Monday, May 16, 2011

തെരെഞ്ഞടുപ്പ് ജയപരാജയങ്ങള്‍ക്കു പിന്നില്‍ -പി.പി. അബ്ദുറസാഖ്


തെരെഞ്ഞടുപ്പ് ജയപരാജയങ്ങള്‍ക്കു പിന്നില്‍
കേരള നിയമസഭാ തെരഞ്ഞടുപ്പ് ഫലത്തെ ഒരൊറ്റ വാക്യത്തില്‍ വിശേഷിപ്പിച്ചാല്‍ ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിച്ചിരുന്നു എന്ന് നിഗമിക്കുന്നതാവും ശരി.   ഭരണവിരുദ്ധ വികാരം തീരെ പ്രതിഫലിക്കാതിരുന്ന ഒരു തെരഞ്ഞെടുപ്പായിരുന്നു ഇതെന്നു വ്യക്തം.  നാല് വര്‍ഷം കൂടെയുണ്ടായിരുന്ന വീരേന്ദ്രകുമാര്‍ വിട്ടുപോയതിലൂടെ നഷ്ടപ്പെട്ട രണ്ടു സീറ്റും ഏതാനും മാസങ്ങള്‍ക്കുമുമ്പ് വിട്ടുപോയ മഞ്ഞളാംകുഴി അലി കാരണം നഷ്ടപ്പെട്ട രണ്ടു സീറ്റും (പെരിന്തല്‍മണ്ണയും മങ്കടയും) പിന്നെ കണ്ണൂരിലെ പേരാവൂരും അഴീക്കോടും പാലക്കാട്ടെ തൃത്താലയും വ്യക്തമായ ഭൂരിപക്ഷം നേടുന്നതിന് തടസ്സം നിന്നെന്നു വേണം കരുതാന്‍. ഒന്നു തീര്‍ച്ച. ഇടതുപക്ഷത്തിന്റെ സ്ഥാനത്ത് കോണ്‍ഗ്രസ് ആയിരുന്നെങ്കില്‍ കോടികള്‍ വാരി വിതറി ഭൂരിപക്ഷമുണ്ടാക്കാന്‍ ശ്രമിക്കുമായിരുന്നു. കോടികളൊന്നും വാരി വിതറാതെ തന്നെ മാന്യമായി ഇടതുമുന്നണിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഇടതുമുന്നണിയില്‍നിന്നുതന്നെ വിട്ടുപോയ കക്ഷികളും അല്ലാത്തവരുമായ പാര്‍ട്ടികള്‍ ഉണ്ടെന്നിരിക്കെ, സാങ്കേതികതയുടെ പേരില്‍ ജനങ്ങള്‍തന്നെ ആഗ്രഹിച്ച ഭരണത്തുടര്‍ച്ച നിഷേധിക്കുന്ന നിലപാട ്മറ്റൊരു ആദര്‍ശാധിഷ്ഠിത ചരിത്രപരമായ മണ്ടത്തരമായിപ്പോകുമോ? മാത്രവുമല്ല, കേരളത്തിന്റെ തെരഞ്ഞടുപ്പ് ചരിത്ര പാരമ്പര്യത്തിന്നു ജനങ്ങള്‍ കൊടുക്കാന്‍ ഉദ്ദേശിച്ച തിരുത്തിനുനേരെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര ശാഠ്യം തടസ്സം നില്‍ക്കുന്നതിന്റെ നിദര്‍ശനവും ഒരു ജനസമൂഹത്തെ അച്യുതാനന്ദന്‍ തന്നെ തന്റെ മന്ത്രിസഭയുടെ രാജി കൊടുക്കുമ്പോള്‍ പോലും വിശേഷിപ്പിച്ച അഴിമതിക്കാര്‍ക്കും മറ്റും വിട്ടുകൊടുക്കുന്നതിന്നു തുല്യവുമായിരിക്കും. ഒരു പക്ഷേ, ചരിത്രം ഒരിക്കലും വീണ്ടെടുപ്പിനു തരാനിടയില്ലാത്ത ഒരു നഷ്ടം കൂടിയായിരിക്കും ഇത്.  
ഒന്നര ശതമാനം വോട്ടുവ്യത്യാസം പറയുന്ന തെരഞ്ഞടുപ്പ്കമീഷന്റെ കണക്ക്  ഇടതുപക്ഷ ലാബലില്‍ മത്സരിച്ച കെ.ടി. ജലീല്‍, പി.ടി.എ റഹീം തുടങ്ങിയ സ്വതന്ത്രരുടെ വോട്ടുകള്‍ ഇടതുപക്ഷത്തിന്റെ ഭാഗത്ത് കൂട്ടാതെയുള്ളതാകാനേ ഇടയുള്ളൂ. കേരളത്തിലെ മൊത്തം വോട്ടര്‍മാര്‍ 23,147,875 പേരാണ്. അതില്‍ 75.12 ശതമാനം പേര്‍ (17,388,072) പേര്‍ വോട്ടു രേഖപ്പെടുത്തി.  ഇതില്‍ 79,30,687 പേര്‍ ( 45.61 ശതമാനം) യു.ഡി.എഫിനും 78,65,320 (45.23 ശതമാനം) പേര്‍ എല്‍.ഡി.എഫിനും വോട്ടുചെയ്തു. വോട്ടിലെ വ്യത്യാസം വെറും 65,367 (0.37ശതമാനം) മാത്രം. അഥവാ, പതിനായിരം വോട്ടെണ്ണുമ്പോള്‍ 37 വോട്ടിന്റെ അന്തരം. ഇതിനു പുറമേ മുന്നണിബാഹ്യമായി ബി.ജെ.പിക്ക് 140 മണ്ഡലങ്ങളില്‍ നിന്നായി 10,57,283 (6.1 ശതമാനം) എസ്.ഡി.പി.ഐക്ക് 80 മണ്ഡലങ്ങളില്‍ നിന്നായി ( ആറുമാസം മുമ്പ് നടന്ന പഞ്ചായത്ത് തെരഞ്ഞടുപ്പുമായി തട്ടിച്ചു പറഞ്ഞാല്‍ പന്തീരായിരം വാര്‍ഡുകളില്‍നിന്ന്) 155,174 വോട്ടും (ഇത് ആറു മാസം മുമ്പ് പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ ജനകീയ വികസനമുന്നണിക്ക് വെറും 1650 വാര്‍ഡുകളില്‍നിന്നു കിട്ടിയ വോട്ടിനു തുല്യമാണ്)കിട്ടി. യു.ഡി.എഫില്‍ മുസ്‌ലിംലീഗ് മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ എട്ടു ശതമാനവും 20 സീറ്റും കരസ്ഥമാക്കിയപ്പോള്‍, കേരളകോണ്‍. മാണിക്ക് അഞ്ചുശതമാനം വോട്ടില്‍  വെറും ഒമ്പതു സീറ്റ്  (6.4 ശതമാനം) നേടാനേ സാധിച്ചുള്ളൂ.   
യഥാര്‍ഥത്തില്‍, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത്‌തെരഞ്ഞെടുപ്പിലും യു.ഡി.എഫ് നടത്തിയ മുന്നേറ്റം ഈ നിയമസഭാതെരഞ്ഞെടുപ്പിലും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് തുടക്കത്തില്‍തന്നെ നടന്ന 13 പഞ്ചായത്ത് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളുടെ ഫലം നിയമസഭാ തെരഞ്ഞടുപ്പിന്റെ കൂടി ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നു എന്നതാണ് വസ്തുത. ഈ 13 വാര്‍ഡുകളില്‍ പതിനൊന്നും യു.ഡി.എഫിന്‍േറതായിരുന്നു. ഫലം വന്നപ്പോള്‍  പതിനൊന്നില്‍ മൂന്നു സീറ്റ് യു.ഡി.എഫിന്  നഷ്ടപ്പെട്ടു-അതും സാമാന്യം നല്ല മാര്‍ജിനില്‍. വെറും സുഖമുള്ള വാര്‍ത്തകള്‍ മാത്രം കേള്‍ക്കാന്‍ ശീലിച്ച യു.ഡി.എഫു കാര്‍ അതപ്പടി അവഗണിച്ചു സ്വപ്‌നാടനത്തിനു തന്നെ തീരുമാനിക്കുകയായിരുന്നു. അസുഖകരമായ വാര്‍ത്തകളെ വിശകലനവിധേയമാക്കുന്നവരുടെ മേല്‍ അവര്‍ പക്ഷപാതിത്തം ആരോപിച്ചു. മാര്‍ച്ചില്‍ തന്നെ കഴിഞ്ഞ ഒക്‌ടോബറില്‍ നിന്നു വ്യത്യാസം കണ്ടുതുടങ്ങി എന്നായിരുന്നു ആ ഉപതെരഞ്ഞടുപ്പ്ഫലം സൂചിപ്പിച്ചിരുന്നത്. പിന്നെ, അതിനുശേഷം ഉണ്ടായ ഐസ്‌ക്രീമും ബാലകൃഷ്ണപിള്ള എപ്പിസോഡും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിനിര്‍ണയവും, അണ്ണാഹസാരെ സത്യഗ്രഹവും എന്‍ഡോസള്‍ഫാനിലെ അച്യുതാനന്ദന്റെ ഇടപെടലും, മുസ്‌ലിംലീഗ് കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിച്ചതുമൊക്കെ വേറെയും.
മലപ്പുറത്തെ ലീഗുകാര്‍ക്ക് അച്യുതാനന്ദനെ ദഹിക്കാതിരിക്കാന്‍ ന്യായമോ അല്ലാത്തതോ ആയ നിരവധി കാരണങ്ങളുണ്ടായിരിക്കാം. അതുപോലെ, ലീഗിനു സ്വന്തമായി ഏതുതരം നേതൃത്വവുമാകാം. മാത്രവുമല്ല, ഒരു പാര്‍ട്ടിക്ക് അതര്‍ഹിക്കുന്ന നേതൃത്വത്തെ തന്നെയാണ് ലഭിക്കുക. പക്ഷേ, കേരളജനത അത്തരത്തിലുള്ള ഒരു നേതൃത്വത്തെ അവര്‍ക്കു മുകളില്‍ വെച്ചുകെട്ടാന്‍ സമ്മതിക്കില്ല എന്നതുകൂടിയാണ് ഈ തെരഞ്ഞടുപ്പ്ഫലം നല്‍കുന്ന പാഠം. പ്രബുദ്ധമായ കേരളജനത കുറച്ചുകൂടി നല്ല നേതൃത്വത്തെ അര്‍ഹിക്കുന്നുമുണ്ട്. അതുകൊണ്ടു കൂടിയാണല്ലോ കേരളത്തിലെ ഏതാണ്ടെല്ലാ പാര്‍ട്ടികളും മിക്കവാറും മണ്ഡലങ്ങളില്‍ ബിരുദക്കാരെയും ബിരുദാനന്തരബിരുദക്കാരെയും മത്സരിപ്പിച്ചത്. ഇടമലയാര്‍കേസില്‍ പെട്ട ബാലകൃഷ്ണപിള്ളയെ മത്സരിപ്പിക്കാതിരുന്ന പോലെ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നതിനെയും യു.ഡി.എഫ് തടയണമായിരുന്നുവെന്ന്  ഈ തെരഞ്ഞടുപ്പ്ഫലം തെളിയിച്ചു. അങ്ങനെയൊരു സമീപനമാകട്ടെ, ലീഗിനെ ഒരു തരത്തിലും ദോഷകരമായി ബാധിക്കില്ലായിരുന്നു. എന്നല്ല, ലീഗിനെ കൂടുതല്‍ ധാര്‍മികമായും ജനകീയമായും ശക്തിപ്പെടുത്തുകയു ചെയ്യുമായിരുന്നു.  കുഞ്ഞാലിക്കുട്ടിക്കാവട്ടെ, വെറും ആറു മാസത്തിനകം പ്രശ്‌നങ്ങളൊക്കെ അല്‍പംകൂടി തെളിയുകയും ശാന്തമാവുകയും ചെയ്ത ശേഷം ഡമ്മിയെ രാജിവെപ്പിച്ചു കൂടുതല്‍ തിളക്കത്തോടെ ജയിച്ചുവരുകയും ചെയ്യാമായിരുന്നു. ഇത് നിര്‍ദേശിക്കാന്‍ യു.ഡി.എഫ് പക്ഷത്തോ ലീഗിന്റെ വാലായി നില്‍ക്കുന്ന മതസംഘടനകളുടെ പക്ഷത്തോ ആരും ഇല്ലാതെ പോയതാണ് യു.ഡി.എഫിന് യഥാര്‍ഥത്തില്‍ ദുരന്തമായി കലാശിച്ചത്. യു.ഡി.എഫും മതസംഘടനകളും ഇത് അച്യുതാനന്ദന്റെ കുത്തിത്തിരിപ്പും ഗൂഢാലോചനയുമായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. അപ്പോള്‍ അവര്‍ ഓര്‍മിച്ചില്ല, ഈ ബാലകൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതിയുടെ ഇടപെടലിലൂടെയും കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെയും നേരത്തേ മുസ്‌ലിംലീഗുകാരന്‍ തന്നെയായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ തന്നെ ഭാര്യസഹോദരീഭര്‍ത്താവ് റഊഫിന്റെയും വാര്‍ത്താസമ്മേളനങ്ങളിലൂടെയും ആയിരുന്നുവെന്ന് പൊതുജനങ്ങള്‍ മനസ്സിലാക്കുമെന്ന്. പക്ഷേ, ഒരു കാര്യം തെരഞ്ഞെടുപ്പ്ഫലം തെളിയിച്ചു. അച്യുതാനന്ദന്റെ കുത്തിത്തിരിപ്പും ഗൂഢാലോചനയുമായി സംഭവത്തെ ചിത്രീകരികരിക്കാനുള്ള ശ്രമം മലപ്പുറം ജില്ലയില്‍ വിജയിച്ചു. കേരളത്തിലെ ഇതരജില്ലകളില്‍ തിരിച്ചടിച്ചു. അതുതന്നെയാണ് മലപ്പുറം ജില്ലക്കും ഇതര ജില്ലകള്‍ക്കും ഇടയില്‍ ഈ തെരഞ്ഞടുപ്പ് വ്യക്തമായും കാണിച്ചു തന്ന വ്യത്യാസവും. ഇടതുപക്ഷമാകട്ടെ, തെരഞ്ഞെടുപ്പാനന്തരമുള്ള പ്രവര്‍ത്തനങ്ങളെയും പ്രക്ഷോഭപരിപാടികളെയും കേന്ദ്രീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും അച്യുതാനന്ദന്റെ നേതൃത്വത്തില്‍ അഴിമതിക്കാര്‍ക്കും മറ്റുമെതിരെയുള്ള ജനകീയ സമരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇത്തവണ കുഞ്ഞാലിക്കുട്ടി ജയിക്കാനാണ് ആഗ്രഹിച്ചിട്ടുണ്ടാവുക. അങ്ങനെയെങ്കില്‍ ആ കെണിയില്‍ യു.ഡി.എഫും ലീഗും വീണെന്നു വേണം കരുതാന്‍. ചുരുക്കത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ജയം ലീഗിന്റെയും യു.ഡി.എഫിന്റെയും തോല്‍വിയായോ എന്ന് വരുംദിനങ്ങള്‍ തെളിയിക്കും.     
ഏതായാലും ഈ തെരഞ്ഞെടുപ്പ്ഫലം യു.ഡി.എഫുകാര്‍ക്ക് വളരെ സങ്കടകരമായിരിക്കും. കാരണം, മാണിയും ജോസഫും ജേക്കബും യു.ഡി.എഫിനൊപ്പമാണ് ഉണ്ടായിരുന്നത്. ലീഗും ഐ.എന്‍.എല്ലിന്റെ മുക്കാലും യു.ഡി.എഫില്‍ തന്നെയാണുള്ളത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പോരാഞ്ഞിട്ട് കഴിഞ്ഞ പ്രാവശ്യം ഇല്ലാതിരുന്ന മുരളിയും അനുയായികളും കൂടിയുണ്ട്. ആര്‍.എസ്.പിയുടെ ഷിബു ബേബിജോണ്‍ വിഭാഗവും, വീരേന്ദ്രകുമാറിന്റെ ജനതാദളും യു.ഡി.എഫിലാണ്. സീറ്റുകളൊന്നും കിട്ടിയില്ലെങ്കിലും അവരവരുടെ തട്ടകങ്ങളില്‍ അത്യാവശ്യം വോട്ടുകളുള്ള ജെ.എസ്.എസിനെയും സി.എം.പിയെയും യു.ഡി.എഫില്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ടായിരുന്നു. പോരാഞ്ഞിട്ട്, നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു കിട്ടിയ വെറും ഇരുപതിനായിരം വോട്ടിനെയും ഒ. രാജഗോപാലിന്റെ വോട്ട് 43,000 ആയി വര്‍ധിച്ചതിനെയും പഠനവിധേയമാക്കിയാല്‍ തെളിയുന്ന പോലെ, ജയമുറപ്പിക്കാന്‍ ബി.ജെ.പിയുമായി രമേശ് ആവുന്നിടത്തൊക്കെ വേണ്ടുന്ന ധാരണയും ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും ജയിക്കാന്‍ പോകുന്ന മുന്നണിയെന്ന നിലയില്‍ യു.ഡി.എഫിനു തന്നെ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇടയലേഖനമൊന്നും ഇറക്കിയില്ലെങ്കിലും കെ.സി. ബി.സിയും ഇതര മതമേലധ്യക്ഷന്മാരും എപ്പോഴുമെന്ന പോലെ യു.ഡി.എഫിനു ഒപ്പം തന്നെയായിരുന്നു എന്നും അറിയാം. മാത്രവുമല്ല, ഇപ്പോള്‍ യു.ഡി.എഫ് ജയിക്കാനിരിക്കുമ്പോള്‍ അവരില്‍ ഒരാളും മണ്ടത്തരം കളിക്കുമെന്ന് വിശ്വസിക്കാനാവില്ല. അതുകൊണ്ടല്ലേ സിന്ധുജോയിയും കെ.എസ്. മനോജുമൊക്കെ നേരത്തെ തന്നെ മറുകണ്ടം ചാടിയത്. പോരാഞ്ഞിട്ട് മലബാറില്‍ കൂട്ടിനു മഞ്ഞളാംകുഴി അലിയും അബ്ദുല്ലക്കുട്ടിയും യു. ഡി. എഫിന് ഒപ്പംതന്നെ കൂടിയില്ലേ? എപ്പോഴും ജയിക്കുന്ന മുന്നണിക്കു മാത്രം പിന്തുണ കൊടുക്കുന്ന മുസ്‌ലിം മതപുരോഹിതന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും അനുയായികളും, ലോക്‌സഭയിലേക്കും പഞ്ചായത്തിലേക്കും നടന്ന തെരഞ്ഞെടുപ്പ്ഫലം കണ്ട് യു.ഡി.എഫിന്റെ ജയമുറപ്പിച്ചിരിക്കെ യു.ഡി.എഫിന് അല്ലാതെ മറ്റാര്‍ക്കും വോട്ടു ചെയ്യില്ല. ഒരുപക്ഷേ, കാന്തപുരവും ഔദ്യോഗിക മുജാഹിദ് വിഭാഗവും മടവൂര്‍ മുജാഹിദുമൊക്കെ യോജിക്കുന്ന ഭൂമിമലയാളത്തിലെ ഏക പോയന്റാണ് ഇത്. അതാകട്ടെ, കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പിനു മുമ്പും ശേഷവുമുള്ള തന്റെ പ്രസ്താവനകളില്‍ കൃത്യമായും അവകാശപ്പെടുകയും ചെയ്തിരുന്നു. മാത്രവുമല്ല, അധികാരത്തിന്റെ ചക്കരക്കുടത്തില്‍നിന്ന് ആവുന്നത്ര വാരാന്‍ ഉദ്ദേശിക്കുന്ന സകലരും യു.ഡി.എഫിന്റെ ജയമുറപ്പിച്ചതിനാല്‍ അവരെ തന്നെയേ പിന്താങ്ങിക്കാണുകയുള്ളൂ. പിന്നെ ഭരണവിരുദ്ധവികാരവും കേന്ദ്രഭരണത്തിന്റെ പിന്തുണയും. പിന്നെ മീഡിയവമ്പന്മാരുടെ കൂട്ടും!  പൂര്‍ണ വിജയത്തിന്റെ ചേരുവക്ക് ഇനിയെന്താണ് വേണ്ടത്?  മുന്നണിബന്ധങ്ങള്‍ക്ക് അതീതമായി ആകെ എതിരായുണ്ടായിരുന്നത് കാര്യമായ വോട്ടൊന്നും ഇല്ലാത്ത കഴിഞ്ഞ പഞ്ചായത്ത്‌തെരഞ്ഞെടുപ്പില്‍ ജനകീയ വികസനമുന്നണിയായി മത്സരിച്ച്  1650ല്‍ പരം വാര്‍ഡിലെ 13 ലക്ഷം വോട്ടര്‍മാര്‍ പോള്‍ ചെയ്തതില്‍ നിന്നു വെറും ഒന്നര ലക്ഷം വോട്ടു മാത്രം ( 11.5 ശതമാനം) മാത്രം നേടിയ ജമാഅത്തും പരിവാരവും മാത്രം. തോല്‍ക്കുമെന്ന് ഉറപ്പുള്ള ഒരു കൂട്ടിനു ആരെങ്കിലും പിന്തുണക്കുന്നുണ്ടെങ്കില്‍ അത് ചില മൂല്യങ്ങളുടെയും താരതമ്യവിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ആയിരിക്കൂ. മാത്രവുമല്ല, എല്‍.ഡി.എഫില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയല്ലാത്ത ജനപിന്തുണയുള്ള കേരളകോണ്‍ഗ്രസിനെ പോലുള്ള, അല്ലെങ്കില്‍ ലീഗ്, ജനതാദള്‍ എന്നിവ പോലുള്ള ഒരൊറ്റ പാര്‍ട്ടിയുണ്ടോ?  
എന്നിട്ടും മത സാമുദായികസംഘടനകളുടെ തട്ടകങ്ങളല്ലാത്ത മുഴുവന്‍ ജില്ലകളിലും യു.ഡി.എഫ് എന്തുകൊണ്ട് തോറ്റു? കുഞ്ഞാലിക്കുട്ടി മത്സരിച്ചതുകൊണ്ട് എന്നതിനെക്കാളേറെ, യു.ഡി.എഫിന് മുന്നണിക്കുള്ളില്‍ നിന്ന് ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും ഇത് സംബന്ധമായി ഉണര്‍ത്താന്‍ സാധിച്ചില്ല എന്നതായിരിക്കും ഏറെ ശരിയായ ഉത്തരം.  അതുതന്നെയാണ് ഈ തെരെഞ്ഞടുപ്പിലെ ജയപരാജയങ്ങള്‍ക്കുപിന്നിലെ രസതന്ത്രവും.  മുന്നണിയില്‍ ഒത്തിരി ചേരുവകളുണ്ടായിരുന്നു.  പക്ഷേ വിജയത്തിന്റെ രസം നല്‍കുന്ന ചേരുവയാകുന്നതിന് ഒരു കല്ലുകടി തടസ്സമായി നിന്നു. ഒരുപക്ഷേ, സുഗമമായ ഭരണത്തിനും അംഗസംഖ്യയിലെ എണ്ണക്കുറവിനേക്കാള്‍ തടസ്സമായി നില്‍ക്കുക ഈ ഫാക്ടര്‍ തന്നെയായിരിക്കും.



0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More