Friday, May 27, 2011

ലീഗിന്റെ ആത്മാഭിമാനമില്ലായ്മ കേരളത്തില്‍ തീവ്രവാദത്തിന് വഴിവെച്ചു- ടി. ആരിഫലി


തിരൂര്‍: ബാബരി മസ്ജിദ് തകര്‍ത്ത വേളയില്‍ ലീഗ് നേതാക്കന്‍മാര്‍ ആത്മാഭിമാനത്തോടെ പെരുമാറാതിരുന്നതിനാലാണ് കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ചെറിയൊരു വിഭാഗമെങ്കിലും തീവ്രവാദത്തിലേക്ക് തിരിഞ്ഞതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി. തിരൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജമാഅത്തെ ഇസ്‌ലാമി തിരൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ നയവിശദീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ലീഗിന്റെ വിജയത്തില്‍ ജമാഅത്തിന് ആശങ്കയില്ലെന്നും ജമാഅത്ത് സഹകരണത്തിന് സന്നദ്ധമാണെങ്കിലും ലീഗിലെ ഇന്നര്‍ രാഷ്ട്രീയമാണ് കേരളത്തില്‍ ജമാഅത്തിനെ എതിരാളികളായി കാണുന്നതിന് നേതൃത്വത്തെ പ്രേരിപ്പിക്കുന്നതെന്നും ആരിഫലി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനോട് ഉചിതമായി പ്രതികരിക്കണമെന്ന് അഖിലേന്ത്യാ അധ്യക്ഷനായിരുന്ന സേട്ടു പറഞ്ഞിട്ടും കേരള ഘടകം ചെവികൊണ്ടില്ല. പ്രവര്‍ത്തകര്‍ക്കിടയിലെ പ്രതിഷേധം ശമിപ്പിക്കാന്‍ ലഘുവായ ഒരു സമീപനത്തിന് സാധിക്കുമായിരുന്നിട്ടും ബാബരി മസ്ജിദ് തകര്‍ത്ത വേളയില്‍ ലീഗ് നേതാക്കള്‍ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. നേതൃത്വത്തിന്റെ നട്ടെല്ലില്ലായ്മയില്‍ നിന്നാണ് പി.ഡി.പി, എന്‍.ഡി.എഫ് പോലെയുള്ള പ്രസ്ഥാനങ്ങളുടെ പിറവിയുണ്ടായത്.
 അന്നത്തെ ചങ്കൂറ്റമില്ലായ്മയെ സിദ്ധാന്തമായി അവതരിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമം. കമ്യൂണിസ് റ്റ് പാര്‍ട്ടികള്‍ മതനിരാസവും നിരീശ്വരത്വവും ശക്തമായി പുലര്‍ത്തിയിരുന്ന കാലത്ത് അവരുമായി ചേര്‍ന്ന് അധികാരം പങ്കിട്ട ചരിത്രമാണ് ലീഗിനുള്ളത്. അന്ന് മുജാഹിദ്്, സുന്നി സംഘടനകളെല്ലാം മൗനത്തിലായിരുന്നു. കമ്യൂണിസ്റ്റ് നിലപാടുകളില്‍ അടിമുടി മാറ്റങ്ങളുണ്ടായ ഈ കാലത്ത് ജമാഅത്ത് അവരുമായി സഹകരിക്കുന്നതിനെ എതിര്‍ക്കുന്നതില്‍ അര്‍ഥമില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ലോകത്ത് ഇസ്‌ലാമിക-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കൈകോര്‍ക്കുന്നുണ്ട്. 2000-06 കാലഘട്ടത്തെക്കാള്‍ മികച്ചതായിരുന്നു 2006-11ലെ ഇടതു ഭരണമെന്ന വിലയിരുത്തലിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണക്കാന്‍ ജമാഅത്ത് തീരുമാനിച്ചത്.
ലീഗിന്റെ ഒരു ഐഡന്റിറ്റിയും കോണ്‍ഗ്രസ് അംഗീകരിക്കാതിരുന്ന കാലത്തായിരുന്നു ലീഗ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത്. കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമാകുക വഴിയാണ് ലീഗ് സെക്കുലര്‍ സ്വഭാവം കൈവരിച്ചത്. ഇന്നു ലഭിച്ച നേട്ടത്തിന് ലീഗ് നന്ദി കാണിക്കണം. മര്യാദകള്‍ പാലിച്ചും മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടും പ്രവര്‍ത്തിക്കാന്‍ ലീഗിന് സാധിക്കണം. സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ഭരിക്കാനായാല്‍ ലീഗിന് കൂടുതല്‍ സീറ്റ് നേടാനാകും.സല്‍ഭരണത്തെ ജനം അംഗീകരിക്കുമെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പിലൂടെ കേരളം നല്‍കിയത്. നല്ല കാര്യങ്ങള്‍ക്ക് യു.ഡി.എഫിന് പിന്തുണ നല്‍കും. ജനവിരുദ്ധ നിലപാടുകളിലില്‍ ഇടുതപക്ഷത്തെ എതിര്‍ത്തപോലെ എതിര്‍ക്കും. പ്രശ്‌നങ്ങളിലെ നിലപാട് തത്ത്വാധിഷ്ഠിതമായിരിക്കും. ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടാതെ ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.  
മതേതര മൂല്യങ്ങളില്‍ വളര്‍ന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെങ്കിലും സാമ്രാജ്യത്വ ശക്തികളുമായി യോജിച്ചുള്ള പ്രവര്‍ത്തനത്തോട് യോജിക്കാനാകില്ല. മന്‍മോഹനെ മുന്നില്‍ നിര്‍ത്തി രാജ്യത്തെ സാമ്രാജ്യത്വത്തിന് അടിയറ വെക്കാന്‍ ശ്രമിക്കുന്നതിനെ ചെറുക്കും.
തിരുകേശത്തിനൊരുത്തമ കേന്ദ്രം എന്ന പേരില്‍ പള്ളി നിര്‍മിക്കുന്നതിലൂടെ പള്ളികളെ കുറിച്ചുളള സങ്കല്‍പ്പങ്ങളില്‍ മൗലികമായ വ്യതിയാനം സംഭവിക്കുകയാണ്. ഒരു മുടി ചൂണ്ടിക്കാണിച്ച് കച്ചവട സാധ്യത വളര്‍ത്തുന്നതിന് പിന്നിലെ ലക്ഷ്യം പരിശോധിക്കണം. അതില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. ഇത്തരം ചൂഷണങ്ങള്‍ മുസ്‌ലിം സമൂഹം തിരിച്ചറിയുന്ന ഒരു കാലം വരുമെന്ന് ടി. ആരിഫലി പ്രത്യാശിച്ചു.
സമ്മേളനത്തില്‍ ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് പ്രഫ. പി. ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. സംസ് ഥാന സെക്രട്ടറി ടി.കെ. ഹുസൈന്‍, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി എ.ടി. ഷറഫുദ്ദീന്‍, മജീദ് മാടമ്പാട്ട് എന്നിവര്‍ സംസാരിച്ചു.



0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More