Tuesday, May 3, 2011

ആരോപണം പൊള്ളയെന്ന് തെളിഞ്ഞു


'സമഗ്രാധിപത്യ വീക്ഷണത്തോട് കൂടിയ വര്‍ഗീയ സംഘടന' (Mahatma Gandhi, last phase, page.450.by പ്യാരിലാല്‍) എന്ന് രാഷ്ട്രപിതാവ് അധിക്ഷേപിച്ച ഹിന്ദുത്വ-ഫാഷിസ്റ്റ് സംഘടനയായ ആര്‍.എസ്.എസിനൊപ്പം, 'നന്മ പ്രചരിപ്പിക്കുകയും മനുഷ്യനെ സേവിക്കുകയും ഉച്ചനീചത്വം തുടച്ചുനീക്കുകയും ചെയ്യുന്ന സാധുക്കള്‍' (സര്‍ച് ലൈറ്റ്, പട്‌ന, 27 ഏപ്രില്‍ 1946) എന്ന് ഗാന്ധിജി പ്രശംസിച്ച ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടിക്കെട്ടി കല്ലെറിയുകയാണ് 'ഗാന്ധിശിഷ്യ'രായ കോണ്‍ഗ്രസുകാര്‍. 'കുറുനരിയെയും ആട്ടിന്‍കുട്ടിയെയും കണ്ടാല്‍ തിരിച്ചറിയാത്തവരാണ് ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ സംഘടന എന്ന് പറയുന്നവര്‍' എന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റായിരുന്ന ടി.ഒ. ബാവ, 1968ല്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ വെട്ടിത്തുറന്ന് പറഞ്ഞത്.
എന്നാല്‍, ഡ്യൂപ്ലിക്കേറ്റ് ഗാന്ധി ശിഷ്യരായ എം.എം.ഹസനെയും തലേക്കുന്നിലിനെയും പോലുള്ള അഭിനവ കോണ്‍ഗ്രസുകാര്‍ വിളിച്ചുകൂവുന്നു ജമാഅത്ത് തീവ്രവാദ സംഘടനയെന്ന്! ഒരു ഭാഗത്ത് തീവ്രവാദികളെന്ന് അധിക്ഷേപിച്ചുകൊണ്ടിരിക്കെത്തന്നെ ജമാഅത്ത് പിന്തുണ തേടി, കെ.പി.സി.സി പ്രതിനിധിയെ ജമാഅത്ത് ഓഫിസിലേക്കയക്കുന്നു! വിമര്‍ശം ഉയര്‍ന്നപ്പോള്‍ ചികിത്സക്കാര്യം ചര്‍ച്ച ചെയ്യാനാണ് സന്ദര്‍ശനമെന്ന് വ്യാഖ്യാനവും! മുസ്‌ലിംലീഗിന്റെ ഒരു യുവ സ്ഥാനാര്‍ഥി സോളിഡാരിറ്റി ഓഫിസില്‍ ചെന്ന് പിന്തുണ അഭ്യര്‍ഥിച്ചതിന്റെ വ്യാഖ്യാനം അതിലേറെ രസാവഹം! 'അതുവഴി കടന്നുപോയപ്പോള്‍ സമീപത്തുള്ള ഓഫിസില്‍ കയറിയിറങ്ങിയെന്നു മാത്രം'!
ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വായിക്കുന്ന ജനങ്ങള്‍ക്ക് ഒരു കാര്യം ബോധ്യമായിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ ചിലര്‍ ആരോപിക്കുന്ന ആരോപണം പൊള്ളയാണെന്ന്! ഇവര്‍ തീവ്രവാദികളെങ്കില്‍, ഇടതു വലത് മുന്നണികളിലെ പ്രമുഖ കക്ഷികള്‍ ഇവരുടെ പിന്തുണക്കു വേണ്ടി സമീപിക്കുകയില്ലല്ലോ.
റഹ്മാന്‍ മധുരക്കുഴി



0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More