന്റെ വെളിപ്പെടുത്തലും വി.എസിന്റെ കടന്നാക്രമണവും ഉളവാക്കിയ പ്രത്യാഘാതങ്ങള്‍ എന്താണ്? തീര്‍ച്ചയായും രാഷ്ട്രീയ നേതാക്കളുടെ ധാര്‍മികത്തകര്‍ച്ചയെക്കുറിച്ചും നിയമവാഴ്ച അട്ടിമറിക്കപ്പെടുന്നതിനെക്കുറിച്ചും വ്യാപകമായ ആശങ്കകള്‍ അത് സൃഷ്ടിച്ചിട്ടുണ്ട് എന്നുതന്നെയാണ് തെരഞ്ഞെടുപ്പുഫലങ്ങള്‍ അനാവരണം ചെയ്ത യാഥാര്‍ഥ്യം. ഇതിന് വിലകൊടുക്കേണ്ടിവന്നത് പക്ഷേ, യു.ഡി.എഫ് പൊതുവിലും മുഖ്യകക്ഷിയായ കോണ്‍ഗ്രസുമാണെന്ന് മാത്രം. വെറും 38 സീറ്റുകളുമായി സംസ്ഥാനത്തെ രണ്ടാം കക്ഷിയായി കോണ്‍ഗ്രസ് പതിച്ചതിന്റെ കാരണം മറ്റെന്തിനേക്കാളുമേറെ പൊതുജീവിതത്തിലെ അഴിമതിയിലും ധര്‍മച്യുതിയിലും മനംനൊന്തവരുടെ ധര്‍മരോഷമാണ്. വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പോരാട്ടം ആ ദിശയില്‍ ചിന്തിക്കാന്‍ പ്രേരകമായിത്തീര്‍ന്നു എന്നതാണ് ശരി. ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ നിയമം സ്വാഭാവികവഴി സ്വീകരിച്ചതിനാല്‍ നിരപരാധികള്‍ രക്ഷപ്പെടുകയായിരുന്നില്ല. ധനശക്തിയും അധികാര ദുര്‍വിനിയോഗവും ദുഃസ്വാധീനവും വഴി അട്ടിമറിക്കപ്പെടുകയായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് പൊതുസമൂഹം. അതുകൊണ്ടുതന്നെ ഈ ധാര്‍മിക സമസ്യ അച്യുതാനന്ദന്‍ ഭരണമാറ്റത്തെ അതിജീവിച്ചും ആയുധമാക്കാനാണിട.
രണ്ടാമതായി തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ മതേതരത്വത്തിലൂന്നി മുസ്‌ലിം സമൂഹത്തെ ഏകീകരിക്കാന്‍ ലീഗ് നടത്തിയ ധീരശ്രമത്തിന്റെ പരിണതിയാണ് പാര്‍ട്ടിയുടെ അഭൂതപൂര്‍വമായ വിജയമെന്നാണ് മുസ്‌ലിംലീഗും യു.ഡി.എഫ് അനുകൂല മാധ്യമങ്ങളും മതേതരത്വ ചാവേറുകളുമായ ബുദ്ധിജീവികളും പൊതുസമൂഹത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. സംഭവിച്ചതോ? കമ്യൂണിസ്റ്റ് വിരോധത്തിന്റെയും ഇടതുഭരണ വിരുദ്ധതയുടെയും ഭൂമികയില്‍ പ്രബല മതന്യൂനപക്ഷങ്ങളായ മുസ്‌ലിം-ക്രൈസ്തവ സമുദായങ്ങളെ ധ്രുവീകരിക്കാനും അതോടൊപ്പം മുസ്‌ലിം തീവ്രവാദ ഭീഷണി ചൂണ്ടിക്കാട്ടി ഭൂരിപക്ഷ സമുദായത്തെ അടുപ്പിച്ചുനിര്‍ത്താനും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ച ആസൂത്രിത നീക്കങ്ങളുടെ തുടര്‍ച്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടമായത്. മറ്റെല്ലാ ദേശീയ, പ്രാദേശിക ഇഷ്യൂകളെയും നിഷ്പ്രഭമാക്കിക്കൊണ്ട്, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുമായി വേദി പങ്കിട്ടതായിരുന്നല്ലോ കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഗതിപോലും നിര്‍ണയിച്ച മുഖ്യഘടകം. പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി ജനകീയ വികസന മുന്നണികളുണ്ടാക്കി 1700ഓളം വാര്‍ഡുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴാകട്ടെ മുസ്‌ലിം തീവ്രവാദം തെരഞ്ഞെടുപ്പുരംഗം ഹൈജാക്ക് ചെയ്യാന്‍ പോവുന്നുവെന്ന മുറവിളിയായി. (ആ പ്രചാരണത്തില്‍ സി.പി.എമ്മും വീണു എന്നതും പരമാര്‍ഥം). യഥാര്‍ഥത്തില്‍ മുസ്‌ലിംലീഗ് പ്രചാരണത്തിന്റെ മര്‍മം പി.കെ. കുഞ്ഞാലിക്കുട്ടി ഭംഗ്യന്തരേണ സൂചിപ്പിക്കാതിരുന്നില്ല. മുസ്‌ലിം സാമുദായിക രാഷ്ട്രീയ പ്രതലത്തിലേക്ക് ഇനിയാരും കടന്നുവരരുതെന്ന ശാഠ്യമായിരുന്നു ഈ പുകമറയുടെ പിന്നില്‍. കാല്‍ ലക്ഷത്തോളം വരുന്ന പഞ്ചായത്ത്-നഗരസഭാ വാര്‍ഡുകളില്‍ ഈ സംഖ്യ ഒന്നുമല്ലെന്നും അതില്‍തന്നെ നടാടെ മത്സരിക്കുന്ന ജനകീയ കൂട്ടായ്മകള്‍ക്ക് അതിശക്തമായ മുന്നണികള്‍ക്കെതിരെ ബഹുഭൂരിഭാഗം വാര്‍ഡുകളിലും വിജയിക്കാനാവില്ലെന്നും മനസ്സിലാക്കിക്കൊണ്ടുതന്നെയായിരുന്നു 'മതേതരത്വം അപകടത്തില്‍' എന്ന കോലാഹലം. മറുവശത്ത് സാമ്പ്രദായിക ജമാഅത്ത് വിരോധം മുഖ്യദൗര്‍ബല്യമായ മതസംഘടനകളെ ലീഗിനുവേണ്ടി ജീവന്മരണ പോരാട്ടത്തിനിറക്കാനും ഇതുതന്നെ കുഞ്ഞാലിക്കുട്ടിയും കൂട്ടരും അവസരമാക്കി. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോഴും അതേ അടവുനയമാണ് മുസ്‌ലിംലീഗ് പ്രയോഗിച്ചത്. അല്ലെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ കിട്ടാന്‍ പോവുന്നില്ലെന്ന് ഉറപ്പിച്ച കുഞ്ഞാലിക്കുട്ടി വോട്ട് വേണ്ടെന്ന് ഒരു പ്രഖ്യാപനം നടത്തുകയായിരുന്നു. (വോട്ട് വേണമെന്നുള്ള ലീഗ് സ്ഥാനാര്‍ഥികള്‍ അത് ലഭ്യമാക്കാനുള്ള വഴികള്‍ തേടിയതും അത് സ്വീകരിച്ചതും സ്വകാര്യം).
ഇതോടെ 'തീവ്രവാദ വിരുദ്ധ' മതേതരത്വത്തിന്റെ പടയാളികളാവാന്‍ ഒരിക്കല്‍കൂടി സാമുദായിക പാര്‍ട്ടിക്ക് അവസരം കൈവന്നു. പക്ഷേ, ഈ കുതന്ത്രത്തിന് വിലകൊടുക്കേണ്ടി വന്നതും കോണ്‍ഗ്രസും യു.ഡി.എഫിലെ മറ്റു ഘടകങ്ങളുമാണ്. പൊന്നാനിയിലും തവനൂരിലും വടകരയിലും അത് പ്രകടമായി. ജമാഅത്ത് വിരുദ്ധ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ച എം.കെ. മുനീറും കെ.എം. ഷാജിയുമാണ് ലീഗ് സ്ഥാനാര്‍ഥികളില്‍ ഏറ്റവും കുറഞ്ഞ വോട്ടുകളോടെ കരപറ്റിയത് എന്നതും ശ്രദ്ധേയം. അതേയവസരത്തില്‍, കേരളത്തിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വിശകലനം ചെയ്ത സി.പി.എം പോളിറ്റ്ബ്യൂറോ കേരളത്തിലെ പാര്‍ട്ടിയുടെ അഭിമാനാര്‍ഹമായ വിജയത്തില്‍ മുസ്‌ലിം വോട്ടുകളും ചില മുസ്‌ലിം സംഘടനകള്‍ പ്രഖ്യാപിച്ച പരസ്യമായ പിന്തുണയും വഹിച്ച പങ്ക് എടുത്തുകാട്ടിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഅ്ദനിയുമായി വേദി പങ്കിട്ടത് തെറ്റായിപ്പോയി എന്ന് ഏറ്റുപറഞ്ഞ സി.പി.എം നേതൃത്വം തന്നെയാണ് മുസ്‌ലിം സംഘടനകളുടെ പിന്തുണ നന്ദിപൂര്‍വം അനുസ്മരിച്ചത് എന്നോര്‍ക്കണം. ഇടതുമുന്നണിയുടെ ബഹുഭൂരിഭാഗം സ്ഥാനാര്‍ഥികള്‍ക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ച മുസ്‌ലിം സംഘടന ജമാഅത്തെ ഇസ്‌ലാമിയായിരുന്നല്ലോ. ജമാഅത്തിന്റെ 'തീവ്രവാദമോ' മതമൗലികതാ വാദമോ പിന്തുണ സ്വീകരിക്കുന്നതിന് രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിക്ക് തടസ്സമായില്ല. പൊതുസമൂഹത്തെ അത് പ്രതികൂലമായി സ്വാധീനിച്ചതുമില്ല.
ഇനി മുസ്‌ലിംലീഗിന്റെ അവകാശവാദത്തിന്റെ മറുവശമോ? പിന്തിരിപ്പന്‍ യാഥാസ്ഥിതിക മതപണ്ഡിത സംഘടനകളെപ്പോലും ഭരണമാറ്റത്തിന്റെ പ്രലോഭനത്തില്‍ കൂടെക്കൂട്ടിയാണ് ലീഗ് ഇത്തവണ നേട്ടം കൊയ്തത്. ഒരുവശത്ത് പാണക്കാട് കുടുംബം നേതൃത്വം നല്‍കുന്ന സമസ്ത ഔദ്യോഗിക വിഭാഗവും മറുവശത്ത് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ വിഘടിത വിഭാഗവും തിരുകേശത്തെച്ചൊല്ലി പരസ്യമായി ഏറ്റുമുട്ടവെ എ.പി സുന്നികളെ ചേര്‍ത്തുപിടിക്കാനുള്ള ശ്രമമാണ് കുഞ്ഞാലിക്കുട്ടി നടത്തിയത്. അതാകട്ടെ, ഭരണത്തിന്റെ പ്രയോജനങ്ങളില്‍ അവരെക്കൂടി പങ്കാളികളാക്കിക്കൊണ്ടേ സാധ്യമാവൂ. അതിനര്‍ഥം കടുത്ത അന്ധവിശ്വാസ ചൂഷണത്തിന്റെയും വ്യാപാരവത്കരണത്തിന്റെയും പേരില്‍ പ്രതിക്കൂട്ടിലായ എ.പി വിഭാഗത്തിനെതിരെ ശബ്ദിക്കാന്‍പോലും മുസ്‌ലിംലീഗിനെ അശക്തമാക്കുന്നതോടൊപ്പം പാര്‍ട്ടിയുടെ മതേതരത്വ പുരോഗമന പ്രതിച്ഛായയെ സമൂഹത്തില്‍ അപഹാസ്യമാക്കുകയും ചെയ്യും. ഇത്തരം വൈരുധ്യങ്ങളെയും പാളിച്ചകളെയുമാകെ ജനദൃഷ്ടിയില്‍നിന്ന് മറച്ചുപിടിക്കാനുള്ള പുകമറ കൂടിയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നേര്‍ക്കുള്ള കടന്നാക്രമണം. ഇമ്മാതിരി ഗിമ്മിക്കുകളുടെ പേരില്‍ സമൂഹത്തെ വിഡ്ഢീകരിക്കാന്‍ എത്രകാലം കഴിയും എന്ന ചോദ്യമുണ്ട്.
രണ്ട് വോട്ടിന്റെ ഞാണിന്മേല്‍ കളിയുമായി പരീക്ഷണത്തിനിറങ്ങിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിടാന്‍പോകുന്ന ഏറ്റവും കടുത്ത വെല്ലുവിളികളിലൊന്ന് തങ്ങളെ കഷ്ടിച്ച് അധികാരത്തില്‍ കടന്നുകൂടാന്‍ സഹായിച്ച സകലമാന സാമുദായിക-ജാതി കൂട്ടായ്മകളുടെയും പരസ്‌പരവിരുദ്ധ സമ്മര്‍ദത്തെ എങ്ങനെ അതിജീവിക്കാം എന്നതുതന്നെയാവും. ഇടതുമുന്നണി സര്‍ക്കാറിനെ താഴെയിറക്കാന്‍ കൂട്ടുപിടിച്ച അതേശക്തികളെ ഭരണത്തിലേറിയാല്‍ മറക്കാനൊക്കില്ലല്ലോ. എല്ലാറ്റിനെയും നേരിടാനുള്ള അതിജീവന മന്ത്രമായി സംസ്ഥാനത്തെ സാങ്കല്‍പിക മുസ്‌ലിം തീവ്രവാദ ഭീഷണി ഉയര്‍ത്തിപ്പിടിക്കാന്‍ മുസ്‌ലിംലീഗും വലതുപക്ഷ മാധ്യമങ്ങളും കിണഞ്ഞു ശ്രമിച്ചാലും അടിതെറ്റുകയേ ചെയ്യൂ.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More